
ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രസംഗങ്ങളിൽ ദിവ്യകാരുണ്യ ആരാധനയുടെ പ്രാധാന്യത്തെക്കുറിച്ച് പരാമർശിക്കാറുണ്ട്. ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ വർഷം ദിവ്യകാരുണ്യ ആരാധനയെക്കുറിച്ച് പരാമർശിച്ച അഞ്ച് കാര്യങ്ങൾ ഇതാ…
1. ഇക്കാലഘട്ടത്തിൽ ദിവ്യകാരുണ്യ ആരാധനയുടെ പ്രാധാന്യം
2023 ജൂണിൽ യു. എസ്. എ. യിലെ നാഷണൽ യൂക്കരിസ്റ്റിക് കോൺഗ്രസിന്റെ സംഘാടക സമിതിയുമായി സംസാരിച്ചപ്പോൾ ഫ്രാൻസിസ് പാപ്പ ഇപ്രകാരം പറഞ്ഞു. “ഇക്കലഘട്ടങ്ങളിൽ ആരാധനയുടെ പ്രാധാന്യം കുറഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. നിശബ്ദതയിൽ ദിവ്യകാരുണ്യ ആരാധനയുടെ വികാരം നാം വീണ്ടും കണ്ടെത്തണം. വളരെ കുറച്ച് ആളുകൾക്ക് അതിന്റെ പ്രാധാന്യം മനസ്സിലായിട്ടുണ്ട്. വിശുദ്ധ കുർബാന ആഘോഷിക്കാൻ ഞങ്ങൾക്ക് വൈദികരെ ആവശ്യമുണ്ട്.
2. നമ്മുടെ ജീവിതത്തെ നന്നായി മനസ്സിലാക്കാൻ ദിവ്യകാരുണ്യ ആരാധന സഹായിക്കുന്നു
2023 സെപ്റ്റംബറിൽ, സെൻ്റ് ഹാനിബാൾ മേരി ഡി ഫ്രാൻസിയ സ്ഥാപിച്ച, ദൈവിക തീക്ഷ്ണതയുടെ പുത്രിമാർ എന്ന സന്യാസ സമൂഹത്തിലെ അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, ആരാധന നമുക്ക് എങ്ങനെ ഒരു പുതിയ വീക്ഷണവും ധാരണയും നൽകുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ ഊന്നിപ്പറഞ്ഞു. “ഒരാൾ സ്വയം ദൈവമുമ്പാകെ, അനുസരണയുള്ളവനും വിനയാന്വിതനുമായിരിക്കുമ്പോൾ, സ്വന്തം ജീവിതത്തിന്റെ അർഥത്തെക്കുറിച്ച് ഒരു പ്രത്യേക ധാരണ ലഭിക്കും: വിശ്വസ്തവും അചഞ്ചലവുമായ പ്രാർഥനയിലാണ്, പ്രത്യേകിച്ചും ആരാധനയിൽ, എല്ലാം യോജിപ്പുള്ളതായി കണക്കാക്കുന്നു, അവിടെ ഒരാൾ സ്വയം കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നു.” പാപ്പ പറഞ്ഞു.
3. നാം ഈശോയുടെ മനുഷ്യാവതാരത്തെ എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് ആരാധന
2023 ഡിസംബറിലെ പാതിരാകുർബാനയിൽ ഫ്രാൻസിസ് നടത്തിയ പ്രസംഗത്തിൽ, യേശുവിന്റെ മനുഷ്യാവതാരവും സാന്നിധ്യവും നമ്മുടെ ജീവിതത്തിൽ യഥാർഥമായി അനുഭവിക്കാനും ആശ്ലേഷിക്കാനും ആരാധന നമ്മെ സഹായിക്കുന്നതെങ്ങനെയെന്ന് മാർപാപ്പ എടുത്തുപറഞ്ഞു. ” ആരാധിക്കുക എന്നത് സമയം പാഴാക്കലല്ല, മറിച്ച് നമ്മുടെ സമയം ദൈവത്തിന്റെ വാസസ്ഥലമാക്കുകയാണ്. ബെത്‌ലഹേമിൽ, ജനക്കൂട്ടം ജനസംഖ്യാ കണക്കെടുപ്പിന്റെ ആവേശത്തിൽ അകപ്പെട്ടു. വരികയും പോകുകയും, സത്രങ്ങൾ നിറയ്ക്കുകയും നിസ്സാര സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്യുമ്പോൾ, കുറച്ച് ആളുകൾ യേശുവിനോട് അടുത്തു: മേരിയും ജോസഫും, ഇടയന്മാരും, ജ്ഞാനികളും. അവരിൽ നിന്ന് നമുക്ക് പഠിക്കാം. അവർ യേശുവിനെ ഉറ്റുനോക്കി, ഹൃദയം അവനിൽ ഉറപ്പിച്ചു. അവർ സംസാരിച്ചില്ല, ആരാധിച്ചു.”- മാർപാപ്പ പറഞ്ഞു.
4. ദൈവത്തിന്റെ അതിരുകളില്ലാത്ത സ്നേഹം നാം എങ്ങനെ കണ്ടെത്തുന്നു എന്നതാണ് ആരാധന
“സ്നേഹിക്കുക എന്നാൽ ആരാധിക്കുക.” 2023 ഒക്ടോബറിൽ നടന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിൽ പങ്കെടുത്ത വൈദികരോടും സന്യാസികളോടും ബിഷപ്പുമാരോടും അൽമായരോടും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ആരാധനയിലൂടെ നമുക്ക് ദൈവത്തിന് നമ്മോടുള്ള സ്നേഹം കൃത്യമായി മനസ്സിലാക്കാൻ കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു.
“ദൈവത്തിന്റെ സൗജന്യവും വിസ്മയിപ്പിക്കുന്നതുമായ സ്നേഹത്തിന് നമുക്ക് നൽകാനാകുന്ന ആദ്യത്തെ പ്രതികരണമാണ് ആരാധന. ദൈവത്തെ ആരാധിക്കുമ്പോൾ നാം സ്വതന്ത്രരാണെന്ന് കണ്ടെത്തുന്നു. എല്ലാ രൂപതകളിലും, എല്ലാ ഇടവകകളിലും, എല്ലാ സമൂഹത്തിലും, നമുക്ക് കർത്താവിനെ ആരാധിക്കാം. നിശ്ശബ്ദമായ ആരാധനയിലൂടെ മാത്രമേ ദൈവവചനം നമ്മുടെ വാക്കുകളിൽ വസിക്കുകയുള്ളൂ. അവന്റെ സാന്നിധ്യത്തിൽ നാം അവന്റെ ആത്മാവിന്റെ അഗ്നിയാൽ ശുദ്ധീകരിക്കപ്പെടുകയും രൂപാന്തരപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്യും. സഹോദരീ സഹോദരന്മാരേ, നമുക്ക് കർത്താവായ യേശുവിനെ ആരാധിക്കാം.”
5. ദിവ്യകാരുണ്യ ആരാധന സുവിശേഷവത്കരണത്തിലേക്കുള്ള ഒരു പാതയാണ്
2023 സെപ്റ്റംബറിൽ മംഗോളിയ സന്ദർശന വേളയിൽ അവിടുത്തെ ബിഷപ്പുമാരോടും വൈദികരോടും മറ്റ് അജപാലകരോടും മാർപാപ്പ പറഞ്ഞു. “ക്രിസ്തുവിന്റെ മുഖവുമായി നാം സമ്പർക്കം പുലർത്തുകയും, തിരുവചനത്തിൽ അവനെ അന്വേഷിക്കുകയും, സക്രാരിയുടെ മുമ്പിൽ നിശബ്ദ ആരാധനയിൽ അവനെ ധ്യാനിക്കുകയും ചെയ്യുമ്പോൾ, ചുറ്റുമുള്ളവരിൽ ദൈവത്തെ കാണുകയും കഷ്ടപ്പാടുകൾക്കിടയിലും ഒരു ആന്തരിക സന്തോഷം അനുഭവിക്കാൻ സാധിക്കുകയും ചെയ്യും.”