ഇറ്റലിയിൽ കമ്മ്യൂണിസ്റ്റുകാരാൽ രക്തസാക്ഷിയാക്കപ്പെട്ട 14 വയസ്സുള്ള സെമിനാരിക്കാരൻ

14 വയസ്സിൽ രക്തസാക്ഷിത്വം വരിച്ച ഒരു സെമിനാരിക്കാരൻ്റെ കഥയാണിത്. പുരോഹിത വസ്ത്രമായ ളോഹ ഉപേക്ഷിക്കാൻ കമ്മ്യൂണിസ്റ്റ് ഒളിപ്പടയാളികൾ അദ്ദേഹത്തെ നിർബന്ധിച്ചിട്ടും പരസ്യ വ്രതങ്ങൾ എടുക്കാതിരുന്നിട്ടുകൂടി തനിക്കു ലഭിച്ച വിശുദ്ധ വസ്ത്രം അദ്ദേഹം ഉപേക്ഷിച്ചില്ല. ക്രിസ്തു സ്നേഹത്തെ പ്രതി മരണം വരിച്ച തീക്ഷ്ണമതിയായ ഈ യുവാവ് നമ്മെ പ്രചോദിപ്പിക്കട്ടെ.

1944-ൽ ജർമ്മനിയിൽ നിന്നുള്ള നാസി സൈന്യം ഇറ്റലി കീഴടക്കുമ്പോൾ, വാഴ്ത്തപ്പെട്ട റോളാൻഡോ മരിയ റിവിക്ക് 14 വയസ്സായിരുന്നു. അധിനിവേശ സൈന്യം സെമിനാരി അടച്ചുപൂട്ടി. പ്രായപൂർത്തിയാകാത്ത സെമിനാരിയനായിരുന്ന റോളാൻഡോ വീട്ടിലേക്ക് പോകാൻ നിർബന്ധിതനായി. വൈദികർ ധരിക്കുന്ന ളോഹ ധരിക്കരുതെന്ന് നാസി സൈന്യം റോളാൻഡോയെ വിലക്കിയെങ്കിലും അദ്ദേഹം അതിനു സമ്മതിച്ചില്ല. വൈദിക വസ്ത്രങ്ങൾ ഉപേക്ഷിച്ച് സാധാരണക്കാരൻ്റെ വസ്ത്രം ധരിക്കാൻ മാതാപിതാക്കൾ നിർബന്ധിച്ചു.

കാരണം, അദ്ദേഹം ഒരു സെമിനാരിക്കാരൻ മാത്രമായിരുന്നു. സഭയിലെ പരസ്യവ്രതങ്ങളെടുത്ത് ഔദ്യോഗിക അംഗത്വം നേടിയ വ്യക്തിയുമായിരുന്നില്ല റോളാൻഡോ. അതുകൊണ്ടുതന്നെ പുരോഹിത വസ്ത്രം ധരിക്കണം എന്നത് നിർബന്ധവുമല്ലായിരുന്നു. എങ്കിലും പൗരോഹിത്യത്തിലേക്കുള്ള തൻ്റെ വിളി ത്യജിക്കില്ലെന്ന് പുറമേ കാണിക്കാൻ അവൻ ആഗ്രഹിച്ചു. ജീവൻ നഷ്ടമായാലും പൗരോഹിത്യം നഷ്ടമാക്കുകയില്ല എന്ന ഉറച്ച ബോധ്യത്തോടെ പുരോഹിത വസ്ത്രം ഉപയോഗിച്ചുകൊണ്ടുതന്നെ “ഞാൻ യേശുവിൻ്റെതാണ്” എന്ന് അവൻ പ്രഖ്യാപിച്ചു.

രക്തസാക്ഷിത്വത്തിൻ്റെ വഴികളിലൂടെ

1945 ഏപ്രിലിലെ രണ്ടാം ലോകമഹായുദ്ധത്തിൻ്റെ അവസാന ആഴ്ചകളിൽ റോളാൻഡോയുടെ മാതാപിതാക്കളെ തേടി ഒരു കത്തു വന്നു. “അവനെ നിങ്ങൾ അന്വേഷിക്കരുത്. അവൻ ഞങ്ങളോടൊപ്പം കുറച്ച് സമയം ചെലവഴിക്കുകയാണ്.” അതൊരുകൂട്ടം കമ്മ്യൂണിസ്റ്റ് തീവ്രവാദികളുടെ എഴുത്തായിരുന്നു. നാസികൾക്കെതിരായ ഇറ്റാലിയൻ ചെറുത്തുനിൽപ്പിൽ ഏർപ്പെട്ടിരുന്ന ഒരു കൂട്ടം കമ്മ്യൂണിസ്റ്റ് പക്ഷക്കാരായ ഒളിപ്പടയാളികൾ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി.

മൊഡേന പ്രവിശ്യയിലെ പിയാനെ ഡി മോഞ്ചിയോ ഗ്രാമത്തിനടുത്തുള്ള വനത്തിലേക്കാണ് കമ്മ്യൂണിസ്റ്റ് ഒളിപ്പടയാളികൾ റോളാൻഡോയെ കൊണ്ടുപോയത്. രണ്ടു ദിവസത്തോളം റോളാൻഡോ അവിടെ പീഡനങ്ങൾക്കിരയായി. യാതൊരു തെളിവുകളുമില്ലാതെ “നാസി ചാരൻ” എന്ന് കുറ്റവാളികൾ റോളാൻഡോയെ മുദ്രകുത്തി. അദ്ദേഹത്തിൻ്റെ ളോഹ അഴിച്ചുമാറ്റി. സ്വന്തം ശവക്കുഴി തയ്യാറാക്കി അവിടെ മുട്ടുകുത്താനും റോളാൻഡോ നിർബന്ധിതനായി. തന്റെ ആരാച്ചാർക്ക് മുന്നിൽ മുട്ടുകുത്തിക്കൊണ്ട് റോളാൻഡോ സ്വർഗീയ പിതാവിനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. പ്രാർത്ഥനയുടെ അവസാനം തലയിലും നെഞ്ചിലും അക്രമികൾ റോളാൻഡോക്ക് നേരെ നിറയൊഴിച്ചു. അങ്ങനെ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു.

സ്വർഗീയ മഹത്വത്തിലേക്ക്

രകതസാക്ഷിത്വ നിമിഷം മുതൽ റോളാൻഡോ സ്വർഗ്ഗത്തിലെ മധ്യസ്ഥനായിരുന്നു. അദ്ദേഹത്തിൻ്റെ മധ്യസ്ഥതയാൽ നിരവധി രോഗശാന്തികൾ നടന്നുകൊണ്ടിരുന്നു. ജനങ്ങൾ അത് ദേവാലയ അധികാരികളെ അറിയിച്ചു. 2006 ജനുവരിയിൽ, മോഡേന അതിരൂപത വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. 2012 മെയ് മാസത്തിൽ വത്തിക്കാൻ ഔദ്യോഗികമായി റൊളാൻഡോയുടെ രക്തസാക്ഷിത്വം അംഗീകരിച്ചു. 2013 മാർച്ച് 28-ന്, ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെ അംഗീകരിക്കുന്ന കൽപ്പന പുറപ്പെടുവിക്കാൻ വിശുദ്ധരുടെ നാമകരണപരിപാടികളെ നയിക്കുന്ന കോൺഗ്രിഗേഷനെ അധികാരപ്പെടുത്തി, അതേ വർഷം ഒക്ടോബർ 5-ന് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.