സഹനങ്ങളിലും പുഞ്ചിരിതൂകി പറന്നകന്ന കുഞ്ഞുമാലാഖ

സി. നിമിഷ റോസ് CSN

ഇത് ഇസിൻ എന്ന കുഞ്ഞുമാലാഖയുടെ കഥയാണ്. ഒരു പതിറ്റാണ്ടുപോലും ഈ ഭൂമിയിൽ പൂർത്തിയാക്കാതെ പടിയിറങ്ങിയ ഒൻപതു വയസ്സുകാരിയായ ഈ കുഞ്ഞുമാലാഖ സഹനങ്ങളെ പുഞ്ചിരിയോടെ സ്വീകരിച്ചുകൊണ്ട്, പരിഭവങ്ങളില്ലാതെ ജീവിക്കേണ്ടത് എങ്ങനെയെന്ന് ലോകത്തോട് പറയാതെപറഞ്ഞു. സ്വർഗം അവളുടെ കണ്ണുകളെ നേരത്തെ ചോദിച്ചുവാങ്ങിയപ്പോഴും, അസ്ഥികളെ ദഹിപ്പിക്കുന്ന അഗ്നിയായി കാൻസർ ഇടതുകാൽ കവർന്നെടുത്തപ്പോഴും, ഓരോ ശ്വാസോച്ഛ്വാസത്തിലും സഹനം നിറച്ച് കാൻസർ ശ്വാസകോശത്തിൽ പിടിമുറുക്കിയപ്പോഴും ആ അവൾ പരിഭവപ്പെട്ടില്ല. തുടർന്നു വായിക്കുക. 

ഇത് ഇസിൻ എന്ന കുഞ്ഞുമാലാഖയുടെ കഥയാണ്. ഒരു പതിറ്റാണ്ടുപോലും ഈ ഭൂമിയിൽ പൂർത്തിയാക്കാതെ പടിയിറങ്ങിയ ഒൻപതു വയസ്സുകാരിയായ ഈ കുഞ്ഞുമാലാഖ സഹനങ്ങളെ പുഞ്ചിരിയോടെ സ്വീകരിച്ചുകൊണ്ട്, പരിഭവങ്ങളില്ലാതെ ജീവിക്കേണ്ടത് എങ്ങനെയെന്ന് ലോകത്തോട് പറയാതെപറഞ്ഞു. കാഴ്ചകളിലൂടെ അവളുടെ ഹൃദയം മലിനമാകാതിരിക്കാൻ സ്വർഗം അവളുടെ കണ്ണുകളെ നേരത്തെ ചോദിച്ചുവാങ്ങിയപ്പോഴും, അസ്ഥികളെ ദഹിപ്പിക്കുന്ന അഗ്നിയായി കാൻസർ ഇടതുകാൽ കവർന്നെടുത്തപ്പോഴും, ഓരോ ശ്വാസോച്ഛ്വാസത്തിലും സഹനം നിറച്ച് കാൻസർ ശ്വാസകോശത്തിൽ പിടിമുറുക്കിയപ്പോഴും ആ അവൾ പരിഭവപ്പെട്ടില്ല. അവളുടെ കണ്ണുകൾ അവൾ ഈശോയിൽ ഉറപ്പിച്ചിരുന്നു. ഒരു കാലുകൊണ്ട് ഈ ഭൂമിയിൽ ചവിട്ടിനിൽക്കുമ്പോഴും മറുകാലുകൊണ്ട് അവൾ സ്വർഗത്തിലൂന്നിനിന്നു. അവസാനശ്വാസം വരെയും പുഞ്ചിരിമായാത്ത മുഖത്തോടെ സഹനങ്ങളെ അതിജീവിച്ച ഈശോയുടെ കുഞ്ഞുപോരാളിയെ കൂടുതലറിയാം.

എല്ലാവർക്കും പ്രിയപ്പെട്ടവൾ

ഒക്ടോബർ 27 യഥാർഥത്തിൽ സ്വർഗം കാത്തിരുന്ന ദിവസമായിരുന്നു. കാരണം, ഒന്നിനുപിറകെ ഒന്നായി സഹനങ്ങളിലൂടെ മാറ്റുരയ്ക്കപ്പെടുമ്പോഴും അവ അനുവദിച്ച ദൈവത്തെ പരിഭവങ്ങളില്ലാതെ സ്നേഹിച്ച ഇസിൻ എന്ന കൊച്ചുമിടുക്കിയെ കൊണ്ടുപോകാൻ സ്വർഗം നിശ്ചയിച്ച ദിനമായിരുന്നു അത്. ഒരുപക്ഷേ, ഇസിനെ ഒരുതവണയെങ്കിലും കണ്ടുമുട്ടിയവരുടെയെല്ലാം കണ്ണുകളെ ഈറനണിയിച്ച ആ മരണവാർത്ത ‘നമുക്കൊരു വിശുദ്ധയെക്കൂടി ലഭിക്കുമല്ലോ’ എന്ന പ്രതീക്ഷയിലായിരുന്നു ശാന്തമായത്.

“ഇസിനെ കണ്ടുമുട്ടിയവരാരും അവളെ മറക്കില്ല. കാരണം അവൾക്ക് എല്ലാവരും പ്രിയപ്പെട്ടവരായിരുന്നു” – ഇസിന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാളായ ഫാ. റ്റിജോ പങ്കുവയ്ക്കുന്നു. മാതാപിതാക്കൾക്കും കൂടപ്പിറപ്പിനും അധ്യാപകർക്കും സഹപാഠികൾക്കും ഇടവക മുഴുവനും അവൾ പ്രിയപ്പെട്ടവളായിരുന്നു. സഹനങ്ങൾക്കു നടുവിലും വാതോരാതെ സംസാരിച്ചുകൊണ്ട് എല്ലാവരെയും സന്തോഷിപ്പിക്കുന്ന ഈശോയുടെ കിലുക്കാംപെട്ടിയായിരുന്നു ഇസിൻ എന്ന കുഞ്ഞുമാലാഖ.

‘ഇസിൻ’ എന്ന പേരിന്റെ കഥ

ജോബിൻസ് – റോഷ്‌ന ദമ്പതികളുടെ ആദ്യകുഞ്ഞായി ഇസിൻ ജനിക്കുമ്പോൾ ആ മാതാപിതാക്കൾക്ക് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. സ്പോർട്സിനോട് വലിയ ഹരമായിരുന്ന ജോബിൻസിന് ഇഷ്ടപ്പെട്ട റഷ്യൻ കായികതാരമായിരുന്നു യെലേന ഇസിൻബയേവ. അങ്ങനെ ദൈവം സമ്മാനമായി നൽകിയ ആദ്യകുഞ്ഞിന് ‘ദൈവത്തിന്റെ സമ്മാനം’ എന്ന് അർഥമുള്ള ഇസിൻ (Gift of God) എന്നു പേരിട്ടു. മാതാപിതാക്കൾ, ട്രാക്കുകൾ കീഴടക്കുന്ന ഭാവികായികതാരത്തെ അവളിലൂടെ സ്വപ്നം കണ്ടുതുടങ്ങിയപ്പോൾ സ്വർഗം അവളെക്കുറിച്ചുകണ്ട സ്വപ്നം മറ്റൊന്നായിരുന്നു. ഒൻപതു വർഷത്തിനിടയിൽ അവൾ നേടിയ സമ്മാനങ്ങളിൽപലതും സ്പോട്സുമായി ബന്ധപ്പെട്ടതാണെങ്കിലും ഇസിൻ എന്ന കൊച്ചുമിടുക്കിയുടെ വിജയം യഥാർഥത്തിൽ അതായിരുന്നില്ല. സഹനത്തിന്റെ ട്രാക്കുകൾ പരാതികളില്ലാതെ ഓടിത്തീർത്തുകൊണ്ട് ഈശോയുടെ ഹൃദയത്തിൽ എത്തിച്ചേരാൻ കഴിഞ്ഞതായിരുന്നു ഇസിന്റെ വിജയം.

കാഴ്ചകളില്ലാത്ത ലോകത്തേക്ക്

ഇസിന് ഏകദേശം ആറുമാസം പ്രായമായപ്പോൾ മുതലാണ് അവളുടെ കണ്ണുകളിൽ ചില പ്രത്യേകതകൾ കണ്ടുതുടങ്ങിയത്. ചില ദിശകളിൽനിന്നുമുള്ള പ്രകാശം ഇസിന്റെ കണ്ണുകളിൽ പതിക്കുമ്പോൾ അവിടെ പ്രകാശം പ്രതിഫലിക്കുന്ന ഒരു സ്‌പോട്ട് കാണാമായിരുന്നു. അങ്ങനെയാണ് മാതാപിതാക്കൾ അവളെ ആശുപത്രിയിൽ കൊണ്ടുപോകുന്നത്. ആദ്യം ഇസിനെ പരിശോധിച്ച ഡോക്ടറിന് അവളുടെ രോഗത്തിന്റെ ആഴം മനസ്സിലായതുകൊണ്ടുതന്നെ മധുരയിലുള്ള കണ്ണിന്റെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് അയച്ചു.

“ആശുപത്രിയിലെ വരാന്തയിൽ ഡോക്ടറിനെ കാത്തിരിക്കുമ്പോൾ അവിടെയുള്ള ഭിത്തിയിൽ ഒട്ടിച്ചിരുന്ന പോസ്റ്റർ കണ്ടപ്പോൾ തന്നെ ഞങ്ങളുടെ ഹൃദയം തകർന്നിരുന്നു. കണ്ണുകളെ ബാധിക്കുന്ന ‘റെറ്റിനോബ്ലാസ്ട്രോമ’ എന്ന കാൻസർ രോഗത്തിന്റെ ചിത്രങ്ങളോടുകൂടിയ വിവരണത്തിൽ ഇസിന്റെ കണ്ണുകളും ഞങ്ങൾ കണ്ടിരുന്നു. പിന്നീടാണ് ഡോക്ടർ തന്നുവിട്ട കുറിപ്പിൽ ‘RB’ (റെറ്റിനോബ്ലാസ്ട്രോമ) എന്ന് ചുരുക്കരൂപത്തിൽ പ്രതിപാദിച്ചിരുന്നതായി ഞങ്ങൾ കണ്ടത്” – ജോബിൻസ് പങ്കുവച്ചു. നിരവധി പരിശോധനകൾക്കൊടുവിൽ ഹൃദയഭേദകമായ ആ റിപ്പോർട്ട് ഡോക്ടർ അറിയിച്ചു – “ഇസിന്റെ രണ്ടുകണ്ണിലും കാൻസർ ബാധിച്ചിട്ടുണ്ട്. ഇടതുകണ്ണിൽ അത് ഏറ്റവും  ഉയർന്ന സ്റ്റേജിലാണ്. ആ കണ്ണ് പെട്ടെന്നുതന്നെ എടുത്തുമാറ്റേണ്ടിവരും.”

വലിയ വേദനയോടെയായിരുന്നു ആ മാതാപിതാക്കൾ മകൾക്കുവേണ്ടിയുള്ള ചികിത്സകൾ ആരംഭിച്ചത്. കീമോ ചെയ്തെങ്കിലും ഇടതുകണ്ണ് ഒന്നാം വയസ്സിൽതന്നെ എടുത്തുമാറ്റി. വലതുകണ്ണിൽ കീമോ തുടർന്നു. ആദ്യം രോഗം ഭേദമായെങ്കിലും ഓരോ തവണയുമുള്ള കീമോയ്ക്കുശേഷവും കണ്ണിന്റെ പല ഭാഗങ്ങളിലേക്ക് കാൻസർ മാറിമാറി പിടിമുറുക്കിക്കൊണ്ടിരുന്നു. റേഡിയേഷൻ ചെയ്തുനോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഇസിന് മൂന്നേമുക്കാൽ വയസ്സുള്ളപ്പോൾ വലതുകണ്ണും എടുത്തുമാറ്റേണ്ടതായിവന്നു.

അകക്കാഴ്ചകളിലേക്ക്   

ഇസിന്റ കണ്ണുകൾ ഇരുട്ടിലായതിനോടൊപ്പംതന്നെ അവളുടെ കുടുംബവും ഇരുട്ടിലായ അനുഭവമായിരുന്നു. മാനസികമായും ആത്മീയമായും സാമ്പത്തികമായും ആ കുടുംബം സഹനങ്ങളിലൂടെ ശോധന ചെയ്യപ്പെട്ടെങ്കിലും ‘സഹനങ്ങളും രോഗങ്ങളും ദൈവം തരുന്ന സമ്മാനമാണെന്നും അത് ദൈവത്തിന്റെ ശാപമോ, ശിക്ഷയോ അല്ല’ എന്നുമുള്ള തിരിച്ചറിവിൽ വിശ്വാസത്തിൽ പരസ്പരം ശക്തിപ്പെടുത്തിക്കൊണ്ട് മുന്നേറുകയായിരുന്നു തങ്ങളെന്ന് ജോബിൻസ് പങ്കുവയ്ക്കുന്നു. രോഗം വീണ്ടുംവീണ്ടും തങ്ങളുടെ കുഞ്ഞിനെ പിടിമുറുക്കിയപ്പോഴും ‘ദൈവം ഞങ്ങളെ ഒരുക്കുകയായിരുന്നു’ എന്ന് ആ മാതാപിതാക്കൾ പങ്കുവയ്ക്കുമ്പോൾ ദൈവം സമ്മാനിച്ച തങ്ങളുടെ കുഞ്ഞ് ദൈവത്തോടൊപ്പം സ്വർഗത്തിലുണ്ട് എന്ന നിർവൃതിയുണ്ട് അവരുടെ മുഖത്ത്. ഇസിനെപ്രതി ഇന്ന് അവർ അമിതദുഃഖിതരല്ല മറിച്ച്, ഇസിനെപ്പോലൊരു കുഞ്ഞിന്റെ മാതാപിതാക്കളാകാൻ ദൈവം തങ്ങളെ തിരഞ്ഞെടുത്തതിനെയോർത്ത് അവർ ഇന്ന് ദൈവത്തിന് നന്ദിപറയുകയാണ്.

“അതെന്താണെന്ന് പറയാവോ?”

നിറങ്ങളുടെ ലോകത്തുനിന്നും കാഴ്ചയില്ലാത്ത ലോകത്തേക്കു പ്രവേശിച്ചെങ്കിലും അതിനെക്കുറിച്ചുള്ള യാതൊരു പരിഭവമോ, പരാതിയോ ഇസിനുണ്ടായിരുന്നില്ല. “എനിക്ക് കാഴ്ചയില്ലല്ലോ എന്ന പരിഭവം ഒരിക്കൽപോലും അവൾ പറഞ്ഞിട്ടില്ല. പപ്പാ, അതെന്താണെന്ന് പറഞ്ഞുതരാവോ എന്നുമാത്രമേ അവൾ ആവശ്യപ്പെട്ടിട്ടുള്ളൂ” – കാഴ്ചയേക്കാൾ വിശ്വാസത്താൽ ജീവിച്ച ഇസിനെക്കുറിച്ചുള്ള പിതാവിന്റെ ഓർമ്മകളാണിത്. ഏകദേശം നാലുവയസ്സുവരെ മാത്രം പരിമിതമായ കാഴ്ചയോടെ ജീവിച്ച ഇസിൻ വിശ്വാസത്തിന്റെ കണ്ണുകളോടെ എല്ലാം മനോഹരമായി കണ്ടിരുന്നു എന്നതിന്റെ തെളിവുകളായിരുന്നു ഇസിൻ രചിച്ച കവിതകളിലും പാട്ടുകളിലും നിറഞ്ഞുനിൽക്കുന്ന പൂക്കളും വയൽവരമ്പുകളും കാറ്റുമെല്ലാം. അവൾക്ക് അകക്കാഴ്ചയുടെ ഒരു ലോകം സ്വന്തമായുണ്ടായിരുന്നു.

പരിമിതികളുണ്ടെങ്കിലും പിറകോട്ടില്ല

“ഞാൻ ആദ്യമായി ഇസിനെ ശ്രദ്ധിക്കുന്നത് ഇന്റൻസീവ് കോഴ്സിന്റെ വേളയിൽ പ്രാർഥന ചൊല്ലുമ്പോഴാണ്. ‘കർത്താവിന്റെ മാലാഖ’ എന്ന പ്രാർഥന ചൊല്ലാൻ സിസ്റ്റേഴ്സ് കുട്ടികളോടു പറഞ്ഞപ്പോൾ ഏറെ താല്പര്യത്തോടെ മുന്നോട്ടുകയറിവന്ന് കൂട്ടുകാരോടൊപ്പം വളരെ സ്ഫുടമായും ഉച്ചത്തിലും പ്രാർഥന ചൊല്ലുന്ന ഇസിൻ, പരിമിതികളുടെ പേരിൽ ഒരിക്കലും മാറിനിൽക്കുന്നതായി തോന്നിയിട്ടില്ല” – ഇസിന്റെ ഇടവക വികാരിയായ ഫാ. സജോ പടയാട്ടി പങ്കുവയ്ക്കുന്നു.

ഇസിന്റെ ലോകത്തിൽ പരിമിതികൾക്കു സ്ഥാനമുണ്ടായിരുന്നില്ല എന്നുമാത്രമല്ല അവൾക്ക് വലിയ വലിയ സ്വപ്നങ്ങളുമുണ്ടായിരുന്നു. ഒരു കളക്ടറായിത്തീരാനുള്ള ആഗ്രഹംപോലും അവൾ മനസ്സിൽ സൂക്ഷിച്ചിരുന്നു. അവളുടെ ആഗ്രഹമറിഞ്ഞ് എറണാകുളം അസിസ്റ്റന്റ് ജില്ലാ കളക്ടർ ഇസിനെ കാണാൻ സമ്മാനങ്ങളുമായി എത്തിയിട്ടുമുണ്ട്. “സംഗീതം പഠിക്കാനും മറ്റു വാദ്യോപകരണങ്ങൾ പഠിക്കാനും അവൾക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. ഒരുപക്ഷേ,  ഈ ലോകത്തിൽ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും അവൾ നല്ലൊരു സംഗീതജ്ഞ ആകുമായിരുന്നു” എന്നാണ് ഇസിന്റ വികാരിയച്ചൻ പങ്കുവയ്ക്കുന്നത്.

കാഴ്ചയില്ലാത്ത ലോകത്ത് ഒതുങ്ങിക്കൂടാതെ ഇസിൻ ഓഡിയോ പുസ്തകങ്ങളിലൂടെ തന്റെ വായന തുടർന്നു. അവളുടെ ആഗ്രഹമറിഞ്ഞ അവളുടെ അധ്യാപകരും മാതാപിതാക്കളും അവൾക്കായി ഒരുപാട് പുസ്തകങ്ങൾ വായിച്ചുകൊടുത്തു. അവളുടെ ഭാവനകളെ അവർ കടലാസിൽ പകർത്താൻ സഹായിച്ചു. തീഷ്ണമതിയായ ആ കുഞ്ഞുപോരാളി സാമൂഹ്യമാധ്യമങ്ങളിലൂടെ നല്ല ചിന്തകൾ പങ്കുവയ്ക്കാൻ തന്റെ ശബ്ദം നൽകികൊണ്ട് എന്നേക്കുമായി നന്മയുടെ ചെരാതുകൾ തെളിയിച്ചുവച്ചു.

“ഈശോയ്ക്ക് ഇഷ്ടല്ലാട്ടോ”

ഈശോയോടും മാലാഖമാരോടും വലിയ സൗഹൃദത്തിലായിരുന്നു ഇസിൻ. അവസാനദിനങ്ങളിൽ തനിയെ സംസാരിക്കുന്നതുകണ്ട് മാതാപിതാക്കൾ, ആരോടാണ് സംസാരിക്കുന്നതെന്നു തിരക്കിയപ്പോഴെല്ലാം “എന്റെ അടുത്ത് മാലാഖാമാരുണ്ട് പാപ്പാ, ഞാൻ മാലാഖമാരെ കാണുന്നുണ്ട്. ഞാൻ അവരോടു സംസാരിക്കുവാ” എന്നായിരുന്നു ഇസിന്റെ മറുപടി.

ഒരിക്കൽ ഇസിന്റെ സുഹൃത്തുക്കളിലൊരാളായ ഫാ. റ്റിജോ, ഇസിനോടും അനുജത്തിയോടുംകൂടെ കളിക്കുകയായിരുന്നു. ഇസിനെ സന്തോഷിപ്പിക്കാൻവേണ്ടി ശരിയായി കളിക്കാതെ കള്ളത്തരത്തിലൂടെ ഇസിനെ ജയിപ്പിച്ചു. കാഴ്ച്ചയില്ലെങ്കിലും കാര്യമറിഞ്ഞപ്പോൾ ഇസിന്റെ മറുപടി ഇപ്രകാരമായിരുന്നു: “അച്ചന്മാരോ, സിസ്റ്റേഴ്‌സോ നമ്മളാരായാലും കള്ളത്തരം കാണിക്കുന്നത് ഈശോയ്ക്ക് ഇഷ്ടല്ലാട്ടോ.” ഈ വാക്കുകൾ തന്നെ ഇന്നും സ്വാധീനിക്കാറുണ്ട് എന്നാണ് ഫാ. റ്റിജോയുടെ അനുഭവം.

വലിയ ഇടിമിന്നലുണ്ടായ ഒരു ദിവസം, ഇസിൻ ഭയപ്പെട്ടുകാണും എന്ന ചിന്തയിൽ, ഇസിന്റെ ടീച്ചർ ചേർത്തുപിടിച്ച് “ഇടിവെട്ടിയപ്പോൾ കുഞ്ഞ് പേടിച്ചുപോയോ” എന്നു ചോദിച്ചു. എന്നാൽ ചെറുപുഞ്ചിരിയോടെ “ഇല്ല ടീച്ചറേ, എന്റെ കൂടെ ഈശോയില്ലേ” എന്ന ഇസിന്റെ മറുപടി ടീച്ചറിനെ അത്ഭുതപ്പെടുത്തി.

ഈശോയോടു വലിയ സ്നേഹമായിരുന്നതുകൊണ്ടുതന്നെ പള്ളിയിൽപോയി ആദ്യകുർബാന സ്വീകരണം നടത്താൻ കഴിയാത്തതിനാൽ വീട്ടിൽവച്ച് ആദ്യകുർബാന സ്വീകരിക്കാനുള്ള ഒരു അപൂർവ അവസരം തന്റെ പ്രിയപ്പെട്ട കുഞ്ഞുമാലാഖയ്ക്ക് ഈശോ ഒരുക്കി. സഹനത്തിന്റെ ശയ്യയിലിരുന്ന് അവൾ ആദ്യകുർബാന സ്വീകരിച്ചു. അത് അവളെ കൂടുതൽ കരുത്തുള്ളവളാക്കി.

സഹനങ്ങളിൽ ശോധന ചെയ്യപ്പെട്ട്

കണ്ണുകളുടെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടിട്ടും ഒരിക്കൽപോലും പരിഭവപ്പെടാത്ത ഇസിൻ തന്റെ വിശ്വസ്തമകളായിരിക്കും എന്ന ഉറപ്പിലായിരിക്കണം നീതിമാനായ ജോബിനെപ്പോലെ അവളുടെ ശരീരത്തെക്കൂടി ദൈവം സഹനങ്ങൾക്കു വിട്ടുകൊടുത്തത്.

ഒരുദിവസം കാലുവേദനയുമായാണ് സ്കൂളിൽനിന്നും ഇസിൻ തിരിച്ചുവന്നത്. എപ്പോഴും കളിച്ചും ചിരിച്ചും എന്തെങ്കിലും ചെയ്തുകൊണ്ടും ആക്റ്റീവ് ആയിരുന്ന ഇസിന്റെ കാലുകൾ എവിടെയെങ്കിലും തട്ടിയതായിരിക്കുമെന്നാണ് മാതാപിതാക്കൾ കരുതിയത്. പക്ഷേ, വേദന മാറുന്നില്ല എന്നു മനസ്സിലാക്കിയ മാതാപിതാക്കൾ ഇസിനെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയി. പരിശോധനകൾക്കൊടുവിൽ ഇസിന് ബോൺ കാൻസർ ആരംഭിച്ചിട്ടുണ്ടെന്നും വേദനയുള്ള കാലിലെ അസ്ഥി നീക്കംചെയ്ത് സ്റ്റീൽ ചെയ്യണമെന്നും ഡോക്ടർ പറഞ്ഞു. അടക്കിപ്പിടിച്ച തേങ്ങലോടെയായിരുന്നു മാതാപിതാക്കൾ ആ വാർത്ത സ്വീകരിച്ചത്. തുടർന്ന് സർജറിക്കുള്ള തുടർപരിശോധനകൾക്കിടയിലാണ് ഇസിന്റെ ശ്വാസകോശത്തിലും കാൻസർ ബാധിച്ചിട്ടുണ്ടെന്നും അത് ഫോർത്ത് സ്റ്റേജ് പിന്നിട്ടെന്നും മനസ്സിലാകുന്നത്.

“അവളെ ഇനി കൂടുതൽ വേദനിപ്പിക്കേണ്ടതില്ല” എന്ന് പറഞ്ഞുകൊണ്ട് ഡോക്ടർ സർജറി വേണ്ടെന്നുവയ്ക്കുമ്പോൾ വിദൂരത്തല്ലാത്ത ഇസിന്റെ മരണത്തെക്കുറിച്ച് ആ മാതാപിതാക്കൾക്ക് മുന്നറിയിപ്പു നൽകുകയായിരുന്നു. ഇസിനെ സംബന്ധിച്ചിടത്തോളവും അത് വലിയ വേദനയുടെ നാളുകളായിരുന്നു. കാലുകുത്താനാകാതെ വീട്ടിൽതന്നെ കഴിയേണ്ടിവന്ന ആ നാളുകളിലും ഇസിൻ സന്തോഷവതിയായിരുന്നു. വേദനസംഹാരികളും മരുന്നുകളുമായി അഞ്ചുമാസത്തോളം മുന്നോട്ടുപോയി. ആ നാളുകളിൽ കാലിന് രണ്ടുതവണ ഒടിവുണ്ടാവുകയും കാല് നീരുവന്നു വീർക്കുകയും ചെയ്തു. പതിവിൽകൂടുതൽ നീരുവന്ന് വലിപ്പംവന്ന കാലുകൾ പൊട്ടിയൊലിക്കുന്ന അവസ്ഥയിലായപ്പോഴാണ് കാല് മുറിച്ചുനീക്കാനുള്ള തീരുമാനമാകുന്നത്. ശ്വാസകോശ കാൻസർ ബാധിച്ചിട്ടുള്ള കുട്ടിയായതുകൊണ്ടുതന്നെ അനസ്തേഷ്യ നൽകിയാൽ തിരിച്ച് സുബോധത്തിലേക്കു വരുമെന്ന് ഉറപ്പില്ല എന്ന റിസ്കിൽ, മകളുടെ വേദന മനസ്സിലാക്കിയ മാതാപിതാക്കൾ വലിയ വിശ്വാസത്തോടെതന്നെ സർജറിക്ക് സമ്മതിച്ചു. ഒടുവിൽ സർജറി വിജയകരമായി പൂർത്തിയാക്കാൻ ദൈവം അനുവദിച്ചു.

കാലുകൾ മുറിച്ചുമാറ്റിയതിനുശേഷം ഇസിൻ ഒരിക്കൽപോലും, എനിക്കിനി നടക്കാൻ കഴിയില്ലല്ലോ എന്നുപറഞ്ഞിട്ടില്ല. ചോദിച്ചത് ഇത്രമാത്രം, “പപ്പേ, എന്റെ കാലിന് എന്താ സംഭവിച്ചത്.” ആ നിഷ്കളങ്കജീവിതത്തോടു പറയാൻ മാതാപിതാക്കൾക്ക് ഒരു ഉത്തരമുണ്ടായിരുന്നു, “മോനേ, കാലിലെ എല്ലു മുറിച്ചുമാറ്റിയിട്ട് തൊലിയെല്ലാംകൂടി തുന്നിവച്ചിരിക്കുവാ” – ഈ വാക്കുകളിൽ അവൾ സംതൃപ്തയായിരുന്നു.

സഹനങ്ങളെ സ്തുതികീർത്തനമാക്കിയവൾ

“അവൾ രാവിലെ എഴുന്നേറ്റാലുടൻ രണ്ടു ചീപ്പ് കൊണ്ടോ, പേന കൊണ്ടോ തുടയിൽ താളംപിടിച്ച് പാടിക്കൊണ്ടേയിരിക്കും. അതെല്ലാം അവൾക്കുമാത്രം അറിയാവുന്ന പാട്ടുകളായിരിക്കും. രാവിലെ മിക്കവാറും രണ്ടുമണിക്കൂറോളം അവളുടെ പാട്ടുകളും  കഥകളുമായിരിക്കും വീട്ടിലെ ആരവം. താളംപിടിക്കാൻ പറ്റിയ ഉപകരണങ്ങൾ വാങ്ങിക്കൊടുത്തിട്ടുണ്ടെങ്കിലും അതിന്റെ ഒച്ച മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുമെന്നുപറഞ്ഞ് കാലിൽതന്നെയാണ് അവൾ താളംപിടിക്കാറുള്ളത്. മരിക്കുന്നതിന് രണ്ടുമൂന്നു ദിവസം മുമ്പുവരെയും അവളുടെ താളം വീടിന്റെ അകത്തളങ്ങളിൽ മുഴങ്ങിയിരുന്നു.” എപ്പോഴും ഉള്ളിൽ സംഗീതം സൂക്ഷിച്ചിരുന്ന ഇസിനെക്കുറിച്ചുള്ള ഓർമ്മകൾ മാതാപിതാക്കൾ ഓർത്തെടുത്തത് ഇപ്രകാരമായിരുന്നു.

ആരോടും പരിഭവങ്ങളില്ലാതിരുന്ന ഇസിന് ദൈവത്തോടു പറയാനുള്ളതും നന്ദി എന്നുമാത്രമായിരുന്നു. കാൽ മുറിച്ചുമാറ്റിയതിനുശേഷം ഇസിൻ എഴുതിയ പാട്ടിലൂടെയാണ് ഇസിനെ ഒരുപാട് പേർ അറിയുന്നത്.

“നന്ദികൊണ്ടെൻ ഹൃത്തു വിങ്ങുന്നു എൻ നാഥനീശോ
കണ്ണുനീരോടെ കൈകൾ കൂപ്പീ ഞാൻ നിന്റെ മുൻപിൽ നിൽപ്പൂ
നീ ചൊരിഞ്ഞ സ്നേഹവും നീ ചൊരിഞ്ഞ കൃപകളും
നീ എനിക്കുതന്ന സഹനവും നീ എനിക്കു തന്നതൊക്കെയും…”

സഹനങ്ങൾക്ക് നന്ദിപറഞ്ഞുകൊണ്ട് ഇസിൻ എഴുതിയ വരികളാണിവ. സഹനങ്ങളെ സ്തുതിയുടെ കീർത്തനങ്ങളാക്കിയ ഈ ഗാനം ഒരുപാട് ഹൃദയങ്ങളെ സ്പർശിച്ചിട്ടുണ്ട്. മരിക്കുന്നതിനു മുൻപുള്ള സഹനദിനങ്ങളിൽ ഇസിൻ എഴുതിയ രണ്ടാമത്തെ പാട്ടിന്റെ വരികളിൽ, ഈശോയുടെ അരികിലേക്ക് യാത്രയാകാനൊരുങ്ങുന്ന ഇസിൻ എന്ന കുഞ്ഞുമാലാഖയെ കണ്ടുമുട്ടാനാകും.

“അവളുടെ പാട്ടുകളിലൂടെ അവൾ ജീവിക്കുന്നു. അവൾ ഞങ്ങളെ വിട്ടുപോയാലും അവളുടെ പാട്ടുകളിലൂടെ ഞങ്ങൾക്ക് അവളുടെ സ്വരം കേൾക്കാം. ഒരുപക്ഷേ, ഈ പാട്ടുകൾ എഴുതിത്തീർക്കാൻ വേണ്ടിയായിരിക്കാം അവളെ ദൈവം ജീവിക്കാൻ അനുവദിച്ചത്” എന്നായിരുന്നു ഇസിന്റെ അമ്മ അനുസ്മരിക്കുന്നത്.

സഹനങ്ങളെ തോല്പിപിച്ച കുഞ്ഞുപോരാളി

“അവൾക്ക് സഹിക്കാൻ ദൈവം പ്രത്യേകം കൃപ കൊടുത്തിരുന്നു എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. കണ്ണുകളെടുത്തുമാറ്റിയ നാളുകളിൽ, സർജറി കഴിഞ്ഞ മറ്റുകുട്ടികൾ അലമുറയിട്ടുകരയുമ്പോൾ ഇസിൻ അത്രയൊന്നും കരഞ്ഞുകണ്ടിട്ടില്ല. കാലുകളിൽ കഠിനവേദന അനുഭവപ്പെട്ട നാളുകളിലും ഓരോ ശ്വാസോച്ഛ്വാസംപോലും വലിയ വേദനയായി അനുഭവപ്പെട്ട സമയങ്ങളിലും അവൾ കരഞ്ഞിട്ടുള്ളപ്പോഴൊക്കെ തോളിൽ തട്ടി, ‘പോട്ടെ മോനേ, ഈശോയോടു പ്രാർഥിക്കാം മോനെ’ എന്നുപറയുമ്പോൾ അവൾ ശാന്തയാകാറുണ്ട്.” ഇസിന്റ സഹനങ്ങളെക്കുറിച്ചുള്ള മാതാപിതാക്കളുടെ ഓർമ്മകളാണിത്.

ഇസിനോട് ഏറെ ബന്ധം പുലർത്തിയിരുന്ന ഇതിന്റെ ഇടവക വികാരിയായ ഫാ. സജോ പടയാട്ടി മൃതസംസ്കാരവേളയിൽ ആ കുഞ്ഞുപോരാളിയെക്കുറിച്ച് പങ്കുവയ്ക്കുന്നത് ഇപ്രകാരമാണ്: “അച്ചാ, എനിക്ക് വേദനയെടുക്കുന്നു. എനിക്ക് പറ്റുന്നില്ല എന്ന് ഒരിക്കൽപോലും അവൾ എന്നോടോ, ഇസിനെ കാണാൻവരുന്ന മറ്റുള്ളവരോടോ പറഞ്ഞിട്ടില്ല. താൻ വേദനിക്കുന്നു എന്നറിയുമ്പോൾ മാതാപിതാക്കൾ സങ്കടപ്പെടുമെന്ന് അറിയുന്നതുകൊണ്ടുതന്നെ ഇസിൻ തന്റെ സങ്കടങ്ങളെക്കുറിച്ചോ, വേദനകളെകുറിച്ചോ പറയാറില്ല. ആരും വേദനിക്കുന്നത് അവൾക്കിഷ്ടമല്ല. ഒരുപാടുപേർ ഈസിനെ കാണാനും സമ്മാനങ്ങൾ നൽകാനുമായി വന്നിട്ടുണ്ട്. അപ്പോഴൊക്കെയും ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളത് ഇസിൻ തന്നെയാണ്. വാതോരാതെ സംസാരിച്ചുകൊണ്ട് അവൾ എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ടിരിക്കുകയാണ് പതിവ്.”

“മമ്മീനെ അല്ല, എനിക്കെന്റെ അമ്മയെ കാണണം”

അസ്ഥികളെയും ശ്വാസകോശത്തെയും കാർന്നുതിന്നുകൊണ്ടിരുന്ന കാൻസർ ഇസിന്റ അവസാനദിനങ്ങളെ കൂടുതൽ വേദനാജനകമാക്കിയിരുന്നു. എങ്കിലും അവൾ അസ്വസ്ഥതകളൊന്നുംതന്നെ കാണിച്ചിരുന്നില്ല എന്നാണ് മാതാപിതാക്കൾ പങ്കുവയ്ക്കുന്നത്. ഓരോ ശ്വാസോച്ഛ്വാസവും അവൾക്ക് വലിയ വേദന നൽകിയിരുന്നതിനാൽതന്നെ കട്ടിലിൽ നിവർന്നുകിടക്കാൻ ഇസിനു സാധിച്ചിരുന്നില്ല. “കിടക്കാൻ കഴിയാത്തതിനാൽ മൂന്നു തലയണകൾ മുന്നിലായി അടുക്കിവച്ച് അതിൽ മുഖം ചേർത്തിരുന്നാണ് അവൾ അവസാനദിവസങ്ങൾ കഴിച്ചുകൂട്ടിയത്.”

ഒരുദിവസം ബാത്റൂമിൽ പോകണം എന്നുപറഞ്ഞ് ഇസിന്റ അമ്മ അവളെ ബാത്റൂമിൽ കൊണ്ടുപോയ സമയം. ബാത്റൂമിൽ എത്തിയ ഇസിൻ ‘അമ്മ എവിടെ’ എന്നുചോദിച്ചു. മകളുടെ ഓർമ്മ നഷ്ടപ്പെട്ടതാണെന്നുകരുതി സങ്കടത്തോടെ ‘ഞാൻ മോളുടെ അടുത്തുതന്നെ ഉണ്ടല്ലോ’ എന്നുപറഞ്ഞു. അപ്പോൾ ഇസിൻ പറഞ്ഞത് ഇങ്ങനെയായിരുന്നു: “എനിക്ക് മമ്മീനെ അല്ല, എനിക്കെന്റെ അമ്മയെ കാണണം.” ഇസിന് ഇഷ്ടപ്പെട്ട വേളാങ്കണ്ണി മാതാവിന്റെ രൂപം കയ്യിൽ കൊടുത്തപ്പോഴാണ്, മകളുടെ ഓർമ്മ നഷ്ടപ്പെട്ടതല്ല, മാതാവിനെയാണ് അവൾ അന്വേഷിച്ചതെന്ന് അമ്മ മനസ്സിലാക്കുന്നത്.

അവൾക്ക് പ്രിയം ഈ നാടാണ്

ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ ജോബിൻസും റോഷ്നയും ഇസിന് നാലു വയസ്സുള്ളപ്പോഴാണ് മകളുടെ പഠനത്തിനായി ആലുവയിലേക്ക് താമസം മാറുന്നത്. കീഴ്മാടുള്ള സ്കൂൾ ഫോർ ദി ബ്ലൈന്റിലെ പഠനം ഇസിന് വലിയ ഇഷ്ടമായിരുന്നു. അവിടെയുള്ള അധ്യാപകരും സഹപാഠികളും അവളെ സ്നേഹിച്ചു. അവളുടെ രോഗാവസ്ഥയിൽ അവളുടെ കിടക്കയ്‌ക്കരികിൽ മണിക്കൂറുകളോളം അവളുടെ അധ്യാപകർ ചെലവഴിച്ചിട്ടുണ്ട്. ഇസിന്റ കഴിവുകളെ മനസ്സിലാക്കി അവളിലെ കഥാകൃത്തിനെയും പ്രാസംഗികയെയും പാട്ടുകാരിയെയും അവർ പുറത്തുകൊണ്ടുവന്നു. വയലിൻ പഠിക്കാൻ ആഗ്രഹിച്ച ഇസിന് വയലിൻ വാങ്ങിക്കൊടുത്ത അധ്യാപികയും അക്കൂട്ടത്തിലുണ്ട്. അതുപോലെതന്നെ അവളുടെ ഇടവകയും അവൾക്ക് പ്രിയപ്പെട്ടതായിരുന്നു. “സ്വദേശം ഇടുക്കിയാണെങ്കിലും അവൾക്ക് പ്രിയം ഈ നാടും ഇവിടെയുള്ളവരെയുമാണ്.” അങ്ങനെയാണ് ഇസിന്റെ മാതാപിതാക്കൾ ആലുവയിലുള്ള  പെരിയാർമുഖം സെന്റ് ആൻഡ്രൂസ് ഇടവകയിൽ ചേരുന്നത്.

സി. നിമിഷ റോസ് CSN

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.