
ക്രിസ്തീയ മൂല്യങ്ങളും കുടുംബബന്ധങ്ങളും ഉയർത്തിപ്പിടിക്കുന്ന ചലച്ചിത്രങ്ങൾക്കും ടെലിവിഷൻ പരിപാടികൾക്കുമായി നൽകുന്ന 33 -ാമത് വാർഷിക മൂവിഗൈഡ് അവാർഡുകൾ പ്രഖ്യാപിച്ചു. മാർച്ച് അഞ്ചിന് നടന്ന ചടങ്ങിൽ പ്രശസ്ത പരമ്പരകളായ ‘ഹൗസ് ഓഫ് ഡേവിഡ്’, ‘ദി ചോസൺ’ എന്നിവ പ്രധാന പുരസ്കാരങ്ങൾ സ്വന്തമാക്കി.
‘ഹൗസ് ഓഫ് ഡേവിഡ്’ എന്ന പരമ്പര വിശ്വാസത്തെയും സ്വാതന്ത്ര്യത്തെയും ആസ്പദമാക്കി നിർമ്മിച്ച മികച്ച ടെലിവിഷൻ പരിപാടിക്കുള്ള ‘ഫെയ്ത്ത് ആൻഡ് ഫ്രീഡം’ അവാർഡ് നേടി. ഇതിലെ രാജാവായ ദാവീദിനെ അവതരിപ്പിച്ച മൈക്കൽ ഇസ്കന്ദർ മികച്ച നടനുള്ള ‘ഗ്രേസ്’ അവാർഡും കരസ്ഥമാക്കി.
‘ദി ചോസൺ : ലാസ്റ്റ് സപ്പർ – പാർട്ട് 2’ എന്ന ചിത്രത്തിന് പ്രചോദനാത്മകമായ സിനിമയ്ക്കുള്ള ‘എപ്പിഫനി അവാർഡ്’ ലഭിച്ചു. ടെലിവിഷൻ പരമ്പരയാണെങ്കിലും തീയേറ്ററുകളിൽ റിലീസ് ചെയ്തതിനാലാണ് ഇതിനെ സിനിമ വിഭാഗത്തിൽ പരിഗണിച്ചത്.
മികച്ച കുട്ടികളുടെ ചിത്രമായി ‘ലൈറ്റ് ഓഫ് ദ വേൾഡ്’ തിരഞ്ഞെടുത്തു. വിനോദ വ്യവസായത്തിൽ വിശ്വാസധിഷ്ഠിതമായ കഥകൾക്ക് വലിയ പ്രാധാന്യം ലഭിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വർഷത്തെ പുരസ്കാരങ്ങളെന്ന് അണിയറ പ്രവർത്തകർ അഭിപ്രായപ്പെട്ടു.




