ഇത് പരിമിതികളോടു പോരാടി നിർമ്മിക്കുന്ന ‘സ്നേഹക്കുട’

സി. നിമിഷ റോസ് CSN

“എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്നും ഞാൻ കൊള്ളാത്തവനാണെന്നും ചിന്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, ദൈവം എന്നിലൂടെ വലിയ കാര്യങ്ങൾ ചെയ്തു. കാലുകൾ വേണമെന്ന് ഞാനിപ്പോൾ ആഗ്രഹിക്കാറേയില്ല.” ചലനമറ്റ കാലുകളോടെ ജീവിതത്തിലേക്കു പ്രവേശിച്ച എന്നാൽ, വിധിയുടെ ചുവരെഴുത്തുകളെ മനോധൈര്യത്തിന്റെ ഉൾക്കരുത്തിൽ മാറ്റിയെഴുതിയ ജെഫിൻ എന്ന യുവാവിന്റെ വിജയകഥ.

ജീവിതത്തിൽ വെറുതെ ഇരിക്കില്ലെന്നു തീരുമാനിച്ചുറച്ച്, എന്തു ജോലിയും ചെയ്യാൻ തയ്യാറായ ജെഫിൻ എന്ന 26-കാരന്റെ കഥയാണിത്. പരിമിതികളിൽ പതറിപ്പോകാതെ മുന്നേറാൻ ദൈവം അനുവദിച്ച അനുഭവങ്ങളെ ജെഫിൻ ലൈഫ്ഡേയോട് പങ്കുവയ്ക്കുന്നു.

‘കുട വേണ്ടവർ ഈ നമ്പറിൽ വിളിക്കുക. കൊറിയറായും അയച്ചുതരുന്നതാണ്’ എന്ന അറിയിപ്പോടെ വാട്സാപ്പിൽ പങ്കുവച്ച ചെറിയ കുറിപ്പ് കണ്ടാണ് ജെഫിനെ പരിചയപ്പെടുന്നത്. കൂടുതൽ സംസാരിച്ചപ്പോഴാണ് ജെഫിൻ എന്ന യുവാവിന്റെ ജീവിതത്തോടും നിലപാടുകളോടും ആദരവു തോന്നിയത്. കണ്ണീരിന്റെ ഒരു ബാല്യകാലം കൂട്ടിനുണ്ടായിരുന്നപ്പോഴും അവൻ തന്റെ കുഞ്ഞുകുഞ്ഞു സ്വപ്നങ്ങൾക്കുവേണ്ടി പരിമിതികളിൽ നിന്നും ഉയർത്തെഴുന്നേറ്റു. അങ്കമാലിക്കടുത്തുള്ള കിടങ്ങൂർ സ്വദേശിയായ ജെഫിൻ, പാറയ്ക്ക ഇട്ടീച്ചൻ – റീത്ത ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തമകനാണ്.

കുഞ്ഞുസ്വപ്നത്തിന്റെ കരുത്തിൽ

‘വീട്ടിലൊരു അടുക്കളയും ബാത്റൂമും പണിയണം’ എന്നതായിരുന്നു കുഞ്ഞുജെഫിന്റെ ആദ്യത്തെ സ്വപ്നം. ഓർമ്മ വച്ച നാൾ മുതൽ വീടിനരികിലുള്ള ബാത്ത്റൂമിലേക്ക് അമ്മ വാരിയെടുത്തു കൊണ്ടുപോകുന്ന ഓർമ്മയാണ് ജെഫിനുള്ളത്. കൂലിപ്പണി ചെയ്ത് അന്നന്നത്തെ അപ്പത്തിനു വക കണ്ടെത്തുന്ന അപ്പനും സൂപ്പർ മാർക്കറ്റിലെ ജോലികൊണ്ട് അപ്പനു കൈത്താങ്ങാകുന്ന അമ്മയ്ക്കും വീട്ടുചെലവുകൾക്കൊപ്പം ജെഫിന്റെ ചികിത്സയ്ക്കുള്ള വക കൂടി കണ്ടെത്താൻ മാത്രമേ മാർഗമുണ്ടായിരുന്നുള്ളൂ. നീക്കിയിരിപ്പുകൾ ബാക്കിയാക്കാനില്ലാത്ത മാതാപിതാക്കൾക്ക് ഒരു തുണയാകണം എന്ന ചിന്തയായിരുന്നു ജെഫിനുണ്ടായിരുന്നത്. മുന്നോട്ടുനോക്കുമ്പോൾ ഒരുപാട് അവ്യക്തതകൾ നിറഞ്ഞുനിൽക്കുമ്പോഴും ഒരു അടുക്കളയും ബാത്റൂമും ഉള്ള ഒരു കുഞ്ഞുവീട് ജെഫിൻ ദിവസവും സ്വപ്നം കണ്ടിരുന്നു.

കണ്ണീരണിഞ്ഞ ബാല്യം

രണ്ടു വയസ്സുള്ളപ്പോഴാണ് ജെഫിന്റെ ഇരുകാലുകളും ചലനം ഇല്ലാത്തവയാണെന്ന് മാതാപിതാക്കൾ മനസ്സിലാക്കുന്നത്. അപ്രതീക്ഷിതമായെത്തിയ പനിയെ തുടർന്നുള്ള ചികിത്സയിലാണ് തങ്ങളുടെ ആദ്യ കുഞ്ഞിന്റെ വൈകല്യത്തെക്കുറിച്ചുള്ള വിവരം ആ മാതാപിതാക്കൾ അറിയുന്നത്. എല്ലാ മാതാപിതാക്കളെയുംപോലെ വലിയ വേദനയോടെ തന്നെ മകന്റെ വൈകല്യത്തെ അവർ സ്വീകരിച്ചു. ദാരിദ്ര്യത്തിന്റെയും വീട്ടിലെ പരിമിതമായ സാഹചര്യങ്ങളുടെയും നടുവിൽ കുഞ്ഞിന വേണ്ട ചികിത്സകളും ഫിസിയോ തെറാപ്പിയും ലഭ്യമാക്കാൻ കഴിയാത്ത അവസ്ഥ ആ മാതാപിതാക്കളെ കൂടുതൽ തളർത്തിയിരുന്നു. ഒടുവിൽ അഞ്ചു വയസ്സായ ജെഫിനെ പ്രേഷിതാരം സിസ്റ്റേഴ്സ് നടത്തുന്ന ‘ഹോം ഓഫ് ഫെയ്ത്ത്’ എന്ന സ്ഥാപനത്തിൽ താമസിപ്പിക്കാൻ അവർ തീരുമാനമെടുത്തു.

“അവധികഴിഞ്ഞ് വീട്ടിൽനിന്നും തിരിച്ചുപോകുമ്പോഴെല്ലാം വാവിട്ടുകരഞ്ഞാണ് ഞാൻ ഇറങ്ങുക. എന്നെ സങ്കടപ്പെടുത്താതിരിക്കാൻ അടക്കിപ്പിടിച്ചു തേങ്ങുന്ന അപ്പന്റെയും അമ്മയുടെയും കൂടപ്പിറപ്പിന്റെയും മുഖം എനിക്കിന്നും ഓർമ്മയുണ്ട്.” എട്ടാം ക്ലാസ്സ് വരെയും ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്ന സ്ഥാപനത്തിൽ വളർന്ന ജെഫിന്റെ അനുഭവമാണിത്. “ഒപ്പമുണ്ടായിരുന്നവരെല്ലാം പരിമിതികളുള്ളവരായിരുന്നതുകൊണ്ടു തന്നെ എന്റെ പരിമിതിയെക്കുറിച്ച് അമിതമായി സങ്കടപ്പെടാൻ ഇട വരുത്താതിരിക്കാനാണ് ദൈവം എന്നെ അവിടെ ആക്കിയതെന്ന് തോന്നിയിട്ടുണ്ട്.” ദൈവം അനുവദിച്ചവയോടൊന്നും പരിഭവമില്ലാതെ സ്വീകരിക്കുന്ന ജെഫിന്റെ ജീവിതമാണ് ഈ വാക്കുകളിൽ പ്രതിഫലിക്കുന്നത്.

ഹോം ഓഫ് ഫെയ്ത്തിലെ അമ്മമാർ

“അന്നെന്റെ കൂടെയുണ്ടായിരുന്ന എന്റെ കൂട്ടുകാരിൽ മിക്കവരും തന്നെ ഇന്ന് വീൽചെയറിലാണ്. എന്നാൽ, ഞാൻ അത്യാവശ്യങ്ങളിൽ മാത്രമേ വീൽചെയർ ഉപയോഗിക്കാറുള്ളൂ. ഇപ്പോഴും കൈകൾ കുത്തി തന്നെയാണ് ഞാൻ നടക്കാറുള്ളത്. പള്ളിയിൽ പോകുന്നതും വണ്ടിയിൽ നിന്നിറങ്ങി കൈകൾ കുത്തിക്കൊണ്ടുതന്നെ. കാലുകൾ ഇല്ലാത്ത എന്നെ അന്തസ്സോടെ കൈകൾ കുത്തിനടക്കാൻ പഠിപ്പിച്ചത് ഹോം ഓഫ് ഫേയ്ത്തിലെ അമ്മമാരായിരുന്നു” എന്ന് ജെഫിൻ പങ്കുവയ്ക്കുമ്പോൾ തന്റെ പരിമിതികളെ അഭിമുഖീകരിക്കാൻ പഠിപ്പിച്ച ആ സന്യാസിനിമാരോടുള്ള നന്ദിയും സ്നേഹവും അവന്റെ വാക്കുകളിൽ നിറഞ്ഞുനിന്നിരുന്നു. ആ അമ്മമാരുടെ പേരുകൾ എന്താണെന്ന് ചോദിച്ചപ്പോഴാണ് ജെഫിൻ തന്റെ മറ്റു പരിമിതികളെക്കൂടി പങ്കുവയ്ക്കുന്നത്. എട്ടാം ക്ലാസ്സ് വരെ പഠിച്ചെങ്കിലും വായിക്കാനും എഴുതാനും സഹായകമായ ഓർമ്മ ജെഫിനില്ല.

“അക്ഷരങ്ങൾ പഠിച്ചിട്ടുണ്ടെങ്കിലും അവയൊന്നും എനിക്ക് ഓർമ്മയില്ല. അവരുടെ പേരുകൾ എന്റെ ഓർമ്മയിലില്ല. പക്ഷേ, അവരെന്റെ മനസ്സിലുണ്ട്” എന്നായിരുന്നു ജെഫിന്റെ ആദ്യ മറുപടി. എങ്കിലും തന്റെ എല്ലാക്കാര്യങ്ങളും കൃത്യമായി ചെയ്തുതന്നിരുന്ന സി. അനിലയുടെ പേര് കുറച്ചു സമയമെടുത്താണെങ്കിലും ജെഫിൻ ഓർത്തെടുത്തു. കാരണം, ഒരമ്മയെപ്പോലെ സി. അനില സിസ്റ്ററായിരുന്നു അവനെ സ്കൂളിൽ കൊണ്ടുപോകുന്നതും അവന്റെ കാര്യങ്ങൾ ചെയ്തിരുന്നതും കാലിപ്പറുകൾ ഉപയോഗിച്ച് നടക്കാൻ പരിശീലിപ്പിച്ചിരുന്നതും. യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ ഹോം ഓഫ് ഫെയ്ത്തിലെ അമ്മമാർ ജെഫിനെ എട്ടുവർഷത്തോളം വളർത്തി. പഠിക്കാനുള്ള വൈകല്യങ്ങൾ ഉണ്ടായിരുന്നെങ്കിലും ജെഫിനെ എല്ലാ തരത്തിലും അവർ പഠിപ്പിച്ചു. അവനിലെ കഴിവുകളെ കണ്ടെത്താൻ സഹായിച്ചു. പരിമിതികൾ പരാജയമല്ല എന്ന ബോധ്യത്തിലേക്ക് അത് ജെഫിനെ നയിച്ചു. ജെഫിന്റെ കാലുകൾക്ക് സർജറി ചെയ്തതും തുടർന്ന് നടക്കാൻ സഹായകമായ രീതിയിൽ കാലുകൾ ബലപ്പെടാൻ ഫിസിയോ തെറാപ്പി ചെയ്തതും കാലിപ്പറുകൾ ധരിച്ച് വാക്കറിൽ നടക്കാൻ പരിശീലിപ്പിച്ചതും ആ അമ്മമാർ തന്നെ.

വീട്ടിലെ ദിനങ്ങൾ

എട്ടാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ച് ജെഫിൻ വീട്ടിലെത്തിയത് പുതിയ ചികിത്സകൾക്കായാണ്. കാര്യമായ ഫലമൊന്നും അതുകൊണ്ടുണ്ടായില്ല. അപ്പോഴും ജെഫിന്റെ കുഞ്ഞുസ്വപ്നം മനസ്സിൽ സൂക്ഷിച്ചിരുന്നു. സഹോദരനായ ജെറിൻ പഠനത്തിനും മാതാപിതാക്കൾ ജോലിക്കും പോയിക്കഴിഞ്ഞാൽ പിന്നെ ജെഫിൻ തന്നെയായിരുന്നു വീട്ടിൽ ചെലവഴിച്ചത്. “വീട്ടിൽ ഒറ്റയ്ക്കിരിക്കുന്ന ആ സമയങ്ങൾ വളരെ ഭയാനകമായിരുന്നു. എന്നെ തളർത്തിക്കളയുന്ന ഒരുപാട് ചിന്തകൾ വേട്ടയാടിക്കൊണ്ടിരുന്നു. എന്നെക്കൊണ്ട് ഒന്നിനും കഴിയില്ല എന്ന ചിന്ത എന്റെ ഉള്ളിൽ അലയടിച്ചുകൊണ്ടിരുന്നു” മനസ്സിനെ തളർത്തിയിരുന്ന നിഷേധചിന്തകളുടെ വേലിയേറ്റങ്ങളെക്കുറിച്ച് ജെഫിൻ പങ്കുവച്ചത് ഇങ്ങനെയായിരുന്നു.

കൊച്ചുകൊച്ചു സമ്പാദ്യങ്ങൾ കൂട്ടിവച്ച്

വീട്ടിലിരുന്ന ആദ്യനാളുകളിൽ ഏകാന്തതയെ അതിജീവിക്കാൻ ജെഫിൻ കണ്ടെത്തിയ വഴിയായിരുന്നു കാലിപ്പറുകൾ ധരിച്ച് വാക്കറിൽ നടക്കാൻ പോകുക എന്നത്. ഒരിക്കൽ കൂടപ്പിറപ്പായിരുന്ന ജെറിന്റെ കൂട്ടുകാരൻ സമ്മാനിച്ച കുറച്ച് മൊബൈൽ പൗച്ചും, നടക്കാനിറങ്ങിയപ്പോൾ ജെഫിൻ തന്റെ കയ്യിൽ കരുതി. ഒരു നേരമ്പോക്കിന് ആരംഭിച്ച മൊബൈൽ പൗച്ചിന്റെ വിൽപ്പന ജെഫിന്റെ ആദ്യ സമ്പാദ്യമായി. ‘കുടുംബത്തിന് ഒരു താങ്ങാകണം’ എന്നതു തന്നെയായിരുന്നു കഷ്ടപ്പാടുകളുടെ നടുവിൽ വളർന്ന ജെഫിന്റെ ആഗ്രഹം. മൊബൈൽ പൗച്ച് വിറ്റുതീർന്നശേഷം ജെഫിൻ പുതിയ കാര്യങ്ങളിലേക്ക് മനസ്സുതിരിച്ചു.

“നടക്കാൻ പോകുമ്പോൾ ഒരു പ്ലാസ്റ്റിക് കൂടും കയ്യിലെടുക്കും. എന്നിട്ട് കപ്പേളയിൽ പ്രാർഥിക്കാൻ കയറുമ്പോൾ പഴയ മെഴുകെല്ലാം കുത്തിയെടുത്ത് വീട്ടിലേക്കു  കൊണ്ടുവരും. പിന്നീട് അവ ഉരുക്കി പുതിയ മെഴുതിരികൾ ഉണ്ടാക്കും. നടക്കാനിറങ്ങുന്ന നേരം വണ്ടികൾക്ക് കൈ നീട്ടി അവ വിൽക്കും.” കൊച്ചുകൊച്ചു സമ്പാദ്യങ്ങളിലൂടെ മാതാപിതാക്കളെ സഹായിക്കാനുള്ള ജെഫിന്റെ രണ്ടാമത്തെ പരിശ്രമമായിരുന്നു അത്. പിന്നീട് കോഴികളെ വളർത്തിയും മുട്ടവില്പന നടത്തിയും ലോട്ടറി വിറ്റും ജെഫിൻ തന്നാലാവും വിധം സമ്പാദ്യങ്ങൾ കൂട്ടിവയ്ക്കാൻ തുടങ്ങി. ഫിസിയോ തെറാപ്പി ദിവസവും ചെയ്യാൻ സാധ്യത ഇല്ലാതിരുന്നതിനാൽ ക്രമേണ കാലിപ്പർ ധരിച്ച് വാക്കറിൽ നടക്കുക എന്നത് തീർത്തും സാധിക്കാതെയായി തീർന്നു. വീണ്ടും വീട്ടിൽ ഒറ്റയ്ക്കിരുന്നു പോകേണ്ടിവരുമല്ലോ എന്ന ചിന്തയിൽ ആയിരിക്കുമ്പോഴാണ് മാതാപിതാക്കൾ ജെഫിനെ ‘ഫെയ്ത്ത് ഇന്ത്യ’ എന്ന സ്വയംതൊഴിൽ പരിശീലനത്തിനായുള്ള സ്ഥാപനത്തിൽ പഠിക്കാൻ അയയ്ക്കുന്നത്.

കാഴ്ചയില്ലാത്ത ഗീത ടീച്ചറിന്റെ ആദ്യസമ്മാനം

സ്വയംതൊഴിൽ പരിശീലനത്തിനായി ഫെയ്ത്ത് ഇന്ത്യയിലെത്തിയ ജെഫിൻ എല്ലാവരെക്കാളും വേഗത്തിൽ എല്ലാം പഠിച്ചെടുത്തു. കുടകൾ നിർമ്മിക്കാനും സോപ്പ് പൊടിയും സോപ്പും ലോഷനും എല്ലാം ഉണ്ടാക്കാനും ചവിട്ടികൾ നെയ്യാനും പേപ്പർ കവറുകൾ നിർമ്മിക്കാനുമുള്ള പരിശീലനം ജെഫിൻ ഏതാനും ദിവസങ്ങൾ കൊണ്ടു നേടി. മറ്റുള്ള കുട്ടികളോടൊപ്പം ഇരിക്കാൻ അവർ ഒരു വീൽ ചെയറും സമ്മാനിച്ചു. ജെഫിനെ പഠിപ്പിച്ച ഗീത ടീച്ചറിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അവരുടെ ഇരുകണ്ണുകൾക്കും കാഴ്ചയില്ലായിരുന്നു. എങ്കിലും തന്റെ അരികിലെത്തുന്ന വിദ്യാർഥികളെ പ്രത്യാശയുടെ വെളിച്ചത്തിലേക്കു നയിക്കാൻ ആ അധ്യാപികയ്ക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഏതാനും ദിവസങ്ങൾകൊണ്ട് ജെഫിനെ മനസ്സിലാക്കിയ ഗീത ടീച്ചർ ജെഫിനോട് പറഞ്ഞു: “നീ എന്നെ സഹായിക്കണം. മറ്റു പിള്ളേരെ പഠിപ്പിക്കണം.” അങ്ങനെ ഒരു വർഷത്തെ അവിടുത്തെ പഠന നാളുകളിൽ ജെഫിൻ ആയിരുന്നു ഗീത ടീച്ചറിന്റെ വലംകൈ. പഠനത്തിനിടയിൽ കുടകൾ ഉണ്ടാക്കി വിൽക്കാൻ ആഗ്രഹമുണ്ടായിരുന്ന ജെഫിന് ഗീത ടീച്ചർ കുടനിർമ്മാണം ആരംഭിക്കാനുള്ള മെറ്റീരിയൽ എടുക്കാൻ ആയിരം രൂപ സമ്മാനിച്ചു. “കഷ്ടപ്പാടുകളുടെ ആ നാളുകളിൽ ആയിരം രൂപ എനിക്ക് വലിയ ആശ്വാസവും പ്രചോദനവും ആയിരുന്നു.”

ഫെയ്ത്ത് ഇന്ത്യയിലെ പഠനനാളുകളിൽ ജെഫിനെ സഹായിച്ചിരുന്ന ബാലു സാറിനെയും ഇന്നും നന്ദിയോടെ അനുസ്മരിക്കുന്നു. “ബാലു സാർ എന്റെ പരിമിതികൾക്കൊപ്പം എന്റെ വീടിന്റെ സാഹചര്യം മനസ്സിലാക്കി എന്നെ സഹായിച്ചിരുന്നു. അവധിദിനങ്ങളിൽ വണ്ടി വിളിച്ച് എന്നെ വീട്ടിൽ കൊണ്ടുപോകാൻ എന്റെ മാതാപിതാക്കൾക്ക് സാധിക്കുമായിരുന്നില്ല. അപ്പോഴെല്ലാം സാർ എന്റെ ആഗ്രഹം മനസ്സിലാക്കി എന്നെ വീട്ടിൽ കൊണ്ടുചെന്നാക്കുമായിരുന്നു. സാറാണ് എനിക്ക് വീൽചെയർ വാങ്ങിത്തന്നത്.” അങ്ങനെ ടീച്ചർ സമ്മാനിച്ച 1,000 രൂപയും ബാലു സാർ സമ്മാനിച്ച വീൽചെയറുമായി ജെഫിൻ ഫെയ്ത്ത് ഇന്ത്യയിൽ നിന്നും വീട്ടിൽ തിരിച്ചെത്തി.

എന്തിനും തയ്യാർ

ഗീത ടീച്ചർ നൽകിയ സംഭാവനയിൽ നിന്നുമാണ് ജെഫിൻ ആദ്യമായി കുടകൾ ഉണ്ടാക്കി വിറ്റുതുടങ്ങിയത്. ലാഭം കിട്ടിയ തുകകൊണ്ട് ജെഫിൻ കുടകൾ നിർമ്മിക്കാനുള്ള മെറ്റീരിയൽ വാങ്ങി പണികൾ ആരംഭിച്ചു. ഫെയ്ത്ത് ഇന്ത്യയിൽ നിന്നും അവധിക്കായി എത്തുമ്പോഴും തിരിച്ചുവന്നതിനു ശേഷവും ജെഫിൻ വീടിന്റെ ഉമ്മറത്ത് വീൽചെയറിൽ ഇരുന്ന് കുടകൾ നിർമ്മിച്ചുവിൽക്കുമായിരുന്നു. ഒപ്പം മെഴുതിരിയും ഫിനോയിലും ഹാർപ്പിക്കും ഉണ്ടാക്കിവിൽക്കും. പരിമിതികളിൽ അടയിരിക്കാതെ അവയെ അതിജീവിക്കാൻ ഉറച്ച ജെഫിന് മൂന്നു വർഷത്തിനുശേഷം ജില്ലാ പഞ്ചായത്തിൽ നിന്നും ഭിന്നശേഷിക്കാർക്കായി സൗജന്യമായി നൽകുന്ന ഒരു വാഹനവും കിട്ടി. അതുവരെയും വീട്ടിലിരുന്ന് എല്ലാം ചെയ്തിരുന്ന ജെഫിൻ വീട്ടിൽ ഒതുങ്ങിക്കൂടാതെ കുടകളുമായി മറ്റു വീടുകളിലേക്ക് ഇറങ്ങിത്തിരിച്ചു.

“എല്ലാ വീടുകളിലും കയറാൻ പറ്റില്ല കാരണം ഗേറ്റുള്ള വീടുകൾ തുറക്കാൻ എനിക്ക് കഴിയില്ലല്ലോ. എത്ര തവണയാണെന്നോ പട്ടികൾ എന്നെ ഓടിച്ചിട്ടുള്ളത്.” എങ്കിലും ജെഫിൻ തന്റെ ഉദ്യമത്തിൽ നിന്ന് പിന്മാറിയില്ല.

“എല്ലായിപ്പോഴും കുട വിറ്റു പോവുകയില്ലല്ലോ. കുടയുടെ സീസൺ കഴിയുമ്പോൾ ഞാൻ ലോട്ടറി വിൽക്കും” എന്തിനും തയ്യാറുള്ള ജെഫിന്റെ പ്രവർത്തനങ്ങൾക്ക് കൊറോണയുടെ സമയത്താണ് ചെറിയ ഇടിവു വന്നത്. എങ്കിലും കൊറിയർ ആയി കുടകൾ എത്തിച്ചുനൽകാനുള്ള പുതിയ വഴികളും ജെഫിൻ കണ്ടെത്തി. അങ്ങനെ പല നിറത്തിലും വലിപ്പത്തിലുമുള്ള കുടകൾ ജെഫിൻ ആവശ്യക്കാരുടെ വീട്ടിലെത്തിക്കും. സമയം പാഴാക്കാതെ ദിവസവും 12 കുടയോളം ഉണ്ടാക്കുന്ന ജെഫിന് എല്ലാത്തരത്തിലും കുടുംബത്തിന്റെ പിന്തുണയുണ്ട്. “കൊറിയർ അയയ്ക്കാൻ എനിക്ക് അഡ്രസ്സ് എഴുതിത്തരുന്നത് എന്റെ സഹോദരനും എന്റെ കസിൻ ചേച്ചിമാരുമെല്ലാമാണ്.”

അങ്ങനെ ജെഫിൻ കൂട്ടിവച്ച സമ്പാദ്യങ്ങളിൽ നിന്നും അടുക്കളയും അടിസ്ഥാനസൗകര്യങ്ങളും ഉള്ള ഒരു കൊച്ചുവീട് നിർമ്മിക്കുക എന്ന സ്വപ്നം ഫലമണിഞ്ഞു. അതോടൊപ്പം തന്നെ ജെഫിൻ മനസ്സിൽ സൂക്ഷിച്ച മറ്റൊരു ആഗ്രഹമായിരുന്നു വൈകല്യങ്ങളോടെ സ്ഥാപനങ്ങളിൽ കഴിയുന്നവർക്ക് ഒരു നേരത്തെയെങ്കിലും ഭക്ഷണം കൊടുക്കുക എന്നത്. തന്റെ അധ്വാനത്തിൽ നിന്നും ലഭിച്ച ലാഭവിഹിതം കൊണ്ട് ജെഫിൻ തന്റെ രണ്ടാമത്തെ ആഗ്രഹവും നിറവേറ്റി. കൂടാതെ, തന്റെ കൂടപ്പിറപ്പിന്റെ പഠനത്തിനും ഒരു കൈത്താങ്ങാകാൻ ജെഫിനു കഴിഞ്ഞു.

“ഒന്നും കാണാതെ ദൈവം നമ്മെ സൃഷ്ടിക്കില്ല”

“എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്നും ഞാൻ കൊള്ളാത്തവനാണെന്നും ചിന്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് ദൈവം എന്നിലൂടെ ചെയ്ത വലിയ കാര്യങ്ങളെക്കുറിച്ച് എനിക്ക് അത്ഭുതമാണ്. ദൈവം ഒന്നും കാണാതെ ആരെയും സൃഷ്ടിച്ചുവിടില്ല. കാലുകൾ വേണമെന്ന് ഞാനിപ്പോൾ ആഗ്രഹിക്കാറേയില്ല” എന്ന ജെഫിന്റെ വാക്കുകളിൽ പരിമിതികളെ പൂർണ്ണമനസ്സോടെ ഉൾക്കൊണ്ട നിർവൃതിയുടെ കരുത്തുണ്ട്. ഈ കരുത്തിലാണ് ജെഫിൻ വിധിയുടെ ചുവരെഴുത്തുകളെ ദൈവത്തോടൊപ്പം തിരുത്തിയെഴുതിക്കൊണ്ടിരിക്കുന്നത്.

എത്തിപ്പിടിക്കാത്ത സ്വപ്നങ്ങൾ

“എനിക്ക് യാത്രകൾ പോകണം, കുടകൾ കൊണ്ടുനടന്നു വിൽക്കാതെ ഒരു ചെറിയ മുറിയിൽ ഇരുന്ന് കുടയുണ്ടാക്കിയും സീസൺ അല്ലാത്തപ്പോൾ അവിടെ മറ്റുള്ളവ ഉണ്ടാക്കിവിറ്റും മാതാപിതാക്കളെ സഹായിക്കണം” എന്നാണ് ജെഫിന്റെ ആഗ്രഹം. ആനുകൂല്യങ്ങളെക്കാളും ഔദാര്യങ്ങളെക്കാളും ജെഫിന് ജോലിചെയ്ത് സമ്പാദിക്കാനാണിഷ്ടം ‘കുട വേണ്ടവർ ഈ നമ്പറിൽ വിളിക്കുക +918075456925. പരിമിതികളിൽ അതിജീവനത്തിന്റെ കരുത്തോടെ മുന്നേറുന്ന ജെഫിന് നമുക്കും കൈത്താങ്ങാകാം.

സി. നിമിഷ റോസ് CSN

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.