ശുദ്ധതയ്ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച 14 -കാരി വിവിയൻ ഉച്ചേച്ചി ഓഗുവിന്റെ ജീവിതം

മരിയ ഗൊരേത്തിയെപ്പോലെ ശുദ്ധതയ്ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ചവളായിരുന്നു വിവിയൻ ഉച്ചേച്ചി ഓഗു. ജീവിതം ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പാപത്തേക്കാൾ മരണംവരിക്കാൻ ആ കൗമാരക്കാരി മനസ്സിലുറയ്ക്കുകയും അതിനായി സുഹൃത്തുക്കളെ പ്രചോദിപ്പിക്കുകയും ചെയ്തിരുന്നു. ജീവരക്തമേകിക്കൊണ്ട് തിരുസഭയുടെ നല്ല മകളായിത്തീർന്ന നൈജീരിയക്കാരിയായ വിവിയൻ ഓഗുവിന്റെ ജീവിതം അടുത്തറിയാം.

നന്മയിലൂന്നിയ ബാല്യം

നൈജീരിയയിൽ ജനിച്ച വിവിയൻ ചെറുപ്പം മുതലേ കത്തോലിക്കാ വിശ്വാസത്തിൽ അടിയിറച്ചു വളർന്നു. ചെറുപ്രായത്തിൽതന്നെ പാവപ്പെട്ടവർക്കും അശരണർക്കും സഹായങ്ങൾ നൽകുന്നതിലും വിവിയൻ മുൻപന്തിയിലായിരുന്നു. പ്രാർഥനാഗ്രൂപ്പുകളിൽ സജീവമായി പ്രവർത്തിക്കുകയും മറ്റു കുട്ടികൾക്ക് വിശ്വാസം പകർന്നുകൊടുക്കുകയും ചെയ്യാൻ വിവിയൻ വലിയ താല്പര്യം പുലർത്തിയിരുന്നു.

ശുദ്ധതയ്ക്കായുള്ള പോരാട്ടം

2009 നവംബർ 15 -ന് ഞായറാഴ്ചയിൽ പതിവുള്ള ദിവ്യബലിക്കായി അവൾ തന്റെ ഇടവകയായ സെന്റ് പോൾസ് ദൈവാലയത്തിലേക്കുപോയി. കുർബാനയ്‌ക്കൊടുവിലെ മതബോധനവേളയിൽ, വിവിയൻ മാതൃകയായി എടുത്തത് വി. മരിയ ഗൊരേത്തിയെയായിരുന്നു എന്ന് ഒപ്പമുണ്ടായിരുന്നവർ സാക്ഷ്യപ്പെടുത്തിയിരുന്നു. അതോടൊപ്പം വി. മരിയ ഗൊരേത്തിയെ അനുകരിക്കാനും ഒരിക്കലും അശുദ്ധിക്കോ, ഏതെങ്കിലും തരത്തിലുള്ള അധാർമ്മികതയ്‌ക്കോ സമ്മതം നല്കുകരുതെന്നും വിവിയൻ തന്റെ സഹപാഠികളോട് എപ്പോഴും അഭ്യർഥിച്ചിരുന്നതായും അവർ പറഞ്ഞു.

അന്നു വൈകുന്നേരമാണ് അവളെ, അവളുടെ മൂത്ത സഹോദരിയോടൊപ്പം ആയുധധാരികളായ മൂന്ന് പുരുഷന്മാർ ബലമായി തട്ടിക്കൊണ്ടുപോകുന്നത്. അവളുടെ മാതാപിതാക്കളുടെ വിലപിടിപ്പുള്ള വസ്തുക്കൾ അവർ കവർന്നെടുത്തു. തുടർന്ന് വിവിയനെയും സഹോദരിയെയും മാനഭംഗപ്പെടുത്താൻ ശ്രമിച്ചപ്പോൾ അവൾ അക്രമികൾക്കെതിരെ പോരാടി; സഹോദരിക്കുവേണ്ടിയും അവൾ പോരാടി. ഒടുവിൽ അക്രമികൾ വിവിയനെ വെടിവച്ചു കൊലപ്പെടുത്തി. അടുത്ത ദിവസമാണ് അവളുടെ മൃതദേഹം കണ്ടെത്തിയത്.

കർത്താവിന്റെ രക്തസാക്ഷി

രക്തസാക്ഷിയായി പ്രഖ്യാപിക്കപ്പെടണമെങ്കിൽ, ഒന്നുകിൽ വിശ്വാസത്തിനുവേണ്ടി മരിക്കണം, അല്ലെങ്കിൽ ക്രൈസ്തവമൂല്യത്തിനുവേണ്ടി മരിക്കണം. ഇത്തരത്തിൽ ക്രൈസ്തവമൂല്യത്തിനുവേണ്ടിയുള്ള മരണമായിരുന്നു വിവിയന്റേത്.

ഓരോ രക്തസാക്ഷികളുടെയും മരണം അവരുടെ ജീവിതത്തിന്റെ പ്രതിഫലനമാണ്. ആ പതിനാലുകാരിക്ക് പാപത്തോട് വെറുപ്പായിരുന്നു. അതിനാൽതന്നെ അശുദ്ധിയെ അഭിമുഖീകരിക്കേണ്ടിവന്നപ്പോൾ അവൾ രക്തംചിന്താൻ തയ്യാറായി. അവളുടെ മരണശേഷം അവളുടെ വീരോചിതമായ മാതൃക നൈജീരിയയിലുടനീളം ഒരു പ്രചോദനമായി പ്രചരിക്കപ്പെട്ടു. 2014 -ൽ അവളുടെ സ്മരണാർഥം ‘വിവിയൻ ഓഗു പ്രസ്ഥാനം’ സ്ഥാപിതമായി.

അവളുടെ ധീരതയെയും നന്മയിൽ നിലനിൽക്കാനുള്ള നിശ്ചയദാർഢ്യത്തെയും കണക്കിലെടുത്ത്, നൈജീരിയയിലെ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് അവളുടെ നാമകരണപരിപാടികൾക്കായുള്ള പ്രവർത്തനങ്ങൾ 2023 സെപ്റ്റംബർ 14 -ന് ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.