
ഒരു ബിസിനസ്സുകാരന് വിശുദ്ധനാകാൻ കഴിയുമോ? ലാഭത്തിന് പിന്നാലെ പായുന്ന ലോകത്ത് സ്നേഹം കൊണ്ട് വിപ്ലവം സൃഷ്ടിച്ച ഒരാളുണ്ട്. അദ്ദേഹമാണ് എൻറിക് ഷാ. ആയിരത്തിലധികം തൊഴിലാളികളെ പേരെടുത്ത് വിളിച്ചിരുന്ന, അവരുടെ കുടുംബത്തിന്റെ കഷ്ടപ്പാടുകളിൽ കൂടെ നിന്ന അർജന്റീനയിലെ പ്രമുഖ വ്യവസായി.
വെറുമൊരു ബോസ് എന്നതിലുപരി അവരുടെ കുടുംബാംഗത്തെപ്പോലെയാണ് അദ്ദേഹം പെരുമാറിയിരുന്നത്. തൊഴിലാളികൾക്ക് അർഹമായ വേതനം ഉറപ്പാക്കുന്നതിലും ക്രിസ്ത്യൻ ഫാമിലി മൂവ്‌മെന്റ് പോലുള്ള പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിലും അദ്ദേഹം മുൻപന്തിയിലായിരുന്നു.
1957 – ൽ അർബുദം ബാധിച്ച അദ്ദേഹത്തിന് രക്തം ആവശ്യമായി വന്നപ്പോൾ സ്വന്തം തൊഴിലാളികളായ 260 പേരാണ് രക്തം നൽകാൻ സന്നദ്ധരായി മുന്നോട്ട് വന്നത്. ആ സമയത്ത് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്രകാരമാണ്: “ഇപ്പോൾ ഞാൻ സന്തുഷ്ടനാണ്. കാരണം, എന്റെ ഞരമ്പുകളിലൂടെ ഒഴുകുന്നത് എന്റെ തൊഴിലാളികളുടെ രക്തമാണ്.”
അടുത്തിടെ ലെയോ പതിനാലാമൻ മാർപാപ്പ അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ നടന്ന ആദ്യ അത്ഭുതം അംഗീകരിച്ചിരുന്നു. ഇതേ തുടർന്ന് വാഴ്ത്തപ്പെട്ടവ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആധുനിക കാലഘട്ടത്തിലെ ഒരു സംരംഭകൻ ഈ പദവിയിലെത്തുന്നത് ചരിത്രപരമായ മാറ്റമാണ്.
1921 – ൽ അർജന്റീനയിൽ ജനിച്ച അദ്ദേഹം ഒൻപത് കുട്ടികളുടെ പിതാവും സ്നേഹനിധിയായ ഭർത്താവുമായിരുന്നു. ഒരു മികച്ച ബിസിനസ്സ് എക്സിക്യൂട്ടീവിനും വിശുദ്ധി പ്രാപിക്കാമെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിയാണ് എൻറിക് ഷാ.
സീനിയ എൽസ ഇഗ്‌നേഷ്യസ്




