കമ്മ്യൂണിസ്റ്റ് പീഡനത്തിൽ രക്തസാക്ഷിയായ ഫാ. മൈക്കിൾ റാപാക്സിൻ വാഴ്ത്തപ്പെട്ട പദവിയിലേക്ക്

ക്രിസ്തുവിനെപ്രതി ദൈവജനത്തോടു ചേർന്നുനിന്ന യുവവൈദികനാണ് ഫാ. മൈക്കിൾ റാപാക്സിൻ. ഇടവകജനത്തിനു വേണ്ടിയുള്ള നിസ്വാർഥസേവനത്തിന്റെപേരിൽ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളാൽ കൊല്ലപ്പെട്ട ഈ യുവവൈദികൻ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയരുകയാണ്. ശത്രുക്കൾ ക്രൂരമായി മർദിക്കുമ്പോഴും ക്രിസ്തുവിനെപ്രതി അവയെല്ലാം സഹിച്ച ആ യുവവൈദികന്റെ ജീവിതം വായിക്കാം.

പോളണ്ടിൽനിന്ന് 62 മൈൽ അകലെ ക്രാക്കോവിൽനിന്ന് സാകോപേനിലേക്കുള്ള വഴിയിലുള്ള ടെൻസീൻ ഗ്രാമത്തിലാണ് ഫാ. റാപാക്സ് പിറന്നത്. ജാൻ, മരിയാന്ന എന്നീ കർഷകമാതാപിതാക്കളുടെ നാലുമക്കളിലൊരാളായി 1904 സെപ്റ്റംബർ 16-ന് മൈക്കിൾ ജനിച്ചു. പഠനത്തിൽ വളരെ തത്പരനായിരുന്നതുകൊണ്ട് മൈക്കിളിനെ നാലു കിലോമീറ്റ‌ർ അകലെയുള്ള സ്കൂളിൽ ചേർക്കാൻ മാതാപിതാക്കൾ തീരുമാനിച്ചു. സ്കൂളിലേക്കും തിരിച്ചുമുള്ള എട്ടു കിലോമീറ്റർ ദൂരം എല്ലാദിവസവും നടന്നുപോകണമായിരുന്നു. പഠിക്കാനുള്ള അഭിനിവേശമായിരുന്നു മഴയും തണുപ്പുമൊക്കെ സഹിച്ച് സ്കൂളിലേക്കു നടക്കാൻ കുഞ്ഞുമൈക്കിളിനെ പ്രേരിപ്പിച്ചിരുന്നത്.

ഒന്നാം ലോകമഹായുദ്ധംമൂലം പഠനം ഇടയ്ക്കുവച്ചു മുടങ്ങിയെങ്കിലും 1918-ൽ മൈക്കിൾ വീണ്ടും സ്കൂളിൽ പോയിത്തുടങ്ങി. മകന്റെ പഠനത്തിനുള്ള പണം കണ്ടെത്താൻ കഴിയാതെവന്ന ആ മാതാപിതാക്കൾക്ക് അവരുടെ പുരയിടത്തിന്റെ ഒരുഭാഗം വിൽക്കേണ്ടിവന്നിരുന്നു.

യുവവൈദികനായ മൈക്കിൾ

1926-ൽ ക്രാക്കോവിലെ മേജർ സെമിനാരിയിൽ ചേർന്ന മൈക്കിൾ അഞ്ചു വർഷങ്ങൾക്കുശേഷം 1931 ഫെബ്രുവരി ഒന്നാം തീയതി വൈദികനായി അഭിഷിക്തനായി. ക്രാക്കോവിലേക്ക് തിരുപ്പട്ട ശുശ്രൂഷയിൽ പങ്കെടുക്കാനായി എത്തിയ അമ്മയ്ക്കും സഹോദരങ്ങൾക്കും ബന്ധുമിത്രാദികൾക്കും അത് അഭിമാനത്തിന്റെയും ആനന്ദത്തിന്റെയും നിമിഷങ്ങളായിരുന്നു. അപ്പോഴേക്കും അദ്ദേഹത്തിന്റെ പിതാവ് ദൈവസന്നിധിയിലേക്കു മടങ്ങിയിരുന്നു. ട്രെസെബിനിയയ്ക്ക് അടുത്തുള്ള പ്ലോക്കിയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ നിയമനം.

യുവവൈദികൻ 1931 ജൂണിൽ പ്ലോക്കിയിലെത്തി. ചെറിയ ഒരു പള്ളിയും ലളിതമായ പള്ളിമുറിയും സഭയോടു ശത്രുതയുള്ള ജനത്തെയുമായിരുന്നു അദ്ദേഹം അവിടെ കണ്ടത്. എങ്കിലും ചെറുപ്പക്കാരനായ ആ വൈദികൻ തെല്ലും നിരാശനാകാതെ യുവജനങ്ങളിൽ തന്റെ ശ്രദ്ധപതിപ്പിച്ചു. രണ്ടുവർഷം നീണ്ട തന്റെ അവിടുത്തെ സേവനംകൊണ്ട് ജനത്തെ ദൈവത്തിലേക്ക് ആകർഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

1933-ൽ രാജ്സയിലെ പള്ളിയുടെ വികാരിയായി അദ്ദേഹം നിയമിതനായി. ആ ഇടവകയിലെ ആളുകൾക്ക് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. അവിടെനിന്ന് വീണ്ടും അദ്ദേഹത്തിന് മാറ്റമുണ്ട് എന്നറിഞ്ഞ അവിടുത്തെ ജനം, ഫാ. റാപാക്സിനെ മാറ്റരുത് എന്ന ഒരു നിവേദനം ക്രാക്കോവിലെ മെത്രാന് അയയ്ക്കുകയുണ്ടായി. എങ്കിലും അധികരികളുടെ ആഗ്രഹം മറ്റൊന്നായിരുന്നു. അദ്ദേഹത്തെ വീണ്ടും പ്ലോക്കിയിലേക്കാണ് അയച്ചത്.

യുദ്ധാനന്തര പോളണ്ട്

രണ്ടാം ലോകമഹായുദ്ധകാലത്ത് ക്രെഷനോവ് കൗണ്ടിയിലെ പ്ലോക്കിയിലായിരുന്നു ഫാ. റാപാക്സ് ശുശ്രൂഷ ചെയ്തിരുന്നത്. ആയിരത്തിൽ താഴെമാത്രമായിരുന്നു അവിടുത്തെ ജനസംഖ്യ.

വളരെ കർശനമായ ജീവിതചര്യ സൂക്ഷിച്ചിരുന്ന അദ്ദേഹം മിതവ്യയത്തിൽ വളരെ ശ്രദ്ധിച്ചിരുന്നു. ഇടവകയിലെ ജനങ്ങൾ കൊടുത്തിരുന്ന ഒരോ നാണയത്തുട്ടും വളരെ ശ്രദ്ധയോടെയാണ് അദ്ദേഹം ചെലവഴിച്ചിരുന്നത്. ക്രിസ്തുമസ് കാലത്തെ ഭവനസന്ദർശനങ്ങളുടെ സമയത്ത് ആവശ്യക്കാരായ കുടുംബങ്ങൾക്ക് തന്റെ പക്കലുള്ള പണം മുഴുവൻ നല്കിയിരുന്നു. ജർമ്മൻ ഭാഷ നന്നായി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം യുദ്ധകാലത്ത് പോളണ്ടിന്റെ പ്രതിരോധത്തിന് വളരെയധികം സഹായകമായിരുന്നു. യുദ്ധത്തെ അതിജീവിക്കുകയും നാസികളുടെ കൈകളാലുള്ള മരണത്തിൽനിന്ന് രക്ഷപെടുകയും ചെയ്തെങ്കിലും പോളണ്ടിന്റെ മോചനത്തിനുശേഷം ഒരു വർഷംകൂടി മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ.

യുദ്ധം ജനങ്ങളുടെ മനസ്സിൽ വളരെ ആഴത്തിലുള്ള മുറിവുകളാണ് അവശേഷിപ്പിച്ചിരിക്കുന്നതെന്ന്, യുദ്ധാനന്തരം നടത്തിയ ആദ്യത്തെ ഭവനസന്ദർശനങ്ങളിൽനിന്നു തന്നെ അദ്ദേഹത്തിനു മനസ്സിലായി. നന്മതിന്മകളെ വേർതിരിക്കാൻ കഴിയാത്തവിധം മിക്കവരും തന്നെ ധാർമ്മികമായി തകർന്നുപോയിരുന്നു. അനേകവർഷങ്ങൾ ഭയത്തിലും പട്ടിണിയിലും കഷ്ടതയനുഭവച്ചിരുന്ന ജനങ്ങൾ ചെറിയ സാധനങ്ങൾക്കുവേണ്ടിപ്പോലും പരസ്പരം ഒറ്റുകൊടുക്കാനും മുറിപ്പെടുത്താനും മടിയില്ലാത്തവരായി മാറി.

കമ്മ്യൂണിസത്തിന്റെ ഉദയം

1945-ൽ പോളണ്ടിലെ കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങൾ വളരെ ശക്തമായിത്തീർന്നു. ആവേശം മൂത്ത ചില പ്രാദേശികനേതാക്കൾ പോളണ്ടിനെ സോവിയറ്റ് യൂണിയന്റെ ഭാഗമാക്കിത്തീർക്കാം എന്നുവരെ വാദിച്ചിരുന്നു. പോളിഷ് വ‌ർക്കേഴ്സ് പാർട്ടിയുടെ നാഷണൽ കോൺഗ്രസ്സിനുശേഷം എതിർകക്ഷികളോടുള്ള അവരുടെ ശത്രുത വർധിച്ചുവന്നു. യുദ്ധസമയത്ത് ആഭ്യന്തരസൈനികരെ പിന്തുണച്ചിരുന്നവരും പുതിയ സർക്കാരിനെ വിശ്വസിക്കാത്തവരുമായ വൈദികരെ അധികാരികൾ ലക്ഷ്യംവച്ചു തുടങ്ങിയത് അക്കാലത്താണ്. ആ കൂട്ടത്തിൽ ഫാ. മൈക്കിൾ റാപാക്സും ഉണ്ടായിരുന്നു.

പള്ളിക്കെട്ടിടവുമായി ബന്ധപ്പെട്ടാണ് ഫാ. റാപാക്സും കമ്മ്യൂണിസ്റ്റുകളും തമ്മിൽ തർക്കം ആരംഭിക്കുന്നത്. പള്ളിയുടെ പാരിഷ് ഹാൾ, യൂണിയൻ ഓഫ് റൂറൽ യൂത്തിന്റെ പ്രവർത്തനങ്ങൾക്കായി വിട്ടുനല്കണമെന്ന് കമ്മ്യൂണിസ്റ്റുകൾ ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹമത് നിരസിച്ചു. ഇടവകയിലെ യുവജനങ്ങൾക്ക് ഒരുമിച്ചുകൂടാൻ ആകെയുണ്ടായിരുന്നത് ആ പാരിഷ് ഹാൾ ആയിരുന്നു. അതിനാൽ അത് വിട്ടുനല്കാനാവില്ലെന്ന് അദ്ദേഹം ശഠിച്ചു. ട്രെസെബിനിയിലെ അന്തരീക്ഷം ചൂടുപിടിച്ചതായിത്തീർന്നു. ഫാ. റാപാക്സിനെ ഇല്ലായ്മചെയ്യാൻ പാർട്ടി മീറ്റിങ്ങിൽവച്ച് അവർ തീരുമാനമെടുത്തു.

പീഡനരാത്രി

1946 മെയ് പതിനൊന്നാം തീയതിയാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. രാത്രിയോടെ ഒരു ഡസനിലധികം അക്രമികൾ പള്ളിമേടയിലേക്ക് ഇരച്ചുകയറി. അവിടെയുണ്ടായിരുന്നവരെയെല്ലാം ഭീഷണിപ്പെടുത്തുകയും തല്ലിവീഴ്ത്തുകയും ചെയ്തശേഷം ഫാ. റാപാക്സിനെ മുകളിലത്തെ നിലയിലേക്കു വലിച്ചിഴച്ചു. അവിടെവച്ച് അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ചോദ്യംചെയ്യകയും പണം ആവശ്യപ്പെടുകയും ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഒരു സഹായവും നല്കാതിരിക്കാനായി, അദ്ദേഹത്തിന്റെ സഹോദരിയെ അവർ ഒരു മുറിയിൽകയറ്റി പൂട്ടിയിട്ടു.
കുറേനേരത്തെ പീഡനങ്ങൾക്കുശേഷം കഴുത്തിൽ കയറിട്ട് പള്ളിക്കുചുറ്റും ഇഴയാൻ അവർ അദ്ദേഹത്തെ നിർബന്ധിച്ചു. എത്രതവണ അദ്ദേഹത്തെ പള്ളിക്കുചുറ്റും മുട്ടിലിഴയിച്ചു എന്ന് അറിയില്ല. അദ്ദേഹം അതിക്രൂരമായ പ‍ീഡനത്തിനു വിധേയനായി എന്നും അവർ അദ്ദേഹത്തെ തല്ലുകയും തൊഴിക്കുകയും ചവിട്ടുകയും ചെയ്തു എന്നും വ്യക്തമാണ്.

അതിക്രൂരമായ ഈ പീഡനങ്ങൾക്കുശേഷം പള്ളിമേടയിൽനിന്ന് ഒരു കിലോമീറ്ററോളം അകലെയുള്ള കാട്ടിലേക്ക് ഫാ. റാപാക്സിനെ അവർ കൊണ്ടുപോയി. പുറത്തെ അന്ധകാരത്തിൽ, അവിടെയൊരു മരച്ചുവട്ടിൽ തള്ളി. കൂട്ടത്തിലൊരാൾ അദ്ദേഹത്തിന്റെ തലയിൽ ആഞ്ഞടിച്ചു. വീണുപോയ അദ്ദേഹത്തിന്റെ തലയിൽ അവർ വെടിവച്ചു. മരണം ഉറപ്പാക്കാനായി അദ്ദേഹത്തിന്റെ തിരുനെറ്റിയിൽ വീണ്ടും നിറയൊഴിച്ചു.

രക്തസാക്ഷി

പീ‍ഡനങ്ങളുടെ ആ രാത്രി കഴി‍ഞ്ഞ പ്രഭാതം ഒരു ഞായറാഴ്ചയായിരുന്നു.  രാവിലെ പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാനായി വന്നവർ അച്ചനെ കാണാത്തതിനാൽ പള്ളിമേടയിലെത്തിയപ്പോഴാണ് അവിടെ ബന്ധനസ്ഥരാക്കിയവരെ കാണുന്നത്. അവരിൽനിന്ന് വിവരമറിഞ്ഞ ജനം ഫാ. റാപാക്സിനെ തിരയാൻ തുടങ്ങി.

ഫാ. റാപാക്സിന്റെ മൃതദ്ദേഹം കാടിന്റെ അതിർത്തിയിലായി അവിടെ കാലിമേയിച്ചിരുന്നവർ കണ്ടെത്തുകയായിരുന്നു. ക്രൂരമർദനത്തിന്റെ മുറിവുകളുമായി, തല തകർന്ന നിലയിലാണ് അദ്ദേഹത്തിന്റെ ശരീരം കിട്ടിയത്. രണ്ട് വെടിയുണ്ടകളുടെ അവശിഷ്ടങ്ങളും അവിടെനിന്ന് കണ്ടെടുത്തിരുന്നു.

മൃതദേഹം കണ്ടെത്തിയപ്പോൾതന്നെ അതൊരു കൊലപാതകമാണെന്ന് എല്ലാവർക്കും മനസ്സിലായി. അദ്ദേഹത്തിന്റെ മരണത്തോടെ ആ ഗ്രാമം രണ്ടായി തിരിഞ്ഞു. അതൊരു ധീരരക്തസാക്ഷിത്വമാണെന്ന് ഒരു കൂട്ടർ പറഞ്ഞു. ഫാ. റാപാക്സിനെ ശത്രുക്കൾ കൊന്നു എന്നത് അവർക്ക് താങ്ങാവുന്നതിലുമധികമായിരുന്നു. അവർ തങ്ങളുടെ തൂവാലകൾ അദ്ദേഹത്തിന്റെ രക്തത്തിൽമുക്കി പൂജ്യവസ്തുവായി ഭവനങ്ങളിലേക്കു കൊണ്ടുപോയി. അദ്ദേഹത്തിന് അർഹിച്ച ശിക്ഷ ലഭിച്ചതായി മറുകൂട്ടരും കരുതി. അദ്ദേഹത്തിന്റെ കൊലപാതകത്തിനുശേഷം കുറ്റവാളികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചച്ചുവെങ്കിലും ഒരു തെളിവും ലഭിക്കാത്തരീതിയിൽ അന്വേഷണം തുടക്കത്തിൽ തന്നെ അട്ടിമറിക്കപ്പെട്ടു. അന്വേഷണം നടത്തിയതിന്റെ യാതൊരു രേഖയും ഇപ്പോൾ ആർക്കൈവ്സിൽ ഇല്ല. 20-ലധികം പേർ കുറ്റകൃത്യത്തിന്റെപേരിൽ സംശയിക്കപ്പെട്ടിരുന്നു എങ്കിലും ഒരാളുടെപോലും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

എന്നാൽ പ്ലോക്കിയിലെ ജനങ്ങളുടെ മനസ്സിൽ ഫാ. റാപാക്സ് ഇപ്പോഴും ജീവിക്കുന്നു. അവർക്ക് അദ്ദേഹത്തെ മറക്കാനാവില്ല. വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘം 2024 ജനുവരി 24-ന് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെ അംഗീകരിച്ചിരുന്നു.

ഫാ. റോണി കിഴക്കേടത്ത് കപ്പൂച്ചിൻ

വിവർത്തനം: ഫാ. റോണി കളപ്പുരയ്ക്കൽ കപ്പൂച്ചിൻ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.