ട്യൂബ് ഫീഡിങ്ങും സാമുവൽ ശാസ്ത്രജ്ഞനും

അടുത്തിടെ, തൊണ്ടയിൽ കാൻസർ ബാധിച്ച് ഭക്ഷണമിറക്കാൻ വയ്യാത്ത അവസ്ഥയിൽ എന്റെയടുത്ത് ചികിത്സയ്‌ക്കെത്തിയ ജനാർദനൻ എന്ന 74 -കാരന്റെ മക്കളുമായി നടന്ന ഒരു സംവാദമാണ് ഇന്ന് ഈ വിഷയം എഴുതാനുണ്ടായ കാരണം.

പലവിധ നാട്ടുചികിത്സകളും നടത്തി ഫലപ്രാപ്തി ലഭിക്കാതെ വന്നപ്പോൾ മാത്രമാണ് ആധുനിക മെഡിക്കൽ ചികിത്സയിലേക്കു പോകാമെന്ന് അവർ തീരുമാനമെടുത്തത്. ഈ സമയംകൊണ്ട് രോഗം മൂർച്ഛിച്ചു. ആദ്യം ഖരപദാർഥം മാത്രം വിഴുങ്ങാനുണ്ടായിരുന്ന ബുദ്ധിമുട്ട് ഇപ്പോൾ ദ്രാവകരൂപത്തിലുള്ള ഭക്ഷണംപോലും ഇറക്കാൻവയ്യാത്ത അവസ്ഥയിലെത്തിയപ്പോഴാണ് ചികിത്സ ശരിയല്ല എന്ന് മക്കളിലൊരാൾക്ക് തോന്നിയത്. ആ മകന്റെ ഭാഷയിൽ പറഞ്ഞാൽ, ‘ഇപ്പോൾ അച്ഛൻ എല്ലുംതോലുമായി, നല്ല ഒത്ത ശരീരമുള്ള ആളായിരുന്നു’ എന്നാണ്.

വിവിധ പരിശോധനകൾക്കുശേഷം, രോഗം ഉയർന്ന സ്റ്റേജിലായതിനാൽ കീമോതെറാപ്പിക്കുശേഷം സർജറി ചെയ്യണം. കീമോതെറാപ്പി സമയത്തെ ആരോഗ്യം നിലനിർത്താൻ ഭക്ഷണം ഒരു ട്യൂബിട്ട് അതിലൂടെ നൽകാമെന്നു തീരുമാനിച്ചു. എന്നാൽ ജനാർദനൻചേട്ടന്റെ മറ്റു മക്കൾ അതിനു സമ്മതിച്ചില്ല. കാരണം അന്വേഷിച്ചപ്പോൾ രണ്ട് കാര്യങ്ങളാണ് അവർ പ്രധാനമായും പറഞ്ഞത്. ഒന്ന്, ഭക്ഷണം കൂടുതൽ അകത്തുചെന്നാൽ കാൻസർ വളർച്ച കൂടും; അതിനാൽ നാച്ചുറലായി കഴിക്കാൻ പറ്റുന്നതുമാത്രം നൽകിയാൽ മതി എന്ന് അവരുടെ നാച്ചുറോപ്പതി ചികിത്സകൻ പറഞ്ഞുവത്രെ. അവരുടെ അച്ഛൻ ഈ സ്ഥിതിയിലെത്തിയിട്ടും അവർക്ക് ഇപ്പോഴും കൂറ് അവിടെത്തന്നെ. അവരെ കുറ്റംപറഞ്ഞിട്ടും കാര്യമില്ല, കാരണം ഇവർക്കൊക്കെ അത്രയ്ക്ക് ആൾക്കാരെ പറഞ്ഞുവിശ്വപ്പിക്കാനുള്ള കഴിവുണ്ട്. ‘അത് ശരിയല്ല’ എന്ന് കാര്യകാരണസഹിതം പറഞ്ഞപ്പോൾ അവർക്ക് ഏതാണ്ട് സമ്മതം. അപ്പോൾ അടുത്ത പ്രശ്നം ‘ട്യൂബിട്ട്  ഭക്ഷണംകൊടുത്താൽ ശരീരത്തു പിടിക്കില്ല’. ഇത് ഒരു കോളേജ് അധ്യാപകനായ ഇളയമകന്റെ വക കമന്റ്‌.

ആരാണിത് പറഞ്ഞതെന്നുചോദിച്ചപ്പോഴാണ് അദ്ദേഹം ഒരു ഒരു വീഡിയോ എന്നെ കാണിക്കുന്നത്. സാമുവൽ എന്നൊരു യൂട്യൂബറുടെ വീഡിയോ ആണ്. അദ്ദേഹം ഒരു ഡോക്ടറൊന്നുമല്ല; പോട്ടെ, ഒരു ഡയറ്റിഷ്യൻ പോലുമല്ല. എന്നാലും മെഡിക്കൽ സയൻസിനെക്കുറിച്ച് ആധികാരികമായി അദ്ദേഹം സംസാരിക്കുന്നു. വീഡിയോയിൽ അദ്ദേഹം പറയുന്നത്, ഭക്ഷണം വായിൽകൂടി കഴിച്ചാൽ മാത്രമേ ശരീരത്തിൽ പിടിക്കുകയുള്ളൂ. അല്ലാതെ നൽകുന്നത് വെറും തട്ടിപ്പാണ്. തന്റെ വാദം തെളിയിക്കാനായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് അടുത്തിടെ കാൻസർ ബാധിച്ചു മരിച്ച ഒരു രാഷ്ട്രീയനേതാവിനെയാണ്. നേതാവിന് ട്യൂബ് ഫീഡിങ് കൊടുത്തതുകൊണ്ടാണ് അദ്ദേഹം മരിക്കുമ്പോൾ വളരെയധികം ക്ഷീണിച്ചുപോയത്, ചികിത്സ ഫലിക്കാതെപോയത് എന്നൊക്കയാണ്.

ഒരു കാര്യംകൂടി സൂചിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. ജനാർദനൻചേട്ടന്റെ മക്കളെല്ലാവരുംതന്നെ, അവരുടെ ഫീൽഡിൽ/ വിദ്യാഭ്യാസത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ ഡിഗ്രിയോ അതിൽ കൂടുതലോ നേടിയിട്ടുള്ളവരാണ്. എന്നിട്ടുപോലും ആരോഗ്യപ്രശ്നങ്ങൾ വരുമ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്ന ഇത്തരം കാര്യങ്ങളാണ് വിശ്വസിക്കുന്നു എന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തുകയും സങ്കടപ്പെടുത്തുകയുമുണ്ടായി.

ജനാർദനൻചേട്ടന്റ മക്കൾക്ക് ട്യൂബ് ഫീഡിങ്ങനെപ്പറ്റി പറഞ്ഞുകൊടുത്ത കാര്യങ്ങളാണ് ഇന്നത്തെ ലേഖനം.

സാധാരണ രീതിയിൽ നോർമലായി വായിൽകൂടെ കഴിക്കാൻ പറ്റുന്നവർക്ക് വായിൽകൂടി ഭക്ഷണം ചവച്ചരച്ച് ഉമിനീർ കലർന്ന് അകത്തേക്കുപോകുന്നത് ദഹനപ്രക്രിയയ്ക്ക് സഹായിക്കുമെന്നത് വാസ്തവമാണ്. എന്നാൽ അതുമുഴുവൻ ദഹനപ്രക്രിയയുടെ കഷ്ടിച്ച് ഒരുശതമാനത്തിൽ താഴെമാത്രമാണ്. ഇനി ഓരോ ഭക്ഷണവും വെവ്വേറെയായി എടുത്ത് അതായത് കാർബ്, പ്രോട്ടീൻ, ഫാറ്റ് എന്നിങ്ങനെ നോക്കുകയാണെങ്കിൽ അന്നജം അഥവാ കാർബ് ദാഹനം മാക്സിമം ഒരു 4% എത്തിയേക്കാം. അതുപോലെതന്നെ വയറിനുള്ളിലെ ദഹനം എളുപ്പമാക്കാനും വിഴുങ്ങാനും ഭക്ഷണം ചെറുകഷണങ്ങളാക്കാനും, ആഹാരം ചവച്ചരച്ചുകഴിക്കുന്നത് സഹായിക്കും.

ഇനി ട്യൂബ് ഫീഡിങ്ങിന്റെ കാര്യമെടുക്കാം. പ്രധാനമായും ട്യൂബ് ആമാശയത്തിലേക്കാണ് ഇടുന്നത്. ആമാശയത്തിനാണ് അസുഖമെങ്കിൽ ചെറുകുടലിന്റെ ആദ്യഭാഗത്തേക്കും ട്യൂബ് വയ്ക്കാറുണ്ട്. ഏറ്റവും ലളിതമായി ചെയുന്നത് അതായത് വളരെ കുറച്ചു നാളുകളെ ആവശ്യമുള്ളൂ എങ്കിൽ മൂക്കിലൂടെ ഒരു ട്യൂബ് ഇടുകയാണ് പതിവ്. അതിനെ നമ്മൾ നേസോ ഗ്യാസ്ട്രിക് ട്യൂബ് ഫീഡിങ് എന്നുവിളിക്കും. എന്നാൽ ദീർഘകാലം ഫീഡിങ് വേണ്ടവരോ, അന്നനാളത്തിൽ അസുഖമുള്ളവർക്കോ ആമശയത്തിലേക്ക് ഒരു ട്യൂബ് കടത്തിവയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനെ നമ്മൾ ഫീഡിങ് ഗ്യാസ്ട്രോസ്റ്റോമി എന്നാണ് വിളിക്കുന്നത്. ഇത് ചെയ്യുന്നത് എന്ഡോസ്കോപ് ഉപയോഗിച്ചാണ് എന്നുകൂടി ഓർക്കുക. ആമാശയത്തിന് അസുഖമുള്ളവർക്ക് ചെറുകുടലിന്റെ ആദ്യഭാഗം അഥവാ ജെജുനം എന്ന ഭാഗത്തേക്കാണ് ട്യൂബിടുന്നത്. ഇതിനെ ഫീഡിങ് ജെജുനോസ്ടോമി എന്നാണ് വിളിക്കുക. അതിനാൽ ഈ ട്യൂബ് ഫീഡിങ് എന്നുപറയുമ്പോൾ ടെക്കിനിക്കലി വായ, അന്നനാളം എന്നിവ ബൈപ്പാസ് ചെയ്യുന്നു എന്നുമാത്രം.

ഇനി എന്താണ് ഈ ട്യൂബ് വഴി അകത്തേക്കു കൊടുക്കുക, നമ്മൾ സാധാരണ കഴിക്കുന്ന ഭക്ഷണംതന്നെ അരച്ച് മൃദുവാക്കി നൽകുകയാണ് ചെയ്യുന്നത്. അതായത് നമ്മൾ സാധാരണ കഴിക്കുമ്പോൾ വായിൽ നടക്കുന്നതിനേക്കാൾ കൂടുതൽ നന്നായി അരഞ്ഞ, മൃദുവായ ഭക്ഷണം ആമാശയത്തിലേക്കെത്തുന്നു എന്നുസാരം. അങ്ങനെ എത്തുന്നതിനാൽ ക്ഷീണാവസ്ഥയിലുള്ള രോഗിക്ക് കൂടുതൽ ഫലപ്രദമായി ഭക്ഷണം ദഹിപ്പിക്കാനും അതിനാൽതന്നെ അതിലെ പോഷകങ്ങൾ ശരീരത്തിലേക്കു പ്രവേശിക്കാനും തുടർന്ന് വളരെപ്പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാനും സാധിക്കും.

ഈ ദഹനപ്രക്രിയയിൽ ബുദ്ധിമുട്ടുള്ളവർക്ക് അല്ലെങ്കിൽ ചെറുകുടലിലേക്ക് ഭക്ഷണം നൽകേണ്ടിവരുന്നവർക്ക് ഭാഗികമായി ദഹിപ്പിച്ച ഭക്ഷണംപോലും ഇന്ന് നമുക്ക് ലഭ്യമാണ്. ഇങ്ങനെ ടു ഫീഡിങ് വഴി നിരവധി രോഗികൾക്ക് ആരോഗ്യം വീണ്ടെടുക്കാനും ആശുപത്രിവാസം ഒഴിവാക്കാനും ചികിത്സാചെലവ് വളരെയധികം കുറയ്ക്കാനും സാധിക്കും. അതുപോലെതന്നെ പ്രധാനമാണ് നമ്മുടെ കുടലിലുള്ള ജൈവവ്യവസ്ഥ നോർമലയി നിലനിൽക്കുമെന്നത്. നമ്മുടെ ശരീരത്തിന്റെ ഇമ്മ്യൂണിറ്റി തുടങ്ങിയവ നോർമലായി നിൽക്കണമെങ്കിൽ ഈ കുടലിലെ ജൈവവ്യവസ്ഥ സന്തുലിതമായിരിക്കണം. അതിന് കുടലിലേക്ക് ഭക്ഷണമെത്തണം. ഇതൊക്കെയാണ് യാഥാർഥ്യം എന്നിരിക്കെ ഇതുപോലുള്ള അസംബന്ധങ്ങൾ സ്വന്തം റീച്ച് കൂട്ടാൻ സമൂഹമാധ്യമ ഇൻഫ്ലുവെൻസേഴ്സ് നടത്തുന്ന പ്രചാരണങ്ങൾ സർക്കാർതന്നെ ഇടപെട്ട് നിരോധിക്കേണ്ടതാണ്.

ക്ലിനിക്കിൽ ന്യൂട്രീഷൻ ഇത്രയും വികാസം പ്രാപിച്ചിരിക്കുന്ന ഈ കാലത്ത് ഇതുപോലുള്ള അസംബന്ധങ്ങൾ വിശ്വസിച്ച് നിങ്ങളുടെയോ, ബന്ധുക്കളുടെയോ രോഗമുക്തി തടസ്സപ്പെടുത്തരുത്. ഇത് എന്റെ ഒരു അപേക്ഷയായി കാണുക.

ഡോ. ജോജോ വി. ജോസഫ്

ഡോ. ജോജോ വി. ജോസഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.