പാക്കിസ്ഥാനിൽ സോഷ്യൽ മീഡിയ പോസ്റ്റ് ഷെയർ ചെയ്തു; ക്രൈസ്തവനെ മതനിന്ദാകുറ്റം ചുമത്തി ജയിലിലടച്ചു

പാക്കിസ്ഥാനിൽ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തതിന് മതനിന്ദ ആരോപിച്ച് ഒരു ക്രൈസ്തവനെ പോലീസ് അറസ്റ്റ് ചെയ്തു. ഇസ്‌ലാമാബാദിനും ലാഹോറിനുമിടയിലുള്ള സർഗോധ പട്ടണത്തിൽ 35 വയസ്സുള്ള സാകി മസിഹിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാജമായി അറസ്റ്റ് ചെയ്യുന്ന ഇത്തരം രീതികൾ, മതനിന്ദാ നിയമങ്ങളുടെ ദുരുപയോഗം പരിഹരിക്കാൻ അധികാരികളോട് ആവശ്യപ്പെടുന്ന രാജ്യത്തെ ന്യൂനപക്ഷ അവകാശ പ്രവർത്തകരിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. വ്യക്തിപരമായ പ്രശ്‌നങ്ങളും പകപോക്കലുകളും തീർപ്പാക്കുന്നതിനുള്ള ഉപകരണങ്ങളായി ഇവ മാറുകയാണ്. ഒരു മുസ്ലീം അയൽവാസിയായ മുഹമ്മദ് അവായിസാണ് സാകിക്കെതിരെ മതനിന്ദാകുറ്റം ചുമത്തിയത്.

പാക്കിസ്ഥാനിൽ മതനിന്ദാകുറ്റം 10 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കേസാണ്. ഗ്രാമത്തിലെ മസ്ജിദിലെ ഇമാമും അയൽപക്കത്തെ മറ്റു മുസ്ലീങ്ങളും സാക്കിയുടെ പക്ഷം ചേർന്നുവെന്ന വസ്തുത വകവയ്ക്കാതെയാണ് പോലീസ് ഇടപെട്ടത്. സാകിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഒരു മതത്തെയും അനാദരിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. മാത്രമല്ല, മറ്റൊരാളുടെ പോസ്റ്റ് ഷെയർ ചെയ്യുക മാത്രമാണ് അദ്ദേഹം ചെയ്തത്.

ന്യൂനപക്ഷ അവകാശ പ്രവർത്തകനായ ജോസഫ് ജാൻസെൻ, പ്രധാനമായും ന്യൂനപക്ഷ മതങ്ങളിൽപെട്ടവരെ ലക്ഷ്യംവച്ചുള്ള മതനിന്ദാ പരാതികളും അറസ്റ്റുകളും വർധിച്ചുവരുന്നതിനെക്കുറിച്ച് ആഴമായ ഉത്കണ്ഠ പ്രകടിപ്പിക്കുകയും മതനിന്ദാനിയമങ്ങളുടെ ദുരുപയോഗം പരിഹരിക്കാൻ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.