സ്കൂൾ തുറക്കാറായില്ലേ; അധ്യാപകർക്കും വിദ്യാർഥികൾക്കുമായി പ്രാർഥിക്കാം ഈ വിശുദ്ധരോട്

    സ്കൂൾ തുറക്കാറായി. ഇനിയങ്ങോട്ട് ആശങ്കകളുടെ കാലമാണ് പല മാതാപിതാക്കൾക്കും. സ്കൂളിൽ പോയാൽ മക്കൾ എങ്ങനെ ആയിരിക്കും, പഠിക്കുമോ, അവരെ നന്നായി പഠിപ്പിക്കുന്ന അധ്യാപകരെ കിട്ടുമോ, അവരെ നന്നായി ശ്രദ്ധിക്കുമോ… തുടങ്ങി നിരവധി ആശങ്കകളായിരിക്കും ഓരോ മാതാപിതാക്കൾക്ക്. ഇത്തരത്തിൽ വിദ്യാർഥികളെയും അവരുടെ അധ്യാപകരെയും ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ വർധിക്കുമ്പോൾ അവർക്കായി മാധ്യസ്ഥ്യം യാചിക്കാൻ കഴിയുന്ന മൂന്ന് വിശുദ്ധരുണ്ട്. അവരെ നമുക്ക് പരിചയപ്പെടാം.

    1. വി. തോമസ് അക്വിനാസ്

    എക്കാലത്തെയും മികച്ച എഴുത്തുകാരിലൊരാളും വേദശാസ്ത്രപാരംഗതന്മാരിൽ പ്രമുഖനുമായാണ് വി. തോമസ്‌ അക്വിനാസിനെ കത്തോലിക്ക സഭ പരിഗണിച്ചുവരുന്നത്. ഇറ്റലിയിലെ ഒരു കുലീനകുടുംബത്തിലാണ് തോമസ് അക്വിനാസ് ജനിച്ചത്. 1244-ൽ തോമസ് ഡൊമിനിക്കൻ സഭയിൽ പ്രവേശിച്ചപ്പോൾ അദ്ദേഹത്തിന്റെ കുടുംബം ഒന്നാകെ ഞെട്ടി. അദ്ദേഹത്തിന്റെ സെമിനാരിപ്രവേശനം ഇഷ്ടമല്ലാതിരുന്ന സഹോദരങ്ങൾ തോമസിനെ സെമിനാരിയിൽനിന്നും തട്ടിക്കൊണ്ടുപോകുകയും വീട്ടുതടങ്കലിലാകുകയും ചെയ്തു. ഒരുഘട്ടത്തിൽ അദ്ദേഹത്തെ വശീകരിക്കാൻ, ഒരു സ്ത്രീയെ ദുരുദ്ദേശത്തോടെ അദ്ദേഹത്തിന്റെ പക്കലേക്ക് അയയ്ക്കാൻവരെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ മുതിർന്നു. എന്നാൽ പാപത്തിൽ വീഴാതിരിക്കാൻ ദൈവം അദ്ദേഹത്തിനു തുണയായി.

    വി. ആൽബർട്ട് ദി ഗ്രേറ്റിന്റെ കീഴിൽ പഠനം ആരംഭിച്ച അദ്ദേഹം 1256-ൽ ദൈവശാസ്ത്രത്തിൽ മാസ്റ്ററായി. അദ്ദേഹത്തിന്റെ പ്രധാനകൃതിയായ ‘ദി സുമ്മാ തിയോളജിയ’ നൂറ്റാണ്ടുകളോളമായി ക്രിസ്തീയപ്രബോധനങ്ങളുടെ പ്രധാനപ്പെട്ട രേഖയായി തുടരുന്നു. തന്നെയുമല്ല, വി. അക്വീനാസിന്റെ ഈ കൃതിയെ ആയിരുന്നു ട്രെന്റ് കൗൺസിലിൽ ബൈബിളിനുശേഷം വിദഗ്ദോപദേശത്തിനായി ആശ്രയിച്ചത്.

    വി. തോമസ്‌ അക്വിനാസ് 1274-ൽ തന്റെ 50-മത്തെ വയസ്സിലാണ് മരിക്കുന്നത്‌. ഫോസ്സായിലെ നുവോവാ ആശ്രമത്തിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്. ഈ വിശുദ്ധനെ വിദ്യാലയങ്ങളുടെയും ദൈവശാസ്ത്രത്തിന്റെയും മാധ്യസ്ഥനായി കണക്കാക്കുന്നു.

    2. വി. കാതറിൻ ഓഫ് അലക്സാണ്ട്രിയ

    നാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ചക്രവർത്തിയായ മാക്സെൻഷിയസിന്റെ കൈകളാൽ രക്തസാക്ഷിയായ കന്യകയായ ഒരു വിശുദ്ധയായിരുന്നു കാതറിൻ. ഈജിപ്തിലെ അലക്‌സാൻഡ്രിയയിലെ ഒരു കുലീനകുടുംബത്തിലായിരുന്നു കാതറിന്റെ ജനനം. ഒരു ദർശനത്തിലൂടെ, പണ്ഡിതയായ കാതറിൻ ക്രിസ്തുമതത്തിലേക്ക് ആളുകളെ എത്തിക്കുന്നതിനു പ്രവർത്തിക്കുകയും ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്ന ചക്രവർത്തിയുടെ ഭാര്യയെ ഉൾപ്പെടെ ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. മതത്തിനുവേണ്ടി വേല ചെയ്തതിന് ചക്രവർത്തി കാതറിനെ തടവിലിടുകയും പീഡിപ്പിക്കുകയും ചെയ്തു.

    സഭയുടെ പാരമ്പര്യത്തിന്റെ മഹത്തായ രക്തസാക്ഷിയാണ് ഈ വിശുദ്ധ. അധ്യാപകർ, നിയമജ്ഞർ, തത്വചിന്തകർ, വിദ്യാർഥികൾ എന്നിവരുടെ മധ്യസ്ഥയാണ് വി. കാതറിൻ.

    3. അലക്സാണ്ട്രിയയിലെ വി. പീറ്റർ

    ഈജിപ്തിലെ അലക്സാണ്ട്രിയയിൽ ജനിച്ച പീറ്റർ, 300-ൽ ബിഷപ്പ്-പാത്രിയർക്കീസ് ആയി തിരഞ്ഞെടുക്കപ്പെടുന്നതിനുമുമ്പ് മതബോധന സ്കൂളിന്റെ തലവനായിരുന്നു. ക്രിസ്തുവിന്റെ ദൈവത്വത്തെയും മനുഷ്യത്വത്തെയുംകുറിച്ചുള്ള അഞ്ചാം നൂറ്റാണ്ടിലെ തർക്കത്തിൽ പീറ്ററിന്റെ സ്വന്തം ദൈവശാസ്ത്രരചനകൾ ഉദ്ധരിക്കപ്പെട്ടു. ആര്യനിസം, ഒരിജിനിസം എന്നീ രണ്ട് പാഷണ്ഡതകളോട് പീറ്റർ പോരാടി. ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ പീഡനങ്ങൾക്കിടയിലും ക്രിസ്ത്യാനികളായി തുടരാൻ അദ്ദേഹം തന്റെ ആളുകളെ പ്രോത്സാഹിപ്പിച്ചു.

    ഒരു പുതിയ ചക്രവർത്തി ക്രിസ്ത്യൻ പീഡനങ്ങൾ പുതുക്കിയപ്പോൾ, പീറ്ററിനെ പിടികൂടി വധിച്ചു. അലക്സാണ്ട്രിയയിൽ സിവിൽ അധികാരികൾ അവസാനമായി കൊലപ്പെടുത്തിയ ക്രിസ്ത്യാനിയായിരുന്നു അദ്ദേഹം. തങ്ങളുടെ വിശ്വാസം നിഷേധിക്കപ്പെട്ട ‘കാലഹരണപ്പെട്ട’ ക്രിസ്ത്യാനികളെ സഭയിലേക്ക് എങ്ങനെ സ്വീകരിക്കാം എന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിർദേശങ്ങൾ മുഴുവൻ പൗരസ്ത്യസഭയും സ്വീകരിച്ചു.

    പാശ്ചാത്യപാരമ്പര്യത്തിലുള്ള അദ്ദേഹത്തിന്റെ തിരുനാൾ, റോമൻ കത്തോലിക്കാ സഭയുടെ സാർവത്രിക കലണ്ടറിന്റെ ഭാഗമാണ്. കത്തോലിക്കാ, ഓർത്തഡോക്സ് വിശ്വാസികൾക്കിടയിൽ അദ്ദേഹം പ്രിയപ്പെട്ടവനായി തുടരുന്നു. ഈജിപ്തിന്റെ രക്ഷാധികാരി കൂടിയാണ് അദ്ദേഹം.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.