നൃത്തച്ചുവടുകളോടെ ജനഹൃദയങ്ങളിൽ ഇടംനേടിയ യുവവൈദികൻ

“യേശു ഹി മാർഗ ഹെ
യേശു ഹി സത്യ ഹേ
യേശു ഹി ജീവൻ മേരാ…”

ഫ്ളവേഴ്സ് കോമഡി ഉത്സവവേദിയെ ഇളക്കിമറിച്ച് ഒഴുകുകയാണ് സംഗീതം. ആ സംഗീതത്തിന് വേഗതയോടെ ചുവടുകൾവച്ച് ക്രൈസ്തവവിശ്വാസത്തിനു സാക്ഷ്യംനൽകി ഒരു യുവവൈദികനും!

മരിയ ജോസ്

കാണികളെ അവരറിയാതെതന്നെ ആത്മീയതയുടെ വസന്തകാലത്തേക്കു കൈപിടിച്ചുനടത്തി, കോമഡി ഉത്സവവേദിയെ ആത്മീയോത്സവത്തിന്റെ വേദിയാക്കിമാറ്റിയ ആ യുവവൈദികനാണ് എം.സി.ബി.എസ് എമ്മാവൂസ് പ്രൊവിൻസിലെ അംഗമായ ഫാ. ജോൺസ് പുത്തൻകളം. വൈറലായി മാറിയ വീഡിയോകളെയും നൃത്തം ചെയ്യാനാരംഭിച്ച സാഹചര്യത്തെയും ഒപ്പം കോമഡി ഉത്സവത്തിലെ അനുഭവങ്ങളെയും ലൈഫ് ഡേയുടെ വായനക്കാർക്കായി പങ്കുവയ്ക്കുകയാണ് തന്റെ മിഷൻ സ്റ്റേഷനിൽ നിന്നും ഈ യുവവൈദികൻ…

സെമിനാരിയിൽനിന്നും തുടങ്ങിയ നൃത്തം

മുൻപ് നൃത്തമൊന്നും പഠിച്ചിട്ടില്ലാത്ത ജോൺസ് അച്ചൻ സെമിനാരികാലഘട്ടത്തിലാണ് നൃത്തത്തിന്റെ വഴിയിലേക്കു തിരിയുന്നത്. സെമിനാരിയിലെ പല പരിപാടികൾക്കും മറ്റുമായി ചെയ്തുതുടങ്ങിയ നൃത്തത്തോട്, വ്യക്തിപരമായ ഒരു ഇഷ്ടം എപ്പോഴോ മനസ്സിൽ തോന്നിയിരുന്നു. പിന്നീട് അച്ചനായതിനുശേഷം അതിരമ്പുഴയിലെ എം.സി.ബി.എസ് സന്യാസ സമൂഹത്തിന്റെ മൈനർ സെമിനാരിയിലായിരുന്നു സേവനംചെയ്തിരുന്നത്; ആ സമയത്തുതന്നെയാണ് റസ്പുടിൻ ഡാൻസ് വീഡിയോ വൈറലാകുന്നതും. അന്ന് അതുവച്ച് ഒരു ഡാൻസ് വീഡിയോ ചെയ്തു; സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ആ വീഡിയോ മൂന്നുലക്ഷത്തോളം ആളുകൾ കാണുകയും ചെയ്തിരുന്നു.

അതിനുശേഷം അരുണാചൽ പ്രദേശിലെ ബാമിങ് എന്ന മിഷൻപ്രദേശത്തെത്തിയ അച്ചൻ, തന്റെ ശുശ്രൂഷയ്ക്കിടയിൽ കിട്ടിയ ഇടവേളകളിൽ നൃത്തംചെയ്യുന്ന വീഡിയോകൾ ചെയ്തു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അമ്പതോളം വീഡിയോകൾ ഇത്തരത്തിൽ അച്ചൻ ചെയ്തിരുന്നു. പിന്നീട് രാഗ, മിങിയോ എന്നിവിടങ്ങളിലേക്കു വന്നപ്പോഴും നൃത്തത്തെ കൈവിട്ടില്ല എന്ന് അച്ചൻ ഓർക്കുന്നു.

നൃത്തത്തിലൂടെ ദൈവത്തിലേക്ക്

അരുണാചൽ പ്രദേശിലെ ആളുകളുടെ സംസ്കാരത്തിൽതന്നെ നൃത്തത്തോട് ഒരു ചായ്‌വുണ്ട് എന്ന് മനസ്സിലാക്കാം. സാവധാനത്തിലും താളത്തിലുമുള്ള ചുവടുവയ്പുകൾ, പാരമ്പര്യമായി ഇവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അതിനാൽത്തന്നെ നൃത്തം ഇവർക്ക് കൂടുതൽ ഇഷ്ടമാണ്.

ഇവരുടെ ഈ പ്രത്യേകതകൾ കൊണ്ടുതന്നെ, നൃത്തം ചെയ്യുന്നവരോട് ഇവർക്കൊരു പ്രത്യേക ആകർഷണവുമുണ്ട്. തന്നെയുമല്ല, നൃത്തം ചെയ്യുന്ന അച്ചന്മാരെ ഇവിടെയുള്ള ഗ്രാമത്തിലെ ആളുകൾ അധികം കണ്ടിട്ടുമില്ല. ഈ സാധ്യതകളൊക്കെയും നൃത്തത്തിലൂടെയുള്ള ഒരു സുവിശേഷപ്രഘോഷണത്തിന്റെ സാധ്യതയിലേക്ക് വെളിച്ചംവീശുന്നതായിരുന്നു. ഇത്തരത്തിലുള്ള നൃത്തത്തിലൂടെയും മറ്റും കൂടുതലായും യുവജനങ്ങളെ കയ്യിലെടുക്കാൻ പറ്റിയിട്ടുണ്ടെന്നുപറയുന്ന ഈ വൈദികൻ, സുവിശേഷപ്രഘോഷണത്തിനായി വിശ്വാസികളുടെ ഇടയിൽ കൂടുതലും ഉപയോഗിക്കുന്നത് ആക്ഷൻ സോങ്ങുകളും മറ്റുമാണ്.

“എന്നെ ഫേമസാക്കാണം എന്ന ഉദ്ദേശമൊന്നും എനിക്കില്ല. മൂന്നുവർഷം മുൻപ് പല ആളുകളും പറഞ്ഞു, ളോഹയിട്ട് സിനിമാപ്പാട്ടുകൾ ചെയ്യാൻ. പെട്ടന്ന് റീച്ച് കിട്ടും എന്നതായിരുന്നു അതിന് അവർ പറഞ്ഞ കാരണം. എന്നാൽ എനിക്കതിൽ താല്പര്യമില്ല. നൃത്തം ചെയ്യുക എന്നത് എനിക്ക് സംതൃപ്തി തരുന്ന ഒന്നാണ്. പിന്നെ ചിലരുടെ വിചാരം, ഭൗതികമായ കാര്യങ്ങളെല്ലാം ഉപേക്ഷിക്കലാണ് ആത്മീയത എന്ന്. എന്നാൽ അങ്ങനെയല്ല; ജീവിതത്തിന്റെ ഓരോ നിമിഷവും നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെയോർത്ത് നന്ദിപറയുകയും സന്തോഷിക്കുകയും വേണം. അരുണാചൽ പ്രദേശിലെ ആളുകളുടെ ജീവിതത്തിൽനിന്നും ഞാൻ പഠിച്ചത് ഇതാണ്. ഞാൻ നൃത്തം ചെയ്യുമ്പോൾ അത് കാണുന്നത് പല മതത്തിലും വിശ്വാസത്തിലുംപെട്ട ആളുകളാണ്. അവരിലേക്കൊക്കെ ക്രിസ്തു, സഹനങ്ങളുടെ മാത്രമല്ല സന്തോഷത്തിന്റെയും ക്രിസ്തുവാണ് എന്ന് ഒരു സന്ദേശം പകരുകയാണ് എന്റെ ലക്ഷ്യം” – ജോൺസ് അച്ചൻ പറയുന്നു.

ഫ്ളവേഴ്സ് കോമഡി ഉത്സവ് അനുഭവം

അരുണാചൽ പ്രദേശിലെ മിങിയോ എന്ന മിഷൻ സ്റ്റേഷനിലാണ് കഴിഞ്ഞ രണ്ടുവർഷമായി ജോൺസ് പുത്തൻകളം അച്ചൻ ശുശ്രൂഷ ചെയ്തുവരുന്നത്. അവിടെനിന്നും എടുത്ത ഡാൻസ് വീഡിയോകളാണ് ജോൺസ് അച്ചന് ഫ്ളവേഴ്സ് ഷോയിലേക്കുള്ള വഴിതെളിച്ചത്.

കോമഡി ഉത്സവ് എപ്പിസോഡിൽ പങ്കെടുത്തത്, ഒരു മനുഷ്യത്വത്തിന്റെ അനുഭവമാണ് പകർന്നതെന്ന് ജോൺസച്ചൻ ഓർക്കുന്നു. അവിടെ ഒരു ഒരു കലാകാരൻ എന്ന പരിഗണനയാണ് എല്ലാവരും അച്ചനു നൽകിയത്. പരസ്പരം വലിയ പ്രോത്സാഹനം നൽകുന്ന ഒരു അനുഭവമായിരുന്നു അതെന്ന് അദ്ദേഹം പറയുന്നു. പിന്നെ പരിപാടിയിൽ പങ്കെടുത്തപ്പോൾ, എന്റെ നൃത്തം കണ്ടവരിൽ പല മതത്തിലുള്ള ആളുകളുമുണ്ട്. അവരുടെയൊക്കെ ഇടയിൽ വിശ്വാസം പ്രഘോഷിക്കാൻ സാധിച്ചല്ലോ എന്ന സന്തോഷമാണ് ഈ വൈദികന്.

ചങ്ങനാശേരി ഫാത്തിമാപുരം ഫാത്തിമ മാതാ ഇടവാകാംഗമായ ഫാ. ജോൺസ്, പുത്തൻകളം എബ്രഹാമിന്റെയും മേഴ്സിയുടെയും മകനാണ്.

മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.