
സിറിയയിൽ ക്രിസ്ത്യാനികൾക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കും നേരെ സമീപ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങളെ തുടർന്ന് പ്രാർഥനക്ക് ആഹ്വാനം ചെയ്ത് പൊന്തിഫിക്കൽ ഫൗണ്ടേഷൻ സംഘടനയായ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN). കഴിഞ്ഞ ദിവസങ്ങളിൽ ആയിരത്തിലധികം പേരെയാണ് കൊന്നൊടുക്കിയത്. ക്രിസ്ത്യാനികളെയും മറ്റ് ന്യൂനപക്ഷങ്ങളെയും അസദ് അനുകൂലികളായ അലവി വിഭാഗക്കാരെയും ഇല്ലാതാക്കുകയാണ് ലക്ഷ്യം.
മൂന്ന് മാസങ്ങൾക്ക് മുൻപ് പ്രസിഡന്റ് ബഷർ അൽ അസദിനെ സൈനിക അട്ടിമറിയിലൂടെ ഭരണത്തിൽ നിന്നും പുറത്താക്കിയതിനുശേഷം അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. തഹ്രീർ അൽ ശാം (എച്ച് ടി എസ്) ഭരണത്തിൽ വന്നശേഷം ദിവസങ്ങളായി കൊലപാതകങ്ങളും അക്രമങ്ങളും മാത്രമാണ് ഇവിടെ നടക്കുന്നത്. ക്രിസ്ത്യാനികൾക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കുമെതിരെയാണ് അക്രമങ്ങൾ.
“വേദനയുടെയും കഷ്ടപ്പാടിന്റെയും ഈ സമയങ്ങളിൽ, സമാധാനത്തിന്റെ ഉറവിടമായ ദൈവത്തിലേക്ക് തിരിയാം. എല്ലാ വിശ്വാസികളും സിറിയക്കുവേണ്ടി പ്രാർഥിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു. കഴിഞ്ഞ ദശകത്തിൽ വളരെയധികം മുറിവുകൾ സഹിച്ച ഈ രാജ്യത്തെ ജനങ്ങളെ സിറിയയിലെ നമ്മുടെ മാതാവ് സംരക്ഷിക്കട്ടെ. ഇപ്പോൾ എന്നത്തേക്കാളും കൂടുതൽ, അവരുടെ രോഗശാന്തിക്കും ഭാവിക്കും വേണ്ടി നാം പ്രാർത്ഥിക്കണം. വിശ്വാസം നമ്മെ ഐക്യപ്പെടുത്തട്ടെ, ക്രിസ്തുവിലുള്ള പ്രത്യാശ ഈ ദുരിതമനുഭവിക്കുന്ന ജനതയെ പ്രബുദ്ധമാക്കട്ടെ”- എ സി എന്നിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റ് റെജീന ലിഞ്ച് അടുത്തിടെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു, ഒപ്പം പൊന്തിഫിക്കൽ ഫൗണ്ടേഷനും സിറിയയ്ക്കുവേണ്ടിയുള്ള തീവ്രമായ പ്രാർഥന ആവശ്യപ്പെട്ടു.
അസദ് കുടുംബം അലവി വിഭാഗക്കാർ ആണെന്നതാണ് അവർക്കെതിരെ ഇപ്പോഴത്തെ ഭരണകൂടം തിരിയാൻ കാരണം. അസദ് പുറത്താക്കപ്പെട്ടതോടെ ഈ വിഭാഗത്തെതന്നെ എച്ച് ടി എസ് തങ്ങളുടെ എതിരാളികളായി കണ്ടു. അതിനാലാണ് സുരക്ഷാ സേന, അലവികളെ കൊന്നൊടുക്കാൻ ആരംഭിച്ചത്. അസദിനെ പുറത്താക്കിയ എച്ച് ടി എസ് സർക്കാരിന് നേതൃത്വം നൽകുന്നത് സുന്നി വിഭാഗം ആണ്.
അഹമ്മദ് അൽ-ഷറയാണ് ഇടക്കാല പ്രസിഡന്റ്. അസദിനെ പുറത്താക്കി ഭരണം തുടങ്ങിയപ്പോൾ അഹമ്മദ് അൽ-ഷറ ആദ്യം പറഞ്ഞത് എല്ലാ സമുദായങ്ങളെയും പ്രതിധീകരിക്കുന്ന ഒരു രാഷ്ട്രീയ നേതൃത്വം സിറിയയിൽ കെട്ടിപ്പടുക്കുമെന്നായിരുന്നു. പക്ഷേ, ഇപ്പോൾ നിലനിൽപ്പിനും ജീവനും വേണ്ടി അലവികളും ക്രിസ്ത്യാനികളും ന്യൂനപക്ഷരും നെട്ടോട്ടത്തിലാണ്.