നൈജീരിയയിൽ ഏറ്റവും അടുത്ത തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 14 ക്രിസ്ത്യൻ കുട്ടികൾ

നൈജീരിയയിലെ തെക്കൻ കടുന സംസ്ഥാനത്തിലെ ഒരു ഗ്രാമത്തിൽ ഇസ്ലാമിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ അഞ്ചു വയസുകാരന്റെ ശിരസ് അറുത്ത്‌ തീവ്രവാദികൾ. കൊല്ലപ്പെട്ട 33 പേരിൽ 14 പേരും കുട്ടികളാണ്. ഏപ്രിൽ 15-ന് നടന്ന ആക്രമണത്തിൽ, തെക്കൻ കടുന സംസ്ഥാനത്തെ സാംഗോൺ കറ്റാഫ് ലോക്കൽ ഗവൺമെന്റ് ഏരിയയിലെ വിശ്വാസികളാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തെ അപലപിച്ചുകൊണ്ട്, ഏപ്രിൽ 18 ചൊവ്വാഴ്ച, ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് (CSW), പശ്ചിമാഫ്രിക്കൻ രാജ്യത്ത് നിരപരാധികളായ സാധാരണക്കാരെ കൊല്ലുന്നത് അവസാനിപ്പിക്കാൻ നൈജീരിയൻ സർക്കാരിന്മേൽ സമ്മർദ്ദം ചെലുത്താൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമൂഹം നൈജീരിയയെ സഹായിക്കാൻ കാര്യമായൊന്നും ചെയ്യാത്തതിനാൽ കടുനയിലും ബെന്യൂ സംസ്ഥാനങ്ങളിലും നൈജീരിയക്കാർക്കു നേരെ ആക്രമണം തുടരുന്നത് ഖേദകരമാണെന്ന് സി‌എസ്‌ഡബ്ല്യുവിന്റെ പ്രസ് ആൻഡ് പബ്ലിക് അഫയേഴ്‌സ് ടീം ലീഡർ കിരി കാങ്ക്‌വെൻഡെ പറഞ്ഞു.

“നൈജീരിയയിലെ നിരപരാധികൾ സംസ്ഥാന, ഫെഡറൽ തലങ്ങളിലെ അധികാരികളിൽ നിന്നും പറഞ്ഞറിയിക്കാനാവാത്ത ഭീകരത അനുഭവിക്കുന്നു. അവരെ സംരക്ഷിക്കുന്നതിനോ, സഹായിക്കുന്നതിനോ അന്താരാഷ്ട്ര സമൂഹം കാര്യമായൊന്നും ചെയ്യുന്നില്ല. ഉയർത്തിക്കാണിക്കപ്പെടാത്ത അരക്ഷിതാവസ്ഥ ഇപ്പോൾ നൈജീരിയയുടെ പ്രാദേശിക സമഗ്രതക്ക് ഭീഷണിയായിരിക്കുന്നു. മേഖലക്കും ഭൂഖണ്ഡത്തിനും വിശാലമായ അന്താരാഷ്ട്ര സമൂഹത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു” – കാങ്ക്‌വെൻഡെ പറഞ്ഞു.

റൂൺജി ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട 33 പേരെ നിറകണ്ണുകളോടെ കൂട്ടമായി അടക്കം ചെയ്തു. ശിരഛേദം ചെയ്യപ്പെട്ട 5 വയസുള്ള ആൺകുട്ടി ഉൾപ്പെടെ കൊല്ലപ്പെട്ടവരിൽ 14 പേർ കുട്ടികളാണ്. മറ്റു പലർക്കും തിരിച്ചറിയാനാകാത്ത വിധം പൊള്ളലേറ്റതായി റിപ്പോർട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.