
ലൂർദ് മാതാവിന്റെ ദർശനം ലഭിച്ച വി. ബെർണദീത്തായുടെ കഥ പറയുന്ന സംഗീത പരിപാടിയിൽ വി. ഐ. പി. വിഭാഗത്തിൽ അതിഥികളായെത്തിയത് 1600 ദരിദ്രർ ആണ്. ജനുവരി 14-ന് നടത്തപ്പെട്ട ഈ സംഗീത പരിപാടിയിൽ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിൽ നിന്നുള്ള 1600 ആളുകൾക്കായി പ്രിവ്യൂ നീക്കിവച്ചിരുന്നു.
ഡെല്ല കോൺസിലിയസിയോണിൽ സ്ഥിതി ചെയ്യുന്ന വലിയ ഓഡിറ്റോറിയത്തിൽ ഷോ ആസ്വദിക്കാൻ കർദിനാൾ കോൺറാഡ് ക്രജ്‌വെസ്‌കിയുടെ നേതൃത്വത്തിലുള്ള അപ്പോസ്‌തോലിക് അൽമോണേഴ്‌സ് ഓഫീസ് ആയിരത്തിലധികം ദരിദ്രരെയും അഭയാർഥികളെയും ക്ഷണിച്ചു. സംഗീത പരിപാടിയുടെ അവസാനത്തിൽ കൽക്കട്ടയിലെ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം ഓരോ അതിഥിക്കും ഭക്ഷണപ്പൊതി നൽകി.
“സുവിശേഷത്തിൽ പോലും ദരിദ്രർക്കാണ് മുൻഗണന നൽകുന്നത്. അതിനാൽ മുൻകൂറായി ദരിദ്രർക്ക് ഈ സംഗീത പരിപാടിയിൽ അവസരം നൽകുന്നത് വളരെ സന്തോഷകരമാണ്” – കർദിനാൾ ക്രാജെവ്സ്കി പറഞ്ഞു. ഇറ്റലിയിലെ മ്യൂസിക്കൽ പ്രൊഡക്ഷൻ ഡയറക്ടർ ഫാത്തിമ ലുക്കാറിനിയാണ് റോമിലെ പാവപ്പെട്ടവർക്കുവേണ്ടി ഈ സംഗീതപരിപാടി അവതരിപ്പിക്കാനുള്ള ആഗ്രഹം അറിയിച്ചത്.




