‘ഇഫ് ജീസസ് ഹാഡ് ഇൻസ്റ്റഗ്രാം’: സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ച് യുവജനങ്ങളെ ബോധവൽക്കരിക്കാൻ സ്‌പെയിനിൽ സംഗീത പരിപാടി

സമൂഹമാധ്യമങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്നും സുവിശേഷവൽക്കരണത്തിനു അത് എങ്ങനെ ഉപകരിക്കുമെന്നും യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി സ്‌പെയിനിൽ വളരെ വ്യത്യസ്തമായ ഒരു സംഗീത പരിപാടി ആവിഷ്കരിച്ചിരിക്കുകയാണ്. ‘ഇഫ് ജീസസ് ഹാഡ് ഇൻസ്റ്റാഗ്രാം’ (ഈശോയ്ക്ക് ഇൻസ്റ്റാഗ്രാം ഉണ്ടായിരുന്നെങ്കിൽ) എന്ന പേരിലാണ് സംഗീത പരിപാടി ജൂൺ 5, 6 തീയതികളിൽ സലാമാങ്കയിൽ അരങ്ങേറുന്നത്.

വല്ലാഡോളിഡ് അതിരൂപതയിലെ ഫാ. ഗ്രിഗോറിയോ (ഗോയോ) കാസാഡോയും പാലൻസിയയിലെ ഒരു പബ്ലിക് സ്കൂളിന്റെ സംഗീത ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടറുമായ സെർജിയോ മെറിനോയും ചേർന്നാണ് വിശ്വാസപരമായ ഈ ഷോയ്ക്ക് നേതൃത്വം വഹിക്കുന്നത്. വല്ലാഡോളിഡ്, സലാമാങ്ക, ലിയോൺ, പാലൻസിയ, സമോറ എന്നീ രൂപതകളിലെ വിദ്യാഭ്യാസ പ്രതിനിധികളുടെ പിന്തുണയും ഇതിനുണ്ട്.

ജന്മദിനത്തിന് ഒരു മൊബൈൽ ഫോൺ ലഭിക്കുന്ന ജുവാൻ എന്ന കൗമാരക്കാരന്റെ കഥയാണ് ഈ സംഗീത പരിപാടി പറയുന്നത്. ഈ കൗമാരക്കാരന് സോഷ്യൽ മീഡിയ ദുരുപയോഗത്തിനും അതിന്റെ ഫലമായി നിരവധി കൗമാരക്കാർ അനുഭവിക്കുന്ന ഡിജിറ്റൽ ഏകാന്തതയ്ക്കും ഇരയാകേണ്ടിവരുന്നു. ഒരു സുഹൃത്തിന്റെയും  കാറ്റിക്കിസം അധ്യാപകന്റെയും സഹായത്താൽ, ഫോണുകൾ, സോഷ്യൽ മീഡിയ, അവയുടെ ഉപയോഗം എന്നിവയോടുള്ള തന്റെ മനോഭാവം ഭാവത്മകമായ രീതിയിലേയ്ക്ക് അവൻ മാറ്റിയെടുക്കുന്നു. ഇതാണ് ഷോയുടെ സംഗീതത്തിന്റെ പ്രമേയം.

190 അധ്യാപകർ ഉൾപ്പെടുന്ന ഈ സംരംഭത്തിൽ ഏകദേശം 100 പൊതു- സ്വകാര്യ സ്‌കൂളുകളിൽ നിന്നുള്ള 6,000-ത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ നവംബർ മുതൽ, സംഗീത നാടകത്തിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി, വിദ്യാർഥികൾക്ക് സോഷ്യൽ മീഡിയയുടെ ശരിയായ ഉപയോഗത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞു.

“ഈ സംഗീത നാടകം വ്യത്യസ്തവും പുതുമയുള്ളതുമായ രീതിയിൽ സുവിശേഷവത്ക്കരിക്കാൻ ശ്രമിക്കുന്നു, കൗമാരക്കാരുടെയും യുവാക്കളുടെയും നിലവിലെ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്ന സന്ദേശങ്ങൾ, ഏതൊരു വ്യക്തിയും അവരുടെ ജീവിതത്തിനോ കുട്ടികളുടെ ജീവിതത്തിനോ വേണ്ടി ആഗ്രഹിക്കുന്ന പോസിറ്റീവും തികച്ചും സാർവത്രികവുമായ സന്ദേശങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു”-  നിർമ്മാണ കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു.

പ്രൊഫഷണൽ അഭിനേതാക്കൾക്കും സംഗീതജ്ഞർക്കും പുറമേ, പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന സ്കൂളുകളിൽ നിന്നുള്ള ചില വിദ്യാർഥികളും സംഗീത പരിപാടിയിൽ ഉൾപ്പെടുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.