ഈ സന്യാസി മനുഷ്യരാശിക്കുവേണ്ടി 40 ദിവസമായി ഉപവാസത്തിലാണ്

56 വയസുകാരനായ ബിയാജിയോ കോണ്ടെ എന്ന ഈ സന്യാസി 40 ദിവസമായി ഉപവാസത്തിലാണ്. അദ്ദേഹം ഈ ഉപവാസം നടത്തുന്നത് മനുഷ്യരാശിക്ക് മുഴുവനുമായിട്ടാണ്. 1980 -മുതൽ ഒരു സന്യാസിയായി ജീവിക്കുന്ന ഇദ്ദേഹം ഫ്രാൻസിസ്‌ക്കൻ ശൈലിയിലുള്ള ഉടുപ്പും ചെരുപ്പും ആണ് ധരിച്ചിരിക്കുന്നത്. അദ്ദേഹം ഇറ്റലിയിലെ പലേർമോയ്ക്ക് പുറത്തുള്ള ഒരു ഗുഹയിൽ ആയിരുന്നു ഈ നാല്പത് ദിവസം. ഇദ്ദേഹത്തിന്റെ ജീവിതശൈലി ആധുനിക ലോകത്തിന് ഒരു വേറിട്ട കാഴ്ചയാണ്. പലേർമോയിലെ ദരിദ്രരെയും ഭവനരഹിതരെയും സഹായിക്കുന്ന ഹോപ്പ് ആൻഡ് ചാരിറ്റി മിഷൻ എന്ന സംഘടനയുടെ സ്ഥാപകനാണ് കോണ്ടെ.

പ്രതീക്ഷ നിറഞ്ഞ ഹൃദയത്തോടെ, സമാധാനവും പ്രത്യാശയും നിറഞ്ഞ ഒരു സന്ദേശം പങ്കുവെക്കുന്നതിനായി എന്റെ സമൂഹത്തിലേക്ക് ഇനി മടങ്ങുന്നു. വളരെയധികം വിഷമിക്കുന്ന, ദുരിതമനുഭവിക്കുന്ന മനുഷ്യരാശിയ്ക്ക് സമാധാനം നൽകുവാൻ ദൈവത്തിന് മാത്രമേ സാധിക്കൂ.” ഉപവാസത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

നിരാലംബരായ കുടുംബങ്ങളോടും സമൂഹത്തിലെ ഏറ്റവും ദുർബലരോടും ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നതിനായി ഈ മിഷനറി പാലെർമോ നഗരത്തിന് പുറത്തുള്ള പർവതങ്ങളിൽ ആണ് ഈ 40 ദിവസം പ്രാർത്ഥനയിലും ഉപവാസത്തിലും ചെലവഴിച്ചത്. ഇറ്റലിയുടെ ‘പുതിയ സെന്റ് ഫ്രാൻസിസ്’ എന്നും അദ്ദേഹത്തിന് വിളിപ്പേരുണ്ട്. കോണ്ടെ ഉപവാസത്തിന് ശേഷം ജൂലൈ 11 -ന് പലേർമോയിലേക്ക് മടങ്ങി.

ഒരു സന്യാസി ആകുന്നതിന് മുൻപ് കോണ്ടെ ഒരു ബിസിനസുകാരനായിരുന്നു. എന്നാൽ 26-ാം വയസ്സിൽ ഒരു ആത്മീയ പ്രതിസന്ധി നേരിട്ടശേഷം അദ്ദേഹം തന്റെ കുടുംബത്തിൽ നിന്ന് അകന്നു. അങ്ങനെ കുറച്ചുനാൾ സിസിലിയൻ പർവതങ്ങളിൽ ഒരു സന്യാസിയായി താമസിച്ചു. അതിനുശേഷം പലേർമോയിൽ മടങ്ങിയെത്തി ജീവിതം ദരിദ്രർക്കും ഭവനരഹിതർക്കും വേണ്ടി മാറ്റിവക്കുവാൻ അദ്ദേഹം തീരുമാനിച്ചു.

10 വർഷമായി ഹോപ്പ് ആന്റ് ചാരിറ്റി മിഷനിൽ സന്നദ്ധപ്രവർത്തകനായി ജോലി ചെയ്തിരുന്ന ഒരു ഘാനക്കാരനെ നാടുകടത്താനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് 2019 -ൽ  ഈ മിഷനറി 17 ദിവസം നിരാഹാര സമരം നടത്തി. അങ്ങനെ ഈ നാടുകടത്തൽ താത്ക്കാലികമായി നിറുത്തിവെച്ചു. ഈ സംഭവത്തെക്കുറിച്ച് കോണ്ടെ പറയുന്നതിപ്രകാരമാണ്. “അനാവശ്യമായ ഈ നാടുകടത്തിലിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കാനായി എന്റെ ജീവൻ പണയപ്പെടുത്താൻപോലും ഞാൻ പ്രതിജ്ഞാബദ്ധനാണ്. കാരണം അദ്ദേഹവും അദ്ദേഹത്തെപ്പോലുള്ളവരും ഇറ്റലിയെ മികച്ച രാജ്യമാക്കി മാറ്റുന്നതിന് തങ്ങളുടെ ജീവിതം മാറ്റിവെച്ചവരാണ്.”

2018 – ൽ ഭവനരഹിതരായ നിരവധി പേരുടെ മരണത്തെ തുടർന്ന് കോണ്ടെ 10 ദിവസത്തെ നിരാഹാര സമരം നടത്തി. മാഫിയകളാൽ കൊല്ലപ്പെട്ട വാഴ്ത്തപ്പെട്ട പിനോ പുഗ്ലിസിയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ 2018 സെപ്റ്റംബറിൽ ഹോപ് ആന്റ് ചാരിറ്റി മിഷൻ സന്ദർശിച്ചു. “ടെലിവിഷൻ, കമ്പ്യൂട്ടറുകൾ, സെൽ ഫോണുകൾ എന്നിവയിലൂടെ ഉണ്ടാകുന്ന അക്രമത്തിലും തിന്മയിലും വീഴരുത്. നെഗറ്റീവ് ഇമേജുകളും വിവരങ്ങളും കുട്ടികൾക്കും ചെറുപ്പക്കാർക്കും ഹാനികരമാണ്. ഇത് എല്ലാ വ്യക്തികളെയും സമൂഹത്തേയും നശിപ്പിക്കുന്നു.” – കോണ്ടെ പറയുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.