ഡി ആർ സി യിലെ സംഘർഷം അവസാനിപ്പിക്കാൻ പ്രാർഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ആഫ്രിക്കൻ ബിഷപ്പുമാർ

ഡി ആർ സി യിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അക്രമം അവസാനിപ്പിക്കുന്നതിനും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം ലഭിക്കുന്നതിനുമായി പ്രാർഥനയിലും ഉപവാസത്തിലും ഐക്യപ്പെടാൻ ആഹ്വാനം ചെയ്ത് ആഫ്രിക്കൻ ബിഷപ്പുമാർ. ഹോംകോയിലെ രണ്ടാമത്തെ വലിയ നഗരമായ ബുക്കാവുവിലേക്ക് റുവാണ്ടൻ പിന്തുണയുള്ള ‘എം 23’ വിമതർ പ്രവേശിച്ച സാഹചര്യത്തിലാണ് മാർച്ച് മൂന്നു മുതൽ അഞ്ചുവരെയുള്ള ദിനങ്ങളിൽ പ്രാർഥനയിൽ ഒന്നിക്കാൻ ആഫ്രിക്കൻ ജനതയോട് ബിഷപ്പുമാർ ആവശ്യപ്പെട്ടത്.

“യുദ്ധം അവസാനിപ്പിക്കാനും ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാനും നീതിയിലേക്കും അനുരഞ്ജനത്തിലേക്കും നമ്മുടെ നേതാക്കളെ നയിക്കാനും കർത്താവിനോടൊപ്പം പ്രാർഥനയിൽ ചിലവഴിക്കാൻ ഞങ്ങൾ എല്ലാ വിശ്വാസികളോടും അഭ്യർഥിക്കുന്നു” ബിഷപ്പുമാരെ പ്രതിനിധീകരിച്ച് കർദിനാൾ അംബോംഗോ പങ്കുവച്ചു. ആഫ്രിക്കയിലെയും മഡഗാസ്കറിലെയും എപ്പിസ്കോപ്പൽ കോൺഫറൻസുകളുടെ സിമ്പോസിയത്തിന്റെ (SECAM) സ്റ്റാൻഡിങ് കമ്മറ്റി പുറത്തിറക്കിയ പ്രസ്താവനയെ ആസ്പദമാക്കി നാമെല്ലാവരും തീക്ഷണമായി പ്രാർഥിക്കുമ്പോൾ ജനത്തിന്റെ നിലവിളി ദൈവം കേൾക്കുമെന്ന് വിശ്വസിച്ചുകൊണ്ട് ഐക്യത്തോടെ നമുക്ക് ശബ്ദമുയർത്താമെന്നും ബിഷപ് അനുസ്മരിപ്പിച്ചു.

“ആർക്കും ഒറ്റയ്ക്കു നിൽക്കാൻ കഴിയില്ല; നാം ക്രിസ്തുവിൽ ഒരു ശരീരമാണ്. ആഫ്രിക്കൻ സഭയുടെ ഇടയന്മാർ എന്ന നിലയിൽ, കൂട്ടായ്മ‌ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ സമൂഹത്തിൽ സത്യത്തിന്റെയും നീതിയുടെയും പ്രത്യാശയുടെയും ശബ്ദമായി സഭ തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്” പ്രസ്താവനയിൽ ബിഷപ്പുമാർ വ്യക്തമാക്കി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.