നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം: പതിമൂന്നാം ദിനം – വി. ജോസ് ലൂയിസ് സാഞ്ചസ് ദെൽ റിയോ

“അമ്മേ, സ്വർഗം എളുപ്പത്തിലും വേഗത്തിലും ലഭിക്കുന്ന അവസരം നഷ്ടപ്പെടുത്താൻ എന്നെ അനുവദിക്കരുതേ” – വി. ജോസ് ലൂയിസ് സാഞ്ചസ് ദെൽ റിയോ (1913-1928).

മെക്സിക്കൻ ക്രിസ്റ്റേറോ യുദ്ധത്തിൽ പതിനാലാം വയസ്സിൽ രക്തസാക്ഷിത്വം വഹിച്ച ബാലനാണ് ജോസ് ലൂയിസ് സാഞ്ചസ് ദെൽ റിയോ. ഈശോയിലുള്ള വിശ്വാസത്തെ തള്ളിപ്പറയാൻ വിസമ്മതിച്ച ജോസ് ലൂയിസിന്റെ പാദത്തിന്റെ അടി പടയാളികൾ തകർത്തു. ക്രിസ്തുവിലുള്ള വിശ്വാസം ത്യജിക്കുകയാണെങ്കിൽ ജീവിക്കാമെന്ന് മെക്സിക്കൻ കമാൻഡർ പറഞ്ഞപ്പോൾ, ‘ക്രിസ്തു ജയിക്കട്ടെ’ എന്ന മുദ്രാവാക്യം മുഴക്കിയ ജോസ് ലൂയിസിനെ തോക്കിന്റെ ബയണറ്റു കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. മരിക്കുന്നതിനുമുമ്പ് പൂഴിമണ്ണിൽ കുരിശുവരച്ച് അതിൽ ചുംബിച്ചുകൊണ്ടാണ് ജോസ് ലൂയിസ് സ്വർഗത്തിലേക്കു യാത്രയായത്.

ജോസ് ലൂയിസിന്റെ രക്തസാക്ഷിത്വത്തെ ആസ്പദമാക്കി 2012-ൽ ‘ഫോർ ഗ്രെയ്റ്റർ ഗ്ലോറി’ എന്ന പേരിൽ ഒരു സിനിമയുണ്ട്. 2005-ൽ ബനഡിക്ട് പതിനാറാമൻ പാപ്പാ ജോസ് ലൂയിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2016 ഒക്ടോബർ പതിനാറാം തീയതി ഫ്രാൻസിസ് പാപ്പ ജോസ് ലൂയിസിനെ വിശുദ്ധനായും പ്രഖ്യാപിച്ചു.

വി. ജോസ് ലൂയിസ് സാഞ്ചസ് ദെൽ റിയോക്കൊപ്പം നമുക്കു പ്രാർഥിക്കാം…

വി. ജോസ് ലൂയിസ് സാഞ്ചസേ, സ്വർഗത്തില്‍ എത്തിച്ചേരുകയായിരുന്നല്ലോ നിന്റെ ജീവിതലക്ഷ്യം. നോമ്പിലെ ഈ വിശുദ്ധദിനങ്ങളിൽ സ്വർഗത്തിനുവേണ്ടി തീവ്രമായി ആഗ്രഹിക്കാനും അത് ലക്ഷ്യമാക്കി ജീവിക്കാനും എന്നെ പഠിപ്പിക്കണമേ. ആമ്മേൻ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.