വിരുന്നുമേശകളെ പവിത്രമാക്കുന്ന പേത്തര്‍ത്താ

അമ്പതുനോമ്പിനു മുമ്പുള്ള മാര്‍ത്തോമ്മാ നസ്രാണികളുടെ അവസാന ആഘോഷമാണ് പേത്തര്‍ത്താ പെരുനാള്‍. വലിയനോമ്പ് ആരംഭിക്കുന്ന വിഭൂതി തിങ്കളിനു തലേനാളാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ആഗതമാകുന്ന വലിയ നോമ്പിനുമുമ്പ് ആഘോഷങ്ങളെല്ലാം അവസാനിപ്പിക്കുന്ന ദിനമാണന്ന്.

അവസാനിച്ചു, മുഴുവനായി എന്നെല്ലാം അർഥം ദ്യോതിപ്പിക്കുന്ന പ്ത്തറ് എന്ന സുറിയാനി ധാതുവില്‍നിന്ന് ഉത്ഭവിച്ച പാത്തോറോത്ത എന്ന വാക്കില്‍നിന്നാണ് പേത്തര്‍ത്താ വാക്കിന്റെ ഉത്ഭവം. പാത്തോറോത്താ എന്ന വാക്കിന്റെ അര്‍ഥമാകട്ടെ, അവസാനിക്കല്‍ എന്നാണ്. പത്തീറൂത്താ, പെത്രാത്ത, പെത്തുര്‍ത്താ എന്നിങ്ങനെയെല്ലാം മുന്‍കാലങ്ങളില്‍ ഈ ദിനം നസ്രാണി ജീവിതത്തില്‍ പറയപ്പെട്ടും അറിയപ്പെട്ടും പോന്നു. മത്സ്യമാംസാദികളോടു വിടപറച്ചില്‍, ആഘോഷങ്ങളുടെ അവസാനം എന്നിങ്ങനെയുള്ള നോമ്പിന്റെ മാനങ്ങളെ ഉള്‍ക്കൊള്ളുന്ന പേരാണിവ, അഥവാ നോമ്പാരംഭത്തിന്റെ സ്വഭാവത്തിന് അനുഗുണമായ നാമം ഈ ദിവസത്തിനു കൈവന്നു. സര്‍വോപരി, പഴയ ജീവിതക്രമം അവസാനിച്ചു; പുതിയത് ആരംഭിക്കുകയായി എന്ന ഓര്‍മ്മപ്പെടുത്തലിന്റെ ദിനമാണിത്. രുചികുറഞ്ഞ ഭക്ഷണം എന്ന് അര്‍ഥമുള്ള സുറിയാനിവാക്കായ പെഫൊര്‍ത്താ മലയാളീകരിച്ചതാവാം പേത്തര്‍ത്താ എന്നു കരുതുന്നവരുമുണ്ട്. കാരണം, പൗരസ്ത്യ രീതുനോമ്പ് ആരംഭിക്കുന്ന ഞായറാഴ്ച്ച വൈകിട്ട് രുചികുറഞ്ഞ ആഹാരം കഴിച്ചുകൊണ്ട് ആചാരപൂര്‍വം നോമ്പാചരണം തുടങ്ങുന്ന രീതി ഇവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

സുറിയാനി ക്രിസ്ത്യാനികളെ സംബന്ധിച്ച് പേത്തര്‍ത്താ വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ ആഘോഷമാണ്. ഭവനത്തില്‍ എല്ലാവരും ഒന്നുചേര്‍ന്ന് മത്സ്യമാംസാദികള്‍ ഉള്‍പ്പടെയുള്ള സ്വാദിഷ്ഠമായ വിരുന്നുണ്ട് സുഭിക്ഷമായ ഭക്ഷണരീതി അവസാനിപ്പിക്കുന്നു. തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥനയോടെ തപസ്സിന്റെയും പ്രായശ്ചിത്തത്തിന്റെയും നോമ്പുദിനങ്ങള്‍ ആരംഭിക്കുന്നു. പാറേമ്മാക്കല്‍ ഗോവര്‍ണ്ണദോരുടെ വര്‍ത്തമാന പുസ്തകത്തില്‍ ഇതേപ്പറ്റി സൂചനയുണ്ട്: “റൊമ്മായില്‍ മേല്പട്ടക്കാരുടെ തക്സായില്‍ എഴുതപ്പെട്ട ക്രമത്തിന് തക്കവണ്ണം മിശിഹാ പിറന്നിട്ട് 1783-ാം കാലം കുംഭമാസം 17-ാം തീയതി എഴുപതാം ഞായറാഴ്ച്ച എന്നുചൊല്ലപ്പെടുന്ന നോയമ്പിന്റെ പെത്രാത്ത ഞായറാഴ്ച്ചയുടെ തലേത്തലേ ഞായറാഴ്ച്ചനാള്‍…”

പ്ത്തറ് എന്ന വാക്കിന് പലതരം ഭക്ഷണസാധനങ്ങള്‍ എന്നൊക്കെ അർഥം നല്‍കുന്ന നിഘണ്ടുക്കളുണ്ട്. പലതരം വിഭവങ്ങള്‍ കഴിക്കുന്ന ദിനമെന്ന് അപ്പോഴും ഈ പേരിനെ നോമ്പാരംഭവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കാവുന്നതാണല്ലോ. മറ്റൊരു രസകരമായ വസ്തുത, മുസ്ളീം സഹോദരങ്ങള്‍ റംസാന്‍ നോമ്പാരംഭത്തില്‍ കഴിക്കുന്ന ഭക്ഷണം കേരളത്തിലെങ്ങും പ്രസിദ്ധമായ പത്തിരിയാണല്ലോ. സെമറ്റിക്ക് പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരായ അവരും സമാനമായ അര്‍ഥത്തില്‍ പ്ത്തറ് എന്ന പദം സ്വന്തമാക്കി എന്നുവേണം കരുതാന്‍.

ലത്തീന്‍ ക്രൈസ്തവരുടെ ഇടയിലുള്ള സമാനമായ ആചരണം കാര്‍ണിവല്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. കാര്‍ണം, ലെവാര എന്നീ വാക്കുകളില്‍ നിന്നുത്ഭവിച്ച കാര്‍ണിവല്‍ എന്ന പദത്തിന്, മാംസത്തോടു വിടപറയല്‍ എന്നര്‍ഥം. കാര്‍ണിവല്‍ ദിവസങ്ങളിലെ ആഘോഷങ്ങള്‍ക്കുശേഷം നോമ്പിന്റെ ചൈതന്യത്തിലേക്ക്  വിശ്വാസികള്‍ പ്രവേശിക്കുന്നു. ലത്തീന്‍സഭയില്‍ നോമ്പാരംഭിക്കുന്ന വിഭൂതി ബുധനാഴ്ച്ചയ്ക്കുമുമ്പുള്ള തിങ്കള്‍, ചൊവ്വ ദിനങ്ങളിലാണ് കാര്‍ണിവല്‍ ആചരണം. ഇതോടനുബന്ധിച്ച് വിഭവസമൃദ്ധമായ ഭക്ഷണത്തിനുപുറമെ കലാകായിക വിനോദങ്ങളും സംഘടിപ്പിച്ച് ഒരു സാമൂഹികസംഭവമാക്കി നോമ്പാരംഭത്തെ മാറ്റുന്ന ശൈലി പാശ്ചാത്യക്രിസ്ത്യാനികളുടെയിടയില്‍ ഉണ്ടായിരുന്നു. ക്രമേണ ജനുവരി 6-ലെ പ്രത്യക്ഷീകരണത്തിരുനാള്‍ തുടങ്ങി വിഭൂതി ബുധനാഴ്ച്ചയുടെ തലേനാള്‍വരെ നീണ്ടുനില്‍ക്കുന്ന ആഘോഷമായി ചിലയിടങ്ങളിലെങ്കിലും ഇത് വളര്‍ന്നു. പിന്നീട് നൃത്തം, സംഗീതം എന്നിവയോടൊത്തു സംഘടിപ്പിക്കുന്ന ഏതാഘോഷത്തിനും കാര്‍ണിവല്‍ എന്ന പേര് ലഭിച്ചുതുടങ്ങി.

ഏതൊരു തിരുനാളിനോടനുബന്ധിച്ചും നോമ്പാചരണം നിഷ്ഠാപൂര്‍വം ആചരിച്ചിരുന്ന നസ്രാണികള്‍ വലിയനോമ്പ് ആരംഭിച്ചിരുന്നത് വലിയ സന്തോഷത്തോടെ, ആത്മീയമഹോത്സവത്തിന്റെ പ്രതീതിയിലാണ് എന്നതിന് ഉത്തമോദാഹരണമാണ് പേത്തര്‍ത്താ പെരുനാള്‍. സാമൂഹികബന്ധങ്ങള്‍ ഊട്ടുമേശാനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ക്രമപ്പെടുത്തി, ശേഷം നോമ്പിന്റെ പുണ്യദിനങ്ങളിലേക്കു പ്രവേശിക്കുക എന്നൊരു ചൈതന്യം കൂടി ഈ തിരുനാളിനുണ്ട്. നാല്പതുനാള്‍ ഉപവസിച്ച കര്‍ത്താവിനെപ്പറ്റി മാത്രമല്ല അവിടുന്ന് പങ്കെടുത്ത നാല്പതു വിരുന്നുകളെപ്പറ്റിയും സുവിശേഷങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. ഉപവാസത്തോടൊപ്പം അവിടന്ന് വിരുന്നുമേശകളെയും പവിത്രമാക്കി എന്ന് പേത്തര്‍ത്താ പഠിപ്പിക്കുന്നു.

ഏവര്‍ക്കും പേത്തര്‍ത്തായുടെ ശുഭാശംസകള്‍!!!

ഫാ. ജോസഫ് ഇലഞ്ഞിമറ്റം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.