വിജയകരമായ ജീവിതത്തിനായി കൂട്ടുപിടിക്കേണ്ട വിശുദ്ധർ

വിജയകരമായ ഒരു ജീവിതം നമുക്ക് ആവശ്യമാണ്. അത് അത്ര എളുപ്പമല്ലെന്നും നമുക്കറിയാം. അതിനായി  കഠിനാധ്വാനം ആവശ്യമുണ്ട്. ജീവിതം പലപ്പോഴും വേദനകളിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നുപോയേക്കാം. എന്നാൽ നമ്മുടെ ജീവിതത്തിൽ അദ്ഭുതങ്ങൾ ചെയ്യാൻ കഴിയുന്ന ചില വിശുദ്ധരുടെ മധ്യസ്ഥതയിലൂടെ നമുക്ക് വിജയം നേടാൻ കഴിയും. വിജയകരമായ ജീവിതത്തിനായി കൂട്ടുപിടിക്കേണ്ട ആറ് വിശുദ്ധന്മാർ ഇതാ:

സ്നേഹത്തിനും ആരോഗ്യത്തിനും വേണ്ടി: മുഖ്യദൂതനായ റഫായേൽ

ജീവിതത്തിൽ, എപ്പോഴും ആരോഗ്യമായിരിക്കാനും സ്നേഹിക്കപ്പെടാനും നമ്മൾ ആഗ്രഹിക്കുന്നു. മുഖ്യദൂതനായ വി. റഫായേൽ, സ്നേഹവും ആരോഗ്യവും കണ്ടെത്താൻ നമ്മെ സഹായിക്കും. കർത്താവിന്റെ സിംഹാസനത്തിനു മുന്നിൽ നിൽക്കുന്ന ഏഴ് പ്രധാന ദൂതന്മാരിൽ ഒരാളാണ് റഫായേൽ മാലാഖ. ‘റഫായേൽ’ എന്ന പേരിന്റെ അർഥം ‘ദൈവം സുഖപ്പെടുത്തുന്നു’ എന്നാണ്. എന്നാൽ ശക്തനായ പ്രധാന ദൂതന്റെ മധ്യസ്ഥതയിലൂടെ ശാരീരികവും മാനസികവുമായ നിരവധി അദ്ഭുതകരമായ രോഗശാന്തികൾ നടന്നിട്ടുണ്ടെങ്കിലും, ഈ മാലാഖ സ്നേഹത്തിന്റെയും സന്തോഷകരമായ കൂടിക്കാഴ്ചകളുടെയും രക്ഷാധികാരി കൂടിയാണ്.

നല്ല ജോലിക്കായി: വി. ജോസഫ്

നമ്മുടെ ജീവിതത്തിന്റെ മറ്റൊരു ലക്ഷ്യവും ആശങ്കയും ഒരു നല്ല ജോലി കണ്ടെത്തുക എന്നതാണ്. നിലവിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ഇല്ലെങ്കിലും, ഒരു നല്ല ജോലി കണ്ടെത്തുക എന്നത് എല്ലാവരുടെയും ആഗ്രഹങ്ങളിൽ ഒന്നാണ്. അത് കുടുംബത്തോടുള്ള ഒരു കരുതൽ ആണ്. കൂടാതെ, നല്ല ജോലികൾ ആളുകളെ അവരുടെ വിളികളും ഉത്തരവാദിത്വങ്ങളും നിറവേറ്റാൻ സഹായിക്കുന്നു.

ഒരു നല്ല ജോലി കണ്ടെത്തുക എന്ന ലക്ഷ്യത്തിൽ ആളുകൾക്ക് ആശ്രയിക്കാൻ കഴിയുന്ന വിശുദ്ധന്മാരിൽ ഒരാളാണ് യൗസേപ്പിതാവ്. സാർവത്രിക സഭയുടെ രക്ഷാധികാരിയും പിതാക്കന്മാരുടെ രക്ഷാധികാരിയുമായ വി. യൗസേപ്പിതാവ് തൊഴിലാളികളുടെയും രക്ഷാധികാരിയാണ്. ദൈവഹിതത്തോടുള്ള അദ്ദേഹത്തിന്റെ നിരന്തരമായ വിശ്വസ്തതയും പരിശുദ്ധ അമ്മയ്ക്കും നമ്മുടെ രക്ഷകനായ യേശുവിനും അദ്ദേഹം നൽകിയ നിരുപാധിക സ്നേഹവും സംരക്ഷണവും, ഒരു നല്ല ഭർത്താവും പിതാവുമായിരിക്കുക എന്നതിന്റെ മികച്ച ഉദാഹരണം എല്ലായ്‌പ്പോഴും പുരുഷന്മാർക്ക് നൽകിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ സമർപ്പണ സ്വഭാവവും കഠിനാധ്വാന മനോഭാവവും എളിമ എന്ന പുണ്യവും യൗസേപ്പിതാവിനെ എല്ലാ തൊഴിലാളികൾക്കും ഒരു മികച്ച മാതൃകയാക്കുന്നു. ലാഭകരമായ തൊഴിൽ തേടുന്ന പലരും അദ്ദേഹത്തിന്റെ മധ്യസ്ഥതയിലൂടെ അത് കണ്ടെത്തിയിട്ടുണ്ട്.

മനസ്സിന്റെ വിശുദ്ധി: വി. ബെനഡിക്റ്റ്

ക്രൈസ്തവർ വിശ്വാസത്തിൽ വളരുന്നത് പ്രധാനപ്പെട്ട കാര്യമാണ്. ദൈവത്തെ ബഹുമാനിക്കുന്ന വിശുദ്ധ ജീവിതം നയിക്കാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. നമ്മൾ ഈ ലോകത്തിലാണ് ജീവിക്കുന്നത്, പക്ഷേ നമ്മൾ അതിൽ ഉൾപ്പെടുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം. അതിനുള്ള കാരണം ഈ ലോകത്ത് നല്ലതായി കണക്കാക്കുന്നത് എല്ലായ്‌പ്പോഴും ദൈവത്തിന് നല്ലതായി കണക്കാക്കണമെന്നില്ല. സന്യാസ സമൂഹങ്ങളിൽ ദൈവത്തെ എങ്ങനെ സേവിക്കണമെന്ന് സന്യാസിമാരെയും പഠിപ്പിക്കുന്ന വി. ബെനെഡിക്ടിന്റെ നിയമ സംഹിത വളരെ പ്രശസ്തമാണ്. അഴിമതിയിൽ നിന്ന് സ്വയം രക്ഷിക്കാനും വിശ്വാസത്തിൽ ശക്തരായിരിക്കാനും ആളുകളെ സഹായിക്കുന്നതിന് അദ്ദേഹം ആത്മീയ സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. വിഷബാധയിൽ നിന്നുള്ള സംരക്ഷണവും ഈ വിശുദ്ധൻ നൽകുന്നു.

ആസക്തിയിൽ നിന്നുള്ള സ്വാതന്ത്ര്യം: വി. മാക്സിമില്യൻ കോൾബെ

ആസക്തി ജീവിതത്തെ നശിപ്പിക്കും. അത് നമ്മുടെ ചുറ്റുമുള്ള നിരവധി ജീവിതങ്ങളെ ബാധിക്കുന്നു. പുകയില, മദ്യം, മയക്കുമരുന്ന്, ചൂതാട്ടം, ഇന്റർനെറ്റ്, പ്രണയം, അല്ലെങ്കിൽ മറ്റ് ലഹരിവസ്തുക്കളുടെയോ പ്രവർത്തനത്തിന്റെയോ അടിമത്തമായാലും, സുഖം പ്രാപിക്കാനുള്ള വഴി ബുദ്ധിമുട്ടാണ്. പക്ഷേ ആസക്തി അനുഭവിക്കുന്ന ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും ലഭിക്കുന്ന പ്രതിഫലങ്ങൾ ഓരോ വെല്ലുവിളി നിറഞ്ഞ ഘട്ടത്തിനും വിലപ്പെട്ടതാണ്.

ആസക്തി അനുഭവിക്കുന്നവരുടെ രക്ഷാധികാരിയാണ് വിശുദ്ധനും രക്തസാക്ഷിയുമായ വി. മാക്സിമില്യൻ കോൾബെ. പോളണ്ടിൽ ജനിച്ച് കുട്ടിക്കാലം മുതൽ തന്നെ പരിശുദ്ധ അമ്മയോട് ആഴമായി അർപ്പണബോധമുള്ള കത്തോലിക്കാ പുരോഹിതനെ ‘ഓഷ്വിറ്റ്സിലെ രക്തസാക്ഷി’ എന്ന് വിളിക്കുന്നു. 1941-ൽ, ഒരു നാസി തടങ്കൽപ്പാളയത്തിൽ തടവുകാരനായിരുന്നപ്പോൾ, മറ്റൊരാൾക്ക് വേണ്ടി സ്വയം മരണം വരിച്ചയാളാണ് ഈ വിശുദ്ധൻ. വിശുദ്ധന്റെ അസാധാരണമായ കാരുണ്യം കാരണം, കുടുംബനാഥൻ തടങ്കൽപ്പാളയത്തിൽ നിന്ന് രക്ഷപ്പെട്ടു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ ഈ രക്തസാക്ഷിയെ “നമ്മുടെ ദുഷ്‌കരമായ കാലഘട്ടത്തിലെ രക്ഷാധികാരി” എന്ന് പ്രഖ്യാപിച്ചു.

മെച്ചപ്പെട്ട സാമ്പത്തികം: വി. മത്തായി

ഒരാളുടെ സാമ്പത്തികം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം പൊതുവായ ഒന്നാണെന്നതിൽ അതിശയിക്കാനില്ല. ഈ ലക്ഷ്യം എല്ലായ്‌പ്പോഴും സമ്പന്നരാകുക എന്നതല്ല. പലർക്കും, അവരുടെ സാമ്പത്തികം മെച്ചപ്പെടുത്തുന്നത് അവരെ പരിപാലിക്കാനോ സുരക്ഷിതമായ അഭയം കണ്ടെത്താനോ സഹായിക്കും. അങ്ങനെ ചെയ്യുന്നത് നമ്മുടെ കുടുംബങ്ങളുടെ ജീവിതാവശ്യങ്ങൾ നിറവേറ്റാൻ സഹായകമാണ്.

സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾക്കായി മധ്യസ്ഥത വഹിക്കാൻ കഴിയുന്ന ഒരു വിശുദ്ധനാണ് വി. മത്തായി. യേശുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒരാളായ വി. മത്തായി റോമാക്കാർക്കുള്ള നികുതി പിരിവുകാരനായിരുന്നു. സുവിശേഷകനായ വിശുദ്ധൻ നികുതി പിരിക്കാൻ ഇരിക്കുമ്പോൾ, യേശു അവനെ തന്റെ അപ്പോസ്തലന്മാരിൽ ഒരാളാകാൻ വിളിച്ചു. ഒരു മടിയും കൂടാതെ, വി. മത്തായി അവനെ അനുഗമിക്കുകയും സുവിശേഷം പ്രഘോഷിക്കുകയും ഒടുവിൽ രക്തവാസാക്ഷിത്വം വരിക്കുകയും ചെയ്തു.

പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ: വി. യൂദാ തദ്ദേവൂസ്

സാമ്പത്തിക ഭദ്രത, ആരോഗ്യം, നല്ല ജോലി തുടങ്ങിയ ഏറ്റവും സാധാരണമായ ലക്ഷ്യങ്ങളിൽ എല്ലാം ഒരുപോലെ പൂർത്തീകരിക്കാൻ സാധിച്ചില്ലെങ്കിൽ നമുക്ക് നിരാശ വന്നേക്കാം. സാഹചര്യങ്ങൾ, തടസ്സങ്ങൾ അല്ലെങ്കിൽ കഴിവുകളുടെയോ പിന്തുണയുടെയോ അഭാവം എന്നിവയാൽ ചിലപ്പോൾ നമുക്ക് ഇവയെല്ലാം നഷ്ടപ്പെട്ടേക്കാം. എന്നാൽ പ്രതീക്ഷ അസ്തമിക്കുമ്പോൾ ആ ലക്ഷ്യങ്ങൾക്കായി ദൈവത്തിന്റെ മാർഗനിർദേശവും അനുഗ്രഹങ്ങളും വളരെയധികം ആവശ്യമാണെന്ന് നാം മനസ്സിലാക്കണം. അതുകൊണ്ട് തന്നെ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വി. യൂദാ തദ്ദേവൂസ് നമുക്ക് സഹായകനായി വർത്തിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.