ലെയോ പാപ്പയ്ക്ക് ‘ഫോർഡ് എക്സ്‌പ്ലോറർ’ കാർ സമ്മാനിച്ച് ഫോർഡ് സി. ഇ. ഒ.

അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ് മോട്ടോർ കമ്പനിയുടെ സി.ഇ.ഒ ജിം ഫാർലിയും ഭാര്യ ലിയയും ചേർന്ന് ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് പ്രത്യേകമായി രൂപകൽപ്പന ചെയ്ത ‘ഫോർഡ് എക്സ്‌പ്ലോറർ’ (Ford Explorer) കാർ സമ്മാനിച്ചു. മാർപാപ്പയുടെ ജന്മനാടായ ചിക്കാഗോയുടെയും വത്തിക്കാന്റെയും സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്.

ചിക്കാഗോയിലെ ഫോർഡ് പ്ലാന്റിൽ നിർമ്മിച്ച ഈ വാഹനം മാർപാപ്പയുടെ ജന്മദേശമായ ചിക്കാഗോയോടുള്ള ആദരസൂചകമായാണ് സമർപ്പിച്ചത്. ചിക്കാഗോ നഗരത്തിന്റെ പതാകയും സ്കൈലൈനും വാഹനത്തിന്റെ സീറ്റുകളിലും ഇന്റീരിയറിലും മനോഹരമായി തുന്നിച്ചേർത്തിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമായ ഒരു ഹൈബ്രിഡ് വാഹനമാണിത്. 3.3 ലിറ്റർ V6 ഹൈബ്രിഡ് എഞ്ചിനാണ് ഇതിനുള്ളത്. വത്തിക്കാൻ ഗാർഡനിലൂടെയുള്ള യാത്രകൾക്ക് അനുയോജ്യമായ രീതിയിലാണ് ഇതിന്റെ ക്രമീകരണം. കൂടാതെ, വത്തിക്കാനിലെ റേഡിയോ സംവിധാനങ്ങളുമായി ബന്ധിപ്പിക്കാൻ പ്രത്യേക ആന്റിനയും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്.

‘DA POPE’, ‘LEO XIV’ എന്നിങ്ങനെയാണ് ലൈസൻസ് പ്ലേറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 28-ന് വത്തിക്കാനിൽ നടന്ന സ്വകാര്യ കൂടിക്കാഴ്ചയിലാണ് ഫാർലി കുടുംബം ഈ സമ്മാനം കൈമാറിയത്. വാഹനത്തിന്റെ രൂപകൽപ്പനയിലും സൗകര്യങ്ങളിലും മാർപാപ്പ അതീവ സംതൃപ്തി രേഖപ്പെടുത്തി. ജിം ഫാർലിയോടൊപ്പം വാഹനം ഓടിച്ചുനോക്കിയ അദ്ദേഹം, വത്തിക്കാൻ തൊഴിലാളികൾക്കും ഫോർഡ് ജീവനക്കാർക്കുമായി ജപമാലകൾ വെഞ്ചരിച്ച് നൽകുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.