“കുരിശ് തരുന്ന ദൈവം അത് ചുമക്കാനും സഹായിക്കും” റൊസിയോയുടെയും കുടുംബത്തിന്റെയും കണ്ണീർമഴയ്ക്കപ്പുറം വിരിയുന്ന പുഞ്ചിരി

മാഡ്രിഡിലെ പ്ലാസ ഡി ലിമ മൈതാനത്ത് ജൂൺ എട്ടിന് വൈകുന്നേരം ലെയോ പതിനാലാമൻ പാപ്പയുടെ പ്രാർഥനയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ജനങ്ങൾ തടിച്ചുകൂടിയിരുന്നു. ആ ജനക്കൂട്ടത്തിനിടയിൽ വായനക്കാരുടെ ഹൃദയം കവരുന്ന, സവിശേഷമായ ഒരു പുഞ്ചിരിയുണ്ടായിരുന്നു. പേര് റൊസിയോ; പ്രായം കഷ്ടിച്ച് ഏഴ് വയസ്സ്. മാരകമായ ഒരു നാഡീ-പേശി രോഗത്തിന്റെ (Neuromuscular disease) പിടിയിലമരുമ്പോഴും, ആ കൊച്ചുപെൺകുട്ടിയുടെ നീലക്കണ്ണുകളിൽ വിരിഞ്ഞ പ്രത്യാശയുടെ വെളിച്ചം അവിടെയുണ്ടായിരുന്ന ഏവരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു.

തന്റെ മാതാപിതാക്കളായ ബ്ലാങ്കയ്ക്കും ഹുവാനുമൊപ്പമാണ് റൊസിയോ എത്തിയത്. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വലിയ സ്ക്രീനിലൂടെയാണ് അവൾ മാർപാപ്പയെ കണ്ടതെങ്കിലും, അവളുടെ മുഖത്ത് വിരിഞ്ഞ സന്തോഷം ചെറുതായിരുന്നില്ല. വിവാഹിതരായിട്ട് 11 വർഷം പൂർത്തിയാക്കിയ ആ യുവദമ്പതികൾ, മാർപാപ്പയെ വരവേൽക്കാൻ എത്തിയത് തങ്ങളുടെ മകളുടെ മനസ്സിൽ ഈ അനുഭവം എന്നേക്കുമായി നിലനിൽക്കണമെന്ന വലിയ ആഗ്രഹത്തോടെയായിരുന്നു.

‘റൊസിയോ സ്വർഗം തന്ന സമ്മാനം…’

റൊസിയോയ്ക്ക് വെറും 11 മാസം പ്രായമുള്ളപ്പോഴാണ് ഈ രോഗം സ്ഥിരീകരിക്കുന്നത്. പ്രായത്തിനനുസരിച്ച് നടക്കാനോ, സ്വന്തമായി നിൽക്കാനോ, ഭക്ഷണം ചവച്ചരച്ച് കഴിക്കാനോ, ഭാരമുള്ള വസ്തുക്കൾ എടുക്കാനോ അവൾക്ക് കഴിയില്ല. കാലം കടന്നുപോകുന്തോറും ശരീരം കൂടുതൽ തളരുന്ന രോഗാവസ്ഥയാണിത്. എന്നാൽ, അവളുടെ അമ്മ ബ്ലാങ്ക പറയുന്നത് മറ്റൊരു കാര്യമാണ്: “റൊസിയോ ഞങ്ങൾക്ക് സ്വർഗം തന്ന വലിയൊരു സമ്മാനമാണ്.”

ഇത്തരം ഒരു രോഗമുള്ള കുഞ്ഞിനെ വളർത്തുക എന്നത് വലിയൊരു വെല്ലുവിളിയാണ്. പക്ഷേ, ഈ യാത്രയിലുടനീളം ദൈവത്തിന്റെ കൈ തങ്ങളെ താങ്ങുന്നത് അവർ അനുഭവിച്ചറിഞ്ഞു. ജീവിതത്തോടുള്ള മകളുടെ പോസിറ്റീവായ സമീപനമാണ് പരാതികളില്ലാതെ മുന്നോട്ട് പോകാൻ തങ്ങൾക്ക് കരുത്ത് നൽകുന്നതെന്ന് ആ ദമ്പതികൾ പറയുന്നു.

“ദൈവം നമുക്ക് ചുമക്കാൻ ഒരു കുരിശ് തരുമ്പോൾ, അത് താഴെ വീഴാതെ താങ്ങാൻ അവൻ കൂടെയുണ്ടാകും. യഥാർഥത്തിൽ ആ കുരിശിന്റെ ഭാരം മുഴുവൻ ചുമക്കുന്നത് അവളാണ്. ഞങ്ങൾ അവളെ സഹായിക്കുന്നു എന്ന് മാത്രം. ഇത്രയേറെ ശാരീരിക പരിമിതികൾ ഉണ്ടായിട്ടും അവൾ എപ്പോഴും പുഞ്ചിരിയോടെയാണ് ജീവിക്കുന്നത്. എല്ലാവരോടും സംസാരിക്കും, എപ്പോഴും സന്തോഷവതിയാണ്. സത്യത്തിൽ അവളാണ് ഞങ്ങളുടെ മാതൃക,” അമ്മ ബ്ലാങ്ക കൂട്ടിച്ചേർത്തു.

തകർച്ചയിൽ നിന്ന് തിരികെപ്പിടിച്ച കുടുംബജീവിതം

തുടക്കത്തിൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. മകളുടെ രോഗവിവരം അറിഞ്ഞ ആദ്യ വർഷം തങ്ങളുടെ ദാമ്പത്യജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു എന്ന് ബ്ലാങ്ക ഓർക്കുന്നു. വേദനയോട് ഓരോരുത്തരും പ്രതികരിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. ബ്ലാങ്ക പൂർണ്ണമായും റൊസിയോയുടെ തെറാപ്പികളിലും ചികിത്സകളിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, സ്വന്തം ഭർത്താവിനെപ്പോലും അവർ മറന്നുപോയി. എന്നാൽ ഹുവാൻ ആകട്ടെ, തന്റെ സങ്കടം സഹിക്കാനാവാതെ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് ശ്രമിച്ചത്.

ഒടുവിൽ സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു ഫാമിലി ഗൈഡൻസ് കോഴ്സിൽ പങ്കെടുത്തപ്പോഴാണ് തങ്ങളുടെ തകർച്ചയ്ക്ക് പരിഹാരം സ്വന്തം ഉള്ളിൽത്തന്നെയാണെന്ന് അവർ തിരിച്ചറിഞ്ഞത്. സ്വാർഥത വെടിഞ്ഞ് പങ്കാളിയുടെ ചെറിയ ആവശ്യങ്ങളിൽപ്പോലും ശ്രദ്ധിക്കാൻ തുടങ്ങിയതോടെ അവരുടെ ജീവിതം വീണ്ടും സന്തോഷഭരിതമായി മാറി.

എന്നാൽ, ഈ യുവദമ്പതികളുടെ ജീവിതത്തിൽ ദൈവം അനുവദിച്ച ഏക പരീക്ഷണം റൊസിയോയുടെ രോഗമായിരുന്നില്ല. വിവാഹം കഴിഞ്ഞ് ഒരു വർഷമായപ്പോൾ ബ്ലാങ്ക ഗർഭിണിയായി. എന്നാൽ 35-ാം ആഴ്ചയിൽ, ഗർഭപാത്രത്തിൽ വച്ച് തന്നെ ആ കുഞ്ഞിന്റെ (പെഡ്രിറ്റോ) ഹൃദയമിടിപ്പ് നിന്നുപോയി.

പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആ കഠിനമായ രാത്രിയിൽ, അടിയുറച്ച വിശ്വാസമുള്ള ഹുവാൻ വീട്ടിൽപ്പോയി എടുത്തുകൊണ്ടുവന്ന ബാഗിൽ ഒരു പുസ്തകമുണ്ടായിരുന്നു; ‘കാരിസിയാസ് ഡി ഡിയോസ്’ (ദൈവത്തിന്റെ സ്പർശനങ്ങൾ). ഹൃദ്രോഗം ബാധിച്ച് 20-ാം വയസ്സിൽ മരിച്ച പെപ്പോ എന്ന യുവാവിന്റെ കഥയായിരുന്നു അത്. സ്വർഗത്തിലെത്തിയ പെപ്പോ, ഭൂമിയിൽ തനിക്കായി കരയുന്ന കുടുംബത്തെ നോക്കി ദൈവത്തോട് ചോദിക്കുന്നു: “എന്റെ കുടുംബം ഇത്രയേറെ സങ്കടപ്പെടുന്ന ഈ ദിവസം നീ എന്തിനാണ് ഇത്രയധികം മഴ പെയ്യിക്കുന്നത്?”

അപ്പോൾ ദൈവം നൽകുന്ന മറുപടി ഇതായിരുന്നു: “ഇത് സങ്കടത്തിന്റെ മഴയല്ല, മറിച്ച് എന്റെ രാജകുമാരന്മാരിൽ ഒരാൾ സ്വർഗത്തിൽ എത്തുമ്പോൾ ഞാൻ നടത്തുന്ന ആഘോഷത്തിന്റെ, കൃപയുടെ മഴയാണ്.”

കുഞ്ഞിന്റെ ജനനത്തിന് ശേഷം, അവൻ സ്വർഗത്തിലുണ്ടെന്നതിന് ഒരു അടയാളം തരണമെന്ന് ബ്ലാങ്ക ദൈവത്തോട് രഹസ്യമായി പ്രാർഥിച്ചിരുന്നു. കടുത്ത വേനൽക്കാലത്തെ ഒരു രാത്രിയിൽ അവർ ആശുപത്രിയിൽ നിന്നും വീട്ടിലെത്തി. ജനലുകൾ തുറന്നിട്ട് കിടന്ന ആ പുലർച്ചെ, പെട്ടെന്ന് മാഡ്രിഡിൽ ശക്തമായ മഴ പെയ്തു. ജനലിലൂടെ വന്ന മഴത്തുള്ളികൾ ബ്ലാങ്കയുടെ കൈകളിൽ വീണപ്പോൾ അവർ ഞെട്ടിയുണർന്നു.

“ആ നിമിഷം എന്റെ ഹൃദയത്തിൽ ഒരു വലിയ സമാധാനം തോന്നി. അത് എന്റെ മകൻ പെഡ്രിറ്റോ അയച്ച കൃപയുടെ മഴയായിരുന്നു. ‘അമ്മേ, ഞാൻ ഇവിടെ സന്തോഷമായിരിക്കുന്നു, എന്നെയോർത്ത് വിഷമിക്കേണ്ട’ എന്ന് അവൻ എന്നോട് പറയുന്നതുപോലെ എനിക്ക് തോന്നി.” ബ്ലാങ്ക പറയുന്നു.

ജീവിതത്തിലെ ഇത്തരം യാദൃച്ഛികതകൾ ദൈവത്തിന്റെ കയ്യൊപ്പുകളാണെന്ന് ബ്ലാങ്ക വിശ്വസിക്കുന്നു. അന്ന് വീട്ടിൽ വെറുതെ കിടന്നിരുന്ന ആ പുസ്തകം ഹുവാൻ എടുത്തുകൊണ്ടുവന്നതും, അതിൽ മഴയുടെ കഥ തന്നെ അവർ വായിച്ചതും, ഒടുവിൽ അതേ മഴ പെയ്തിറങ്ങിയതും ദൈവത്തിന്റെ സ്പർശനങ്ങളല്ലാതെ മറ്റെന്താണ്!

അന്ന് മുതൽ ഇന്നുവരെ ദൈവത്തിന്റെ ഇത്തരം സ്നേഹസ്പർശനങ്ങൾ തങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും, സ്വർഗത്തിലിരുന്ന് പെഡ്രിറ്റോ തങ്ങളെയും, പ്രത്യേകിച്ച് തന്റെ അനിയത്തി റൊസിയോയെയും കാത്തുസൂക്ഷിക്കുന്നുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ കുടുംബം ഇന്ന് ജീവിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.