‘പറഞ്ഞറിയിക്കാനാവാത്ത കഷ്ടപ്പാടുകൾക്ക് ഞാൻ സാക്ഷിയാണ്’: എത്യോപ്യയിലെ ബിഷപ്പ്

ദൈവജനത്തിന്റെ പറഞ്ഞറിയിക്കാനാവാത്ത കഷ്ടപ്പാടുകളും മരണവും നേരിട്ട് കാണേണ്ടി വന്ന വേദനിപ്പിക്കുന്ന അനുഭവങ്ങൾ പങ്കുവച്ച് എത്യോപ്യയിലെ അഡിഗ്രാറ്റിലെ ബിഷപ്പ് ടെസ്ഫാസെല്ലസ്സി മെദിൻ. ഈ സാഹചര്യത്തിൽ സമാധാന ഉടമ്പടി എത്രയും വേഗം നടപ്പാക്കുവാൻ ബിഷപ്പ് അഭ്യർഥിച്ചു.

“രാജ്യത്തെ ദശലക്ഷക്കണക്കിന് ജനസംഖ്യയുടെ പ്രത്യേകിച്ച് ടിഗ്രേയിലെ കുട്ടികൾ, മുതിർന്നവർ, സ്ത്രീകൾ എന്നിവരുടെ വേദനയെക്കുറിച്ച് ആഴമായ ഉത്കണ്ഠയോടെയും വികാരത്തോടെയുമാണ് ഞാൻ ഒരു മതനേതാവെന്ന നിലയിൽ എഴുതുന്നത്. വർഷങ്ങളായി സംഘർഷം, വരൾച്ച, പ്രാദേശിക മഴക്കുറവ്, അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള അശ്രദ്ധ എന്നിവ കാരണം എനിക്ക് ചുറ്റുമുള്ളവരുടെ പറഞ്ഞറിയിക്കാനാവാത്ത കഷ്ടപ്പാടുകൾ, നിരാശ, രോഗം, മരണം എന്നിവയ്ക്ക് ഞാൻ സാക്ഷിയാണ്”- ബിഷപ്പ് മെദിൻ പറഞ്ഞു.

പലപ്പോഴും ചുറ്റുമുള്ള ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള തങ്ങളുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും വിജയത്തിലെത്തിക്കുവാൻ കഴിയാതെ വരുന്നു എന്ന് ബിഷപ്പ് വേദനയോടെ ഓർക്കുന്നു. “പോഷകാഹാരക്കുറവുള്ള കുട്ടികളെ ആലിംഗനം ചെയ്യുമ്പോൾ അവർ എല്ലും തോലുമായി ഇരിക്കുന്നത് അനുഭവിക്കുവാൻ കഴിയുന്നു. അത്രയ്ക്ക് നിസ്സഹായാവസ്ഥയിലാണ് ഇവിടുത്തെ കുട്ടികൾ. ഒന്നുകിൽ പട്ടിണി അല്ലെങ്കിൽ രോഗം ഇത് അവരുടെ ജീവിതത്തെ കാർന്നു തിന്നുകയാണ്” – ബിഷപ്പ് ചൂണ്ടിക്കാട്ടി.

ടിഗ്രേ മേഖലയിൽ 2020 നവംബറിൽ എത്യോപ്യയുടെ ഫെഡറൽ ഗവൺമെൻ്റ് ആർമി ബേസിൽ ടി.പി.എൽ.എഫ് ആക്രമണം നടത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്ത് അധികാരം കേന്ദ്രീകരിക്കാനുള്ള പ്രധാനമന്ത്രി അബി അഹമ്മദിന്റെ ശ്രമത്തെ ടി.പി.എൽ.എഫും ടിഗ്രേ മേഖലയിലെ ജനങ്ങളും എതിർത്തതായി റിപ്പോർട്ടുണ്ട്.

ടിഗ്രേ മേഖലയിൽ മാത്രമല്ല അയൽരാജ്യങ്ങളായ അഫാർ, അംഹാര, ഒറോമിയ മേഖലകളിലും സംഘർഷത്തെത്തുടർന്ന് ദശലക്ഷക്കണക്കിന് ആളുകളും ലക്ഷക്കണക്കിന് അഭയാർഥികളും പലായനം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ബിഷപ്പ് മെധിൻ തന്റെ പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.