പുരോഹിതശാസ്ത്രജ്ഞർ 11: വിത്തെല്ലോ (1227– 1290)

പോളണ്ടില്‍ നിന്നുള്ള ഒരു പുരോഹിതനും ദൈവശാസ്ത്രജ്ഞനും നയനശാസ്ത്രജ്ഞനുമാണ് വിത്തെല്ലോ. കൂടാതെ തത്വശാസ്ത്രം, വിജ്ഞാനസിദ്ധാന്തം, ഗണിതശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അദ്ദേഹത്തിന് ആഴമായ അറിവുണ്ടായിരുന്നു. ഈ മേഖലയില്‍ അദ്ദേഹം നടത്തിയ പല ഗവേഷണങ്ങളും രചനകളും പില്‍ക്കാല തലമുറക്ക് നഷ്ടപ്പെട്ടുപോയിട്ടുണ്ട്. ഇക്കാരണത്താല്‍ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പരിമിതമായ അറിവുകള്‍ മാത്രമേ നമുക്കുള്ളൂ. എന്നാല്‍ ‘പേഴ്പക്ടീവ’ എന്ന പ്രസിദ്ധമായ നയനശാസ്ത്രകൃതി ശാസ്ത്രചരിത്രത്തില്‍ വിത്തെല്ലോക്ക് അനിഷേധ്യമായ ഒരു സ്ഥാനം നേടിക്കൊടുത്തു.

പോളണ്ടിലെ ലെനിക്ക നഗരത്തില്‍ ബോറോ എന്ന കുടുംബത്തില്‍ എ.ഡി. 1227-ല്‍ വിത്തെല്ലോ ജനിച്ചു. അദ്ദേഹത്തിന്റെ മാതാവ് പോളണ്ടുകാരിയും പിതാവ് ഹെൻറി ഓള്‍ഡ് ജര്‍മ്മനിയില്‍ നിന്നും പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പോളണ്ടിലേക്ക് കുടിയേറിയ തുറിഞ്ചിയന്‍ വംശത്തില്‍ നിന്നുള്ള ആളുമായിരുന്നു. ലിയേഗ്‌നിസ് എന്ന പ്രദേശത്തെ കത്തോലിക്കാ സ്‌കൂളില്‍ വിദ്യഭ്യാസം നടത്തിയതിനു ശേഷം പോളണ്ടില്‍ വച്ച് വിത്തെല്ലോ പുരോഹിതനായി എന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട് 1252 മുതല്‍ 1259 വരെയുള്ള കാലയളവില്‍ പാരീസില്‍ ബിരുദപഠനം നടത്തി. ഇക്കാലയളവില്‍ അരിസ്റ്റോട്ടില്‍, യൂക്ലിഡ്, ആവിസെന്ന എന്നിവരുടെ കൃതികള്‍ വായിക്കാനിടയായത് ശാസ്ത്രമേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിന് കാരണമായി.

പാരീസ് സര്‍വ്വകലാശാലയിലെ പഠനത്തിനു ശേഷം തന്റെ ജന്മദേശത്ത് കുറേനാള്‍ ഒരു ഇടവകയില്‍ ജോലി ചെയ്തു. 1262 -ല്‍ ഇറ്റലിയിലെ പാദുവാ സര്‍വ്വകലാശാലയില്‍ സഭാനിയമം പഠിക്കാനായി അദ്ദേഹം എത്തിച്ചേര്‍ന്നു. പഠനം വിജയകരമായി പൂര്‍ത്തീകരിച്ച വിത്തെല്ലോ, വിത്തെര്‍ബോയിലെ പേപ്പല്‍ കോടതിയില്‍ സേവനമനുഷ്ഠിക്കാനായി 1268 -ല്‍ എത്തുന്നു. ഗ്രിഗറി പത്താമന്‍ മാര്‍പാപ്പയുടെ സഹായി ആയിരുന്ന ഡൊമിനിക്കന്‍ സന്യാസി മോര്‍ബെക്കയിലെ വില്യവുമായുള്ള അടുപ്പം പുസ്തകരചനക്ക് പ്രേരണയാകുന്നു. അതിനാല്‍ തന്നെ തന്റെ ഏറ്റം പ്രസിദ്ധമായ കൃതി അദ്ദേഹത്തിനാണ് സമര്‍പ്പിച്ചിരിക്കുന്നത്. വിത്തെല്ലോയുടെ ഈ ഗ്രന്ഥം അതുവരെ ഈ മേഖലയിലുണ്ടായിട്ടുള്ള എല്ലാ വിജ്ഞാനത്തിന്റെയും സംഗ്രഹമാണ്.

‘പേഴ്പക്ടീവ’ എന്ന നയനശാസ്ത്രത്തെ സംബന്ധിച്ച കൃതി രചിക്കുന്നതിനായി അതുവരെ ഈ വിഷയത്തില്‍ ലഭ്യമായിരുന്ന എല്ലാ ഗ്രന്ഥങ്ങളും വിത്തെല്ലോ വായിച്ചു. ഇതില്‍ പ്രധാനമായത്, യൂക്ലിഡിന്റെ ‘എലമെന്റ്സ് ആന്‍ഡ് ഒപ്റ്റിക്ക’ എന്ന കൃതിയും വലിയ ശാസ്ത്രജ്ഞനും ഫ്രാന്‍സിസ്‌ക്കന്‍ സന്യാസിയുമായിരുന്ന ബേക്കന്റെ കൃതികളുമാണ്. പല നൂതന അറിവുകളും തന്റെ പഠനത്തിലൂടെയും ശാസ്ത്രനിരീക്ഷണത്തിലൂടെയും അദ്ദേഹം ഈ ഗ്രന്ഥത്തില്‍ പകര്‍ന്നു നല്കുന്നു. കണ്ണിന്റെ ഘടനയെക്കുറിച്ചും എങ്ങനെയാണ് പ്രതിച്ഛായകള്‍ കണ്ണില്‍ രൂപപ്പെടുന്നതെന്നും അദ്ദേഹം പത്ത് ഗ്രന്ഥസമാഹാരങ്ങളിലൂടെ ഇവിടെ പറയുന്നു.

‘പേഴ്പക്ടീവ’ ശാസ്ത്രീയമായി മികച്ചതും നയനശാസ്ത്രത്തിലെ ഒരു വിജ്ഞാനകോശം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥവുമാണ്. ഓക്‌സ്‌ഫോര്‍ഡ്, പാരീസ് സര്‍വ്വകലാശാലകളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി നൂറ്റാണ്ടുകളോളം ഈ ഗ്രന്ഥം നിലനിന്നിരുന്നു. പ്രസിദ്ധ ചിത്രകാരനും ശാസ്ത്രജ്ഞനുമായ ലിയനാര്‍ഡോ ഡാവിഞ്ചി തന്റെ ‘ചിത്രകലയെക്കുറിച്ചുള്ള പ്രബന്ധം’ രൂപപ്പെടുത്തുന്നതിന് ഇതിലെ ആശയങ്ങള്‍ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. ആധുനിക നയനശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന യൊഹാന്നസ് കെപ്ലര്‍ വിത്തെല്ലോയുടെ കൃതിയുടെ മൂല്യം മനസിലാക്കുകയും ഈ കൃതിയെ അടിസ്ഥാനപ്പെടുത്തി തന്റെ രചനകള്‍ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രമേഖലയില്‍ നല്ല അറിവുള്ളവര്‍ക്കു മാത്രം മനസിലാക്കാന്‍ പറ്റുന്ന ഒരു ഗ്രന്ഥമായിരുന്നു ഇത്.

‘പേഴ്പക്ടീവ’ രേഖാഗണിതത്തിലും നയനശാസ്ത്രത്തിലും ഒട്ടേറെ നൂതന അറിവുകള്‍ ശാസ്ത്രത്തിന് സംഭാവന ചെയ്തു. വിത്തെല്ലോയെ ‘ശരീരശാസ്ത്രപരമായ നയനശാസ്ത്ര’ത്തിന്റെ (physiological optics) പിതാവ് എന്ന് വിളിക്കുന്ന പണ്ഡിതന്മാരുമുണ്ട്. തന്റെ വലിയ അറിവ് കൊണ്ട് പുതിയ പഠനങ്ങള്‍ക്കുള്ള ഒരു മേഖല അദ്ദേഹം വെട്ടിത്തുറന്നു. ഈ ഗ്രന്ഥത്തെ ആധുനിക നയനശാസ്ത്രജ്ഞന്മാര്‍ വളരെ ഗൗരവത്തോടെ കാണുകയും പഠിക്കുകയും ചെയ്യുന്നത് അതിന്റെ പ്രാധാന്യം വെളിവാക്കുന്നു. ഇറ്റലിയിലെ വിത്തെര്‍ബോ നഗരത്തിലെ പേപ്പല്‍ കോടതിയിലെ സേവനത്തിനു ശേഷം തന്റെ ജന്മനാട്ടില്‍ മടങ്ങിയെത്തി ലിഗ്‌നിസ് നഗരത്തില്‍ അധ്യാപകനായി സേവനം ചെയ്തു. 1314 -ല്‍ വിത്തെല്ലോ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.