പരിശുദ്ധ അമ്മയുടെ സ്വർഗാരോപണം വിശ്വാസ സത്യമായി പ്രഖ്യാപിക്കാൻ മാർപാപ്പയെ സഹായിച്ച അഞ്ചു വയസ്സുകാരൻ

73 വർഷങ്ങൾക്കു മുമ്പ്, 1950 നവംബർ ഒന്നിനാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണം വിശ്വാസ സത്യമായി പന്ത്രണ്ടാം പിയൂസ് മാർപാപ്പ പ്രഖ്യാപിക്കുന്നത്. ഇതിന് മാർപാപ്പയെ സഹായിക്കാൻ ദൈവം ഉപകരണമാക്കിയത് അഞ്ചു വയസ്സുകാരനായ ഒരു ഫ്രഞ്ച് ബാലൻ ഗില്ലെസ് ബൗഹോർസിനെയും. വലിയ ഇടയനുവേണ്ടി ആ ബാലനിലൂടെ ദൈവം പ്രവർത്തിച്ച കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാം.

സ്വർഗം നൽകിയ ഉറപ്പ്

പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണം വിശ്വാസ സത്യമായി പ്രഖ്യാപിക്കാൻ, പന്ത്രണ്ടാം പിയൂസ് മാർപാപ്പയ്ക്ക് സ്വർഗം നൽകിയ വെളിപ്പെടുത്തലിന് പരിശുദ്ധ അമ്മ ഗില്ലെസ് എന്ന ബാലനിലൂടെ മാർപാപ്പയ്ക്ക് സ്ഥിരീകരണം നൽകുകയായിരുന്നു. 1950-ൽ, പന്ത്രണ്ടാം പിയൂസ് മാർപാപ്പ മറിയത്തിന്റെ സ്വർഗാരോപണം വിശ്വാസ സത്യമായി പ്രഖ്യാപിക്കാൻ തയാറെടുക്കുമ്പോൾ, അത് തീർച്ചയായും ദൈവത്തിന്റെ ഹിതമാണെന്നു സ്ഥിരീകരിക്കാൻ മാർപാപ്പ ഒരു അടയാളത്തിനായി ദൈവത്തോട് സ്വകാര്യമായി പ്രാർഥിച്ചിരുന്നു. മാർപാപ്പയുടെ പ്രാർഥനയ്ക്ക് സ്വർഗം ഉത്തരം നൽകാൻ തിരഞ്ഞെടുത്തത് ഗില്ലെസ് ബൗഹോർസ് എന്ന കൊച്ചുബാലനെയായിരുന്നു.

1950 മെയ് 1-നായിരുന്നു പന്ത്രണ്ടാം പിയൂസ് മാർപാപ്പയും ഗില്ലെസും തമ്മിൽ കൂടിക്കാഴ്ച നടന്നത്. ഈ അവസരത്തിൽ, മാർപാപ്പയോടു പറയേണ്ട കാര്യത്തെക്കുറിച്ച് പരിശുദ്ധ കന്യകാമറിയം ആ ബാലന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പരിശുദ്ധ അമ്മ പറഞ്ഞതനുസരിച്ച്, “പരിശുദ്ധ കന്യക മരിച്ചിട്ടില്ല; അവൾ ശരീരത്തോടും ആത്മാവോടും കൂടെ സ്വർഗത്തിലേക്കു കയറി” എന്ന് ആ ബാലൻ മാർപാപ്പയോട് പങ്കുവച്ചു. ഗില്ലെസ് ബൗഹോർസ്‌ എന്ന കൊച്ചുബാലനിലൂടെയാണ് മറിയത്തിന്റെ സ്വർഗാരോപണത്തെക്കുറിച്ചുള്ള സ്ഥിരീകരണം സ്വർഗം നൽകിയത്.

ആരായിരുന്നു ഗില്ലെസ് ബൗഹോർസ്‌

1944 നവംബർ 27-ന് ഫ്രാൻസിലാണ് ഗില്ലെസ് ബൗഹോർസ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഗബ്രിയേൽ ബൗഹോർസ് ഒരു പ്ലംബറായിരുന്നു; അമ്മ മഡലീൻ ഒരു വീട്ടമ്മയായിരുന്നു. അഞ്ച് മക്കളിൽ മൂന്നാമനായിരുന്ന ഗില്ലെസ് ജനിച്ച് ഒരുവയസ്സ് തികയുന്നതിനു മുമ്പുതന്നെ അവന് മസ്തിഷ്കജ്വരം ബാധിച്ചു. മാരകമായ മെനിഞ്ചൈറ്റിസ് എന്ന രോഗം സ്ഥിരീകരിച്ചതുമുതൽ കുടുംബം ഒന്നാകെ ആ കുഞ്ഞിനുവേണ്ടി പ്രാർഥിക്കാൻ തുടങ്ങി. അങ്ങനെ വി. കൊച്ചുത്രേസ്യയുടെ മധ്യസ്ഥതയാൽ കുഞ്ഞുഗില്ലസ് ഒമ്പതുമാസം പ്രായമുള്ളപ്പോൾ സുഖം പ്രാപിച്ചു.

പിന്നീട് 1947 സെപ്തംബർ 30 മുതൽ ഗില്ലസിന് കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണങ്ങൾ ലഭിച്ചുതുടങ്ങി. അങ്ങനെ 1948 ഡിസംബർ 13-നു ലഭിച്ച മറ്റൊരു ദർശനത്തിനുശേഷമാണ് തനിക്ക് മാർപാപ്പയോടു പറയാനുള്ള ഒരു ‘രഹസ്യം’ ഉണ്ടെന്ന് ഗില്ലെസ് പിതാവിനോടു പറഞ്ഞത്. ഇതനുസരിച്ചാണ് 1950-ൽ പന്ത്രണ്ടാം പിയൂസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ച നടന്നത്. തുടർന്ന് 1960 ഫെബ്രുവരി 24-ന് തന്റെ പതിനഞ്ചാമത്തെ വയസ്സിൽ ഗില്ലസ് ഈ ജീവിതത്തിൽ നിന്ന് നിത്യതയിലേക്ക് യാത്ര തിരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.