
ബൈബിളിന്റെ ലാറ്റിൻ വിവർത്തനം നടത്തിയ സഭാ പിതാവും വിവർത്തകരുടെ മധ്യസ്ഥനും ഒക്കെയായാണ് വി. ജെറോമിനെ നമുക്ക് പരിചയം. എന്നാൽ അദ്ദേഹം ദേഷ്യംകൊണ്ട് മല്ലിടുന്ന ഒരു മനുഷ്യനായിരുന്നു എന്നാണു ചരിത്രം പറയുന്നത്.
ആധുനിക ക്രൊയേഷ്യയിലെ സ്ട്രിഡൺ നഗരത്തിലായിരുന്നു ജെറോം വളർന്നത്. മുപ്പതു വർഷക്കാലം ഗ്രീക്ക്, ഹീബ്രു, അരാമിക് എന്നീ മൂലഭാഷകളുമായി പ്രവർത്തിച്ചുകൊണ്ട് ജെറോമിന് ബൈബിളിന്റെ കൃത്യമായ ലാറ്റിൻ രൂപം തയ്യാറാക്കാൻ കഴിഞ്ഞു. ഈ ജോലികളിൽ ഭൂരിഭാഗവും അദ്ദേഹം ഒരു അർധ ഏകാന്തനായി താമസിച്ചിരുന്നത് ബെത്‌ലഹേമിനടുത്തുള്ള വിശുദ്ധനാട്ടിലായിരുന്നു. എന്നിരുന്നാലും, വി. അഗസ്റ്റിനും വി. ജെറോമും നിരവധി കത്തുകൾ അങ്ങോട്ടുമിങ്ങോട്ടും അയച്ചിരുന്നു.
ജെറോമിന് മറ്റുള്ളവരുമായി ഇണങ്ങിച്ചേരുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ധാരാളം ശത്രുക്കളുമുണ്ടായിരുന്നു. സുഹൃത്തുക്കളുമായി ഇടയ്ക്കിടെയുള്ള കത്തിടപാടുകളിൽ അദ്ദേഹത്തിന്റെ ദേഷ്യം കടന്നുവന്നു. ദേഷ്യത്തോടെ കടുത്ത വാക്കുകൾ പ്രയോഗിക്കുന്നതിൽ അദ്ദേഹം പ്രശസ്തനായിരുന്നു. പണ്ഡിതനായിരുന്നെങ്കിലും തന്നെ പ്രകോപിപ്പിച്ചിരുന്നവ എന്ത് തന്നെയായിരുന്നാലും അദ്ദേഹമത് കോപത്തോടെ ചൂണ്ടിക്കാട്ടി.
ഇപ്രകാരമൊക്കെയായിരുന്നാലും ജെറോം തന്റെ കോപത്തിൽ പശ്ചാത്തപിച്ചു എന്നതാണ് പ്രധാന കാര്യം. തന്റെ ജീവിതത്തിലെ ഏറ്റവും ദയനീയമായ പ്രശ്‌നങ്ങളിൽ നിന്ന് അദ്ദേഹം തിരിച്ചു നടന്നു. അദ്ദേഹം പശ്ചാത്തപിക്കുകയും കഠിനമായ തപസ്സുകൾ ചെയ്യുകയും ചെയ്തു. ഒരു ഘട്ടത്തിൽ, കോപം പ്രകടിപ്പിച്ചതിന് പ്രായശ്ചിത്തമായി അദ്ദേഹം ഒരു കല്ല് കൂടെ കൊണ്ടുനടന്നു. തന്റെ കോപത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു ജെറോമിനു നല്ല ബോധ്യമുണ്ടായിരുന്നു. അതിനാൽ തന്നെ അതിനെ മറികടക്കാനായി അദ്ദേഹം പ്രാർഥിച്ചു.
നാമെല്ലാവരും ഹൃദയത്തിന്റെ ചില പ്രലോഭനങ്ങളുമായി പൊരുതാറുണ്ട്. അതിനെ മറികടക്കേണ്ടതുണ്ടെന്ന് നമുക്കറിയാം. അതിനായി പരിശ്രമിക്കുമ്പോഴും വിശുദ്ധിക്കുവേണ്ടിയുള്ള പരിശ്രമം അവസാനിപ്പിക്കാത്ത വി. ജെറോമിനെ നമുക്ക് ഓർക്കാം.
കോപത്തിന്റെ ഏറ്റവും മോശമായ അവസ്ഥയെ തോൽപ്പിക്കാനുള്ള പോരാട്ടമായിരുന്നു വി. ജെറോമിന്റെ ജീവിതം. കോപത്തെ മറികടക്കാൻ തീർച്ചയായും ഈ വിശുദ്ധൻ നമ്മെ സഹായിക്കും.