വിശുദ്ധ ആഗ്നസും മുടികൊഴിച്ചിലും

റോമൻ കത്തോലിക്കാ പാരമ്പര്യപ്രകാരം, വിശുദ്ധർ മനുഷ്യജീവിതത്തിന്റെ വിവിധ വശങ്ങളുടെ രക്ഷാധികാരികളോ, സംരക്ഷകരോ ആയിട്ടുണ്ട്. ചിലപ്പോൾ ഇത് വിശുദ്ധരുടെ ജീവിതാനുഭവങ്ങളിൽ നിന്നായിരിക്കാം. അതിന് ഉദാഹരണമായി തൊണ്ടയിൽ മീൻമുള്ള്  കുടുങ്ങിയ കുട്ടിയെ രക്ഷിച്ചതിനാൽ തൊണ്ടയിലെ അസുഖങ്ങളുടെ സ്വർഗീയമധ്യസ്ഥനായി വി. ബ്ലെയ്‌സിനെ വണങ്ങുന്നു. എന്നാൽ, മറ്റുചിലപ്പോൾ അത് രക്തസാക്ഷിത്വത്തിന്റെ വിശദാംശങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. തീയിലെറിഞ്ഞു കൊന്നതിനാൽ വി. ലോറൻസിനെ പൊള്ളലേൽക്കുന്നവരുടെ മധ്യസ്ഥനായി കണക്കാക്കുന്നു.

ഹെയർ ഡ്രെസർമാർക്കും സ്റ്റൈലിസ്റ്റുകൾക്കും രക്ഷാധികാരികളായി നാലു വിശുദ്ധരുണ്ട്. വി. കോസ്മാസ്, വി. ലൂയിസ് IX, വി. മാർട്ടിൻ ഡി പോറസ്, വി. മേരി മഗ്ദലന എന്നിവരാണവർ. എങ്കിലും മുടികൊഴിച്ചിൽ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമായതിനാൽ അതിനുമുണ്ട് ഒരു സ്വർഗീയമധ്യസ്ഥ – വി. ആഗ്നസ്. പ്രധാനമായും മൂന്നു കാരണങ്ങളാലാണ് റോമിലെ വി. ആഗ്നസ് യഥാക്രമം മുടികൊഴിച്ചിലുള്ള സ്ത്രീകൾക്കും ട്രൈക്കോളജിസ്റ്റുകൾക്കും രക്ഷാധികാരിയായി മാറിയിരിക്കുന്നത്. വിശുദ്ധയുടെ ജീവിതം, ക്രിസ്ത്യൻ ഐക്കണോഗ്രഫിയിലെ അവളുടെ ഗുണവിശേഷതകൾ, വിശുദ്ധയുടെ തിരുനാൾ ദിനം എന്നിവയാണവ.

റോമൻ കത്തോലിക്ക സഭയുടെയും പൗരസ്ത്യ കത്തോലിക്ക സഭകളുടെയും കന്യകയായ രക്തസാക്ഷി വിശുദ്ധയാണ് വി. ആഗ്നസ്. ഐതിഹ്യമനുസരിച്ച്, ഒരു ക്രിസ്ത്യൻ റോമൻ പ്രഭുകുടുംബത്തിൽ 291 ലായിരുന്നു വി. ആഗ്നസ് ജനിത്. റോമൻ ചക്രവർത്തിയായ ഡയോക്ലീഷ്യന്റെ (284-305) ഭരണകാലത്ത്, 304 ജനുവരി 21 ന് ആഗ്നസ് രക്തസാക്ഷിത്വം വരിച്ചു. പ്രിഫെക്റ്റ് സെംപ്രോണിയസ് ആഗ്നസിനെ തന്റെ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ ആഗ്രഹിച്ചു. ആഗ്നസിന്റെ വിസമ്മതത്തെത്തുടർന്ന് അയാൾ അവളെ മരണത്തിനു വിധിച്ചു. എന്നാൽ റോമൻ നിയമം കന്യകമാരെ വധിക്കാൻ അനുവദിക്കാത്തതിനാൽ, സെംപ്രോണിയസ് ആഗ്നസിനെ നഗ്നയായി തെരുവുകളിലൂടെ ഒരു വേശ്യാലയത്തിലേക്കു വലിച്ചിഴച്ചു. അപമാനത്തിൽനിന്നും രക്ഷിക്കാൻ അവൾ ദൈവത്തോടു പ്രാർഥിച്ചപ്പോൾ അവളുടെ മുടി വളർന്ന് ശരീരം മറച്ചു. തുടർന്ന് സേനയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ വാളെടുത്ത് അവളുടെ ശിരസ് ഛേദിച്ചു. നാലാം നൂറ്റാണ്ടിൽ, റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റൈന്റെ (ഭരണകാലം 312-337) മകളായ കോൺസ്റ്റാന്റിയ, വിശുദ്ധയുടെ ശവകുടീരമുള്ള സ്ഥലത്ത് ഒരു ബസിലിക്ക പണികഴിച്ചു.

ജപ്പാനിലെ ക്യോട്ടോയിലെ അറിയപ്പെടുന്ന രണ്ട് പ്രധാന പള്ളികളും ഒരു ആംഗ്ലിക്കൻ കത്തീഡ്രലും ഉൾപ്പെടെ നൂറുകണക്കിനു പള്ളികൾ വി. ആഗ്നസിനോടുള്ള ബഹുമാനാർഥം നാമകരണം ചെയ്തിട്ടുണ്ട്. പരമ്പരാഗതമായി, റോമിലെ വി. ആഗ്നസ്, ചാരിത്ര്യം, പെൺകുട്ടികൾ, വിവാഹനിശ്ചയം കഴിഞ്ഞ സ്ത്രീകൾ, ബലാത്സംഗത്തിന് ഇരയായവർ, കന്യകമാർ, തോട്ടക്കാർ എന്നിവരുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്നു. വിശുദ്ധയുടെ ചിത്രത്തിനൊപ്പം ഒരു ആട്ടിൻകുട്ടിയെക്കൂടി ചിത്രകാരന്മാർ ഉൾപ്പെടുത്തിയിട്ടുണ്ട്. കാരണം, അവളുടെ പേര് ലാറ്റിൻ പദമായ ‘ആഗ്നസ്’, അതായത് ‘കുഞ്ഞാട്’ എന്നാണ്. ഈ പേര് യഥാർഥത്തിൽ ഗ്രീക്ക് പദമായ ‘അഗ്നോൺ’ എന്നതിൽനിന്നാണ് ഉരുത്തിരിഞ്ഞത്. ‘ശുദ്ധി, ശുദ്ധം, പവിത്രം’ എന്നും ഇതിന് അർഥമുണ്ട്. മുൻകാലങ്ങളിൽ, റോമിലെ വി. ആഗ്നസിന്റെ സഭാസന്യാസിനികൾ ആർച്ച്ബിഷപ്പുമാരുടെ പാലിയം നെയ്യാൻ ഉപയോഗിച്ചിരുന്ന കുഞ്ഞാടുകളെ അനുഗ്രഹിക്കുന്ന അവസരമായിരുന്നു വിശുദ്ധയുടെ തിരുനാൾ ദിനം.

21 -ാം നൂറ്റാണ്ടിൽ വിശുദ്ധയും മുടികൊഴിച്ചിലും തമ്മിലുള്ള ബന്ധം പരിശോധിക്കാൻ നടത്തിയ പഠനം കൂടുതൽ ശ്രദ്ധേയമായിരുന്നു. ഓസ്‌ട്രേലിയൻ ഹെയർ ആൻഡ് വൂൾ റിസർച്ച് സൊസൈറ്റി മുടി തകരാറുകളുടെ ചികിത്സയിലും ഗവേഷണത്തിലും ഏർപ്പെട്ടിരിക്കുന്ന പ്രമുഖ ഡോക്ടർമാരെയും ശാസ്ത്രജ്ഞരെയും ഒരുമിച്ചുനിർത്തിക്കൊണ്ടായിരുന്നു പഠനം. 2001 നും 2007 നും ഇടയിൽ സൂറിച്ച് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ത്വക്‌രോഗ വിഭാഗത്തിലെ ഹെയർ കൺസൾട്ടേഷൻ ക്ലിനിക്കിൽ മുടികൊഴിച്ചിലിനു ചികിത്സ തേടിയെത്തിയ 823 ആരോഗ്യമുള്ള സ്ത്രീകളിൽ നടത്തിയ പഠനത്തിൽ വിശുദ്ധയുടെ തിരുനാൾ ദിനമായ ജനുവരി 21 നു ശേഷമുള്ള ദിവസങ്ങളിൽ മുടികൊഴിച്ചിൽ കുറയുകയും മുടിവളർച്ച ത്വരിതപ്പെടുന്നതായും കണ്ടെത്തി.

വിവർത്തനം: സുനീഷ വി. എഫ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.