“അത് ഇരുണ്ട മൂന്ന് ദിനങ്ങളായിരുന്നു”: തീവ്രവാദികളോടൊത്തുള്ള തടവറ നിമിഷങ്ങളെ ഓർത്തെടുത്ത് നൈജീരിയൻ യുവാവ്

“കിഴക്കൻ ഡിആർസിയിലെ യുദ്ധബാധിത മേഖലയിൽ നല്ല ചൂടുള്ള ദിവസമായിരുന്നു അത്. അന്നായിരുന്നു എന്റെ മാതാപിതാക്കളെ വെട്ടിയും കഴുത്തറുത്തും അവർ കൊലപ്പെടുത്തിയത്” – 18 വയസുള്ള മാത്യു, തന്റെ അനുഭവം പറയുകയാണ്. ക്രൈസ്തവ വിശ്വാസം മൂലം സ്വന്തം മാതാപിതാക്കളെ തീവ്രവാദികൾ കൊലപ്പെടുത്തുന്നത് നേരിട്ടു കാണേണ്ടിവന്ന ഭീകരമായ അനുഭവം, സഹോദരങ്ങളെ പിരിഞ്ഞു തോക്കിൻമുനയിൽ ഇന്നോ, നാളെയോ കൊല്ലപ്പെട്ടേക്കാമെന്ന ഭീതിയിൽ തീവ്രാവദി ക്യാമ്പിൽ കഴിഞ്ഞ അനുഭവം മാത്യു പങ്കുവയ്ക്കുന്നു. അവന്റെ ഇളയ സഹോദരി ഒമ്പതു വയസുള്ള സാറ അവന്റെ വലതുവശത്ത് ഇരുന്നു. അവൻ സംസാരിക്കുമ്പോൾ അവൾ ശൂന്യതയോടെ മുന്നിലേക്ക് നോക്കിയിരുന്നു. ഒരുപക്ഷേ, ഭീതിയുടെ ആ നിഴലുകളാകാം അവളുടെ മനസ്സിൽ…

കഴിഞ്ഞ വർഷം ഇസ്ലാമിക തീവ്രവാദികൾ തങ്ങളുടെ മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തുന്നത് നേരിട്ടു കാണേണ്ടിവന്ന മക്കളാണ് മാത്യുവും സാറയും അവരുടെ മറ്റു സഹോദരങ്ങളും. “ആളുകളെ വെടി വയ്ക്കുമ്പോൾ അവർ അറബി സംസാരിക്കുകയും ‘അല്ലാഹു അക്ബർ’ എന്ന് ആക്രോശിക്കുകയും ചെയ്തു. വിമതർ മുസ്ലീങ്ങളായിരുന്നു അവർ. ചിലരെ തലയിലും മറ്റു ചിലരെ കഴുത്തിലും വെട്ടി അവർ കൊലപ്പെടുത്തി. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരെ കൊന്നപ്പോൾ അവർ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിനെ സ്തുതിക്കുന്നു” – മാത്യു, താൻ സാക്ഷ്യം വഹിക്കേണ്ടിവന്ന ക്രൂരദൃശ്യങ്ങൾ വെളിപ്പെടുത്തിത്തുടങ്ങി.

2022 മെയ് 13-ന്, ഡസൻ കണക്കിന് എഡിഎഫ് പോരാളികൾ അവരുടെ ഗ്രാമത്തിൽ പതിയിരുന്ന് ആക്രമണം നടത്തിയപ്പോൾ മാത്യുവും സാറയും അവരുടെ മറ്റ് മൂന്ന് സഹോദരങ്ങളും മാതാപിതാക്കളോടൊപ്പം വീട്ടിലായിരുന്നു. അക്രമികളുടെ ശബ്ദം കേട്ടയുടനെ കുട്ടികൾ കുറ്റിക്കാട്ടിലേക്ക് ഓടിപ്പോയപ്പോൾ പോരാളികൾ അവരുടെ മാതാപിതാക്കളെ പിടികൂടി കൊലപ്പെടുത്തി. മണിക്കൂറുകൾക്കു ശേഷം, തീവ്രവാദികൾ സഹോദരങ്ങളുടെ സംഘത്തെ കണ്ടെത്തി അവരെയും മറ്റ് 20 ഗ്രാമീണരെയും ബന്ദികളാക്കി.

“അവർ ഞങ്ങളെ മലകളിലേക്ക് കൊണ്ടുപോയി. ഞങ്ങൾ മൂന്നു ദിവസം യാത്ര ചെയ്തു. അവർ ഞങ്ങളെ വളരെ വലിയ ഒരു ക്യാമ്പിലേക്ക് കൊണ്ടുപോകുകയാണെന്ന് എന്നോടു പറഞ്ഞു. ബന്ദികളാക്കിയ പലരെയും മുസ്ലിങ്ങളാകാൻ അവർ നിർബന്ധിച്ചു. കോംഗോ മുഴുവൻ ഇസ്ലാമികവൽക്കരിക്കുകയും കിഴക്കൻ ആഫ്രിക്കയിലുടനീളം ഇസ്ളാം പ്രചരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഞാൻ മുസ്ലിം ആകാൻ സമ്മതിച്ചാൽ അവർ കലാപങ്ങൾ നടത്താനുള്ള പരിശീലനത്തിനായി കൊണ്ടുപോകും; എതിർത്താൽ കൊല്ലും. എന്നെ സംബന്ധിച്ചിടത്തോളം, എന്റെ തീരുമാനം എടുക്കുന്നതിനു മുമ്പ് ഞാൻ രക്ഷപെട്ടു” – മാത്യു തന്റെ അനുഭവം പങ്കുവച്ചു.

അവരെ തട്ടിക്കൊണ്ടു പോയി മൂന്നു ദിവസങ്ങൾക്കു ശേഷം, കോംഗോ ദേശീയ സൈന്യത്തിലെ സൈനികർ എഡിഎഫ് ഒളിത്താവളത്തിലേക്ക് ഇരച്ചുകയറി. അന്ന് രക്ഷപെടുത്തിയ ചുരുക്കം ചില ക്രിസ്ത്യാനികളിൽ മാത്യുവും സാറയും ഉൾപ്പെടുന്നു. പിന്നീട്, തങ്ങളുടെ മൂന്ന് സഹോദരങ്ങളും രക്ഷപെട്ടതായും ഏതാനും മണിക്കൂറുകൾ യാത്ര ചെയ്യാനുംമാത്രം അകലെയുള്ള ഒരു പട്ടണത്തിലാണെന്നും ഇവർ കണ്ടെത്തി. തന്റെ കൂടെപ്പിറപ്പുകൾ ജീവനോടെയുള്ളതിൽ സന്തോഷിക്കുമ്പോഴും മാതാപിതാക്കൾ നഷ്ടപ്പെട്ട വേദനയും കണ്മുൻപിൽ കണ്ട ക്രൂരദൃശ്യങ്ങളും ഇവരെ ഇന്നും വേട്ടയാടുകയാണ്. എങ്കിലും ക്രിസ്തുവിലുള്ള വിശ്വാസം മുറുകെപ്പിടിച്ച് സഹോദരങ്ങളോടൊപ്പം ഒരു കുടുംബമായി ഒത്തുചേരുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇവർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.