
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ ബിഷപ്പുമാർ. കോംഗോയിൽ ഫെബ്രുവരി 11 ന് സർക്കാർ സേനയ്ക്കെതിരെ ‘എം 23’ വിമതർ വീണ്ടും ആരംഭിച്ചതിനെത്തുടർന്ന് മനുഷ്യന്റെ ദാരുണാന്ത്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഷപ്പുമാർ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്.
പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും അവർക്ക് സഹായം ലഭ്യമാക്കുന്നതിനും കൂടുതൽ ശ്രമങ്ങൾ നടത്തണമെന്നും സമാധാനപരമായ മാർഗങ്ങളിലൂടെ സംഘർഷം പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും യൂറോപ്യൻ യൂണിയൻ ബിഷപ്പ് കോൺഫറൻസ് കമ്മീഷൻ പ്രസിഡന്റ് മോൺസിഞ്ഞോർ മരിയാനോ ക്രോസിയാറ്റ ആവശ്യപ്പെട്ടു. ‘എം 23’ വിമതർ വടക്കൻ കിവുവിന്റെ തലസ്ഥാനമായ ഗോമ പിടിച്ചെടുത്തശേഷമുള്ള ആക്രമണത്തിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. പ്രാദേശിക നേതാക്കൾ വെടിനിർത്തൽ ആവശ്യപ്പെട്ടിട്ടും വിമതർ അക്രമം തുടരുന്ന സാഹചര്യമാണ്. തെക്കൻ കിവുവിലെ സ്കൂളുകളും വ്യാപാരസ്ഥാപനങ്ങളും അടച്ചുപൂട്ടി. നിരവധി പേർ പലായനം ചെയ്തു.
ഡി ആർ സിയിലെ അക്രമങ്ങളിൽ 6.7 ദശലക്ഷം ആളുകൾ കുടിയിറക്കപ്പെട്ടതായി യു എൻ കണക്കുകൾ വ്യക്തമാക്കുന്നു.