
നൈജീരിയയിലെ അബൂജ അതിരൂപതയിൽ സേവനം ചെയ്തുവരികയായിരുന്ന കത്തോലിക്ക വൈദികനെ കാണാതായിട്ട് ഒരുമാസം പിന്നിടുന്നു. ഫാ. സാംപ്‌സൺ ഇമോഖിദി എന്ന വൈദികനെ ഒക്ടോബർ ഒന്നു മുതലാണ് കാണാതാകുന്നത്. ഈ സാഹചര്യത്തിൽ വൈദികനെ സുരക്ഷിതമായി കണ്ടെത്തുന്നതിനായി പ്രത്യേകം പ്രാർഥന അഭ്യർഥിച്ചിരിക്കുകയാണ് അബൂജ രൂപതാധികൃതർ.
തിരോധാനം സംബന്ധിച്ച് സിവിൽ അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും അവർ അന്വേഷണം നടത്തുന്നുണ്ടെന്നും അതിരൂപത പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വൈദികനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ രൂപതയെ അറിയിക്കണമെന്നും സഭാനേതൃത്വം പ്രസ്താവനയിൽ അറിയിച്ചു.
നൈജീരിയയിൽ, വൈദികരും സന്യസ്തരും തട്ടിക്കൊണ്ടുപോകലിനും കൊള്ളയടിക്കലിനും ഇരയാകുന്നത് പതിവുസംഭവമാണ്. ഫാ. സാംപ്‌സണെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയെന്നാണ് സൂചന. അതേസമയം തട്ടിക്കൊണ്ടുപോകലാണ് നടന്നതെങ്കിൽ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് അവർ ബന്ധപ്പെടാൻ ശ്രമിച്ചേനേ എന്നും എന്നാൽ ഫാ. സാംപ്‌സണിന്റെ കാര്യത്തിൽ ഇത്തരത്തിലുള്ള ശ്രമങ്ങളൊന്നും നടന്നിട്ടില്ലായെന്നതും ശ്രദ്ധേയമാണ്.