അളവറ്റ സമ്പത്തും ആഡംബരജീവിതവും ഉപേക്ഷിച്ച് ക്രിസ്തുവിനെ അനുഗമിച്ച വിശുദ്ധൻ

സുവിശേഷത്തിലെ, ധനികനായ യുവാവിനെ അറിയാത്തവരായി ആരുമില്ല. എന്നാൽ അളവറ്റ സമ്പത്തും ആഡംബരജീവിതവും വേണ്ടെന്നുവച്ച് ക്രിസ്തുവിനെ അനുഗമിക്കാൻ ഇറങ്ങിത്തിരിച്ച ഒരു യുവാവ് 1930-കളുടെ തുടക്കത്തിൽ സ്‌പെയിനിൽ ജീവിച്ചിരുന്നു. റാഫേൽ അർനൈസ് എന്നായിരുന്നു ആ യുവാവിന്റെ പേര്. വിശുദ്ധജീവിതം നയിച്ച, അനേകർക്ക്‌ പ്രചോദനമായ ഈ വിശുദ്ധനെക്കുറിച്ച് നമുക്ക് വായിക്കാം.

വിശുദ്ധന്റെ ജീവിതവഴികളിലൂടെ

സ്‌പെയിനിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ബർഗോസ് നഗരത്തിൽ 1911 ഏപ്രിൽ 9-ന് റാഫേൽ ജനിച്ചു. സാമ്പത്തികമായി വളരെ ഉയർന്ന ചുറ്റുപാടായിരുന്നു റാഫേലിന്റെ കുടുംബത്തിനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പിതാവ് അന്നാട്ടിലെ ധനികനും പ്രശസ്തനായ ഒരു നിയമജ്ഞനും പ്രധാന ഭൂവുടമയുമായിരുന്നു. അമ്മ പ്രഭുവർഗ്ഗത്തിൽപെട്ടവളായിരുന്നു.

നാലു മക്കളിൽ മൂത്ത മകനായ റാഫേൽ, ചെറുപ്പം മുതലേ നിരവധി രോഗങ്ങളാൽ ക്ലേശിച്ചിരുന്നു. ബർഗോസിലെയും ഒവീഡോയിലെയും ജെസ്യൂട്ട് സ്കൂളുകളിൽ നിന്നുമാണ് റാഫേൽ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. അദ്ദേഹത്തെ കൂടെക്കൂടെ അലട്ടിയിരുന്ന രോഗങ്ങൾ ഏകദേശം പത്തു വയസിനു ശേഷം മാതാവിൻ്റെ മധ്യസ്ഥതയാൽ സുഖം പ്രാപിച്ചു. അതിനു നന്ദിയായി റാഫേലിനെ, അദ്ദേഹത്തിന്റെ പിതാവ് സ്‌പെയിനിലെ സരഗോസയിലുള്ള ഔവർ ലേഡി ഓഫ് പില്ലർ എന്നറിയപ്പെടുന്ന പരിശുദ്ധ മറിയത്തിനു സമർപ്പിച്ചു.

പുതിയ വഴിത്തിരിവുകളിലേക്ക്

ചിത്രരചനയിലുള്ള റാഫേലിന്റെ അഭിരുചി മനസിലാക്കിയ അദ്ദേഹത്തിന്റെ അമ്മാവൻ റാഫേലിനെ മാഡ്രിഡ് സ്കൂൾ ഓഫ് ആർക്കിടെക്ചറിൽ ചേർത്തു. 1929-ലെ ആ ദിനം റാഫേലിനെ സംബന്ധിച്ചിടത്തോളം പുതിയ വഴികളിലേക്കുള്ള പ്രവേശനദിനമായിരുന്നു.

മതഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഉൾപ്പെടെയുള്ള അപ്പസ്തോലിക കാര്യങ്ങൾ നിർവ്വഹിച്ചിരുന്ന റാഫേലിന്റെ അമ്മാവൻ പുതിയ ഒരു പുസ്തകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അത് ചമ്പരാന്ദിലെ ട്രാപ്പിസ്റ്റ് ആശ്രമത്തിൽ പ്രവേശിച്ച ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥനായ ഗബ്രിയേൽ മോസിയറിന്റെ ജീവചരിത്രമായിരുന്നു. ആ പുസ്തകത്തിന് ആകർഷകമായ ഒരു പുറംചട്ട തയ്യാറാക്കാൻ അമ്മാവൻ റാഫേലിനെ ചുമതലപ്പെടുത്തി. അതിന്റെ ഭാഗമായി, ട്രാപ്പിസ്റ്റ് സന്യാസിമാരെക്കുറിച്ച് കൂടുതൽ മനസിലാക്കാനായി റാഫേൽ സാൻ ഇസിഡ്രോയിലെ ഒരു ട്രാപ്പിസ്റ്റ് ആശ്രമം സന്ദർശിച്ചു. ആ സന്ദർശനം അദ്ദേഹത്തിൽ സന്യാസത്തോടുള്ള അഭിനിവേശം രൂപപ്പെടുത്തി. ആശ്രമത്തിൽ ചേരാനുള്ള താല്പര്യം അറിയിച്ചെങ്കിലും അദ്ദേഹത്തിന്റെ കുടുംബം പക്ഷേ, അതിന് അനുവദിച്ചില്ല. എങ്കിലും പഠനം പൂർത്തിയാക്കി 1934 ജനുവരി 15-ന്, മരിയ റാഫേൽ എന്ന പേര് സ്വീകരിച്ച് അദ്ദേഹം ട്രാപ്പിസ്റ്റ് ആശ്രമത്തിൽ ചേർന്നു. “ഞാൻ ക്രിസ്തുവിന് എല്ലാം നൽകുന്നു” എന്നുപറഞ്ഞ് റാഫേൽ അമ്മയോട് യാത്ര ചൊല്ലി.

ക്ലേശകാലങ്ങളെ അതിജീവിച്ച് മുന്നോട്ട്

ആഗ്രഹത്തോടെ സന്യാസം വരിച്ചെങ്കിലും പലതവണ സന്യാസഭവനത്തോട് യാത്ര പറയാൻ അദ്ദേഹം വിധിക്കപ്പെട്ടു. ഗബ്രിയേൽ മോസിയറിന്റെ ജീവിതത്തിൽ പ്രചോദിതനായി ആശ്രമത്തിൽ ചേർന്ന റാഫേലിന് അധികം താമസിയാതെ തന്നെ, 1934 മെയ് മാസത്തിൽ പ്രമേഹ രോഗബാധിതനായി വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. പ്രമേഹരോഗവും ഇൻസുലിൻ ഉപയോഗവും അന്ന് അത്യപൂർവ്വമായിരുന്നു. ആ സമയത്താണ് ഡയബറ്റിക് കോമയുടെ ആരംഭം സെമിനാരിക്കാരനായ റാഫേലിൽ ഡോക്ടർ സ്ഥിരീകരിക്കുന്നത്.

അങ്ങനെ വീട്ടിൽ എത്തിയെങ്കിലും ദൈവത്തോടുള്ള തന്റെ വാഗ്ദാനം വീണ്ടും പുതുക്കാനാഗ്രഹിച്ച റാഫേൽ തിരികെ ആശ്രമത്തിലെത്തി. സ്പാനിഷ് ആഭ്യന്തരയുദ്ധം പൊട്ടിപുറപ്പെട്ട സമയമായിരുന്നു അത്. ഫ്രാങ്കോയിസ്റ്റ് സൈന്യത്തിൽ ചേരാൻ യുവാക്കൾ നിർബന്ധിതരായി; ആശ്രമങ്ങൾ ശൂന്യമായി. അങ്ങനെ രണ്ടാമതും റാഫേലിന് ആശ്രമത്തിൽ നിന്നും പോകേണ്ടതായിവന്നു. പിന്നീട് 1936-ൽ സന്യാസിമാർക്ക് മടങ്ങിവരാൻ കഴിഞ്ഞെങ്കിലും റാഫേൽ രോഗബാധിതനായതിനാൽ ആശ്രമത്തോട് വിട പറയേണ്ടിവന്നു.

പക്ഷേ, ക്രിസ്തു റാഫേലിനെ ആശ്രമത്തിൽ കാത്തിരുന്നു. ആ തിരിച്ചറിവിൽ അദ്ദേഹം, “എനിക്ക് അവിടുത്തെ സന്നിധിയിൽ നിന്ന് ഓടിപ്പോകാൻ കഴിയില്ല. ഞാൻ വരുന്നു, കർത്താവേ!” എന്ന് പറഞ്ഞുകൊണ്ട് എല്ലാ എതിർപ്പുകളെയും അവഗണിച്ച് ധനികനായ ആ യുവാവ് കർത്താവിനെ പിന്തുടരാൻ തന്നെ തീരുമാനിച്ചു. “എനിക്ക് അങ്ങയെ സ്നേഹിക്കാൻ മാത്രമേ ആഗ്രഹമുള്ളൂ” എന്ന് പറഞ്ഞുകൊണ്ട് 1937 ഡിസംബറിൽ റാഫേൽ വീണ്ടും ആശ്രമത്തിലേക്കു മടങ്ങി. എന്നാൽ കടുത്ത പ്രമേഹരോഗി ആയതിനാൽ വ്രതമെടുത്ത് സന്യാസിയാകാൻ അദ്ദേഹത്തിന് അനുവാദം ലഭിച്ചില്ല; ഒരു സാധാരണക്കാരനായി അവിടെ തുടരാനുള്ള അനുവാദമേ അദ്ദേഹത്തിന് ലഭിച്ചുള്ളൂ.

ആത്മാവിലുള്ള സമർപ്പണം

ആശ്രമത്തിലെ എളിയ ജോലികളിലായിരുന്നു അദ്ദേഹം നിയോഗിക്കപ്പെട്ടത്. എല്ലാവരാലും മാറ്റിനിർത്തപ്പെട്ടും രോഗത്തിന്റെ ക്ലേശങ്ങൾ സഹിച്ചും ഒരു സന്യാസിയെപ്പോലെ അദ്ദേഹം ജീവിച്ചു. ദൈവത്തോട് നിരന്തരം ബന്ധപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ സമർപ്പണമുള്ള ഹൃദയം കണ്ട്, തീർത്തും അവശനായി മരണം കാത്തുകഴിഞ്ഞ ദിനങ്ങളിൽ, മഠാധിപതി അദ്ദേഹത്തിന് സന്യാസവസ്ത്രം ധരിക്കാൻ അനുവാദം നൽകി. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ, ഒരു സന്യാസിയായി ഒരാഴ്ചയോളം ജീവിച്ച ശേഷം, ഏപ്രിൽ 26-ന് സന്യാസവസ്ത്രം ധരിച്ച് ആശുപത്രിയിൽ വച്ച് റാഫേൽ അർനൈസ് മരണമടഞ്ഞു. 2009 ഒക്ടോബർ 11-ന് അദ്ദേഹത്തെ ആര് എന്നത് ചേർക്കണോ വിശുദ്ധനായി പ്രഖ്യാപിച്ചു.

സി. നിമിഷ റോസ് CSN

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.