“ഞങ്ങൾക്ക് ആശ്രയമായി ഈ ദൈവാലയം മാത്രമേയുള്ളൂ”: ഗാസയിൽനിന്നും ക്രിസ്ത്യൻ യുവാവ്

“ഈ യുദ്ധത്തിനിടയിൽ ഞങ്ങളുടെ ജീവിതം വളരെ ദുരിതപൂർണ്ണമാണ്. എപ്പോൾവേണമെങ്കിലും ആക്രമിക്കപ്പെടാമെന്ന ഭയമുണ്ട്. എങ്കിലും വിശ്വാസം യുദ്ധത്തേക്കാൾ ശക്തമാണ്” – സുഹൈൽ അബു ദാവൂദ് എന്ന ക്രിസ്ത്യൻ യുവാവിന്റെ വാക്കുകളാണിത്. ഗാസയിൽ ജീവിക്കുന്ന പതിനെട്ടു വയസ്സുകാരനായ ഈ യുവാവ്, ഹോളി ഫാമിലി ദൈവാലയത്തിനുനേരെ ആക്രമണം ഉണ്ടാകുന്നതിനുമുൻപ് ഒ.എസ്‌.വി ന്യൂസിന് എഴുതിയ ഒരു കത്തിലാണ് ഇപ്രകാരം പറഞ്ഞിരിക്കുന്നത്.

ദുരിതങ്ങൾ വെളിപ്പെടുത്തിയ കത്ത്

‘എന്റെ പേര് സുഹൈൽ അബു ദാവൂദ്. എനിക്ക് 18 വയസ്സ്. ഞാൻ ഗാസ സിറ്റിയിലാണ് താമസിക്കുന്നത്’ എന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. തുടർന്ന് ഗാസയിലെ ദൈവാലയത്തിലെ ജീവിതത്തെക്കുറിച്ച് സുഹൈൽ പങ്കുവയ്ക്കുന്നു.

“ഒക്ടോബർ 7 -ന് യുദ്ധം ആരംഭിച്ചതുമുതൽ ഞാൻ വ്യത്യസ്തമായ ഒരു ജീവിതശൈലി നയിക്കാൻ തുടങ്ങി; സങ്കടവും നിരാശയും ഭയവും പരിഭ്രാന്തിയും നിറഞ്ഞ ഒരു ജീവിതം. സാഹചര്യങ്ങൾ അപകടകരമായി. അതിനാൽ ഞാൻ എന്റെ വീട് വിട്ട് പള്ളിയിലേക്കുപോയി. ചായയുടെയോ, കാപ്പിയുടെയോ കൂടെ ചീസ് അല്ലെങ്കിൽ ജാം പോലുള്ള ലളിതമായ ഭക്ഷണങ്ങൾ കഴിച്ച് ഞങ്ങൾ ഇടവകയിൽ ജീവിക്കാൻ തുടങ്ങി. ഞങ്ങളുടെ ദിനചര്യകൾ വ്യത്യസ്തവും പ്രയാസകരവുമായിത്തീർന്നു, പ്രത്യേകിച്ച് രാത്രിയിൽ. (ഇപ്പോൾ) ചുറ്റും നിർത്താതെയുള്ള ക്രോസ് ഫയറിന്റെയും ബോംബുകളുടെയും വലിയ ശബ്ദങ്ങളും കുതിച്ചുയരലും കേൾക്കുന്നു. ഞാൻ വലിയ ഭയത്തിലും പരിഭ്രാന്തിയിലുമാണ്. അതിനാൽ ഞാൻ രാത്രി ഒമ്പതുമണി മുതൽ ബാക്കിയുള്ള യുവാക്കൾക്കൊപ്പം പള്ളിയിൽ കാവൽനിൽക്കുന്നു. അത് രാവിലെ അഞ്ചുമണിവരെ നീളും. ഈ നിമിഷങ്ങളെല്ലാം ഏറെ ഭീതികരമാണ്.

കഷ്ടപ്പാടുകൾ ഞങ്ങളെ വിട്ടുപോകുന്നില്ല. ഭക്ഷണം, വെള്ളം, പാചകം ചെയ്യാനുള്ള ഇന്ധനം തുടങ്ങി അവശ്യസാധനങ്ങളുടെ അഭാവം ഞങ്ങളെ വലയ്ക്കുന്നു. നഗരത്തിലെ എല്ലാ ആശുപത്രികളും പ്രവർത്തനരഹിതമായതിനാൽ ആരോഗ്യപരിരക്ഷയും മരുന്നുമില്ലാതെ വയോജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ഞങ്ങളുടെ വീടുകളും കാറുകളും പോലെതന്നെ ഞങ്ങളുടെ ഉടമസ്ഥതയിലുള്ളതെല്ലാം നശിപ്പിക്കപ്പെട്ടു. അതിനാൽ ഞങ്ങളുടെ പള്ളിയല്ലാതെ മറ്റൊന്നുമില്ല. സഭ നമ്മുടെ യഥാർഥഭവനമാണ്. സമാധാനത്തിന്റെയും ക്ഷമയുടെയും സ്നേഹത്തിന്റെയും ഭവനമാണ്” – യുവാവ് കത്തിൽ വെളിപ്പെടുത്തുന്നു.

വിശ്വാസത്തിൽ ശക്തിപ്പെടുന്ന ജനതയുടെ പ്രതീകം

ഭീതിയുടെയും ഇല്ലായ്മയുടെയും നടുവിലും ഗാസയിലെ ക്രൈസ്തവർ വിശ്വാസത്തിൽ ശക്തരാവുകയാണ് എന്ന് ഈ കത്തിലൂടെ വെളിപ്പെടുന്നു. “ഈ സാഹചര്യങ്ങളിലും പ്രശ്‌നങ്ങളിലും എപ്പോഴും നമുക്ക് നമ്മുടെ ഏകരക്ഷകനായ യേശുക്രിസ്തുവിൽ അഭയമുണ്ട്. കഠിനമായ ഈ അവസ്ഥയിൽനിന്ന് അവൻ ഞങ്ങളെ ഉടൻ വിടുവിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. കാരണം ഞങ്ങൾ ദൈവത്തിലുള്ള പ്രത്യാശ നഷ്ടപ്പെടുത്തുകയില്ല. എല്ലാ ദിവസവും ആഘോഷിക്കുന്ന ഓരോ പരിശുദ്ധ കുർബാനയ്ക്കും മുമ്പായി ഞങ്ങൾ ജപമാല ചൊല്ലുന്നു. നിശ്ചയദാർഢ്യമുള്ളവരാണ് ഞങ്ങൾ. പരിശുദ്ധാത്മാവിന്റെ ക്ഷമയെ ഞങ്ങൾ മുറുകെപിടിക്കുന്നു. ഞങ്ങൾ അനുഭവിക്കുന്ന എല്ലാ കഷ്ടപ്പാടുകൾക്കും ഉപരിയായി, ഞങ്ങളെ സഹായിക്കാൻ ദൈവം തന്റെ വിശുദ്ധ കരങ്ങൾ നൽകും. വിശ്വാസം യുദ്ധത്തേക്കാൾ ശക്തമാണ്”  – എന്ന വാക്കുകളോടെയാണ് സുഹൈൽ അബു ദാവൂദ് തന്റെ കത്ത് അവസാനിപ്പിക്കുന്നത്.

പ്രതീക്ഷയുടെ ഇടമായി മാറിയ ഇടവക ദൈവാലയം

ഇസ്രായേൽ – ഹമാസ് യുദ്ധം ഒക്ടോബർ 7 -ന് ആരംഭിച്ചതിനുശേഷം ഗാസ സിറ്റിയിലെ ഹോളി ഫാമിലി ദൈവാലയത്തിൽ ഏകദേശം 600 -ഓളം ക്രൈസ്തവരാണ് അഭയം തേടിയെത്തിയത്. യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ജറുസലേമിൽ കുടുങ്ങിപ്പോയ ഇടവക വികാരി ഫാ. റൊമാനെല്ലിയുടെ അഭിപ്രായത്തിൽ, ഗാസയിൽ ഇപ്പോൾ 1,017 ക്രിസ്ത്യാനികൾ താമസിക്കുന്നുണ്ട്; അവരിൽ 135 പേർ കത്തോലിക്കരാണ്.

ഫാ. റൊമാനെല്ലിയുടെ അഭാവത്തിൽ ഹോളി ഫാമിലി ഇടവകയിൽ അസിസ്റ്റന്റ് വൈദികനായ ഫാ. യൂസഫ് ആസാദ് ശുശ്രൂഷ ചെയ്യുന്നു. റോസറി സിസ്‌റ്റേഴ്‌സ് സ്‌കൂൾ പ്രിൻസിപ്പൽ, സിസ്റ്റർ നബീല സാലിഹ് ഉൾപ്പെടെയുള്ള രണ്ട് റോസറി സിസ്റ്റേഴ്‌സ് ഈ സമൂഹത്തോടൊപ്പമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.