ഗാസയിലെ ക്രൈസ്തവർക്ക് അഭയമായി ഏക കത്തോലിക്കാ ദേവാലയം

ഇസ്രായേൽ – പാലസ്തീൻ യുദ്ധം രൂക്ഷമാകുമ്പോൾ ഇരുവശങ്ങളിലും മരണസംഖ്യ ഉയരുകയാണ്. ഈ സാഹചര്യത്തിൽ ഗാസയിലുള്ള ക്രൈസ്തവർക്ക് അഭയമായി മാറുകയാണ് അവിടുത്തെ ഏക കത്തോലിക്കാ ദേവാലയമായ തിരുക്കുടുംബ ദേവാലയം. 1,100 -ൽ താഴെ കത്തോലിക്കർ മാത്രമാണ് ഗാസാമുനമ്പിൽ അധിവസിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച, ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തെതുടർന്ന് മെഡിറ്ററേനിയൻ പ്രദേശം ഇസ്രായേൽ സൈന്യത്തിന്റെ ഉപരോധത്തിനും ബോംബാക്രമണത്തിനും വിധേയമായിരുന്നു. ഈ സാഹചര്യത്തിലാണ് വിശ്വാസികൾ സുരക്ഷിതസ്ഥാനത്തേക്കു നീങ്ങിയത്. ഗാസയിലെ ഹോളി ഫാമിലി ഇടവക, ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിന്റെ അധികാരപരിധിയിലാണ് വരുന്നത്. ദേവാലയം, ആശ്രമം, സെന്റ് തോമസ് അക്വിനാസ് സെന്റർ, ഹോളി ഫാമിലി സ്‌കൂൾ എന്നിവിടങ്ങളിൽ 200 -ഓളം ഇടവകാംഗങ്ങൾ അഭയംപ്രാപിച്ചതായി മുൻപ് നൽകിയ അഭിമുഖത്തിൽ ഫാ. ഗബ്രിയേൽ റൊമാനെല്ലി വെളിപ്പെടുത്തിയിരുന്നു.

“യുദ്ധം ഞങ്ങളെ നിർബന്ധിതക്ഷാമത്തിലേക്ക് എത്തിച്ചു. മറ്റുള്ളവരെപ്പോലെ ഞങ്ങൾക്ക് ലഭ്യമായ അടിസ്ഥാനസൗകര്യങ്ങൾ വിഭജിച്ചു. കൂടുതൽ ദിവസം എങ്ങനെ നിലനിൽക്കും എന്ന പരിശ്രമത്തിലാണ് ഞങ്ങൾ. വൈദ്യുതി ഇടയ്ക്കുമാത്രമാണ് ലഭിക്കുന്നത്. ഞങ്ങൾക്ക് ആവശ്യത്തിന് വെള്ളമില്ല, അതിനാൽ ഞങ്ങൾ അത് വിവേകത്തോടെയും കൂടുതലും കുടിക്കാൻ മാത്രമായും ഉപയോഗിക്കുന്നു. ഇതുകൂടാതെ, യുദ്ധം അവശേഷിപ്പിച്ച നാശനഷ്ടങ്ങളും മാധ്യമങ്ങളിൽ പറയുന്നതുപോലെ യാഥാർഥ്യമാണ്” – ഫാ. ഗബ്രിയേൽ റൊമാനെല്ലി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ശനിയാഴ്ച പിടികൂടിയ എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കുംവരെ ഉപരോധം തുടരുമെന്ന് ഇസ്രായേൽ അറിയിച്ചു. ഗാസയിലെ സിവിലിയൻ കെട്ടിടങ്ങളിൽ ഇസ്രായേൽ ബോംബിടുമ്പോഴെല്ലാം ഒരു ബന്ദിയെ വധിക്കുമെന്ന് ഹമാസ് പറഞ്ഞു. ഇരുരാജ്യങ്ങളും നിലപാടുകളുമായി മുന്നോട്ടുപോകുമ്പോൾ ഞങ്ങൾ കഷ്ടതയിലായിരിക്കുകയാണ് എന്ന് ഫാ. ഗബ്രിയേൽ റൊമാനെല്ലി ഏറെ വേദനയോടെ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.