തീവ്രവാദികളാൽ വലിച്ചെറിയപ്പെട്ട രണ്ടു വയസ്സുകാരിയുടെ അതിജീവനകഥ

ഫുലാനി തീവ്രവാദികളുടെ അക്രമങ്ങളെ അതിജീവിച്ച കുഞ്ഞുറൂത്തിന് ഇന്നു രണ്ടുവയസ്സുണ്ട്. അവൾ ഇന്ന് ആരോഗ്യവതിയായിരിക്കുന്നു. തിളങ്ങുന്ന കണ്ണുകളും പുഞ്ചിരിമായാത്ത മുഖവുമായി മാതൃസഹോദരിയോടൊപ്പം കഴിയുന്ന റൂത്തിന് ആക്രമണത്തിൽ കൊല്ലപ്പെട്ട അവളുടെ മാതാപിതാക്കളെക്കുറിച്ച് അറിയില്ല.

മധ്യ നൈജീരിയയിലെ ഒരു ഗ്രാമം. ഫുലാനി തീവ്രവാദികളുടെ ആക്രമണങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാറുള്ള ആ ഗ്രാമത്തിൽ എല്ലാവരും ഭയത്തോടെയാണ് കഴിഞ്ഞിരുന്നത്. കുഞ്ഞുറൂത്തിന് അന്നു രണ്ടുമാസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. തോക്കുധാരികളായ ഫുലാനി തീവ്രവാദികളെ ഭയന്ന്  ഒരുദിവസം റൂത്തിന്റെ അമ്മ ഹന്നാതു മറ്റു ഗ്രാമവാസികളോടൊപ്പം നേരം പുലരുന്നതിനുമുമ്പേ താമസസ്ഥലത്തു നിന്നും ഓടിപ്പോയി. അപ്രതീക്ഷിതമായി പെയ്ത കനത്തമഴയെ തുടർന്ന് കുഞ്ഞുറൂത്തിനെയും കൊണ്ടുള്ള ഹാന്നാതുവിന്റെ യാത്ര തടസ്സപ്പെട്ടു. അങ്ങനെ ചെളിനിറഞ്ഞ ഒരു നദീതീരത്തു വച്ച് ഹന്നാതുവും കുഞ്ഞുറൂത്തും ഫുലാനി തീവ്രവാദികളുടെ കൈകളിലകപ്പെട്ടു. 

ഗ്രാമവാസികൾ എവിടെയെന്ന് വെളിപ്പെടുത്താൻ ഹാന്നാതുവിനെ അക്രമികൾ നിർബന്ധിച്ചു. അത് വെളിപ്പെടുത്താൻ ഹന്നാതു മനസ്സുകാണിക്കാത്തതിൽ പ്രകോപിതരായി തീവ്രവാദികൾ കുഞ്ഞുറൂത്തിനെ ഹന്നാതുവിന്റെ കൈയിൽനിന്നു പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു. തുടർന്ന് ഹന്നാതുവിനെ വെടിവച്ചു കൊലപ്പെടുത്തി. കുഞ്ഞിനെ ചെളിയിൽ ഉപേക്ഷിച്ച് അവിടെനിന്നും തീവ്രവാദികൾ കടന്നുപോയി. തുടർന്ന് കുഞ്ഞുറൂത്തിന്റെ പിതാവിനെയും കുടുംബത്തിലെ മറ്റ് മൂന്നംഗങ്ങളെയും ഗ്രാമവാസികളെയും തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി. കണ്ണീരും രക്തവും കലർന്ന ചെളിനിറഞ്ഞ ആ പുഴയോരത്ത് കുഞ്ഞുറൂത്ത് മാത്രം തനിച്ചായി.

ഭാഗ്യവശാൽ, അന്നു രാത്രി ആ ഭീകരാക്രമണത്തെ അതിജീവിച്ചവർ കുഞ്ഞുറൂത്തിനെ പുഴയോരത്തെ ചെളിയിൽ കണ്ടെത്തുകയും അവർ അവളെ ഹന്നാതുവിന്റെ ഇളയസഹോദരിയെ ഏല്പിക്കുകയും ചെയ്തു. ആ സഹോദരിയും ഫുലാനി തീവ്രവാദികളുടെ ആക്രമണത്തെ അതിജീവിച്ചവളായിരുന്നു. 2021-ൽ നടന്ന ആക്രമണത്തെ അതിജീവിച്ച കുഞ്ഞുറൂത്തിന് ഇന്ന് രണ്ടുവയസ്സുണ്ട്. കുറച്ചുനാളുകൾ അവൾ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. കാത്സ്യത്തിന്റെ കുറവുള്ളതിനാൽ ഇപ്പോൾ കാലുകൾ വളഞ്ഞാണിരിക്കുന്നതെങ്കിലും വേറെ ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ അവൾക്കില്ല.

നൈജീരിയയിലെ ക്രിസ്ത്യാനികൾ പതിവായി ഇത്തരം ഭീകരാക്രമണങ്ങളെ അഭിമുഖീകരിക്കുന്നവരാണ്. മരണകരമായ ആക്രമണങ്ങളും കൊലപാതകവും നിത്യസംഭവമാകുന്ന ഇവിടെ അതിജീവിതർ ആക്രമണഭീതിയെ അഭിമുഖീകരിച്ച്  സാധാരണജീവിതത്തിലേക്കു പ്രവേശിക്കാൻ സമയമെടുക്കാറുണ്ട്. ആക്രമണങ്ങൾ മനുഷ്യജീവനെ അപഹരിക്കുന്നതുപോലെ തന്നെ നിത്യജീവിത സാഹചര്യങ്ങളെയും സാരമായി ബാധിക്കുന്നു. പതിറ്റാണ്ടുകളായി തുടരുന്ന അക്രമങ്ങൾ, അതിൽ നിന്നും  അതിജീവിച്ചവരുടെ കുടുംബങ്ങളെ സാമ്പത്തികമായും ശാരീരികമായും തലമുറകളോളം വേട്ടയാടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.