മിലാനിലെ വി. അംബ്രോസ് 

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

പാശ്ചാത്യ സഭാചരിത്രത്തിൽ നിർണായകസ്ഥാനം അലങ്കരിക്കുന്ന വിശുദ്ധനാണ് മിലാനിലെ വി. അംബ്രോസ്. ആഴമായ ആധ്യാത്മികജ്ഞാനവും ഭരണനൈപുണ്യവും പാവങ്ങളോടുള്ള വലിയ സ്നേഹവും കോർത്തിണക്കിയ സമഗ്രവ്യക്തിത്വത്തിനുടമയായിരുന്ന അംബ്രോസ്, തന്റെ സ്വാധീനവലയത്തിൽ എത്തിയവരെയെല്ലാം ക്രിസ്തുവിലേക്ക് ആനയിക്കുന്നതിൽ വിജയിച്ചു. നൂറ്റാണ്ടുകൾ നീണ്ടുനിന്ന ക്രൈസ്തവപീഡനത്തിന്റെ അന്ത്യംകുറിച്ച എ.ഡി. 313 -ലെ പ്രസിദ്ധ മിലാൻ വിളംബരത്തിനുശേഷമുള്ള സഭയുടെ മുന്നോട്ടുള്ള യാത്രയുടെ ദിശ നിർണയിക്കുന്നതിൽ വി. അംബ്രോസ് വലിയപങ്കു വഹിച്ചു. ഒളിവിൽ കഴിഞ്ഞിരുന്ന ചെറിയ ക്രിസ്തീയസമൂഹങ്ങളിൽനിന്നും സാമ്രാജ്യത്തിലെ ഔദ്യോഗികമതമെന്ന നിലയിലേക്കുള്ള മാറ്റം സമ്മാനിച്ച പുതിയ വെല്ലുവിളികളെ സധൈര്യം നേരിടുന്നതിനും ക്രിസ്തീയവിശ്വാസത്തിന്റെ അന്തസത്ത സംരക്ഷിക്കുന്നതിനും മിലാനിലെ ബിഷപ്പായിരുന്ന അംബ്രോസിന് വലിയ സ്ഥാനമുണ്ട്. ഇന്നും മിലാനിലും വടക്കൻ ഇറ്റലിയിലും നിറഞ്ഞുനിൽക്കുന്ന ഒരു സജീവസാന്നിധ്യമാണ് വി. അംബ്രോസ്. അദ്ദേഹത്തിന്റെ അജപാലനപരമായ നേതൃത്വം എന്നും ആത്മീയ ഇടയന്മാർക്കെല്ലാം മാതൃകയായി നിലകൊള്ളുന്നു.

ബാല്യം, വിദ്യാഭ്യാസം   

ക്രിസ്തുവർഷം 339 -ൽ ഒരു ക്രിസ്തീയകുടുംബത്തിൽ അന്നത്തെ റോമൻ സാമ്രാജ്യ തലസ്ഥാനങ്ങളിലൊന്നായ ജർമ്മനിയിലെ ട്രിയറിലാണ് അംബ്രോസിന്റെ ജനനം. അംബ്രോസ് എ.ഡി. 392 -ലെഴുതിയ ഒരു ലേഖനത്തിൽ തനിക്ക് 53 വയസ്സായി എന്ന് എഴുതിയിരിക്കുന്നതിൽ നിന്നുമാണ് അദ്ദേഹം ജനിച്ച വർഷത്തെക്കുറിച്ചു കൃത്യമായി നാം അറിയുന്നത്. അന്ന് ഗാള്ളിയ ത്രവോരും എന്നറിയപ്പെട്ടിരുന്ന ട്രിയർ നഗരത്തിൽ അദ്ദേഹത്തിന്റെ പിതാവ് റോമൻ ചക്രവർത്തിയുടെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. ചില ചരിത്രകാരന്മാർ ഔറേലിയസ് അംബ്രോസിയൂസ് എന്ന റോമൻ പ്രീഫെക്ട് ആയിരുന്നു അംബ്രോസിന്റെ പിതാവ് എന്ന് പറയുമ്പോൾ  ഉറാനിയസ് എന്ന ഒരു റോമൻ ഉദ്യോഗസ്ഥൻ ആയിരുന്നു എന്ന് മറ്റുചിലർ പറയുന്നു.

പല മഹാന്മാരുടെയും കാലശേഷം അവരുടെ ജീവിതവുമായി ബന്ധപ്പെട്ടു ധാരാളം ഐതീഹ്യങ്ങൾ ഉടലെടുക്കാറുണ്ട്. അംബ്രോസിന്റെ ജനനവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഒരു കഥയിൽ, അദ്ദേഹം ജനിച്ചപ്പോൾ ഒരുകൂട്ടം തേനീച്ചകൾ കുട്ടി കിടന്ന തൊട്ടിലിൽ വന്നിരുന്ന് അദ്ദേഹത്തിന്റെ മുഖത്ത് ഒരുതുള്ളി തേൻ വീഴ്ത്തി എന്നുപറയുന്നു. ഇതുകണ്ട അദ്ദേഹത്തിന്റെ പിതാവ് തന്റെ മകൻ ഭാവിയിൽ തേനോലും നാവുള്ളവനായിത്തീരും എന്ന് വ്യാഖ്യാനിച്ചു എന്ന് പറയപ്പെടുന്നു. എന്നാൽ തന്റെ പ്രവചനപൂർത്തീകരണത്തിന് കാത്തുനിൽക്കാതെ അംബ്രോസ് കുട്ടിയായിരിക്കുമ്പോൾതന്നെ അദ്ദേഹത്തിന്റെ പിതാവ് ഈ ലോകത്തിൽനിന്നും വിടവാങ്ങി.

അംബ്രോസിന്റെ അമ്മ  വളരെ വിവേകമതിയും ഭക്തയുമായ ഒരു സ്ത്രീയായിരുന്നു. ഇവർ ഉന്നതകുലജാതയും റോമിലെ ഭരണകുടുംബത്തിലെ അംഗവുമായിരുന്നു. അംബ്രോസിന് രണ്ടു സഹോദരങ്ങളാണുണ്ടായിരുന്നത് – സത്തീറസും മാർസെലീനയും. ഭർത്താവിന്റെ പെട്ടെന്നുള്ള മരണംമൂലം തന്റെ മൂന്ന് മക്കളെയുംകൊണ്ട് റോമിലേക്ക് താമസംമാറ്റാൻ അവർ നിർബന്ധിതയായി. എന്നാൽ റോമിലായിരിക്കുന്ന സമയത്ത് അംബ്രോസിന്റെ അമ്മയും മരിക്കുന്നു. മൂത്ത സഹോദരി മാർസെലീനയാണ് തന്റെ സഹോദരന്മാരുടെ കാര്യങ്ങൾ നോക്കിയിരുന്നത്. മാർസെലീന പിന്നീട് സന്യാസം സ്വീകരിച്ച് പ്രാർഥനയിലും ഉപവിപ്രവർത്തനങ്ങളിലും ഏർപ്പെട്ടു. അവർ സന്യാസിനി ആയപ്പോൾ ലിബെരിയൂസ് മാർപാപ്പയാണ് അവർക്ക് സന്യാസവസ്ത്രം നൽകിയത് എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതുപോലെ മിലാനിലെ സ്ത്രീകളുടെ ഇടയിൽ വലിയ സ്വാധീനമുള്ളവളായി മാർസെലീന മാറുകയും അവളിലൂടെ അനേകർ സന്യാസിനികളാവുകയും ചെയ്തു.

അംബ്രോസ് മിലാനിലെ ബിഷപ്പായതിനുശേഷം സഹോദരൻ  സത്തീറസ് അദ്ദേഹത്തിന്റെ സഹായിയായി മിലാനിലെത്തുന്നു. സഭയുടെ ഭൗതീകസംവിധാനങ്ങളുടെ കൈകാര്യം സത്തീറസ് ഏറ്റെടുക്കയും അതീവ വിശ്വസ്തതയോടെ അത് നിർവഹിക്കുകയും ചെയ്തു. അംബ്രോസിന് ആത്മീയകാര്യനിർവഹണത്തിന് കൂടുതൽ സമയം ചിലവഴിക്കുന്നതിന് തന്റെ സഹോദരന്റെ സേവനങ്ങൾ ഇടയാക്കി. വി. അംബ്രോസിന്റെ സഹോദരങ്ങൾ രണ്ടുപേരും ഇന്ന് സഭയിലെ വിശുദ്ധരുടെ ഗണത്തിൽ ഉൾപ്പെട്ടിരിക്കുന്നവരാണ്.

റോമിൽവച്ച് അംബ്രോസ് സാഹിത്യവും, നിയമവും, പ്രഭാഷണകലയും പഠിച്ചു. തന്റെ പിതാവിന്റെ പാത പിന്തുടർന്നുകൊണ്ട് സർക്കാർ സേവനത്തിനായി അദ്ദേഹം ഇറങ്ങിത്തിരിച്ചു. ന്യായാധിപന്റെ ഉപദേശകസമിതിയിൽ അംഗമായി തന്റെ പൊതുജീവിതം അദ്ദേഹം ആരംഭിച്ചു. എ.ഡി. 372 -ൽ അംബ്രോസിനെ വടക്കൻ ഇറ്റലിയിലെ ലിഗൂറിയ-എമീലിയ പ്രോവിൻസിന്റെ ഗവർണർ ആയി ചക്രവർത്തി നിയമിച്ചു.

മിലാനിലെ ബിഷപ്പ്   

വി. അംബ്രോസിന്റെ ജീവിതവുമായി ബന്ധപ്പെട്ട പല നിർണായകവിവരങ്ങളും നമുക്ക് ലഭ്യമായിരിക്കുന്നത് അദ്ദേഹത്തിന്റെ സെക്രട്ടറി ആയിരുന്ന പൗളിനോസ് എഴുതിയ ‘അംബ്രോസിന്റെ ജീവിതം’ എന്ന കൃതിയിൽ നിന്നുമാണ്. എ.ഡി. 325 -ൽ കോൺസ്റ്റന്റീൻ ചക്രവർത്തിയുടെ അധ്യക്ഷതയിൽ നടന്ന നിഖ്യാ സൂനഹദോസിൽവച്ച് ആര്യൻ വിശ്വാസത്തെ പാഷണ്ഡതയായി പ്രഖ്യാപിച്ചു. എന്നാൽ ആരിയൂസിന്റെ അബദ്ധസിദ്ധാന്തങ്ങളെ അനുധാവനം ചെയ്തിരുന്ന വലിയ സമൂഹങ്ങൾ റോമൻ സാമ്രാജ്യത്തിലുടനീളം നിലനിന്നിരുന്നു. എ.ഡി. 374 -ൽ മിലാനിലെ ആര്യൻ അനുഭാവിയായിരുന്ന ബിഷപ്പ് ഔക്സെന്തിയൂസ് അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയെച്ചൊല്ലി വലിയ തർക്കങ്ങൾ ഉടലെടുത്തു. ഈ സമയത്താണ് ആ പ്രദേശത്തെ ഗവർണറായിരുന്ന അംബ്രോസ് സമാധാനശ്രമവുമായി അവർ ഒത്തുകൂടിയ ദൈവാലയത്തിലെത്തിയത്. കലഹിച്ചിരുന്ന ജനത്തെ ശാന്തമാക്കുന്നതിനായി അവരോട് അംബ്രോസ് സംസാരിക്കുന്ന സമയത്ത് ജനക്കൂട്ടത്തിനിടയിൽനിന്നും ഒരു കുട്ടി ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “അംബ്രോസ്, ബിഷപ്പ്.” തങ്ങളുടെ ഭിന്നതകൾ മറന്ന് അവിടെയുണ്ടായിരുന്നവർ എല്ലാം ഒരേസ്വരത്തിൽ ഇത് ഏറ്റുപാടി.

ക്രിസ്തീയകുടുംബത്തിലാണ് ജനിച്ചതെങ്കിലും അന്നത്തെ സഭയുടെ രീതിയനുസരിച്ച്  അംബ്രോസ് മാമ്മോദീസ സ്വീകരിക്കുന്നതിനായി ഒരുങ്ങുന്ന ഒരു അർഥി മാത്രമായിരുന്നു. അതിനാൽ ദൈവാലയത്തിലുണ്ടായിരുന്ന മറ്റാരേക്കാളും തന്നെ ബിഷപ്പായി തിരഞ്ഞെടുത്തതിൽ അത്ഭുതം തോന്നിയത് അംബ്രോസിനായിരുന്നു. സമൂഹത്തിൽ വലിയ വിലയും നിലയുമുള്ള ഗവർണർസ്ഥാനം ഉപേക്ഷിച്ച് ഒരു ബിഷപ്പാകുന്നത് അക്കാലത്ത് അത്ര ആകർഷണീയവുമായിരുന്നില്ല. മാത്രമല്ല, അതിനുള്ള യോഗ്യതയും പരിശീലനവും തനിക്കില്ല എന്ന ഉത്തമബോധ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ഭൗതീക അധികാരം മാത്രം കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചിരിക്കുന്ന തനിക്ക് ഒരു ബിഷപ്പിന്റെ ആത്മീയകർത്തവ്യങ്ങൾ കൈയ്യാളാനുള്ള കഴിവോ, യോഗ്യതയോ ഇല്ലായെന്ന് അദ്ദേഹത്തിന് ഉത്തമബോധ്യമുണ്ടായിരുന്നു. ഇക്കാരണങ്ങളാൽ ഈ സ്ഥാനം താൻ നിരസിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് അംബ്രോസ് അവിടെനിന്നും ഒളിവിൽപോയി.

തന്റെ സുഹൃത്തായിരുന്ന ലെയോന്തിയൂസിന്റെ ഭവനത്തിൽ അദ്ദേഹം രഹസ്യത്തിൽ താമസിക്കുന്ന സമയത്താണ് വാലന്തീനിയൻ ചക്രവർത്തി അംബ്രോസിനെ അഭിനന്ദിച്ചുകൊണ്ടുള്ള കത്ത് പ്രസിദ്ധം ചെയ്‍തത്.  അതുപോലെതന്നെ അംബ്രോസിനെ ഒളിപ്പിക്കുന്നവർക്ക് ശിക്ഷയും നല്കുമെന്ന് ഈ കത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. അതിനാൽ  ലെയോന്തിയൂസിന് തന്റെ സുഹൃത്തിനെ കൈയൊഴിയുകയേ നിവർത്തിയുണ്ടായിരുന്നുള്ളൂ. ഇതേതുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ അംബ്രോസ് മാമ്മോദീസയും മറ്റു കൂദാശകളും സ്വീകരിച്ച്  മിലാനിലെ ബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ടു. ഉന്നതകുലജാതനും അധികാരശ്രേണിയിൽ അവരോധിക്കപ്പെട്ടവനുമായിരുന്ന അംബ്രോസിന്റെ ബിഷപ്പ്സ്ഥാനം സഭയുടെ അന്തസ്സ് സമൂഹത്തിൽ ഉയർത്തുന്നതിനു കാരണമായി.

ലാളിത്യവും വിജ്ഞാനവും സമുന്വയിപ്പിച്ച ജീവിതം   

ബിഷപ്പായി സ്ഥാനമേറ്റെടുത്തതുമുതൽ അംബ്രോസിന്റെ ജീവിതരീതിയിൽ പ്രകടമായ മാറ്റങ്ങളുണ്ടായി. തന്റെയും കുടുംബത്തിന്റെയും കൈവശമുണ്ടായിരുന്ന ഭൂമിയെല്ലാം സഭയ്ക്ക് ദാനംചെയ്തു. മറ്റു ഭൗതീകവസ്തുക്കൾ പാവങ്ങൾക്കു നല്കി. ബിഷപ്പ് അംബ്രോസ് ഒരു സന്യാസിയുടെ ജീവിതശൈലി അവലംബിച്ചു. എന്നിരുന്നാലും തന്റെ സഹോദരി മാർസെലിനയ്ക്ക് ജീവിക്കാനാവശ്യമായ സ്വത്തുക്കൾ അവരുടെ വിഹിതത്തിൽനിന്നും നല്കി. അവരാകട്ടെ സന്യാസിനി ആയിത്തീർന്നപ്പോൾ അതൊക്കെയും തന്റെ സമൂഹത്തിനു നല്കുകയുംചെയ്തു. ഇത്തരം പ്രവർത്തനങ്ങൾ അംബ്രോസിന് ദൈവജനനത്തിന്റെ ഇടയിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുക്കുകയും കൂടുതൽ ഗൗരവതരമായ തീരുമാനങ്ങൾ എടുക്കുന്നതിന് പ്രചോദനമായിത്തീരുകയും ചെയ്തു.

തനിക്ക് ഒരു ബിഷപ്പിനുണ്ടായിരിക്കേണ്ട സഭാപരമായ അറിവ് ഇല്ലായെന്ന് തിരിച്ചറിഞ്ഞ അംബ്രോസ് വലിയ തിരക്കുകൾക്കിടയിലും പഠനത്തിനായി ധാരാളം സമയം ചിലവഴിച്ചു. സഭാപഠനങ്ങളിൽ അവഗാഹം നേടുന്നതിനായി റോമിൽനിന്ന് പ്രശസ്ത ബൈബിൾ പണ്ഡിതൻ സിംപ്ലിചിയാനെ മിലാനിൽ വരുത്തി അദ്ദേഹത്തിൽ നിന്ന് ദൈവശാസ്ത്രം അഭ്യസിച്ചു.  ഈ ബന്ധം വളർന്നു വി. സിംപ്ലിചിയാൻ അംബ്രോസിന്റെ പിൻഗാമിയാകുന്ന അവസ്ഥ ഉണ്ടായി. തന്റെ ആത്മീയപിതാവെന്നാണ് അദ്ദേഹത്തെ അംബ്രോസ് വിളിച്ചിരുന്നത്. ഇതുകൂടാതെ വി. അഗസ്തീനോസിന് അറിവ് പകർന്ന് നല്കുന്നതിനും സിംപ്ലിചിയാൻ ശ്രദ്ധിച്ചു. വി. അഗസ്തീനോസ് ആത്മീയപിതാവെന്നു വിളിച്ചിരിക്കുന്ന സിംപ്ലിചിയാനൂസിന്റെപേരിൽ തന്റെ രണ്ടു പുസ്തകങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഗ്രീക്ക് ഭാഷയിൽ പ്രാവീണ്യമുണ്ടായിരുന്ന അംബ്രോസ്, ഗ്രീക്ക് സഭാപിതാക്കന്മാരായ ഒരിജിൻ, വി. ബേസിൽ, ജറുസലേമിലെ വി. സിറിൽ എന്നിവരെ ആഴത്തിൽ പഠിച്ചു. ഇത് പൗരസ്ത്യപിതാക്കന്മാരുടെ ആശയങ്ങൾ പാശ്ചാത്യസഭയിൽ വലിയ സ്വീകാര്യത ഉണ്ടാക്കുന്നതിന് സഹായിച്ചു.

പേരുകേട്ട പ്രസംഗകൻ   

മുൻപ് പറഞ്ഞ ഐതീഹ്യത്തിൽ, അംബ്രോസിന്റെ നാവിൽ തേനീച്ച ഒരുതുള്ളി തേൻ വീഴ്ത്തിയത് ഭാവിയിൽ അദ്ദേഹം ഒരു വലിയ പ്രസംഗകനായി തീരുമെന്നതിന്റെ അടയാളമായി വ്യാഖ്യാനിക്കപ്പെടുന്നു. അംബ്രോസ് നേതൃത്വം നല്കിയ ആരാധനയിൽ സംബന്ധിക്കുന്നതിനും പ്രസംഗം കേൾക്കുന്നതിനും അനേകർ മിലാനിലെ കത്തീഡ്രൽ ദൈവാലയത്തിൽ ഒത്തുകൂടിയിരുന്നു. മിലാനിലെ ബിഷപ്പിന്റെ  നർമ്മവും വാക്ചാതുരിയും ആശയസംവേദന നൈപുണ്യവും  വെളിവാക്കുന്നതിനായി അദ്ദേഹം ഒരു മദ്യപാനിയുടെ അവസ്ഥയെക്കുറിച്ചു വിവരിക്കുന്നത് ചുവടെ ചേർക്കുന്നു (എന്റെ പരിഭാഷ വി. അംബ്രോസിന്റെ ഭാഷാഭംഗി പകർന്നുനല്കുന്നതിന് അപര്യാപ്തമാണ്).

“മദ്യപാനത്തിൽനിന്ന് ഭ്രമിപ്പിക്കുന്ന ദര്‍ശനങ്ങളും അസ്ഥിരമായ വീക്ഷണങ്ങളും കുഴഞ്ഞ നടത്തവും ഉരുവാകുന്നു. കുടിയന്മാർ വഴിയിലെ നിഴലിന്റെ മുകളിലൂടെ കുഴിയെന്ന ഭാവത്തിൽ എടുത്തുചാടുന്നു. അവർ നിൽക്കുന്ന തറ ആടിക്കൊണ്ടേയിരിക്കും. പെട്ടെന്ന് അത് ഉയരുന്നതായും താഴുന്നതായും കറങ്ങുന്നതായും അവർക്കു തോന്നും. ഭയത്തോടെ മുഖമടിച്ചുവീഴുമ്പോൾ കരങ്ങൾകൊണ്ട് തങ്ങൾ കിടക്കുന്ന നിലത്തെ അവർ ആലിംഗനംചെയ്യുന്നു. തറയിൽ കിടക്കുന്ന തനിക്കുമുകളിലേക്ക് പർവതങ്ങൾ നിപതിക്കുന്നതായി അവർ വിഭാവനംചെയ്യുന്നു. അവരുടെ കർണ്ണപുടങ്ങളിൽ ഇരമ്പുന്ന കടലിന്റെയും തീരത്തടിക്കുന്ന തിരമാലകളുടെയും ഗർജനശബ്ദവും മുഴങ്ങുന്നു. നായ്ക്കളെ കാണുന്നമാത്രയിൽ സിംഹമെന്ന ചിന്തയിൽ അവർ ഭയന്നോടുന്നു. ചിലർ വികൃതമായി അട്ടഹസിച്ചുമറിയുന്നു, മറ്റു ചിലർ അനിയന്ത്രിതസങ്കടത്തോടെ വിലപിക്കുന്നു, വേറെ ചിലർ അചേതനമായ ഭീകരത ദർശിക്കുന്നു. ഉണർന്നിരിന്നവർ ഉറങ്ങുന്നു, നിദ്രയിൽ അവർ കലഹിക്കുന്നു. ജീവിതം ദിവാസ്വപ്നവും അവരുടെ ഉറക്കം നിഗൂഢതകൾ നിറഞ്ഞതുമാകുന്നു.”

എ.ഡി. 380 -ൽ മിലാനിലെ ഭൂവുടമകൾ പാവങ്ങളെ ചൂഷണംചെയ്യുന്നത് തടയുന്നതിനായി ദൈവാലയത്തിൽ ധാരാളം പ്രസംഗങ്ങൾ അദ്ദേഹം നടത്തി. അത്യാര്‍ത്തി സമൂഹത്തിന്റെ നിലനിൽപ്പിനെ അപകടത്തിലാക്കുന്ന തിന്മയാണ്. സമ്പന്നർ തങ്ങളുടെ സമൂഹത്തിലുള്ള പാവങ്ങളുടെ സംരക്ഷണത്തിനു മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടു. പാവങ്ങൾ സമൂഹത്തിലെ അകറ്റിനിർത്തേണ്ടുന്ന ഒരു വിഭാഗമായി അന്നത്തെ സമ്പന്നർ കരുതിയപ്പോൾ അതിനെതിരെ പൊരുതി അവരെ ചേർത്തുനിർത്തിയ ആളാണ് വി. അംബ്രോസ്. അവരെ സഹായിക്കുന്നത് ആരുടേയും ഔദാര്യമല്ല, പിന്നെയോ എല്ലാവർക്കുമായി ദൈവം നൽകിയിരിക്കുന്ന ഈ ഭൂമിയിലെ സൗകര്യങ്ങളുടെ തുല്യമായ പങ്കുവയ്ക്കൽ മാത്രമാണ് എന്നാണ് അദ്ദേഹം പഠിപ്പിച്ചത്. ഇത് നമ്മുടെ പൊതുവായ മനുഷ്യകുലത്തിന്റെ ഭാഗമായ ദൗത്യവുമാണ്.

അംബ്രോസിന്റെ പ്രസംഗങ്ങൾ കേട്ട് അനേകർ സന്യാസത്തിലേക്ക് ആകർഷിക്കപ്പെടുകയും ചില മാതാപിതാക്കൾ അതിൽ പരിതപിക്കുകയും ചെയ്തിരുന്നു. ഒരുപക്ഷേ, വി. അംബ്രോസ് തന്റെ അറിവിലൂടെയും പ്രസംഗങ്ങളിലൂടെയും സഭയ്ക്ക് നല്കിയ ഏറ്റം വലിയ സമ്മാനമാണ് വി. അഗസ്തീനോസ്.

ശീശ്മയ്ക്കെതിരെയുള്ള നിരന്തര പോരാട്ടം 

വി. അംബ്രോസിന്റെ സഭാസംഭാവനകൾ ആഴത്തിലറിയാൻ റോമൻ സാമ്രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ അക്കാലത്ത് പ്രബലമായിരുന്ന ആര്യൻപാഷണ്ഡത എന്തെന്ന് അറിയേണ്ടതുണ്ട്. പുരാതന റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ടോളമൈസ്-പെന്താപ്പോലീസിൽ (ഇന്നത്തെ ലിബിയ പ്രദേശങ്ങൾ)  നിന്നുള്ള പുരോഹിതനായിരുന്ന ആരിയൂസ് (256-336) പുതിയ ഒരു പ്രബോധനവുമായി അവതരിക്കുന്നു. പിതാവായ ദൈവത്തിന്റെ സൃഷ്ടിയാണ് പുത്രനെന്നും അതിനാൽത്തന്നെ അനാദിമുതലേയുള്ള അസ്തിത്വം പുത്രന് അസാധ്യമാണെന്നും പിതാവിന്റെ സത്തയിൽനിന്നും പുത്രൻ വ്യത്യസ്തനാണെന്നും ആരിയൂസ് പഠിപ്പിച്ചു. ഈ പാഷണ്ഡത അതിവേഗം ലിബിയ, ഈജിപ്ത് പ്രദേശങ്ങളിലൂടെ റോമൻ സാമ്രാജ്യത്തിലുടനീളം വ്യാപിച്ചു. പൗരസ്ത്യ-പാശ്ചാത്യ പ്രദേശങ്ങളിലെ ഭരണാധികാരികളും ആത്മീയനേതൃത്വവും ഈ പ്രതിസന്ധിയിൽ പക്ഷംചേർന്ന് വിഭജിക്കപ്പെട്ടതോടെ സഭയിലും സാമ്രാജ്യത്തിലും വലിയ പ്രതിസന്ധി ഉടലെടുത്തു.

എ.ഡി. 325 -ൽ കോൺസ്റ്റന്റൈൻ ചക്രവർത്തി വിളിച്ചുകൂട്ടിയ നിഖ്യാ സൂനഹദോസിൽവച്ച് ആരിയൂസിന്റെ പ്രബോധനങ്ങളെ പാഷണ്ഡതയായി പ്രഖ്യാപിക്കുകയും നമ്മൾ ഇന്ന് ഏറ്റുചൊല്ലുന്ന വിശ്വാസപ്രമാണം രൂപപ്പെടുത്തുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും ഈ പ്രശ്നം പെട്ടെന്ന് പരിഹരിക്കപ്പെടാൻ സാധിക്കാത്തവിധത്തിൽ വളർന്നിരുന്നു. ആരിയൂസിനെ പിന്തുണയ്ക്കുന്ന ധാരാളം ബിഷപ്പുമാർ അന്നുണ്ടായിരുന്നു. റത്തിയാറിയായിലെ ബിഷപ്പ് പല്ലാഡിയൂസും സിഞ്ചിഡൂനമിലെ ബിഷപ്പ് സെക്കുൻഡിയാനൂസും ഗ്രാഷ്യൻ ചക്രവർത്തിയെ സ്വാധീനിച്ച് ഒരു ജനറൽ കൗൺസിൽ വിളിച്ചുകൂട്ടാൻ പ്രേരിപ്പിച്ചു. ചക്രവർത്തി അവരുടെ ആവശ്യത്തിന് വഴങ്ങുകയും അതിനുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ മിലാനിലെ ബിഷപ്പായിരുന്ന അംബ്രോസ് ഇതിന് തടയിടുകയും പാശ്ചാത്യബിഷപ്പുമാരുടെ മാത്രം ഒരു അസംബ്ലി മതിയെന്ന് ചക്രവർത്തിയെ ബോധ്യപ്പെടുത്തുകയും ചെയ്തു.

എ.ഡി. 381 -ൽ 32 ബിഷപ്പുമാരുടെ ഒരു സമ്മേളനം അക്വീലേയ എന്ന സ്ഥലത്തു കൂടുകയും അംബ്രോസിനെ സമ്മേളനത്തിന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കുകയും ചെയ്തു. ആര്യൻ ബിഷപ്പുമാരോട് ഇവിടെയെത്തി തങ്ങളുടെ വാദങ്ങൾ സമർഥിക്കുന്നതിന് സിനഡ് ആവശ്യപ്പെട്ടെങ്കിലും അവർ അതിന് വിസമ്മതിച്ചു. അംബ്രോസിന്റെ നേതൃത്വത്തിലുള്ള ഒരു സിനഡിൽ തങ്ങൾ ഒരിക്കലും വിജയിക്കില്ലെന്ന് അവർ തിരിച്ചറിഞ്ഞു. തദനന്തരം അക്വീലേയ സിനഡ് ഈ ബിഷപ്പുമാരെ അധികാരത്തിൽനിന്ന് പുറത്താക്കുകയും അങ്ങനെ സാവധാനം ഈ പ്രദേശങ്ങളിൽനിന്ന് ആര്യൻ പാഷണ്ഡത അപ്രത്യക്ഷമാവുകയും ചെയ്തു. ഇതിനുശേഷവും തന്റെ മെത്രാൻഭരണത്തിന്റെ നല്ല സമയവും ആര്യൻ പാഷണ്ഡതയ്ക്കെതിരെ അംബ്രോസ് സന്ധിയില്ലാ സമരം നടത്തുകയും അതിൽ വിജയിക്കുകയും ചെയ്തു. സത്യവിശ്വാസവും സഭയുടെ ഐക്യവും അദ്ദേഹത്തെ സംബന്ധിച്ച് പരമപ്രധാനമായിരുന്നു. കൂടാതെ, പുരാതന റോമൻ മതവിശ്വാസികളും വിഗ്രഹാരാധകരും അവിശ്വാസികളും ധാരാളമുണ്ടായിരുന്ന ഈ കാലഘട്ടത്തിൽ ക്രിസ്തീയസഭയിലെ അനൈക്യം വിശ്വാസപ്രഘോഷണത്തിന് തടസമാകരുതെന്ന ചിന്തയും വി. അംബ്രോസിനുണ്ടായിരുന്നു.

ആര്യനിസം ഇവിടെ പരാജയപ്പെടുന്നതിന് മറ്റൊരു സംഭവംകൂടി നിദാനമായിത്തീർന്നു. നീറോ ചക്രവർത്തിയുടെ കാലത്ത് രക്തസാക്ഷിമകുടം ചൂടിയ വി. ജെർവാസിനെയും വി. പ്രോത്താസിനെയും അടക്കിയ സ്ഥലം അംബ്രോസ് കണ്ടെത്തി പുതിയ ദൈവാലയത്തിലേക്ക്  പ്രദക്ഷിണമായി കൊണ്ടുവന്നു.  ഈ പ്രദക്ഷിണം കടന്നുപോവുന്ന സമയത്ത് സേവേറൂസ് എന്ന അന്ധനായ മനുഷ്യൻ ഇവരുടെ തിരുശേഷിപ്പ് അടങ്ങുന്ന പേടകത്തെ സ്പർശിക്കുകയും കാഴ്ചയുള്ളവനായിത്തീരുകയും ചെയ്തു. ഇതുകൂടാതെ മറ്റനേകർക്ക് സൗഖ്യംലഭിക്കുകയും ചെയ്തപ്പോൾ അംബ്രോസിന്റെ നേതൃത്വത്തിലുള്ള സത്യവിശ്വാസസഭയിലേക്ക് അനേകർ മാനസാന്തരപ്പെടുകയും അങ്ങനെ ആര്യൻ പാഷണ്ഡത ഇവിടെ പരാജയപ്പെടുകയും ചെയ്തു.

ഇതുകൂടാതെ പാശ്ചാത്യ റോമൻ സാമ്രാജ്യത്തിൽ പേഗനിസം ഇല്ലാതാവുന്നതിനും വി. അംബ്രോസ് വലിയപങ്കു വഹിച്ചിട്ടുണ്ട്. റോമൻ സെനറ്ററും ആഫ്രിക്കൻ പ്രോവിൻസിന്റെ ഗവർണറുമൊക്കെ ആയിരുന്ന സിമാക്കൂസ് വിക്ടറി ദേവതയുടെ അൾത്താര റോമൻ ഫോറത്തിൽ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ വി. അംബ്രോസിന്റെ ശക്തമായ എതിർപ്പും ചക്രവർത്തിയുടെ ക്രിസ്തീയവിശ്വാസത്തോടുള്ള അനുഭാവവും കാരണം പേഗൻ ചിന്താഗതി റോമിൽ എന്നന്നേക്കുമായി പരാജയപ്പെട്ടു. തെയഡോഷ്യസ് ചക്രവർത്തി അംബ്രോസിന്റെ കരങ്ങളിൽ കിടന്നാണ് മരിക്കുന്നത്. അദ്ദേഹത്തിന്റെ ചരമപ്രസംഗം നടത്തിയതും അംബ്രോസാണ്.

ദൈവശാസ്ത്ര രചനകൾ   

തന്റെ സമകാലീനരായിരുന്ന വി. ജെറോം, വി. അഗസ്തീനോസ് എന്നിവരുടെ അത്രയും വിപുലമായ രചനകൾ വി. അംബ്രോസ് നടത്തിയില്ലെങ്കിലും ധാരാളം എടുത്തുപറയത്തക്ക കൃതികളുടെ കർത്താവാണ് അദ്ദേഹം. അംബ്രോസ് തന്റെ രചനകൾ നടത്തിയത് ലത്തീൻ ഭാഷയിലാണ്. എന്നാൽ അദ്ദേഹത്തിന്റെ ഗ്രീക്ക് ഭാഷയിലുണ്ടായിരുന്ന അവഗാഹം പൗരസ്ത്യ പിതാക്കന്മാരുടെ ഗ്രന്ഥങ്ങൾ വായിക്കുന്നതിനും അവരുടെ ആശയങ്ങൾ പാശ്ചാത്യസഭയിൽ അവതരിപ്പിക്കുന്നതിനും ഇടയാക്കി. അംബ്രോസിന്റെ രചനകളെ വിഷയത്തിന്റെ അടിസ്ഥാനത്തിൽ പ്രാമാണികം, വ്യാഖ്യാനശാസ്‌ത്രം, ധാർമ്മികം, പ്രസംഗങ്ങൾ, ലേഖനങ്ങൾ, ഗീതകങ്ങൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു (ഏതാനും ചില കൃതികൾ മാത്രമാണ് ഇവിടെ സൂചിപ്പിക്കാൻ സാധിക്കുക).

‘ദെ ഫീദെ’ (വിശ്വാസത്തെക്കുറിച്ച്) എന്ന ദൈവശാസ്ത്രകൃതിയിലൂടെ വി. അംബ്രോസ് ചില പ്രാമാണികസത്യങ്ങൾ കത്തോലിക്കാസഭയുടെ വിശ്വാസത്തിന്റെ ഒഴിച്ചുകൂടാനാവാത്ത അംശങ്ങളാണെന്നു സമർഥിക്കുകയും അതിന്റെ നിരാസം പാഷണ്ഡതയാണെന്നും പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ വിഭാഗത്തിലെ ആദ്യത്തെ രണ്ടു പുസ്തകങ്ങൾ ഗ്രേഷ്യൻ ചക്രവർത്തിയുടെ ആവശ്യപ്രകാരം എഴുതിയതാണ്. രണ്ടാമത്തെ മൂന്നു പുസ്തകങ്ങൾ ദൈവജനനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചെയ്ത പ്രസംഗങ്ങളിൽനിന്നും രൂപപ്പെട്ടതാണ്. ആര്യൻ പാഷണ്ഡതയ്ക്കെതിരെ ഈ കൃതികളിൽ ക്രിസ്തുവിന്റെ ദൈവത്വത്തെ എടുത്തുകാട്ടുന്നതിനായി എഴുതപ്പെട്ടവയാണ് ഇത്.

‘ദെ സ്പിരിത്തു സാൻക്തു’ (പരിശുദ്ധാത്മാവിനെക്കുറിച്ചു) എന്ന പുസ്തകം ‘ദെ ഫീദെ’ എന്ന ഗ്രന്ഥത്തിന്റെ തുടർച്ചയായി എ.ഡി. 381 -ൽ എഴുതിയതാണ്. പരിശുദ്ധാത്മാവ് പിതാവിനോടും പുത്രനോടും സ്വഭാവത്തിലും സത്തയിലും സമനും തന്റേതായ വ്യക്തിത്വമുള്ളവനുമാകുന്നുവെന്ന സഭയുടെ പ്രബോധനത്തെ ഇവിടെ ഒന്നുകൂടി അടിവരയിട്ടു വിശദീകരിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്ന ദൈവത്തിന്റെ ആത്മാവ് പ്രവാചകന്മാരിലൂടെയും അപ്പസ്തോലന്മാരിലൂടെയും നമ്മോടു സംസാരിക്കുകയും അജ്ഞേയമായ ഒരു ലേപനത്തിലൂടെ നമ്മെ അഭിഷേചിക്കുകയും ചെയ്യുന്നുവെന്നും അംബ്രോസ് എഴുതുന്നു.

‘ദെ ഇൻകർനാസിയോണിസ് ഡൊമിനിക്കെ സാക്രമെന്തോ’ (രക്ഷകന്റെ മനുഷ്യാവതാര രഹസ്യം) എന്ന ഗ്രന്ഥത്തിൽ, ആര്യൻ തത്വസംഹിതകളെ ഖണ്‌ഡിച്ചുകൊണ്ട് ക്രിസ്തുവിന്റെ ദൈവത്വത്തെയും നിത്യതയെയും എടുത്തുകാട്ടി എപ്രകാരം അവിടുന്നു പൂർണമനുഷ്യനും പൂർണദൈവവുമായിരിക്കുന്നു എന്ന് വി. അംബ്രോസ് സമർഥിക്കുന്നു. നിഖ്യാ വിശ്വാസപ്രമാണത്തിൽ വിശദീകരിച്ചിരിക്കുന്ന വിശ്വാസസത്യങ്ങളെ തന്റെ ദൈവജനത്തിന് പകർന്നുനൽകുന്നതിനുള്ള ഒരു ഇടയന്റെ തീക്ഷ്ണതയിൽ നിന്നുമാണ് ഈ ഗ്രന്ഥം പിറവിയെടുത്തത്.

‘ദെ മിസ്തേരിസ്’ (രഹസ്യങ്ങൾ) എന്ന ഗ്രന്ഥത്തിൽ മാമ്മോദീസ, സ്ഥൈര്യലേപനം, പരിശുദ്ധ കുർബാന എന്നീ കൂദാശകളെക്കുറിച്ച് വി. അംബ്രോസ് വിശദീകരിക്കുന്നു.  തന്റെ സഹോദരി മാർസെലീനയെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയിരിക്കുന്ന ഗ്രന്ഥമാണ് ‘ദെ വെർജിനിബുസ്’ (ചാരിത്ര്യവതി). അംബ്രോസിൽ നിന്നും പിൽക്കാല തലമുറയ്ക്കു ലഭിച്ച സ്വാധീനമുള്ള ഗ്രന്ഥങ്ങളിലൊന്നാണ് ‘ദേ ഒഫീച്ചിസ്’ (De Officiis). നീതിയും ഉദാരമനോഭാവവും പാവങ്ങളോടുള്ള സമീപനത്തിൽ സ്വീകരിക്കുന്നതിനെക്കുറിച്ചാണ് ഇതിൽ അദ്ദേഹം പറയുന്നത്. റോമൻ ചിന്തകനായിരുന്ന സിസറോയുടെയും വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യഗ്രന്ഥമായ ഉല്പത്തി പുസ്തകത്തിലെയും ആശയങ്ങൾ കടംകൊണ്ടുകൊണ്ട് സമൂഹത്തിൽ പരസ്പരം സഹായിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുകാട്ടുന്നു.

തന്റെ അജപാലനപരിധിയിൽ വരുന്ന ദൈവജനത്തിന്റെ ആവശ്യത്തിലേക്കാണ് അംബ്രോസ് രചനകൾ നടത്തിയിരുന്നത്. പുണ്യത്തിന്റെ പ്രകാശിതരൂപമായി ദൈവമാതാവിനെ അവതരിപ്പിച്ചുകൊണ്ട് അമ്മമാർക്കും കന്യകൾക്കും ഒരുപോലെ മാതാവ് മാതൃകയാണെന്ന് അംബ്രോസ് വാദിച്ചു. ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്റെ ആശയങ്ങൾ സംവേദനം ചെയ്യുന്നതിലും അദ്ദേഹത്തിന് വലിയ പ്രാഗത്ഭ്യം ഉണ്ടായിരുന്നു.

അംബ്രോസ് എഴുതിയ 91 ലേഖനങ്ങളും എഴുത്തുകളും പിൽക്കാല തലമുറയ്ക്ക് ലഭ്യമാണ്. പലരുടെയും സംശയങ്ങൾക്ക് മറുപടിയായിട്ടാണ് ഇതിൽ പലതും എഴുതപ്പെട്ടിരിക്കുന്നത്. ഇക്കാലത്തെ ക്രിസ്തീയസഭയെക്കുറിച്ചുള്ള നിർണായകവിവരങ്ങളാണ് ഈ എഴുത്തുകൾ ഉൾക്കൊള്ളുന്നത്. പരിശുദ്ധ കുർബാനയെ സൂചിപ്പിക്കുന്ന പദങ്ങളായ ‘മാസ്സ്,’ ‘മിസ്സ’ തുടങ്ങിയ ലത്തീൻ വാക്കുകൾ ആദ്യമായി കാണുന്നതും അബ്രോസിന്റെ രചനകളിലാണ്. ഇക്കാലഘട്ടത്തിലെ സഭയെ അടുത്തറിയുന്നതിനും സഭയിലെ വലിയ പ്രതിസന്ധികളെ അദ്ദേഹം എങ്ങനെ തരണംചെയ്തു എന്ന് തിരിച്ചറിയുന്നതിനും ഇതിലൂടെ നമുക്ക് സാധിക്കുന്നു. സത്യവിശ്വാസ സംരക്ഷണത്തിനായിട്ടാണ് അംബ്രോസ് തന്റെ തൂലിക ചലിപ്പിച്ചിട്ടുള്ളത്. തന്റെ ആശയങ്ങളും ചിന്തകളും മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്നൊരു ലക്ഷ്യത്തിലേക്കല്ല അദ്ദേഹം രചനകൾ നടത്തിയത്. അതിനാൽതന്നെ അദ്ദേഹത്തിന്റെ രചനകൾ പ്രായോഗിക ചിന്തകളായിരുന്നു.

അംബ്രോസിയൻ റീത്ത്   

ആരാധനയിൽ ഗീതങ്ങളും സങ്കീർത്തനങ്ങളും പാശ്ചാത്യസഭയിൽ ആദ്യമായി വ്യാപകമായി ഉപയോഗിച്ചത് വി. അംബ്രോസാണ്. ഇപ്പോൾ ഉപയോഗത്തിലിരിക്കുന്ന പല ഗീതങ്ങളും അദ്ദേഹത്തിന്റെ തൂലികയാൽ വിരചിതമായതാണ്. എന്നാൽ സാവധാനം ലത്തീൻ സഭയിൽതന്നെ ‘അംബ്രോസിയൻ റീത്ത്’ എന്നപേരിൽ ഒരു ആരാധനാരീതിതന്നെ നിലവിൽവന്നു. ഇന്ന് മിലാനിലും സാമന്തരൂപതകളിലും സ്വിറ്റസർലണ്ടിലെ റ്റിച്ചീനോ പ്രദേശങ്ങളിലും ഉൾപ്പെടെ അൻപതുലക്ഷത്തോളം കത്തോലിക്കർ ഈ ആരാധനാരീതിയാണ് അനുധാവനം ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിലെ മാർപാപ്പമാരായിരുന്ന വി. പോൾ ആറാമനും, പിയൂസ് പതിനൊന്നാം മാർപാപ്പയും മിലാനിലെ ആർച്ചുബിഷപ്പുമാരും ഈ ആരാധനക്രമം അനുഷ്ടിച്ചിരുന്നവരുമാണ്.

അംബ്രോസ് മെത്രാനായ സമയത്ത് അദ്ദേഹത്തിന്റെ മുൻഗാമികൾ ആര്യൻ വിശ്വാസത്തിലധിഷ്ഠിതമായി രൂപപ്പെടുത്തിയ ആരാധനാരീതികൾക്ക് മാറ്റംവരുത്തുകയും സത്യവിശ്വാസശൈലിയിൽ പുതിയവ എഴുതിയുണ്ടാക്കുകയും നടപ്പിൽവരുത്തുകയും ചെയ്തു. കുർബാനയിൽ മാത്രമല്ല യാമപ്രാർഥനകളിലും അംബ്രോസ് വലുതായ മാറ്റങ്ങൾ വരുത്തി.

അംബ്രോസ് എഴുതിയ മനോഹരഗീതങ്ങൾ ആരാധനയുടെ ഭാഗമായതിനുപിന്നിൽ ഒരു സംഭവമുണ്ട്. വാലന്റീനിയൻ ചക്രവർത്തിയുടെ അമ്മ ജസ്റ്റീന ഒരു ആര്യൻ അനുഭാവി ആയിരുന്നു. മിലാൻ നഗരത്തിനടുത്തുള്ള പോർത്തിയൻ ബസിലിക്ക (ഇന്നത്തെ ബസിലിക്ക സാൻ ലൊറെൻസോ മജ്ജോറെ) ആര്യൻ വിഭാഗക്കാർക്ക് നൽകാൻ വി. അംബ്രോസിനോട് അവർ ആവശ്യപ്പെട്ടു. എന്നാൽ അംബ്രോസ് ഈ ആവശ്യം നിരസിക്കുന്നു. അദ്ദേഹം ദൈവാലയത്തിൽ ആയിരിക്കുമ്പോൾ ഈ ആവശ്യം നടപ്പാക്കുന്നതുവരെ അബ്രോസിനെയും വിശ്വാസികളെയും ഉപരോധിക്കാൻ ജസ്റ്റീന രാഞ്ജി ആവശ്യപ്പെട്ടു. ഈ സംഭവത്തെക്കുറിച്ച് വി. അഗസ്തീനോസ് വിശദമായി പ്രതിപാദിക്കുന്നുണ്ട്. അത് വിശുദ്ധവാരം ആയിരുന്നതിനാലും തന്റെ ഒപ്പമുണ്ടായിരുന്ന വിശ്വാസ സമൂഹം നിരാശരാകാതിരിക്കാനുമായി പൗരസ്ത്യസഭകളിലെപ്പോലെ അവർ ദൈവാലയത്തിൽ ഗാനങ്ങൾ ആലപിക്കാൻ തുടങ്ങി. അവയിൽ ചിലതൊക്കെ അംബ്രോസ് അപ്പോൾ തന്നെ ചിട്ടപ്പെടുത്തിയതാണ്. അവസാനം പട്ടാളക്കാർ അവിടെ നിന്നും പിൻവാങ്ങുകയും അംബ്രോസിന്റെ ആഗ്രഹമനുസരിച്ച് ദൈവാലയം ഉപയോഗിക്കാൻ അനുമതിയും നല്കുകയും ചെയ്തു.

അംബ്രോസിനെ സംബന്ധിച്ച് ലിറ്റർജി എന്നത് ദൈവത്തെ ആരാധിക്കുന്നതിനുള്ള ഒരു മാർഗം മാത്രമാണ്. അതിനാൽതന്നെ ഇക്കാര്യത്തിൽ പ്രാദേശിക ആചാരങ്ങൾ മാനിക്കപ്പെടണമെന്ന ചിന്താഗതിക്കാരനായിരുന്നു അദ്ദേഹം. വി. അഗസ്തീനോസിനോട് ഒരിക്കൽ അംബ്രോസ് ഇപ്രകാരം പറഞ്ഞു: “ഞാൻ റോമിലായിരിക്കുമ്പോൾ ശനിയാഴ്ചകളിൽ ഉപവസിക്കും. എന്നാൽ മിലാനിൽ അപ്രകാരം ചെയ്യാറില്ല. നീ ആയിരിക്കുന്ന സ്ഥലത്തെ സഭയുടെ ആചാരങ്ങൾ അനുഷ്ഠിക്കുക.” അബ്രോസിന്റെ ഈ ഉപദേശത്തിൽനിന്നാണ് പിന്നീട് ‘റോമിലായിരിക്കുമ്പോൾ റോമാക്കാരെപ്പോലെ പെരുമാറുക’ എന്ന ചൊല്ല് രൂപപ്പെടുന്നത്.

ചക്രവർത്തി സഭയ്ക്കുള്ളിലാണ്, മുകളിലല്ല    

എ.ഡി. 378 മുതൽ 392 വരെ റോമൻ സാമ്രാജ്യം ഭരിച്ച ചക്രവർത്തി ആയിരുന്നു തിയഡോഷ്യസ്. ഗോത്തിക്ക് വംശജരോടും മറ്റു ഗോത്രഭരണാധികാരികളോടും അനുനയത്തിൽ പെരുമാറി സാമ്രാജ്യത്തിൽ സമാധാനം നിലനിർത്തുന്നതിന് അദ്ദേഹത്തിന് സാധിച്ചു. എന്നാൽ അദ്ദേഹം ക്ഷിപ്രകോപിയും വികാരത്തിനടിപ്പെട്ട് പെട്ടെന്ന് തീരുമാനങ്ങളെടുത്തിരുന്ന വ്യക്തിയുമായിരുന്നു. എ.ഡി. 390 -ൽ ഗ്രീസിലെ രണ്ടാമത്തെ വലിയ നഗരമായ തെസ്സലോനിക്കയിൽ ഒരു കലാപം പൊട്ടിപ്പുറപ്പെടുകയും അവിടുത്തെ റോമൻ സൈന്യാധിപൻ ബൊത്തെറിക്ക് കൊല്ലപ്പെടുകയും ചെയ്തു. ജനങ്ങൾക്ക് പ്രിയങ്കരനായിരുന്ന ഒരു തേരോട്ടക്കാരനെ ദുഷിച്ച ചെയ്തികൾക്ക് അറസ്റ്റ്‌ ചെയ്തതിന്റെ പേരിലായിരുന്നു കലാപം ഉടലെടുത്തത്.

തനിക്ക് പ്രിയപ്പെട്ട ബൊത്തെറിക്ക് കൊല്ലപ്പെട്ടത് ചക്രവർത്തിയെ അരിശംകൊള്ളിക്കുകയും അതിന് പ്രതികാരമായി അവിടെയുള്ള ഒരു സ്റ്റേഡിയത്തിൽ ജനനങ്ങളെ ഒരുമിച്ചുകൂട്ടി അപായപ്പെടുത്താനും അദ്ദേഹം കല്പന പുറപ്പെടുവിച്ചു. ഒറ്റദിവസംകൊണ്ട് ഏഴായിരം ആളുകളാണ് ദാരുണമായി കൊല്ലപ്പെട്ടത്. തന്റെ തീരുമാനം തെറ്റി എന്ന് ചക്രവർത്തി മനസിലാക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നു. എന്നാൽ ഉടൻതന്നെ മതപരമായ കാര്യങ്ങളിൽ തന്റെ ഉപദേശകനായിരുന്ന അംബ്രോസിനെ കാണാനും ഇക്കാര്യത്തിൽ അഭിപ്രായം തേടാനുമായി ചക്രവർത്തി മിലാനിലെത്തി. എന്നാൽ ചക്രവർത്തി വരുന്നതറിഞ്ഞ് ബിഷപ്പ് അംബ്രോസ് അവിടം വിടുകയും അദ്ദേഹത്തെ കാണുന്നതിന് വിസമ്മതിക്കുകയും ചെയ്തു. തന്റെ തെറ്റിന് ദൈവത്തോട് മാപ്പപേക്ഷിച്ചു പരിഹാരംചെയ്യാനും ബിഷപ്പ് അദ്ദേഹത്തോട് ഒരു നീണ്ട കത്തിലൂടെ ആവശ്യപ്പെട്ടു.

അക്കാലത്തെ രീതിയനുസരിച്ച് ചക്രവർത്തിക്ക് അംബ്രോസിനെ വധശിക്ഷയ്ക്കു വിധിക്കാനോ, നാടുകടത്താനോ സാധിക്കുമായിരുന്നു. എന്നാൽ ചക്രവർത്തി തന്റെ പരിവാരങ്ങളോടുകൂടി മിലാൻ കത്തീഡ്രലിൽ വരാമെന്നും ബിഷപ്പ് അംബ്രോസിന്റെ സാന്നിധ്യത്തിൽ പാപത്തിന് പരിഹാരംചെയ്യാമെന്നും സമ്മതിച്ചു. തന്റെ രാജകീയവസ്ത്രങ്ങൾ അഴിച്ചുവച്ച് പരസ്യമായി മുട്ടുകുത്തി പാപപരിഹാരത്തിനായി അദ്ദേഹം പ്രാർഥിച്ചു. ഒരു വർഷത്തിനുശേഷം അദ്ദേഹം തെസ്സലോനിക്കയിലേക്ക് യാത്രചെയ്ത് ജനങ്ങളോട് മാപ്പപേക്ഷിച്ചു. ചരിത്രത്തിലെതന്നെ അസാധാരണമായ ഒരു സംഭവമായി ഇത് വിശേഷിപ്പിക്കപ്പെടുന്നു. ഇത് അംബ്രോസിന്റെ ദൈവീകതയുടെയും ധാർമ്മികതയുടെയും വിജയമായും വിശേഷിപ്പിക്കപ്പെടുന്നു.

അംബ്രോസും അഗസ്തീനോസും   

സിംപ്ലിച്ചിയാൻ എന്ന ദൈവശാസ്ത്രജ്ഞന്റെ ശിഷ്യത്വം സ്വീകരിച്ചു അംബ്രോസ് ഫീലോ, ഒറിജിൻ, അത്തനേഷ്യഷ്, ബേസിൽ തുടങ്ങിയ ഗ്രീക്ക് ചിന്തകരുടെ ആശയങ്ങൾ സ്വായത്തമാക്കി. സഭയുടെ പഠനങ്ങളിൽ സംശയമുണ്ടായിരുന്ന അഗസ്തീനോസ് ഇക്കാലയളവിൽ അംബ്രോസിന്റെ പ്രസംഗങ്ങൾ കേൾക്കുന്നതിന് സ്ഥിരമായി മിലാൻ ദൈവാലയത്തിൽ എത്തിയിരുന്നു. മനിക്കേയൻ വിശ്വാസരീതികൾ അനുവർത്തിച്ചിരുന്ന അഗസ്റ്റിൻ സാവധാനം കത്തോലിക്കാവിശ്വാസത്തിലേക്കു വരുന്നു. തന്റെ ‘ഏറ്റുപറച്ചിൽ’ എന്ന പ്രശസ്തകൃതിയിൽ, അഗസ്റ്റിൻ തന്റെ ജീവിതത്തിൽ അംബ്രോസിന്റെ സ്വാധീനത്തെക്കുറിച്ചു ദീർഘമായി പ്രതിപാദിക്കുന്നുണ്ട്. എന്നാൽ വലിയ തിരക്കുണ്ടായിരുന്ന അംബ്രോസിനു അദ്ദേഹത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും പെട്ടെന്ന് ഉത്തരംനൽകുന്നതിനുള്ള സമയം ഉണ്ടായിരുന്നില്ല. തന്റെ ആദ്യകാലബന്ധത്തെക്കുറിച്ചു അഗസ്റ്റിൻ ഇപ്രകാരം എഴുതുന്നു: “ഞാൻ ബഹുമാനിക്കുന്ന അംബ്രോസ് സന്തോഷവാനായ ഒരു മനുഷ്യനാണ്. ആദരണീയരായ അനേകർ അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ബ്രഹ്മചര്യം മാത്രമാണ് എനിക്ക് പാലിക്കാൻ ബുദ്ധിമുട്ടായി തോന്നുന്നത്.” അംബ്രോസിന്റെ ഗുരുവായ സിംപ്ലിച്ചിയാന്റെ സഹായം അഗസ്തീനോസിനും ലഭിച്ചിരുന്നു.

അംബ്രോസിന്റെ അടുക്കൽ വി. മോനിക്ക തന്റെ മകന്റെ മാനസാന്തരത്തിനായി പ്രാർഥിക്കുന്നതിനും മറ്റുമായി എപ്പോഴും ചെന്നിരുന്നു. ഒരിക്കൽ അദ്ദേഹം മോനിക്കയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ ഇന്നും അമർത്യമായി നിലകൊള്ളുന്നു: “കണ്ണീരിന്റെ പുത്രൻ ഒരിക്കലും നഷ്ടപ്പെട്ടുപോവുകയില്ല.” അവസാനം അഗസ്തീനോസിന് മാമ്മോദീസ നല്കി ക്രിസ്തീയവിശ്വാസത്തിലേക്ക് ആനയിക്കുന്നത് അംബ്രോസാണ്.

മരണം, വിശുദ്ധൻ, വേദപാരംഗതൻ     

എ.ഡി. 397 ഫെബ്രുവരി മാസത്തിൽ അംബ്രോസിനെ കഠിനമായ ചില രോഗങ്ങൾ ബാധിച്ചു. തന്നെ സന്ദർശിച്ച് രോഗസൗഖ്യത്തിനായി പ്രാർഥിച്ചവരോട് അദ്ദേഹം ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ കൂടെ ജീവിച്ചപ്പോൾ കുറ്റബോധം തോന്നേണ്ടുന്ന ഒരു കാര്യവും ഞാൻ ചെയ്തിട്ടില്ല. മരിക്കുന്നതിന് എനിക്ക് ഭയമില്ല. കാരണം നമ്മുടെ ദൈവം നല്ലവനാണ്.” ശയ്യാവലംബനായിരുന്ന വി. അംബ്രോസ് ആ വർഷത്തെ ദുഃഖവെള്ളിയാഴ്ച തന്റെ കരങ്ങൾ കുരിശിന്റെ രൂപത്തിൽ നീട്ടിയിട്ട് കട്ടിലിൽകിടന്നു പ്രാർഥിച്ചു. അന്ന് അന്ത്യകൂദാശ സ്വീകരിക്കുകയും ദുഃഖശനിയാഴ്ച അദ്ദേഹം തന്റെ സ്വർഗീയസമ്മാനത്തിനായി കടന്നുപോവുകയും ചെയ്തു.

വി. ജെർവാസെ, വി. പ്രൊത്താസെ എന്നിവരെ അടക്കിയ ദൈവാലയത്തിൽ തന്നെയാണ് വി. അംബ്രോസിനെയും അടക്കിയത്. ഒൻപതാം നൂറ്റാണ്ടിൽ ഇവരുടെ മൂന്നുപേരുടെയും തിരുശേഷിപ്പുകൾ ഒരു കല്ലറയിൽ അടക്കംചെയ്തു.  ഇവരെ അടക്കംചെയ്തിരിക്കുന്ന ദൈവാലയമാണ് മിലാനിലെ വി. അംബ്രോസിന്റെ ബസിലിക്ക. സാധാരണ വിശുദ്ധന്മാരുടെ തിരുന്നാൾ അവരുടെ മരണദിവസമാണ് കൊണ്ടാടുന്നത്. എന്നാൽ അംബ്രോസിന്റെ തിരുന്നാൾ അദ്ദേഹത്തിന്റെ മെത്രാഭിഷേക ദിനമായ ഡിസംബർ ഏഴിനാണ് ആഘോഷിക്കുന്നത്. വി. അംബ്രോസിന്റെ മരണത്തോടെ വിശ്വാസികൾ അദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തിൽ ഉൾപ്പെടുത്തി വണങ്ങാൻ തുടങ്ങി. എ.ഡി. 1298 ബോനിഫസ് എട്ടാമൻ മാർപാപ്പ മഹാനായ വി. ഗ്രിഗറി മാർപാപ്പ, വി. അഗസ്തീനോസ്, വി. ജെറോം എന്നീവരോടൊപ്പം വി. അംബ്രോസിനെയും സഭയിലെ വേദപാരംഗതനായി പ്രഖ്യാപിച്ചു.

ഉപസംഹാരം   

എല്ലാത്തരത്തിലുള്ള ആളുകളോടും നല്ല ബന്ധം സൂക്ഷിക്കുന്നതിന് അബ്രോസിനു  സാധിച്ചിരുന്നു. എന്നാൽ പാവങ്ങളോടും പരിത്യക്തരോടും പ്രത്യേകസ്നേഹം അദ്ദേഹത്തിനുണ്ടായിരുന്നു. ആരാധിക്കുന്ന വിധത്തിലും വിശ്വാസകാര്യങ്ങളിലും ഒരുപാട് വ്യത്യസ്തത നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ കൃത്യതയോടെ കാര്യങ്ങൾ മനസ്സിലാക്കുന്നതിലും അവതരിപ്പിക്കുന്നതിലും അങ്ങനെ തന്റെ വിശ്വാസ സമൂഹത്തെ രൂപപ്പെടുത്തി എടുക്കുന്നതിലും അംബ്രോസ് പരിശ്രമിക്കുകയും വിജയിക്കുകയും ചെയ്തു. സന്യാസി ആയിരുന്നില്ലെങ്കിലും ആ ആശയങ്ങൾ ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും സന്യാസ ശൈലിയിൽ ജീവിക്കുകയുംചെയ്ത പുരോഹിതശ്രേഷ്ഠനായിരുന്നു വി. അംബ്രോസ്.

അതിരാവിലെ ഉണർന്ന് തന്റെ പ്രാർഥനകളും പരിശുദ്ധ കുർബാനയും അർപ്പിക്കുന്ന ഒരു ജീവിതരീതി ആയിരുന്നു വി. അംബ്രോസിന്റേത്. തനിക്ക് ആദരിക്കേണ്ടുന്ന സന്ദർശകർ ഇല്ലാത്തപ്പോൾ ആഴ്ചയിൽ അഞ്ചുദിവസം അദ്ദേഹം ഉപവസിച്ചിരുന്നു. അദ്ദേഹത്തിന്റെ വാതിലുകൾ എപ്പോഴും തുറന്നുകിടന്നിരുന്നു. ആർക്ക് എപ്പോൾവേണമെങ്കിലും മുൻ‌കൂർ അനുമതിയില്ലാതെ മിലാനിലെ ബിഷപ്പിനെ കാണാൻസാധിച്ചിരുന്നു. തന്റെ ആത്മീയജീവിതത്തിന്റെ പരിശുദ്ധികൊണ്ട് പ്രതിസന്ധികളെ ഭയമില്ലാതെ നേരിട്ട വ്യക്തിയാണ് വി. അംബ്രോസ്. സഭയുടെ വിശ്വാസസത്യങ്ങൾ പഠിപ്പിക്കുന്നതിനും നിർവചിക്കുന്നതിനും ഭൗതികപരാധികാരികൾക്കല്ല ആത്മീയനേതൃത്വത്തിനാണെന്ന് അദ്ദേഹം വിശ്വസിക്കുകയും തന്റെ ജീവിതത്തിലൂടെ അത് തെളിയിക്കുകയും ചെയ്തു. അംബ്രോസ് വാലന്തീനിയൻ ചക്രവർത്തിക്ക് ഇപ്രകാരം എഴുതി: “വിശ്വാസസംബന്ധ കാര്യങ്ങളിൽ ക്രിസ്തീയചക്രവർത്തിമാരുടെ അധികാരി ബിഷപ്പാണ്, നേരെ മറിച്ചല്ല.” ചക്രവർത്തി നിയോഗിച്ച ആര്യൻ ബിഷപ്പിനോടുള്ള അംബ്രോസിന്റെ പ്രതികരണം വളരെ പ്രസിദ്ധമാണ്: “ചക്രവർത്തി സഭയക്കുള്ളിലാണ്, അതിനു മുകളിലല്ല.” എക്കാലത്തെയും നേതൃത്വങ്ങൾക്ക് അനുകരിക്കാവുന്ന മാതൃകയായി വി. അംബ്രോസ് ഇന്നും നിലനിൽക്കുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.