മകൾ സന്യാസിനി ആകുന്നതിനെതിരെ പോലീസിൽ പരാതിപ്പെട്ട അമ്മ: ഇന്ന് ആ മകൾ രാജ്യമറിയുന്ന മിഷനറി

മകൾ സന്യാസിനി ആകാൻ പോകുകയാണെന്നറിഞ്ഞ അമ്മ അവൾക്കെതിരെ പോലീസിൽ പരാതിപ്പെട്ടു. അവയെ എല്ലാം തരണം ചെയ്ത് പൗള എന്ന ആ മകൾ സന്യാസത്തിൽ ഉറച്ചുനിന്നു. ആദ്യവ്രത വാഗ്ദാനത്തിന് കൂടെയുള്ളവർ സ്വന്തം മാതാപിതാക്കളുടെ കൂടെ നിൽക്കുമ്പോൾ സിസ്റ്റർ പൗള മാത്രം തനിയെ. കാരണം, അവളുടെ മാതാപിതാക്കൾക്ക് അവളെ ഒരു സന്യാസിനിയായി അംഗീകരിക്കാൻ സാധിച്ചില്ല. ഒരു സന്യാസിനിയായി ദൈവാലയത്തിനു പുറത്തിറങ്ങിയ സി. പൗള കണ്ടത് അമ്മയുടെ പരാതിയെ തുടർന്ന് തന്നെ അറസ്റ്റ് ചെയ്യാൻ നിൽക്കുന്ന പോലീസിനെയാണ്. ഇന്ന് ഈ സമർപ്പിത രാജ്യമറിയുന്ന ജീവകാരുണ്യ പ്രവർത്തകയാണ്. പ്രതിസന്ധികളെ അതിജീവിച്ച സി. പൗളയുടെ സന്യാസ ദൈവവിളി അനുഭവം വായിച്ചറിയാം.

ഇന്ന് സി. പൗള അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകയും കഴിഞ്ഞ 12 വർഷമായി ഒരു ടിവി സ്‌പോർട്‌സ് എന്റർടൈൻമെന്റ് ഷോയിലെ സ്ഥിരസാന്നിധ്യവുമാണ്. അങ്ങനെ സി. പൗള ഇറ്റലിയിലെ അറിയപ്പെടുന്ന ഒരു സന്യാസിനിയാണ്. ഒരു ഇറ്റാലിയൻ ടിവി ഷോയിലാണ് സി. പൗള, താൻ സമർപ്പിതജീവിതത്തിലേക്ക് കടന്നുവരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

“എന്റെ അമ്മ എന്നെ റോമിൽ പഠിക്കാൻ അയച്ചു. ഒരു പ്രത്യേക ഘട്ടത്തിൽ എനിക്ക് ഒരു സന്യാസിനിയാകണം എന്ന ആഗ്രഹം ഉടലെടുത്തു. കൂടെ പഠിക്കാൻ ധാരാളം സന്യാസിനിമാരും ഉണ്ടായിരുന്നു. ഒരു ദിവസം സുപ്പീരിയർ ജനറൽ വരുന്നതിനാൽ അവർ വളരെ പരിഭ്രാന്തരായി ഓടുന്നത് ഞാൻ കണ്ടു. അക്കാലത്ത് കമ്മ്യൂണിസ്റ്റുകാർ മഠങ്ങൾ അടച്ചുപൂട്ടിച്ചിരുന്നു. അവിടെ വന്ന സുപ്പീരിയർ ജനറൽ സ്ലൊവേനിയ എന്ന രാജ്യത്തിൽ നിന്നുള്ള ചെറിയ ഒരു സന്യാസിനിയായിരുന്നു. അവരുടെ വിനയം കണ്ടപ്പോൾ ഞാൻ ഒരു സന്യാസിനിയാകാൻ തീരുമാനിച്ചു” – സി. പൗള പറയുന്നു.

സിസ്റ്റർ ഒരു സമർപ്പിതയായി തീരുന്ന വ്രതവാഗ്ദാന സമയത്ത് വീട്ടുകാരുടെ ഭാഗത്തു നിന്നും യാതൊരു വിധ പിന്തുണയും ലഭിച്ചില്ല. സന്യാസ വസ്ത്രം സ്വീകരിക്കാൻ സി. പൗളയും ഒരു ‘വധുവിനെപ്പോലെ’ അണിഞ്ഞൊരുങ്ങി. എന്നാൽ, ആ സന്തോഷ നിമിഷത്തിൽ അവൾ തനിച്ചായിരുന്നു. കൂടെയുള്ളവരോടൊപ്പം അവരുടെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും ഒക്കെയുണ്ടായിരുന്നു. “എനിക്കൊപ്പം ആരുമുണ്ടായിരുന്നില്ല. ഞാൻ വളരെ സങ്കടപ്പെട്ടു. ഞാൻ പള്ളിയിൽ പ്രവേശിച്ചു, ചടങ്ങുകൾ മുഴുവൻ കഴിഞ്ഞ് എനിക്ക് ജുവനൈൽ കോടതിയിൽ നിന്ന് വിളി വന്നു. ഞാൻ സന്യാസിനിയാകാൻ തീരുമാനിച്ചതിന് ആ ദിവസം തന്നെ അമ്മ എനിക്കെതിരെ പോലീസിൽ പരാതി കൊടുത്തു” – സിസ്റ്റർ വെളിപ്പെടുത്തുന്നു.

സി. പൗളയുടെ അമ്മ, മകൾ സന്യാസിനിയാകുന്നതിനെ എതിർക്കുകയും അവളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവസാനം വരെ അവൾ വഴങ്ങുന്നില്ലെന്നു മനസിലാക്കിയപ്പോൾ ആ അമ്മ മകൾക്കെതിരെ പോലീസിൽ പരാതി കൊടുക്കുകയായിരുന്നു.

പോലീസുകാർ സി. പൗളയെ അറസ്റ്റ് ചെയ്യാനെത്തി. എനിക്ക് അന്ന് 20 വയസ്സായിരുന്നു പ്രായം. ഇറ്റലിയിലെ നിയമമനുസരിച്ച് പ്രായപൂർത്തി ആയിട്ടില്ല. ഒരു ഘട്ടത്തിൽ അവളുടെ അമ്മ കോൺവെന്റിനു പുറത്ത് പ്രതിഷേധിക്കുകയും ജനാലകൾക്ക് കല്ലെറിയുകയും ചെയ്തു. ഒരു സിസ്റ്ററായതിന്റെ പേരിൽ വിചാരണകൾക്കായി ഞാൻ കോടതിയിൽ പോയി. ആ ഇടനാഴികളിൽ വച്ച് സി. പൗള മറ്റ് ചില തടവുപുള്ളികളെയും കണ്ടു. പിന്നീട്, റോമിലെ റെജീന കൊയ്‌ലി ജയിലിലെ തടവുകാരെ സന്ദർശിക്കാൻ ഈ സംഭവം കാരണമായി.

സി. പൗള തന്റെ സന്യാസത്തിൽ ഉറച്ചു നിന്നു. സ്പോർട്സിനോടുള്ള അവളുടെ ആവേശം മാത്രമല്ല, പാവപ്പെട്ടവരോടും കഷ്ടപ്പെടുന്നവരോടും കരുണ കാണിക്കുന്നതിനും ഈ സന്യാസിനി മടി കാണിച്ചില്ല.

“രാവിലെ ഞാൻ സേക്രഡ് ഹാർട്ട് സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നു. പിന്നെ ഞാൻ മൂന്ന് ഷെൽട്ടറുകൾ പരിപാലിക്കുന്നു. അതിൽ ഒരെണ്ണത്തിൽ അക്രമത്തിന് ഇരയായ സ്ത്രീകളെ പാർപ്പിക്കുന്നു, മറ്റൊന്ന് അനാഥരായ കുട്ടികൾക്കു വേണ്ടിയുള്ളതാണ്. മൂന്നാമത്തേത് പകൽ സമയത്ത് മറ്റുള്ളവരെ സഹായിക്കാനുള്ള ജീവകാരുണ്യ കേന്ദ്രമായി പ്രവർത്തിക്കുന്നു. വൈകുന്നേരം പാവപ്പെട്ടവർക്ക് ഭക്ഷണം തയ്യാറാക്കുന്ന അടുക്കളയായി മാറുന്നു. കൂടാതെ, റെജീന കൊയ്‌ലി ജയിലിൽ മിക്കവാറും എല്ലാ ദിവസവും ഞാൻ സന്നദ്ധസേവനം നടത്തുന്നു, എല്ലാ ഞായറാഴ്ചയും ഞാൻ സോളിഡാരിറ്റി ട്രക്കുമായി റോമിന്റെ പ്രാന്തപ്രദേശങ്ങളിൽ ഏറ്റവും ആവശ്യമുള്ള ആളുകൾക്ക് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യുന്നു” – സിസ്റ്റർ തന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിവരിക്കുകയാണ്.

2021 ജൂൺ 2-ന് ഇറ്റാലിയൻ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി. പൗളക്ക് ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ ഓർഡർ ഓഫ് മെറിറ്റ് ലഭിച്ചു. ഇന്ന് മുമ്പുള്ളതിനേക്കാളും പ്രത്യക്ഷമായും പരോക്ഷമായും സുവിശേഷം പ്രചരിപ്പിക്കാൻ മാധ്യമങ്ങളെ ഉപയോഗിക്കാൻ കഴിയുന്ന സമർപ്പിതരെ ലോകത്തിന് ആവശ്യമാണ്. മാതാപിതാക്കൾ മക്കൾക്ക് അതിനുള്ള പ്രോത്സാഹനം നൽകണം. സി. പൗള ലോകത്തിന് നൽകുന്ന സന്ദേശമിതാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.