
“മണിക്കൂറുകൾമാത്രം പ്രായമുള്ള എന്റെ കുഞ്ഞുമൊത്താണ് ആ രാത്രി ഞാൻ ആ കരിമ്പിൻതോട്ടത്തിൽ ചെലവഴിച്ചത്. ഞങ്ങളുടെ ഗ്രാമത്തിൽ തീയും പുകയുമുയരുന്നത് കണ്ണീരോടെ ഞാൻ നോക്കിക്കണ്ടു. ജീവൻ കൈയ്യിൽപിടിച്ചുകൊണ്ടുള്ള ആ ഓട്ടത്തിനിടയിൽ ചിതറിക്കപ്പെട്ട കുടുംബാംഗങ്ങളെക്കുറിച്ച് എനിക്ക് വലിയ ആശങ്കയുണ്ടായിരുന്നു. അപ്പോഴാണ് ആ തോട്ടത്തിൽവച്ച് എനിക്ക് ഒരു തേളിന്റ കുത്തേൽക്കുന്നത്. മരണകരമായ ആ വേദനയിൽ കുഞ്ഞിനെയും അടക്കിപ്പിടിച്ച്, ശബ്ദംകേൾപ്പിക്കാതെ നേരംപുലരുവോളം ഞാൻ പ്രാർഥനയിൽ അഭയംകണ്ടെത്തി” – ജരൻവാലയിലെ അക്രമങ്ങൾക്കിരയായ ഒരു യുവതിയുടെ വാക്കുകളാണിത്.
യേശുവിന്റെ അനുയായികളെ മനുഷ്യത്വരഹിതരായി കണക്കാക്കിയിരുന്ന, പാക്കിസ്ഥാനിലെ ഒരുകൂട്ടം മുസ്ലീം തീവ്രവാദികളാണ് ഇത്തരത്തിൽ ജരൻവാലയിലെ ക്രിസ്ത്യൻ പള്ളികളെയും വിശ്വാസികളെയും ആക്രമിച്ചത്. അക്രമികളാൽ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്ന പാക്കിസ്ഥാനിലെ ക്രിസ്ത്യൻസ്ത്രീകളുടെ കൂട്ടത്തിൽപെടാതിരിക്കാനുള്ള ശ്രമമാണ് ആ യുവതിയെ കരിമ്പൻതോട്ടത്തിൽ അഭയം തേടാനിടയാക്കിയത്.
ജനിച്ച് മണിക്കൂറുകൾമാത്രം പ്രായമുള്ള തന്റെ കുഞ്ഞ്, ‘ഈ ലോകം തന്നെ വെറുക്കുന്നു’ എന്ന് ചിന്തിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു ആ യുവതിക്ക്. അതുകൊണ്ടുതന്നെ അവൾ പുതച്ചിരുന്ന തുണികൊണ്ട് ആ കുഞ്ഞിനെ പുതപ്പിച്ച് അവളുടെ ഹൃദയത്തോട് കൂടുതൽ ചേർത്തുപിടിച്ചു. അമ്മ നേരത്തെ മരണപ്പെട്ടിരുന്ന ആ യുവതിക്ക് അവളുടെ അപ്പനും ഭർത്താവുമായിരുന്നു ഏക ആശ്രയം. അവരും നഷ്ടമായ രാത്രി ഏറെ ഭയാനകമായിരുന്നു. അവരെ ഇനി ജീവനോടെ കാണാമെന്നുപോലും പ്രതീക്ഷയില്ലാതിരുന്ന ആ ആ രാത്രി മുഴുവനും അവൾ പ്രാർഥിച്ചുകൊണ്ടിരുന്നു.
“യേശുവിനോട് ഞാൻ കണ്ണീരോടെ അപേക്ഷിച്ചു. എന്റെ പിതാവിന്റെയും ഭർത്താവിന്റെയും ജീവനുവേണ്ടിയായിരുന്നു ഞാൻ പ്രാർഥിച്ചത്. ഒടുവിൽ, നേരംപുലർന്നപ്പോൾ, അവൾ തന്റെ ഭർത്താവിനെയും പിതാവിനെയും ജീവനോടെ കണ്ടെത്തി.” യേശുവിന് തന്നോടുള്ള സ്നേഹത്തിന്റെ പ്രകടനമായിരുന്നു അതെന്നായിരുന്നു ആ യുവതിയുടെ വാക്കുകൾ.
ആസിഡൊഴിച്ചും തീയിട്ടും തീവ്രവാദികൾ അവരുടെ ഗ്രാമം മുഴുവൻ നശിപ്പിക്കുമ്പോഴും ‘ദൈവം ഞങ്ങളെ സംരക്ഷിക്കും’ എന്ന പ്രത്യാശയായിരുന്നു ആ യുവതിയുടെ മനസ്സിൽ.

വിവർത്തനം: സി. നിമിഷ റോസ് CSN