അടുത്ത മാർപാപ്പ ആരായിരിക്കും? സാധ്യതയുള്ളവർ ഇവരൊക്കെ

വി. പത്രോസിന്റെ പിൻഗാമിയായി ആരാണ് തിരഞ്ഞെടുക്കപ്പെടാൻ പോകുക എന്ന ഒരു ആകാംക്ഷ ലോകം മുഴുവനുമുണ്ട്. റോമൻ കത്തോലിക്കാ സഭയുടെ ഭാവിദിശ തീരുമാനിക്കുന്നതിൽ ഈ കോൺക്ലേവ് വളരെ നിർണ്ണായകമാകും. ഫ്രാൻസിസ് മാർപാപ്പ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും കർദിനാൾമാരെ തിരഞ്ഞെടുത്തിട്ടുള്ളതിനാൽ സ്ഥാനാർഥികളുടെ സാധ്യത വിശാലമാണ്. അതുപോലെതന്നെ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള ഘടനയിലും ഫ്രാൻസിസ് പാപ്പ മാറ്റം വരുത്തിക്കൊണ്ട് ലോകമെമ്പാടുമുള്ള സഭയെ കൂടുതൽ പ്രതിനിധീകരിക്കുന്ന ഒന്നാക്കി മാറ്റി.

ടോംഗ, ഹെയ്തി, പാപുവ ന്യൂ ഗിനിയ തുടങ്ങിയ ഇതുവരെ കർദിനാളന്മാർ ഇല്ലാത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ബിഷപ്പുമാർക്ക് കർദിനാൾ പദവി നൽകി. എങ്കിലും ലോകം പ്രാർഥനയോടെ കാത്തിരിക്കുന്ന ആ നിമിഷങ്ങളിലേക്കു കടക്കുമ്പോൾ അടുത്ത മാർപാപ്പയാകാൻ സാധ്യതയുള്ളതായി വിവിധ മാധ്യമങ്ങൾ പരാമർശിക്കുന്ന കർദിനാൾമാരെ പരിചയപ്പെടാം.

കർദിനാൾ പിയത്രോ പരോളിൻ

പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി ആയിരിക്കുന്ന 70 വയസ്സുള്ള ഇറ്റാലിക്കാരനാണ് കർദിനാൾ പിയത്രോ പരോളിൻ. വൈദഗ്ധ്യമുള്ള നയതന്ത്രജ്ഞനായ കർദിനാൾ പരോളിൻ 2013 മുതൽ വത്തിക്കാന്റെ ചുമതല വഹിക്കുന്ന മാർപാപ്പ കഴിഞ്ഞാൽ അടുത്ത സ്ഥാനത്തുള്ള വ്യക്തിയാണ്. ആഗോളസഭയെക്കുറിച്ച് ആഴത്തിലുള്ള അറിവുള്ള അദ്ദേഹം വടക്കൻ ഇറ്റലിയിൽ നിന്നുള്ള കർദിനാളാണ്. വെനസ്വേലയിലെ മാർപാപ്പയുടെ പ്രതിനിധിയായി ലാറ്റിനമേരിക്കയിലും കൊളംബിയയുടെ 2016 ലെ സമാധാന ഉടമ്പടിയിലും അദ്ദേഹം പ്രവർത്തിക്കുകയും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. വിയറ്റ്നാമുമായി ബന്ധം സ്ഥാപിക്കാനുള്ള വത്തിക്കാന്റെ ശ്രമങ്ങളുടെയും ചൈനയുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിന്റെയും ശിൽപിയായിരുന്നു അദ്ദേഹം. അമേരിക്കൻ പ്രസിഡന്റിന്റെ ഗാസ പദ്ധതിയെ അദ്ദേഹം ശാസിച്ചതിനാൽ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ട്രംപ് ഭരണകൂടവുമായുള്ള ഏറ്റുമുട്ടലിലേക്കു നയിച്ചേക്കാം. ഫ്രാൻസിസ് മാർപാപ്പയുടെ അജണ്ടയെ അദ്ദേഹം പിന്തുണയ്ക്കുന്നുണ്ടെങ്കിലും, പരോളിൻ കൂടുതൽ ജാഗ്രതയും യാഥാസ്ഥിതികനുമായ വ്യക്തിയാണ്. എന്നിരുന്നാലും മധ്യസ്ഥതയിലും നയതന്ത്രത്തിലും അദ്ദേഹത്തിന്റെ കഴിവുകൾ ശ്രദ്ധേയമാണ്.

കർദിനാൾ മത്തേയോ സൂപ്പി

69 വയസ്സുള്ള ഇറ്റാലിക്കാരനായ കർദിനാൾ മത്തേയോ സൂപ്പി, ബൊളോഞ്ഞയിലെ ആർച്ചുബിഷപ്പാണ്. ഉക്രൈൻ സമാധാനദൗത്യവുമായി പാപ്പയുടെ പ്രതിനിധിയായി നിരവധി തവണ ഉക്രൈനിലെ യുദ്ധമുഖത്ത് എത്തിയിട്ടുണ്ട്. കാത്തലിക് ഹ്യൂമാനിറ്റേറിയൻ ഗ്രൂപ്പായ സാന്റ് എജീദിയോയിലെ അംഗമായ ഇദ്ദേഹം മൊസാംബിക് ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാൻ സഹായിച്ച ടീമിന്റെ ഭാഗമായിരുന്നു.

കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ

സുവിശേഷവത്കരണത്തിനുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ നേതാവാണ് 67 കാരനായ കർദിനാൾ ടാഗ്ലെ. ഫിലിപ്പൈൻസിൽ നിന്നുള്ള ഇദ്ദേഹത്തെ ഫ്രാൻസിസ് മാർപാപ്പയുടെ പൊന്തിഫിക്കേറ്റിന്റെ അജപാലന മുൻഗണനകളുമായുള്ള അടുത്ത ബന്ധം കാരണം ‘ഏഷ്യൻ ഫ്രാൻസിസ്’ എന്ന് വിളിക്കാറുണ്ട്. വർഷങ്ങളോളം അദ്ദേഹം സഭയുടെ ആഗോള ചാരിറ്റബിൾ വിഭാഗത്തെ നയിച്ചു. 2019 ൽ, ഫ്രാൻസിസ് പാപ്പ അദ്ദേഹത്തോട് സുവിശേഷവൽക്കരണത്തിനായി വത്തിക്കാൻ ഡിപ്പാർട്ട്‌മെന്റിന്റെ പ്രിഫെക്‌റ്റാകാൻ ആവശ്യപ്പെട്ടു. വികസ്വര രാജ്യങ്ങളിലെ സഭകളുടെ നേതാക്കളുമായി അദ്ദേഹം അടുത്തു പ്രവർത്തിച്ചു. കർദിനാൾ ടാഗ്ലെയെ പാപ്പയായി തിരഞ്ഞെടുത്താൽ അദ്ദേഹം ആദ്യത്തെ തെക്കുകിഴക്കൻ ഏഷ്യക്കാരനും ഫിലിപ്പിനോ പോപ്പും ആയിരിക്കും. അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം ഏഷ്യയിൽ സഭയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നു.

കർദിനാൾ പാബ്ലോ വിർജിലിയോ സിയോങ്‌കോ ഡേവിഡ്

നീതിക്കുവേണ്ടിയുള്ള തുറന്ന ശബ്ദത്തിൽ, റോഡ്രിഗോ ഡ്യുട്ടേർട്ടെ പ്രസിഡൻസിയുടെ കാലത്ത് മയക്കുമരുന്ന് യുദ്ധ കൊലപാതകങ്ങൾക്കെതിരെ പ്രസംഗിച്ചതിനുശേഷം, മാതൃരാജ്യമായ ഫിലിപ്പൈൻസിൽ അദ്ദേഹത്തിന് വധഭീഷണിയും ക്രിമിനൽ കുറ്റങ്ങളും നേരിടേണ്ടിവന്നു. കർദിനാൾ ‘അംബോ’ എന്ന് അറിയപ്പെടുന്ന 66 കാരനായ അദ്ദേഹം ഫ്രാൻസിസ് പാപ്പയുടെ സഭയെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെയാണ് പങ്കുവയ്ക്കുന്നത്.

മുറിവേറ്റവരെ ‘ഉൾക്കൊള്ളുന്ന’ ഒരു ‘ഫീൽഡ് ഹോസ്പിറ്റൽ’ പോലെയുള്ള ഒരു സഭ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫിലിപ്പീൻസ് ബിഷപ്പ് കോൺഫറൻസിന്റെ നേതാവായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയാണ് അദ്ദേഹം. 2024 ൽ കത്തോലിക്കാ സഭയിലെ പ്രധാന പരിഷ്കാരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഒരു കൗൺസിലിൽ പങ്കെടുക്കാൻ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കർദിനാൾ ടാഗ്ലെയെപ്പോലെതന്നെ തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യത്തെ തെക്കുകിഴക്കൻ ഏഷ്യക്കാരനും ഫിലിപ്പിനോ മാർപാപ്പയും ആയിരിക്കും കർദിനാൾ പാബ്ലോ വിർജിലിയോയും.

കർദിനാൾ ജെറാൾഡ് സൈപ്രിയൻ ലാക്രോയിക്സ്

ക്യൂബെക്കിലെ ആർച്ച്ബിഷപ്പായ അദ്ദേഹത്തിന് 67 വയസ്സുണ്ട്. ഉയർന്നതോതിലുള്ള മതേതരവൽക്കരണമുള്ള ഒരു രാജ്യത്ത് ഒരു പ്രാദേശികസഭയെ നയിക്കുന്ന അനുഭവപരിചയമുള്ള ഒരു സമർഥനായ നേതാവായി അദ്ദേഹം വർത്തിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വപരമായ കഴിവുകൾ ഫ്രാൻസിസ് പാപ്പ അംഗീകരിച്ചതാണ്. നിർണ്ണായക കാര്യങ്ങളിൽ മാർപാപ്പയെ ഉപദേശിക്കുന്ന കൗൺസിൽ ഓഫ് കർദിനാൾമാരുടെ സംഘത്തിൽ അദ്ദേഹവും അംഗമായിരുന്നു.

കർദിനാൾ ഫ്രിഡോലിൻ അംബോംഗോ ബെസുങ്കു

കിൻഷാസയിലെ ആർച്ച്ബിഷപ്പായ അദ്ദേഹം ഏഴു ദശലക്ഷത്തിലധികം കത്തോലിക്കരുടെ ഒരു വലിയ പ്രാദേശികസഭയുടെ നേതാവാണ്. കപ്പൂച്ചിൻ ഫ്രാൻസിസ്കൻ ഓർഡറിലെ അംഗമായ അദ്ദേഹത്തിന് ഇപ്പോൾ 65 വയസ്സുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ശക്തമായ സംരക്ഷകനാണ് അദ്ദേഹം. യുദ്ധപ്രഭുക്കന്മാർക്കും അഴിമതിക്കുമെതിരെ നിലകൊള്ളാൻ ഭയപ്പെടാത്ത അദ്ദേഹം സ്വവർഗ ദമ്പതികളുടെ വിവാഹാശീർവാദത്തിനെതിരെ ശക്തമായ നിലപാടെടുത്തു.

മുകളിൽ പരാമർശിച്ചിരിക്കുന്ന എല്ലാ കർദിനാളുമാരുടെയും സാധ്യതകൾ വിവിധ ലോകമാധ്യമങ്ങളാണ് പ്രവചിക്കുന്നത്. എന്നാൽ പരിശുദ്ധാത്മാവിന്റെ പ്രത്യേക അനുഗ്രഹവും സാന്നിധ്യവുമാണ് തിരഞ്ഞെടുപ്പിന്റെ ഏറ്റവും പ്രഥമസ്ഥാനത്തു നിൽക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.