രക്തസാക്ഷിത്വത്തിന്റെ ചിറകിലേറി ഉപവിയുടെ മാലാഖമാര്‍

ബൈബിളിലെ പറുദീസായുടെ ഭാഗമായിരുന്ന ഏദൻ, നരനായാട്ടിന്റെ നരകമായിത്തീർന്ന ദിനമായിരുന്നു 2016 മാർച്ച് നാലാം തീയതി. ക്രിസ്ത്യാനിയായി എന്ന ഒറ്റക്കാരണത്താൽ അന്ന് അവിടെ കൊല ചെയ്യപ്പെട്ടത് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിലെ നാല് സന്യാസിനിമാർ ഉൾപ്പെടെ 16 പേരായിരുന്നു. ഈ ക്രൂരകൃത്യം നടന്നിട്ട് ഇന്നേക്ക് ഏഴു വർഷങ്ങൾ പിന്നിടുമ്പോൾ വിശ്വാസത്തിന്റെ പേരിൽ രക്തസാക്ഷികളായ ഇവർ നമ്മുടെ വിശ്വാസജീവിതത്തിന് കരുത്ത് പകരട്ടെ. ഫാ. മാത്യു ചാർത്താക്കുഴിയിൽ എഴുതുന്നു. 

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

2016 മാര്‍ച്ച് നാലാം തീയതി ലോകം ഒരു നടുക്കത്തോടെയാണ് കണ്‍തുറന്നത്. യമനിലെ ഏദന്‍ നഗരത്തില്‍ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം നടത്തുന്ന വൃദ്ധസദനം ആക്രമിച്ച് നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ വെടിവച്ചു കൊന്ന് കിരാതമായ നരനായാട്ട് അരങ്ങേറിയ ദിനം. ബൈബിളിലെ പറുദീസായുടെ ഭാഗമായിരുന്ന ഏദനാണ് ഭീകരരുടെ കിരാതപ്രവര്‍ത്തിയാല്‍ നരകമായിത്തീര്‍ന്ന നഗരം.

ഭീകരരുടെ തോക്കിനു മുന്നില്‍ വിശ്വാസത്തിന്റെ പരിചയേന്തിയ സന്യാസിനിമാരുടെ രക്തസാക്ഷിത്വമാണ് ഏറ്റവും വലിയ ക്രിസ്തീയസാക്ഷ്യമെന്ന് പ്രസിദ്ധ അമേരിക്കന്‍ ദൈവശാസ്ത്രജ്ഞനായ കര്‍ദ്ദിനാള്‍ എവ്‌റി ഡള്ളസ് (Avery Dulles) പറയുന്നു. ഇത്തരത്തില്‍ ക്രിസ്തുവിനെ സാക്ഷിച്ച സന്യാസിനിമാരായിരുന്നു 2016 മാര്‍ച്ച് നാലാം തീയതി യമനിലെ ഏദന്‍ നഗരത്തില്‍ കൊല്ലപ്പെട്ട മദര്‍ തെരേസയുടെ ഉപവി സന്യാസിനികള്‍. കായേലിനെയും ആബേലിനെയും അടക്കിയ സ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന, ബൈബിളിലെ പറുദീസയുടെ ഭാഗമായിരുന്ന ഏദന്‍, ഇന്ന് ഭൂമിയിലെ നരകമായിത്തീര്‍ന്നിരിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള സി. ആന്‍സലെം, റുവാണ്ടയില്‍ നിന്നുള്ള സി. മാര്‍ഗരറ്റ്, സി. റജിനറ്റ്, കെനിയയില്‍ നിന്നുള്ള സി. ജൂഡിത്ത് ഇവരെ കൂടാതെ യമനില്‍ നിന്നും എത്യോപ്യയില്‍ നിന്നുമുള്ള ജോലിക്കാരും വൃദ്ധസദനത്തിലെ സഹായികളും ആയിട്ടുള്ളവരെയുമാണ് ഭീകരർ തോക്കിന് ഇരയാക്കിയത്.

ആദ്യം കൊല്ലപ്പെട്ടത് വൃദ്ധസദനത്തിന്റെ കാവല്‍ക്കാരനും ഡ്രൈവറുമാണ്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് സിസ്റ്റേഴ്‌സിന് മുന്നറിയിപ്പ് കൊടുക്കാന്‍ മുതിര്‍ന്ന എത്യോപ്യക്കാരായ അഞ്ച് സഹായികളെ മരത്തില്‍ കെട്ടിയിട്ടതിനു ശേഷം തലയില്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. “ഞങ്ങളുടെ സിസ്റ്റേഴ്‌സിനെ കൊല്ലരുതേ” എന്ന് അലറിക്കരഞ്ഞ, ദീര്‍ഘനാളായി സിസ്റ്റേഴ്‌സിനൊപ്പം അടുക്കളയില്‍ ജോലി ചെയ്തിരുന്ന നാലു സ്ത്രീകളെയും ഭീകരര്‍ കൊന്നു.

മുറിവ് ഗൗനിക്കാതെ യുദ്ധം ചെയ്യാന്‍ പഠിപ്പിച്ച പ്രാര്‍ത്ഥന

മദര്‍ തെരേസ എല്ലാ സിസ്റ്റേഴ്‌സിനെയും തങ്ങളുടെ ദിവസത്തിന്റെ പ്രവര്‍ത്തനം, വി. ഇഗ്നേഷ്യസ് ലയോളയുടെ ഒരു മനോഹരപ്രാര്‍ത്ഥനയാല്‍ ആരംഭിക്കണമെന്ന് പഠിപ്പിച്ചിരുന്നു. ആ പ്രാര്‍ത്ഥന ഇപ്രകാരമാണ്:

“കര്‍ത്താവേ, ഉദാരമതിയാവാന്‍ എന്നെ പഠിപ്പിക്കേണമെ. നീ അര്‍ഹിക്കുന്ന വിധത്തില്‍ നിന്നെ സ്‌നേഹിക്കാനും നഷ്ടം നോക്കാതെ നല്‍കാനും മുറിവ് ഗൗനിക്കാതെ യുദ്ധം ചെയ്യാനും വിശ്രമം അന്വേഷിക്കാതെ അദ്ധ്വാനിക്കാനും പ്രതിഫലം പ്രതീക്ഷിക്കാതെ പണിയെടുക്കാനും എന്നെ അനുഗ്രഹിക്കണമേ.”

പതിവുപോലെ പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും പ്രഭാതഭക്ഷണവുമൊക്കെ ആയിട്ടാണ് 80 പേര്‍ താമസിക്കുന്ന ഉപവി സന്യാസിനിമാരുടെ വൃദ്ധസദനത്തിന്റെ പ്രവര്‍ത്തനം മാര്‍ച്ച് നാലാം തീയതിയും തുടങ്ങിയത്. വൃദ്ധരും നിരാലംബരുമായ ആളുകളെ നിസ്വാര്‍ത്ഥമായി പരിചരിക്കുന്ന ആ സ്ഥാപനത്തില്‍ രാവിലെ 8.30 മുതല്‍ ഏകദേശം ഒന്നര മണിക്കൂര്‍ നേരം ഭീകരതയുടെ വിളയാട്ടമായിരുന്നു. സംഭവം നടന്ന് രണ്ട് മണിക്കൂറുകൾക്കു ശേഷം പോലീസ് അവിടെയെത്തുമ്പോള്‍ പതിനാറ് ശവശരീരങ്ങള്‍ കൈകള്‍ ബന്ധിച്ച്, തല തകര്‍ന്ന്, ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നു.

ജീവിക്കുന്ന സാക്ഷ്യവുമായി സി. സാലി

കേരളത്തില്‍ നിന്നുള്ള സി. സാലിയായിരുന്നു ആ ഭവനത്തിന്റെ പ്രധാന ചുമതലക്കാരി. ലോകത്തോട് ഈ കഥനകഥ പറയാന്‍ വേണ്ടി ആ അഞ്ചു പേരില്‍ അവശേഷിച്ചിരിക്കുന്ന ഏക വ്യക്തി. ഫ്രിഡ്ജിനടുത്തുള്ള കതകിന്റെ മറവില്‍ ഒളിച്ചിരുന്നാണ് സിസ്റ്റര്‍ അന്ന് രക്ഷപെട്ടത്. മൂന്നു പ്രാവശ്യം സിസ്റ്ററിനെ അന്വേഷിച്ച് ഭീകരര്‍ ആ മുറിയില്‍ വന്നുവെന്ന് സി. സാലി സാക്ഷ്യപ്പെടുത്തുന്നു. പിന്നീട്, അവിടുത്തെ അന്തേവാസികളെ അനാഥരാക്കി എങ്ങും പോകില്ലെന്ന് നിര്‍ബന്ധം പിടിച്ച സി. സാലിയെ വളരെ ആയാസപ്പെട്ടാണ് അധികാരികള്‍ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയത്.

‘തങ്ങളെ ഉപേക്ഷിച്ചു പോകരുതേ’ എന്ന് കണ്ണീരോടെ കരയുന്ന ആളുകളെ മറന്നിട്ടു പോകാന്‍ സിസ്റ്ററിന് വൈമനസ്യമായിരുന്നു. എന്നാല്‍ അഞ്ചു സിസ്റ്റേഴ്‌സാണ് അവിടെ ഉണ്ടായിരുന്നതെന്ന് അറിവുള്ള ഭീകരര്‍ അവശേഷിച്ച ആളിനെ തേടിയെത്തുമെന്ന് അധികാരികള്‍ക്ക് ഉറപ്പുണ്ടായിരുന്നു. സി. സാലി തന്റെ അടുത്ത സുഹൃത്തായ സി. റിയോയ്ക്ക് എഴുതി: “ഞാന്‍ വളരെ ദുഃഖിതയാണ്. എന്റെ സഹോദരിമാരോടൊത്ത് മരിച്ച് ദൈവത്തോടൊത്ത് ആയിരിക്കുന്നതായിരുന്നു എനിക്ക് കൂടുതല്‍ ഇഷ്ടം.”

ഫാ. ടോം ഉഴുന്നാലിന്റെ സാക്ഷ്യം

കേരളത്തില്‍ നിന്നു തന്നെയുള്ള ഫാ. ടോം ഉഴുന്നാലില്‍, തന്റെ ദേവാലയം ഭീകരര്‍ നശിപ്പിച്ചതിനു ശേഷം ഈ ഭവനത്തില്‍ സേവനമനുഷ്ഠിച്ചുകൊണ്ടു ജീവിക്കുകയായിരുന്നു. ബാംഗ്ലൂര്‍ പ്രോവിന്‍സില്‍ നിന്നുള്ള സലേഷ്യന്‍ വൈദികനായിരുന്നു അദ്ദേഹം. ഭീകരരുടെ സാന്നിധ്യം മനസിലാക്കിയപ്പോള്‍, ഒളിച്ചോടുന്നതിനു പകരം അദ്ദേഹം നേരെ ചാപ്പലില്‍ പോയി സക്രാരിയില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധ കുര്‍ബാന മുഴുവന്‍ ഭക്ഷിച്ചു. ഒരു കാരണവശാലും കര്‍ത്താവിന്റെ തിരുശരീരത്തെ നശിപ്പിക്കാന്‍ ഭീകരര്‍ക്ക് അവസരം ഉണ്ടാകാതിരിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. എന്നാല്‍ പള്ളിയിലെ അള്‍ത്താരയും സക്രാരിയും ക്രൂശിതരൂപവുമെല്ലാം അവര്‍ നശിപ്പിച്ചു. ഫാ. ഉഴുന്നാലിനെ അവര്‍ ബന്ധിയാക്കി കൊണ്ടുപോവുകയും ചെയ്തു. പിന്നീട് 18 മാസങ്ങള്‍ക്കു ശേഷം അദ്ദേഹം മോചിപ്പിക്കപ്പെട്ടു.

മരണത്തെ ഭയക്കാത്ത സ്‌നേഹത്തിന്റെ മാലാഖമാര്‍

മദര്‍ തെരേസ ആരംഭിച്ച ഉപവിയുടെ സന്യാസിനിമാര്‍ 1973 മുതല്‍ യമനില്‍ സേവനമനുഷ്ഠിക്കുന്നു. അവിടുത്തെ മുസ്ലീം ഭരണാധികാരികള്‍ തന്നെയാണ് ഇവരെ അവിടേക്ക് ക്ഷണിച്ചതും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തതും. എന്നാല്‍ ഈ സിസ്റ്റേഴ്‌സിന് യമനില്‍ രക്തസാക്ഷിത്വം ആദ്യത്തെ അനുഭവമല്ല. 1998 -ല്‍ ഇന്ത്യക്കാരായ സി. ലിലിയയും സി. അനറ്റയും ഫിലിപ്പീന്‍സുകാരിയായ സി. മിഷേലും അതിദാരുണമായി കൊലചെയ്യപ്പെട്ടിട്ടുണ്ട്. ഈ സഹോദരിമാര്‍ തുടര്‍ന്നും അവിടെ സേവനം ചെയ്തത് തങ്ങള്‍ക്കും രക്തസാക്ഷിത്വം വരിക്കേണ്ടിവരുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ്. യമനിലെ വിശേഷാല്‍ സാഹചര്യം കണക്കിലെടുത്ത് അവിടുത്തെ ഭവനം നിര്‍ത്തലാക്കുക എന്ന ലക്ഷ്യത്തോടെ എത്ര പേര്‍ അവിടെ ജോലി ചെയ്യാന്‍ സന്നദ്ധരാണെന്ന് ആരാഞ്ഞപ്പോള്‍ ഏകദേശം നൂറിലധികം സിസ്റ്റേഴ്‌സ് കൈയ്യുയര്‍ത്തി എന്നാണ് കല്‍ക്കത്തയിലെ ഒരു വൈദികന്‍ സാക്ഷ്യപ്പെടുത്തിയത്. വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മദര്‍ തെരേസയെ വിശേഷിപ്പിച്ചത്, ‘ഭയമില്ലാത്ത, സ്‌നേഹത്തിന്റെ സന്ദേശക’ എന്നാണ്. അതു തന്നെ യമനിലെ രക്തസാക്ഷികളായ സിസ്റ്റേഴ്‌സിനെക്കുറിച്ചും നമുക്ക് പറയാവുന്നതാണ്.

മതപീഡനത്തിന്റെ തുടര്‍ക്കഥ

നമ്മുടെ ഈ സിസ്റ്റേഴ്‌സിന്റെ സാക്ഷ്യജീവിതത്തോടു ചേര്‍ത്തുവായിക്കേണ്ടതാണ് നിരന്തര പീഡനങ്ങൾക്ക് ഇരകളാകുന്ന സിറിയയിലെയും ഇറാക്കിലെയും ആഫ്രിക്കയിലെയും മറ്റെല്ലായിടത്തെയും ക്രിസ്തീയ വിശ്വാസികളുടെ കഥ. ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷിപ്പിക്കുന്നത് ‘പൈശാചിക പ്രവര്‍ത്തി’ എന്നാണ്. യൂറോപ്യന്‍ യൂണിയനും അമേരിക്കയും അടുത്തകാലത്ത് ‘വംശവിച്ഛേദം’ (genocide) എന്നാണ് ഈ പീഡനത്തെ വിളിച്ചിരിക്കുന്നത്.

എന്നാല്‍ എല്ലാം ഉപേക്ഷിച്ച് ഇറങ്ങിയോടുമ്പോഴും ആര്‍ക്കും അടിയറവ് വയ്ക്കാത്ത, ഒരിക്കലും ഉപേക്ഷിക്കാത്ത അവരുടെ വിശ്വാസജീവിതം നമുക്ക് മാതൃകയും പ്രചോദനവും വെല്ലുവിളിയുമാണ്. തോക്കെടുത്ത് മറ്റുള്ളവരെ ഇല്ലായ്മ ചെയ്യുന്നവരുടെ കരങ്ങളേക്കാള്‍ എത്രയോ മനോഹരമാണ് വേദനിക്കുന്നവരുടെയും ആരുമില്ലാത്തവരുടെയും കണ്ണീരൊപ്പുന്ന ഉപവിയുടെ സന്യാസിനിമാരുടെ വിശുദ്ധ കരങ്ങള്‍. ക്രൂരതയുടെ പ്രതിരൂപങ്ങളായ ഭീകരരുടെ പൈശാചിക മുഖങ്ങളേക്കാള്‍ നമ്മുടെ മുമ്പില്‍ തെളിഞ്ഞുനില്‍ക്കുന്നത്, കര്‍ത്താവിന്റെ മണവാട്ടിമാരായ സ്‌നേഹത്തിന്റെ ഈ മാലാഖമാരുടെ സുന്ദരമുഖങ്ങളാണ്. മരിച്ചാലും ജീവിക്കുന്ന അവരുടെ മാദ്ധ്യസ്ഥം വിശ്വാസചാഞ്ചല്യമില്ലാതെ ജീവിക്കാന്‍ നമുക്കും പ്രചോദനമാവട്ടെ.

രക്തസാക്ഷികളുടെ ചുടുനിണത്താല്‍ പണിതുയര്‍ത്തപ്പെട്ട സഭ

സഭയുടെ വിശുദ്ധരുടെ ഗണത്തില്‍ രക്തസാക്ഷികളുടെ സ്ഥാനം വളരെ വലുതാണ്. സ്വാതന്ത്ര്യത്തിന്റെ ജീവശ്വാസം ലഭിച്ച നാലാം നൂറ്റാണ്ടിലെ സഭ ആദ്യം ചെയ്ത കര്‍മ്മങ്ങളിലൊന്ന്, അതുവരെയുണ്ടായിരുന്ന രക്തസാക്ഷികളുടെ പട്ടിക തയ്യാറാക്കി അനുദിന പ്രാര്‍ത്ഥനയോടൊപ്പം അവരെ അനുസ്മരിക്കുകയായിരുന്നു. ‘രക്തസാക്ഷികളുടെ ചുടുനിണത്തില്‍ പണിതുയര്‍ത്തപ്പെട്ട’ സഭയുടെ ഭാഗമാണെന്നും അവരെപ്പോലെ അനുദിന ജീവിതത്തില്‍ ക്രിസ്തുവിനെ വീരോചിതമായി സാക്ഷിക്കേണ്ടവരാണ് തങ്ങളെന്നും അവര്‍ക്കും ബോധ്യമുണ്ടായിരുന്നു.

സഭാചരിത്രത്തിലെ ആദ്യ മൂന്നു നൂറ്റാണ്ടുകളില്‍ രക്തസാക്ഷികളാകാന്‍ തയ്യാറായവര്‍ക്കു മാത്രമേ ക്രിസ്ത്യാനിയായിരിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. സാക്ഷ്യജീവിതം എന്നാല്‍ അവരെ സംബന്ധിച്ച് രക്തസാക്ഷിത്വമായിരുന്നു. സ്വന്തം ജീവന്‍ നല്‍കി ക്രിസ്തുസ്‌നേഹം പ്രകടിപ്പിക്കുന്ന വിശ്വാസികള്‍ സഭയില്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നു. 20-ാം നൂറ്റാണ്ടാണ് സഭാചരിത്രത്തില്‍ ഏറ്റവുമധികം രക്തസാക്ഷികളെ സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ 21-ാം നൂറ്റാണ്ട് ക്രിസ്തീയ മതപീഡനത്തിന്റെ കാലഘട്ടമായി മാറിക്കൊണ്ടിരിക്കയാണ്.

പീഡനത്തിനിരയാകുന്ന ക്രിസ്തീയ സഹോദരങ്ങളുമായിട്ടുള്ള ഐക്യദാര്‍ഢ്യം നമ്മുടെ വിശ്വാസജീവിതത്തിന്റെ കടമകളില്‍ പ്രധാനപ്പെട്ടതാണ്. ഒരുപക്ഷേ, ആദിമ ക്രൈസ്തവസഭയിൽ എന്നതുപോലെ നമ്മുടെ അനുദിനപ്രാര്‍ത്ഥനകളിലും ഇവരുടെ നാമം ചൊല്ലി പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഇവരുടെ സാക്ഷ്യജീവിതം നമ്മുടെ വിശ്വാസജീവിതത്തെ പ്രോജ്ജ്വലിപ്പിക്കട്ടെ.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.