
ലോകത്തിലെ അഞ്ച് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ നാലെണ്ണത്തിൽ, കുറഞ്ഞത് 72 ക്രിസ്ത്യാനികളെങ്കിലും തടവിലാക്കപ്പെടുകയോ, കാണാതാവുകയോ ചെയ്തിട്ടുണ്ട് എന്ന് വെളിപ്പെടുത്തി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ. സി. സി). ഈ കണ്ടെത്തൽ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്കുകീഴിൽ ജീവിക്കുമ്പോൾ ക്രിസ്ത്യാനികൾ നേരിടുന്ന പീഡനത്തിന്റെ വ്യാപ്തിയെ കൂടുതൽ എടുത്തുകാണിക്കുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന്റെ (USCIRF) ഡാറ്റ ഉപയോഗിച്ച്, നിലവിൽ 52 ക്രിസ്ത്യാനികൾ ചൈന, ക്യൂബ, ഉത്തര കൊറിയ, വിയറ്റ്നാം എന്നിവിടങ്ങളിൽ തടവിലാണെന്ന് ഐ. സി. സി. കണ്ടെത്തി. ഈ രാജ്യങ്ങളിൽ 20 ക്രിസ്ത്യൻ തടവുകാരെ കാണാതായിട്ടുണ്ട്. “ഈ സംഖ്യകൾ ഭയപ്പെടുത്തുന്നതാണ്; എന്നാൽ ആശ്ചര്യകരമല്ല. യഥാർഥസംഖ്യ ഇതിലും വളരെ കൂടുതലായിരിക്കാം. കമ്മ്യൂണിസം, മുൻതലമുറകളിലെന്നപോലെ ഇന്നും ക്രിസ്ത്യാനികൾക്ക് അപകടവും വിനാശകരവുമാണ്” – ഏഷ്യയിലെ ഒരു ഐ. സി. സി. സ്റ്റാഫ് വെളിപ്പെടുത്തുന്നു.
ചൈന, ക്യൂബ, ഉത്തര കൊറിയ, വിയറ്റ്നാം എന്നിവയ്ക്കുപുറമെ അഞ്ചാമത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ലാവോസും ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിൽ പിന്നിലല്ല. 2023-ലെ യു. എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് റിപ്പോർട്ട് അനുസരിച്ച്, യേശുവിനെ തള്ളിപ്പറയാൻ വിസമ്മതിച്ചതിന്റെപേരിൽ ലാവോസ് ഉദ്യോഗസ്ഥർ ക്രിസ്ത്യാനികളോട് അപമര്യാദയായി പെരുമാറുകയും വിവേചനം കാണിക്കുകയും ചെയ്യുന്നു. “ഒക്ടോബറിൽ, സാ മൗവേ ജില്ലാ അധികാരികൾ മൂന്നോ ഗ്രാമങ്ങളിൽ നിന്നുള്ള എട്ടോ, അതിലധികമോ കുടുംബങ്ങൾ ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തതിനെത്തുടർന്ന് അവരുടെ വീടുകൾ നശിപ്പിക്കുകയും വിശ്വാസം ഉപേക്ഷിക്കാൻ നിർബന്ധിക്കുകയും ചെയ്തു” എന്നും പ്രസ്താവനയിൽ ആരോപിക്കുന്നു.
നിലവിൽ, കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെല്ലാം ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത് തുടരുകയാണ്. പലപ്പോഴും വിശ്വാസത്തിന്റെപേരിൽ ക്രൈസ്തവർ അന്യായമായി ശിക്ഷിക്കപ്പെടുന്നു, ചിലർ കൊല്ലപ്പെടുന്നു, മറ്റുചിലരെ കാണാതാകുന്നു. തടവിലാക്കപ്പെടുന്ന പലരും ഇപ്പോൾ ജീവനോടെയുണ്ടോ എന്നുപോലും അവരുടെ കുടുംബാംഗങ്ങൾക്ക് അറിയാത്ത സ്ഥിതിയാണുള്ളത്.