മണിപ്പൂർ വിഷയത്തിലെ സുപ്രീം കോടതി ഇടപെടൽ ക്രിയാത്മകം

കഴിഞ്ഞ മൂന്നുമാസമായി തുടരുന്ന മണിപ്പൂരിലെ പ്രതിസന്ധികളിൽ സർക്കാർ സംവിധാനം പൂർണ്ണമായും നിഷ്ക്രിയമായിരുന്നു എന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ഇതുവരെ ഉയർന്ന അതീവഗുരുതരമായ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ്. കേവലം ഗോത്രസംഘർഷം എന്ന വ്യാപകപ്രചരണം നടത്തി പുകമറ സൃഷ്ടിച്ചുകൊണ്ടിരുന്ന നിക്ഷിപ്തതാല്പര്യക്കാരെ നിശ്ശബ്ദരാക്കാൻ കഴിഞ്ഞ ദിവസത്തെ നിർണ്ണായകമായ ഇടപെടലിലൂടെ സുപ്രീം കോടതിക്കു  കഴിഞ്ഞിരിക്കുന്നു.

മണിപ്പൂരിൽ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും പലായനം ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്ത നിഷ്കളങ്കജനതയുടെ രോദനം പുറംലോകത്തെ അറിയിക്കാതിരിക്കാൻ കഠിനപ്രയത്നം നടത്തിയിരുന്നവരുടെ വാക്കുകളിലെ പൊള്ളത്തരം ഒരു വീഡിയോ പുറത്തെത്തിയതിലൂടെയാണ് ഒരു പരിധിവരെയെങ്കിലും ലോകവും നീതിപീഠവും തിരിച്ചറിഞ്ഞത്. ആറായിരത്തില്പരം ഗുരുതരമായ അതിക്രമങ്ങൾ സംബന്ധിച്ച കേസുകളിൽ മൂന്നു മാസത്തിനിപ്പുറവും അപൂർവം ചിലരെ മാത്രമാണ് അറസ്റ്റ് ചെയ്യാനായിട്ടുള്ളത് എന്നുള്ളത് വലിയ വീഴ്ചയായാണ് സുപ്രീം കോടതി നിരീക്ഷിച്ചിട്ടുള്ളത്. അക്രമികൾക്ക് പോലീസിന്റെയും ഭരണകൂടത്തിന്റെയും പിന്തുണയുണ്ട് എന്ന, ആരംഭം മുതലുള്ള ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കോടതിയും മനസ്സിലാക്കിയിരിക്കുന്നു.

മൃഗീയമായ ആൾക്കൂട്ടപീഡനത്തിന് ഇരയായ ഒരു മെഡിക്കൽ വിദ്യാർഥിനി ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടതിനുശേഷം ഡൽഹിയിലും മണിപ്പൂരിലുമായി രണ്ടു പരാതികൾ നൽകുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടും തന്റെ സ്റ്റേറ്റ്മെന്റ് പോലും എടുക്കാൻ മാസങ്ങൾക്കിപ്പുറവും പൊലീസ് തയാറായിട്ടില്ല എന്ന വെളിപ്പെടുത്തൽ മാധ്യമങ്ങൾക്കു മുന്നിൽ നടത്തുകയുണ്ടായിരുന്നു. ഇത്തരം എണ്ണമറ്റ കേസുകൾ പൊലീസ് പൂഴ്ത്തിവച്ചിരിക്കുന്നു എന്ന് തീർച്ചയാണ്. പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ ദൃശ്യങ്ങൾ പുറത്തുവന്ന സംഭവത്തിൽ തങ്ങളിൽ ചിലരെ അക്രമികൾക്ക് വിട്ടുകൊടുത്തത് പൊലീസാണ് എന്ന് സ്ത്രീകൾ വെളിപ്പെടുത്തുകയുണ്ടായിരുന്നു.

ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് ആക്രമണവുമായി ബന്ധപ്പെട്ട ആസൂത്രിതനീക്കങ്ങൾ നടത്തിയവർ അത് ചെയ്തത് പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഒത്താശയോടെയാണ് എന്നാണ്. കേസെടുക്കാനും അറസ്റ്റ് ചെയ്യാനും പരമാവധി വൈകിപ്പിച്ചുകൊണ്ട് തെളിവുകൾ നശിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നത് എന്നുള്ള ആരോപണം ശക്തമാണ്. മൂന്നു മാസമായി ഇന്റർനെറ്റ് സൗകര്യങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നതിന്റെ പിന്നിലും ഈ ലക്ഷ്യം ആരോപിക്കപ്പെടുന്നു.

ആസൂത്രിതമായും സംഘടിതമായും ആക്രമണങ്ങൾ അഴിച്ചുവിട്ടവരുടെയും അവർക്ക് നിരുപാധികപിന്തുണ നൽകിയ പൊലീസിന്റെയും ഭരണകൂടത്തിന്റെയും ലക്ഷ്യങ്ങൾ സുപ്രീം കോടതിയുടെ ക്രിയാത്മക ഇടപെടലുകളിലൂടെ മറനീക്കി പുറത്തുവരുമെന്നും യഥാർഥ കുറ്റവാളികൾ ഒന്നൊഴിയാതെ നിയമത്തിനു മുന്നിലെത്തുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ, ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ ക്രൈസ്തവ ആരാധനാലയങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യമാക്കിയുള്ള സംഘടിതമായ നീക്കങ്ങൾക്കു പിന്നിലെ ഗൂഢാലോചനയും പുറത്തുവരേണ്ടതുണ്ട്.

കെസിബിസി ജാഗ്രതാ കമ്മീഷൻ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.