
മധ്യപ്രദേശിലെ ഒസാഗർ ജില്ലയിലെ ഡിയോറിയിലുള്ള സെന്റ് മേരീസ് കോൺവെന്റ് സ്‌കൂളിൽ ഹിന്ദുദൈവത്തോട് അനാദരവ് കാണിക്കുന്നുവെന്ന് ആരോപിച്ച് തീവ്രഹിന്ദുപ്രവർത്തകർ. സ്‌കൂളിലെ സന്യാസിനിക്കെതിരെ പോലീസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം.
സ്‌കൂളിനെ ലക്ഷ്യംവച്ചുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ നീക്കമെന്ന് സാഗർ ജില്ലയിലെ ഡിയോറിയിലുള്ള സെന്റ് മേരീസ് കോൺവെന്റ് സ്‌കൂൾ പ്രിൻസിപ്പൽ സി. സരിതാ ജോസഫ് പറഞ്ഞു. ഹൈന്ദവദൈവമായ ഗണേശന്റെ രേഖാചിത്രം നോട്ടീസ് ബോർഡിൽനിന്ന് നീക്കംചെയ്തെന്നാരോപിച്ച് സെപ്റ്റംബർ 26 -ന് സ്‌കൂൾഗേറ്റിനു മുന്നിൽ ആൾക്കൂട്ടം തടിച്ചുകൂടുകയായിരുന്നു. പ്രതിഷേധക്കാരിൽ ചിലർ പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് ബലമായി കയറി ചോദ്യംചെയ്യാൻ തുടങ്ങി. പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചതോടെ സ്‌കൂൾ ജീവനക്കാർ പോലീസിന്റെ സഹായംതേടി. പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കണമെന്നും സ്കൂളിനുള്ള സർക്കാർ അംഗീകാരം പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഈസ്‌റ്റേൺ റീത്ത് സീറോമലബാർ സഭയുടെ സാഗർ രൂപതയിലെ കോൺഗ്രിഗേഷൻ ഓഫ് ജീസസ് (സി.ജെ) സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിലാണ് ഈ സ്‌കൂൾ. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് ഉറപ്പുനൽകിയശേഷമാണ് ജനക്കൂട്ടം സ്‌കൂൾ കാമ്പസ് വിട്ടത്. ഇത് തികച്ചും തെറ്റായ ആരോപണമാണെന്ന് സ്‌കൂൾ പ്രിൻസിപ്പൽ വെളിപ്പെടുത്തി. സ്‌കൂളിൽ എല്ലാ മതങ്ങളുടെയും ഉത്സവങ്ങൾ ആഘോഷിക്കുന്നുണ്ടെന്നും മതത്തിന്റെയോ, ജാതിയുടെയോ അടിസ്ഥാനത്തിൽ ആരോടും വിവേചനം കാണിക്കുന്നില്ലെന്നും പ്രിൻസിപ്പൽ സിസ്റ്റർ കൂട്ടിച്ചേർത്തു