മരണപാളയത്തിലെ ധീര രക്തസാക്ഷി: ജോസഫ് കൊവാൽസ്‌കിയുടെ ജീവിതം

അവർ ഫാ. കൊവാൽസ്‌കിയെ ഒരു അഴുക്കുവെള്ളക്കുഴിയിൽ നിന്ന് വലിച്ചുകൊണ്ടു വന്നു. തല മുതൽ കാൽ വരെ ചെളിയും അഴുക്കും നിറഞ്ഞവനായി, കീറിയ ഒരു ട്രൗസർ മാത്രം ധരിച്ച് അദ്ദേഹം നിന്നു. ഒരു വീപ്പമേൽ മുട്ടുകുത്തി നിന്ന് പ്രാർത്ഥനകൾ ചൊല്ലാനും ആശീർവ്വദിക്കാനും തുടങ്ങി. തുടർന്ന് ഗാർഡുകൾ അദ്ദേഹത്തെ ഉപദ്രവിക്കാൻ തുടങ്ങി. മതിയാവോളം പീഡിപ്പിച്ചുകഴിഞ്ഞ് ജീവനോടെ തന്നെ അഴുക്കുവെള്ളമുള്ള ടാങ്കിലേക്ക് എറിഞ്ഞ് അദ്ദേഹത്തെ മുക്കിക്കൊന്നു. 1942 ജൂലൈ 4 പുലർച്ചെ ആയിരുന്നു ഇത് നടന്നത്. അദ്ദേഹത്തിന് അപ്പോൾ 31 വയസായിരുന്നു. പ്രായം. തുടർന്നു വായിക്കുക…  

ഫാ. കൊവാൽസ്‌കിയെ മറ്റു പുരോഹിതർക്കൊപ്പം നിരയായി നിർത്തിച്ചു. അവരെ ദാഹാവിലെ കോൺസെൻട്രേഷൻ ക്യാമ്പിലേക്കു കൊണ്ടുപോകാൻ വേണ്ടിയായിരുന്നു. ഫാ. കൊവാൽസ്‌കി കയ്യിൽ എന്തോ മുറുക്കിപ്പിടിച്ചിരിക്കുന്നത് ഓഫീസർ ശ്രദ്ധിച്ചു. “എന്താ നീ കയ്യിൽ പിടിച്ചിരിക്കുന്നത്?” ചോദിച്ചതിനൊപ്പം  തന്നെ കയ്യിൽ ശക്തിയായി അടിച്ചു. ജപമാല നിലത്തേക്കു വീണു. “അതിൽ ചവിട്ടൂ.” കോപാകുലനായ ഓഫീസർ അലറി. ഫാ. കൊവാൽസ്‌കി അനങ്ങിയില്ല. അദ്ദേഹത്തെ ആ ഗ്രൂപ്പിൽ നിന്ന് മാറ്റിനിർത്തി, ഔഷ്വിറ്റ്സിൽ തന്നെ തുടരാൻ ആജ്ഞ കൊടുത്തു. എല്ലാവർക്കും അറിയാമായിരുന്നു ആ ജപമാല കാരണം ക്രൂരപീഡനങ്ങളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതെന്ന്.

വാഴ്ത്തപ്പെട്ട ജോസഫ് കൊവാൽസ്‌കിയുടെയും അഞ്ച് യുവാക്കളുടെയും രക്സ്തസാക്ഷിത്വ വിവരണം നമ്മെ പലപ്പോഴും കണ്ണീരണിയിക്കും.

1939-നും 1945-നും ഇടയ്ക്ക് ദാഹാവിലെയും ഔഷ്വിറ്റ്‌സിലെയും ഭയാനകമായ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ വച്ച് മരണമടഞ്ഞവരിൽ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെടുന്ന പോളിഷ് സഭയിലെ 108 രക്തസാക്ഷികളുടെ പേരുകൾ 1999 മെയ് 26-ന് വത്തിക്കാനിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ, തങ്ങളുടെ കുടുംബത്തിലെ ആറുപേർ അതിൽ ഉൾപ്പെട്ടത് സലേഷ്യൻ സഭക്ക് അപ്രതീക്ഷിതമായ ഒരു സമ്മാനമായിരുന്നു. ഈ 108 രക്തസാക്ഷികളെയും 1999 ജൂൺ 13-ന് വാർസോവിൽ വച്ച് ജോൺ പോൾ രണ്ടാമൻ പാപ്പാ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയർത്തി. സലേഷ്യൻസ് ഓഫ് ഡോൺ ബോസ്‌കോയുടെ റെക്ടർ ഫാദർ ജുവാൻ വെക്കി ആ ചടങ്ങിൽ സന്നിഹിതനായിരുന്നു.

ആ ആറുപേരിൽ, സലേഷ്യൻ പുരോഹിതനായ ഫാ. ജോസഫ് കൊവാൽസ്‌കിയും പോസ്‌നനിലെ ഓററ്ററിയിൽ നിന്നുള്ള അഞ്ച് ചെറുപ്പക്കാരുമുണ്ടായിരുന്നു. ‘പ്രാർത്ഥിക്കാൻ’ എന്ന് അർത്ഥമുള്ള ‘ഒറാരെ’ എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ഓററ്ററി എന്ന വാക്കുണ്ടായത്. പ്രാർത്ഥനയും ദൈവസ്നേഹവും പരസ്നേഹവുമൊക്കെ ശീലിക്കുന്നതിനൊപ്പം കുറെ ചെറുപ്പക്കാർ, പാടാനും കളിക്കാനുമൊക്കെ ഒന്നിച്ചുവസിക്കുന്ന സ്ഥലമായിരുന്നു ഓററ്ററി.

വി. ഡോൺ ബോസ്‌കോ നടത്തിയിരുന്ന ഓററ്ററിയെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ടല്ലോ. പോസ്‌നനിലുള്ള സലേഷ്യൻ ഓററ്ററിയിലെ ഈ അഞ്ചുപേരും തീക്ഷ്ണതയുള്ള നല്ല ചുറുചുറുക്കുള്ള ചെറുപ്പക്കാരനായിരുന്നു. 20-നും 23-നുമിടക്ക് പ്രായമുള്ളവർ. തനിച്ചായാലും കൂട്ടത്തിലാകുമ്പോഴും ഓററ്ററിയിൽ വാർത്തെടുക്കപ്പെടുന്ന കുട്ടികളുടെ എല്ലാ ഗുണഗണങ്ങളുമുണ്ടായിരുന്നു ഈ അഞ്ച് യുവാക്കൾക്കും. ദൈവത്തോടുള്ള അടുപ്പത്തിനും അവരുടെ പക്വതക്കും പ്രാർത്ഥനക്കും അപ്പസ്തോലിക പ്രതിബദ്ധതക്കും എല്ലാം നാന്ദിയായതും അതെല്ലാം വളർത്തിയതും ഓററ്ററിയാണെന്നു പറയാം. ‘ഗ്രൂപ്പ് ഓഫ് ഫൈവ് ‘ എന്നാണ് അവർ അടെ അറിയപ്പെട്ടത്. അവരിൽ ഓരോരുത്തരും മറ്റു നാലു പേരോടും ആഴമുള്ള സൗഹൃദത്തിലായിരുന്നവരും ക്രിസ്ത്യൻ മൂല്യങ്ങളിൽ അടിയുറച്ചു മുന്നേറാൻ കൊതിച്ചവരുമായ ഓററ്ററി ലീഡേഴ്‌സായിരുന്നു.

ഹിറ്റ്ലറിന്റെ നാസിഭീകരതയുടെ ഭാഗമായി സെപ്റ്റംബർ 1940-ൽ അഞ്ചുപേരും അറസ്റ്റ് ചെയ്യപ്പെട്ടു. അവരുടെ സാധനങ്ങളെല്ലാം എടുത്തുകൊണ്ടു പോയി. കയ്യിലെ ജപമാലകൾ പോലും ചവറ്റുകൊട്ടയിൽ എറിയപ്പെട്ടു. എന്നാലും ആ നരാധമന്മാരുടെ ശ്രദ്ധ ഒന്ന് മാറിയപ്പോഴേക്ക്, തങ്ങളുടെ ഏറ്റവും വിഷമം പിടിച്ച അവസ്ഥകളിലും വേദനകളിലും ആശ്വാസമായ ആ കൊന്തമണികൾ അവർ ചാടിയെടുത്തു പോക്കറ്റിലിട്ടു.

ജയിലിൽ നിന്ന് ജയിലിലേക്ക് അവരെ മാറ്റിക്കൊണ്ടിരുന്നു. 1942 ആഗസ്റ്റ് ഒന്നിന് വിധിവാചകം വായിക്കപ്പെട്ടു: രാജ്യദോഹത്തിനും വഞ്ചനക്കും മരണശിക്ഷ! അവിടെ ഉണ്ടായ നീണ്ട നിശബ്ദതയെ ഭേദിച്ച് അവരിലൊരാൾ പറഞ്ഞു: “അവിടുത്തെ ഇഷ്ടം നിറവേറട്ടെ.” മൂന്നാഴ്ചകൾക്കു ശേഷം, ലോകമെങ്ങുമുള്ള സലേഷ്യൻ സഭ ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ (Mary, Help of Christians) അനുസ്മരണമാസം ആചരിക്കുന്ന വേളയിൽ, ദ്രേസ്ദയിലെ തടങ്കൽപ്പാളയ മുറ്റത്തേക്ക് അവരെ കൊണ്ടുവന്ന് അവരുടെ കഴുത്ത് വെട്ടി കൊന്നുകളഞ്ഞു.

അവരിലൊരാളായ 22 വയസുകാരൻ ചെസ്ലോവ് ജോസ്‌വിയാക്‌ അവന്റെ മാതാപിതാക്കൾക്ക് എഴുതിയ വരികൾ ഹൃദയസ്പർശിയാണ്.

“ഞാൻ ഈ ലോകം വിട്ടുപോകുകയാണ്. പക്ഷേ, സ്വതന്ത്രനാവുന്നതിനേക്കാൾ അത്യധികമായ സന്തോഷത്തോടെയാണ് ഞാൻ എത്തിച്ചേരാൻ പോകുന്ന ലോകത്തേക്ക് പോകുന്നതെന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്കറിയാം, ‘ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തോട് ‘ ജീവിതകാലം മുഴുവൻ എനിക്കുണ്ടായ വണക്കം എനിക്ക് ഈശോയിൽ നിന്ന് പാപപ്പൊറുതി വാങ്ങിത്തരുമെന്ന്. വധശിക്ഷ നടത്തുന്നതിനു മുൻപ് ഒരു പുരോഹിതൻ എന്നെ ആശീർവ്വദിക്കും. മരിക്കുന്നതിനു മുൻപ് ഒരുമിച്ചാണ് ഞങ്ങളെല്ലാം ഉള്ളതെന്ന വലിയ സന്തോഷമുണ്ട്. ഞങ്ങൾ അഞ്ചുപേരും ഒരേ സെല്ലിലാണ്. ഇപ്പോൾ സമയം 7:45. 8.30-ന് ഞാൻ ഈ ലോകം വിട്ടുപോകും. കരയരുതേയെന്ന് ഞാൻ നിങ്ങളോട് യാചിക്കുകയാണ്. നിരാശക്ക് വഴിപ്പെടരുത്; വിഷമിക്കരുത്. ഇത് ദൈവഹിതമാണ്…”

അവരുടെ വീരോചിതമായ രക്തസാക്ഷിത്വം തെളിയിക്കുന്ന അനേകം ദൃക്‌സാക്ഷി വിവരണങ്ങളുണ്ട്: തങ്ങളുടെ വിശ്വാസപ്രഖ്യാപനമായി തങ്ങളുടെ ജീവൻ ത്യജിക്കുന്നു എന്ന ഉറച്ച ബോധ്യം, ദൈവഹിതം പിഞ്ചെല്ലുന്ന മക്കളാകാനുള്ള വർദ്ധിച്ച ആഗ്രഹം, അവരെ പീഡിപ്പിക്കുന്നവരോടും വധിക്കുന്നവരോടും ഒരുതരത്തിലുമുള്ള വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും അഭാവം, പക്ഷേ  പീഡിപ്പിച്ചവരോട് കാണിച്ച ക്രിസ്തീയസ്നേഹം ഇതെല്ലാം…

ജോസഫ് കൊവാൽസ്‌കി

ക്രാക്കോവിനടുത്തുള്ള സീവോയിസ്‌ക ഗ്രാമത്തിൽ 1911 മാർച്ച് 13-നാണ് ക്രിസ്തീയവിശ്വാസം ജീവശ്വാസമായി കണ്ടിരുന്ന ഒരു കുടുംബത്തിൽ ജോസഫ് കൊവാൽസ്‌കി ജനിക്കുന്നത്. മാർച്ച് 19-ന് സെന്റ് ജോസഫിന്റെ തിരുനാൾ ദിനത്തിൽ അവന് മാമ്മോദീസ കൊടുത്തു. അദ്ദേഹം ജനിച്ച ഗ്രാമത്തിൽ അന്ന് പള്ളി ഇല്ലാതിരുന്നതുകൊണ്ട് ലുബേനിയയുടെ ഇടവകപ്പള്ളിയിലായിരുന്നു അത് നടന്നത്. ഇന്നാണെങ്കിൽ സെന്റ് ജോസഫിന് പ്രതിഷ്ഠിക്കപ്പെട്ട ആധുനികരീതിയിലുള്ള അവന്റെ ഗ്രാമത്തിലെ പള്ളിയിൽ, 17350 എന്ന നമ്പറുള്ള തടവുപുള്ളിയുടെ വേഷമണിഞ്ഞ ഫാ. ജോസഫ് കൊവാൽസ്‌കിയുടെ വലിയ ചിത്രമുള്ള ശിലാഫലകമുണ്ട്.

പ്രാരംഭവിദ്യാഭ്യാസത്തിനു ശേഷം ഔഷ്വിറ്റ്സിലെ ഡോൺ ബോസ്‌കോ കോളേജിൽ അവൻ ചേർന്നു. അഞ്ചു കൊല്ലങ്ങൾക്കു ശേഷം 1927-ൽ സലേഷ്യൻ സഭയുടെ നോവീഷ്യെറ്റിൽ ചേർന്നു. 1938-ൽ പട്ടം കിട്ടി. പ്രൊവിൻഷ്യാളച്ചൻ പെട്ടെന്നു തന്നെ അവനെ സെക്രട്ടറിയാക്കി നിയമിച്ചു. മൂന്നു വർഷത്തിനു ശേഷം, അവന്റെ അറസ്റ്റ് വരെ അങ്ങനെ തുടർന്നു.

നല്ല ചുമതലാബോധമുള്ളവനും കഠിനാദ്ധ്വാനിയുമായിരുന്നു ജോസഫ്. പ്രൊവിൻഷ്യൽ സെക്രട്ടറി ആണെന്നതു കൊണ്ട് അജപാലനപരമായ കാര്യങ്ങളിൽ ഫാ. കൊവാൽസ്‌കി ഒട്ടും വീഴ്ച വരുത്തിയില്ല. പ്രസംഗിക്കാനും സമ്മേളനങ്ങളിൽ പങ്കെടുക്കാനും യുവാക്കളുടെ ഇടയിൽ പ്രവർത്തിക്കാനും കുമ്പസാരിപ്പിക്കാനും എപ്പോഴും തയ്യാറായിരുന്നു. പാടാൻ നല്ല കഴിവുണ്ടായിരുന്ന, സംഗീതത്തിൽ തല്പരനായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പള്ളിയിൽ കൊയർ ഗ്രൂപ്പുമുണ്ടാക്കി.

ഈ പൗരോഹിത്യ തീക്ഷ്ണതയും യുവാക്കളുടെ ഇടയിലെ പ്രവർത്തനവുമാണ് നാസികളുടെ ശ്രദ്ധയിൽപെട്ടതും 1941 മെയ് 23-ന് കൂടെയുണ്ടായിരുന്ന 11 സലേഷ്യൻസിനൊപ്പം അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിച്ചതും. ആദ്യം ക്രാക്കോവിൽ തടവിലാക്കിയ ഫാ. കോവാൽസ്‌കിയെ പിന്നീട് ഔഷ്വിറ്റ്സിലെ കോൺസെൻട്രേഷൻ ക്യാമ്പിലേക്കു മാറ്റി. അദ്ദേഹത്തിന്റെ നാല് സഹപ്രവർത്തകർ അവിടെ വച്ചു കൊല്ലപ്പെടുന്നത് അദ്ദേഹത്തിന് കാണേണ്ടിവന്നു. അദ്ദേഹത്തിന്റെ റെക്ടറും കുമ്പസാരക്കാരനുമെല്ലാം അതിൽ ഉൾപ്പെട്ടിരുന്നു. 17350 നമ്പറുള്ള ജയിൽ യൂണിഫോമിട്ട് ഒരു കൊല്ലത്തോളം നിർബന്ധിതവേലയെടുക്കലും ഭീകരപീഡനവും ഫാദറിന് സഹിക്കേണ്ടിവന്നു. ‘കഠിനവേലക്കായുള്ള ഗാങ്ങ്’ൽ ഉൾപ്പെട്ടവർ മിക്കവരും അതിനെ അതിജീവിച്ചിട്ടില്ല. ഒരു പുരോഹിതനാണെന്ന് അറിഞ്ഞിരുന്നതുകൊണ്ട് കൂടുതൽ കർക്കശ്യത്തോടെയാണ് അദ്ദേഹത്തോട് അവർ പെരുമാറിയത്.

അദ്ദേഹത്തിന്റെ ചെറുനോട്ടുബുക്കിൽ കുത്തിക്കുറിച്ചിരുന്നത് വായിച്ചാൽ, ദുരിതങ്ങൾക്കിടയിലും വിശുദ്ധിയിലും നന്മയിലും നിലനിൽക്കാൻ അദ്ദേഹം എത്ര പ്രയത്നിച്ചിരുന്നെന്ന് മനസിലാവും.

“ഒരു ചെറിയ പാപം കൊണ്ടെങ്കിലും അങ്ങയെ വേദനിപ്പിക്കുന്നതിനു മുൻപ് ഞാൻ മരിക്കട്ടെ.”

” ഓ എന്റെ നല്ലീശോയേ, ഞാൻ എനിക്കായി നിശ്ചയിച്ചിട്ടുള്ളത്ര വിശുദ്ധി പ്രാപിക്കാനായി സ്ഥിരോത്സാഹത്തോടെ പരിശ്രമിക്കാനുള്ള ഉറച്ച, അചഞ്ചലമായ ആഗ്രഹം എനിക്ക് തരണമേ. വിശുദ്ധിയുള്ളവനാകണം എനിക്ക്; എനിക്കതിന് കഴിയും.”

“ഈശോയേ, അങ്ങയോട് വിശ്വസ്തതയുള്ളവനായിരിക്കാനും അചഞ്ചലനായി അങ്ങയെ സേവിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എന്നെ പൂർണ്ണമായി അങ്ങേക്കു തരുന്നു. മരണം വരെ അങ്ങയോട് വിശ്വസ്തതയുള്ളവനായിരിക്കാൻ കൃപ ചൊരിയണമേ.”

“അങ്ങേക്ക് വേണ്ടി സഹിക്കാനും എല്ലാവരാലും വെറുക്കപ്പെടാനും കർത്താവേ, ഉറച്ച മനസോടെയും എന്ത് പ്രത്യാഘാതങ്ങൾ ഏറ്റെടുക്കാനുമുള്ള സന്നദ്ധതയോടെയും ക്രിസ്തുവിന്റെ വിളിയാകുന്ന കുരിശിനെ ഞാൻ ആലിംഗനം ചെയ്യുന്നു. അവസാനം വരേയ്ക്കും അത് ചുമക്കാൻ ഞാൻ ആഗ്രഹിക്കുന്നു; മരണം വരേയ്ക്കും.”

തടങ്കൽപ്പാളയം ഫാ. ജോസഫ് കൊവാൽസ്‌കിയുടെ അപ്പസ്തോലിക ദൗത്യത്തിനുള്ള വേദിയായി മാറി. ഒരു പുരോഹിതന് ചെയ്യാവുന്ന കാര്യങ്ങളൊന്നും തന്റെ  സഹതടവുകാർക്ക് അദ്ദേഹം നിഷേധിച്ചിട്ടില്ല. അനേകം ദൃക്‌സാക്ഷികളാണ് ഇത് ഏറ്റുപറഞ്ഞിട്ടുള്ളത്.

“കർശനമായി നിരോധിച്ചിട്ടുള്ളതാണെന്നറിഞ്ഞിട്ടും അദ്ദേഹം മരിക്കുന്നവരെ ആശീർവ്വദിച്ചു, നിരാശക്ക് അടിമപ്പെട്ടവരെ ശക്തിപ്പെടുത്തി, മരണശിക്ഷക്ക് വിധിക്കപ്പെട്ട ഹതഭാഗ്യരെ പ്രത്യാശയിലേക്കു നയിച്ചു, രഹസ്യമായി വിശുദ്ധ കുർബാന നൽകി, ചെറിയ കൂരകളിൽ കുർബാന ചൊല്ലി, പ്രാർത്ഥനയോഗങ്ങൾ നടത്തി, മറ്റുള്ളവരെ കഴിയും വിധം സഹായിച്ചു.”

“‘ദൈവമില്ലാത്ത ആ മരണത്തിന്റെ പാളയത്തിൽ’ (പട്ടാളക്കാരുടെ വാക്കുകളിൽ), സഹതടവുകാർക്കിടയിലേക്ക് അദ്ദേഹം ദൈവത്തെ കൊണ്ടുവന്നു.”

“പുലർച്ചെ 4.30-ന്, ഇരുട്ട് വിട്ടുമാറാത്തപ്പോൾ ഞങ്ങൾ പ്രാർത്ഥനക്കായി കൂട്ടം ചേർന്നു. ഫാ. ജോസഫ് പറയുന്ന പ്രാർത്ഥനകൾ ഞങ്ങൾ ഏറ്റുചൊല്ലി. ആ കൂട്ടം വലുതായി വലുതായി വന്നു; അത് വലിയ അപകടസാധ്യത ആയിരുന്നെങ്കിലും.”

ജപമാല ചവിട്ടാൻ പറഞ്ഞ സംഭവത്തിനു ശേഷം, 1942-ലെ ഒരു ജൂലൈ 3. ഗാർഡുകൾ തടവുകാരെ കൊല്ലുന്നതിലും ക്രൂരവിനോദങ്ങളാൽ ആനന്ദിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്നു. “എവിടെയാണ് ആ കത്തോലിക്കാ പുരോഹിതൻ? നിത്യശാന്തിക്കു വേണ്ടിയുള്ള ഇവരുടെ യാത്രയെ അവൻ ആശീർവ്വദിക്കട്ടെ.”

ഫാ. കൊവാൽസ്‌കിയെ ഒരു അഴുക്കുവെള്ളക്കുഴിയിൽ നിന്ന് വലിച്ചുകൊണ്ടു വന്നു. തല മുതൽ കാൽ വരെ ചെളിയും അഴുക്കും നിറഞ്ഞവനായി , കീറിയ ഒരു ട്രൗസർ മാത്രം ധരിച്ച് അദ്ദേഹം നിന്നു. ഒരു വീപ്പമേൽ മുട്ടുകുത്തി നിന്ന് സ്വർഗ്ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയമേ, പരിശുദ്ധ രാജ്ഞി തുടങ്ങിയ പ്രാർത്ഥനകൾ ചൊല്ലാനും ആശീർവ്വദിക്കാനും തുടങ്ങി. മറ്റു തടവുകാരുടെ ഹൃദയത്തെ വല്ലാതെ സ്പർശിച്ച രംഗമായിരുന്നു അത്.

പ്രൊഫസർ സിജിസ്മോണ്ട് കൊലാങ്കോവ്സ്കി ഓർത്തെടുക്കുന്നു: “ഞങ്ങളുടെ പണികൾ കഴിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്നവർ ഫാ. കൊവാൽസ്‌കിയെ ബ്ലോക്കിലേക്ക് തിരിച്ചു കൊണ്ടുവന്നു. ഗാർഡുകൾ അദ്ദേഹത്തെ വല്ലാതെ ഉപദ്രവിച്ചിരുന്നു. ചീഫ് അവിടെ വന്ന് അലറി: “കൊവാൽസ്‌കി എവിടെ? പുറത്തു വാ.” എന്റെ അടുത്തു കൂടെ പോകുമ്പോൾ ഫാ. കൊവാൽസ്‌കി കയ്യിലുണ്ടായിരുന്ന ഒരു കഷണം ബ്രഡ് എനിക്ക് തന്നിട്ടു പറഞ്ഞു: “വച്ചോളൂ സിജിസ്മോണ്ട്, എനിക്കിനി ഇതിന്റെ ആവശ്യം വരില്ല.” പിന്നീട് അവിടെ കൂടിനിന്ന മറ്റു തടവുകാരോട് ഉറക്കെപ്പറഞ്ഞു: “എനിക്കു വേണ്ടിയും നമ്മെ പീഡിപ്പിക്കുന്നവർക്കു വേണ്ടിയും പ്രാർത്ഥിക്കണേ.” ഞാൻ പിന്നീട് അദ്ദേഹത്തെ കണ്ടിട്ടില്ല; ശവശരീരം പോലും. മതിയാവോളം പീഡിപ്പിച്ചുകഴിഞ്ഞ് ജീവനുള്ളപ്പോൾ തന്നെ അഴുക്കുവെള്ളമുള്ള ടാങ്കിലേക്ക് എറിഞ്ഞ് അദ്ദേഹത്തെ മുക്കിക്കൊന്നു.” 1942 ജൂലൈ 4 പുലർച്ചെ ആയിരുന്നു ഇത് നടന്നത്. ഫാ. ജോസഫ് കൊവാൽസ്‌കിക്ക് അപ്പോൾ 31 വയസായിരുന്നു.

ക്രൂരപീഡനങ്ങൾക്കു പോലും തകർക്കാൻ കഴിയാത്ത ആ വിശ്വാസദൃഢത. രക്തസാക്ഷികളായ ഫാ. ജോസഫ് കൊവാൽസ്‌കിയെയും മറ്റു അഞ്ചു യുവാക്കളെയും സഭ ജൂൺ 12-ന് അനുസ്മരിക്കുന്നു; കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ജീവൻ വെടിഞ്ഞ മറ്റനേകം പേർക്കൊപ്പം.

ജിൽസ ജോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.