അമൽ ജ്യോതി കോളേജിലെ സംഭവങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍  

ഏതായാലും അമല്‍ ജ്യോതി സംഭവം വഴി, ആരൊക്കെയാണ് തങ്ങളുടെ കൂടെ, ആരൊക്കെയാണ് തങ്ങള്‍ക്ക് എതിര് എന്ന് കത്തോലിക്കര്‍ക്ക് കൂടുതല്‍ വ്യക്തമായി. അകാരണമായി ആക്രമിക്കപ്പെടുകയാണ് തങ്ങളെന്ന ചിന്തയും അവര്‍ക്കിടയില്‍ ബലപ്പെട്ടു. അതിന്റെ പ്രതിഫലനമായിരുന്നു കാഞ്ഞിരപ്പള്ളിയില്‍ കഴിഞ്ഞ ദിവസം നടന്ന സമ്മേളനവും ജാഥയും. മതേതരം എന്ന് ഉറക്കെ പറഞ്ഞും, എന്നാല്‍ അതേസമയം സ്വന്തം മതത്തിന്റെ വളര്‍ച്ചക്കും മറ്റു മതങ്ങളുടെ നാശത്തിനും പ്രവര്‍ത്തിക്കുന്നത് ആരാണെന്നും അവര്‍ക്ക് ബോധ്യമായി. തുടര്‍ന്നു വായിക്കുക…

‘ജസ്റ്റിസ് ഫോർ ശ്രദ്ധ#’ സാമൂഹ്യമാധ്യമങ്ങളിൽ ഈ ദിവസങ്ങളിൽ ഏറെ പ്രചരിച്ച ഒരു ക്യാമ്പയിൻ ആണ്. ഈ മാസം രണ്ടാം തീയതി അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിലെ രണ്ടാം വർഷ ബിടെക് വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജിനെതിരെ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളുടെ കുത്തൊഴുക്കുകളുമായി ജസ്റ്റിസ് ഫോർ ശ്രദ്ധ മുന്നേറുമ്പോൾ ആ പ്രതിഷേധങ്ങൾക്കു പിന്നിലേക്ക്, പിന്നാമ്പുറ കാഴ്ചകളിലേക്ക് യാത്ര നടത്തുക നല്ലതാണ്. ആക്രമണസജ്ജമായിരുന്ന സംഘടിതനീക്കങ്ങളുടെ പിന്നാമ്പുറങ്ങളും മതേതരം എന്ന് പറഞ്ഞുകൊണ്ട് സ്വന്തം മതം മാത്രം വളർത്തുന്നവരുടെ ലക്ഷ്യങ്ങളും മനസിലാക്കുന്നതിൽ ഇനിയും സമയം പാഴാക്കരുത്.

ക്ലാസ് റൂമിലും ലാബിലും മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്ന യൂണിവേഴ്‌സിറ്റി നിയമം നിലവിരിക്കെ, ആ നിയമം ലംഘിച്ച പെൺകുട്ടിയുടെ ഫോൺ എച്ച്ഓഡിയെ ഏല്പിക്കുന്നു. കോളേജ് അധികൃതർ പെൺകുട്ടിയുടെ വീട്ടുകാരെ വിവരമറിയിക്കുന്നു. തുടര്‍ന്ന് ആ കുട്ടി ആത്മഹത്യ ചെയ്യുന്നു. അമൽ ജ്യോതി കോളേജിനെയും അതിന്റെ മാനേജ്മെന്റിനെയും പ്രതിക്കൂട്ടിൽ നിർത്തിയ, അനാവശ്യമായ കരിവാരിത്തേക്കലിന് ഇരയാക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ചെയ്ത സംഭവങ്ങളുടെ തുടക്കം ഇതായിരുന്നു.

തീർച്ചയായും ഒരു പെൺകുട്ടിയുടെ ജീവൻ പൊലിഞ്ഞത് ഏറെ സങ്കടകരമാണ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലല്ലോ. എങ്കിലും, വേദനാജനകമായ ആ സംഭവത്തിന്റെ മറ പിടിച്ചുകൊണ്ട് ചിലര്‍ നടത്തിയ കുത്സിതശ്രമങ്ങൾ പൊതുസമൂഹം അറിയേണ്ടതുണ്ട്. ജൂൺ രണ്ടാം തീയതി നടന്ന സംഭവത്തിൽ കൃത്യമായ വിശദീകരണം സ്ഥാപനത്തിന്റെ മാനേജുമെന്റും അതിന്റെ മേൽനോട്ടം വഹിക്കുന്ന കാഞ്ഞിരപ്പള്ളി അതിരൂപതയും നൽകിയതാണ്. എന്നാൽ അത് എന്താണെന്നുപോലും ശ്രദ്ധിക്കാതെ, അതിലെ വസ്തുതകളും ആശയങ്ങളും ശ്രദ്ധിക്കാതെ കോളേജിനെതിരെ തിരിയുന്ന ഒരു സംഘം തല്പരകക്ഷികളെയാണ് പിന്നീട് കാണാൻ കഴിഞ്ഞത്.

കുട്ടി ആത്മഹത്യ ചെയ്യുന്നതിനു മുൻപ് പരീക്ഷയുടെ റിസൾട്ട് വന്നിരുന്നതായി കോളേജ് അധ്യാപകർക്കും ഒപ്പം മറ്റു കുട്ടികൾക്കും അറിയാവുന്ന വസ്തുതയാണ്. ഒന്നിലധികം വിഷയങ്ങളിൽ പരാജയപ്പെടാനിടയായ ഒരു കുട്ടിയുടെ മാനസികാവസ്ഥ, എന്തുകൊണ്ട് കോളേജ് അധികാരികളെ പഴിചാരുന്ന ആളുകൾ ചിന്തിക്കുന്നില്ല?

ഫോൺ പിടിച്ചതിലുള്ള വിഷമം മൂലമാണ് ആത്മഹത്യ എങ്കിൽ അതിനെ ന്യായീകരിക്കാനോ, കോളേജിനെ കുറ്റപ്പെടുത്താനോ മറ്റുള്ളവർക്ക് എങ്ങനെ കഴിയും. കാരണം ഫോൺ ഉപയോഗിക്കാൻ കഴിയില്ല എന്നത് യൂണിവേഴ്‌സിറ്റി നിയമമാണ്. അത് ഓരോ കുട്ടിയും, അമൽ ജ്യോതി കോളേജിൽ എന്നല്ല മറ്റ് ഏതു കോളേജിലും ചേരുന്നതിനു മുൻപ് അവരുടെ രക്ഷകർത്താക്കളുടെ സമക്ഷം കോളേജ് മാനേജ്‌മെന്റ് വ്യക്തമായി മുന്നോട്ടുവയ്ക്കുന്ന നിബന്ധനയാണ്; നിയമമാണ്. അതിനാൽ അത്തരമൊരു നിയമത്തെക്കുറിച്ച് പൂർണ്ണബോധമുള്ളപ്പോൾ കുട്ടി തെറ്റ് ചെയ്യുകയും അതിന്റെ പേരിൽ അധികൃതർ നടപടി സ്വീകരിക്കുകയും ചെയ്താല്‍, കോളേജ് മാനേജ്‌മെന്റിന്റെ നടപടിയെ ചോദ്യം ചെയ്യാനോ, കുറ്റപ്പെടുത്താനോ ആർക്കും അവകാശമില്ല. അതിന്റെ പേരിൽ വിദ്യാർത്ഥിക്കുണ്ടായ മാനസികവ്യഥയെ വ്യക്തിപരമായ സങ്കടങ്ങളുടെ പട്ടികയിലാണ് കൂട്ടേണ്ടത്. കോളേജ് അധികൃതരെ പഴിചാരേണ്ട ആവശ്യമില്ലല്ലോ.

ഇനി കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചില്ല, വിവരം അറിയിക്കേണ്ടവരെ അറിയിച്ചില്ല എന്ന ആരോപണം. തങ്ങളുടെ സ്ഥാപനത്തിൽ, പ്രത്യേകിച്ച് ഒരു ക്രിസ്ത്യൻ സ്ഥാപനത്തിൽ ഒരു പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ചാൽ ആ കുട്ടിയെ രക്ഷപ്പെടുത്താൻ നൂറു ശതമാനവും ആ സ്ഥാപനം ശ്രമിക്കും. ഈ സ്ഥാപനവും അതുതന്നെയാണ് ചെയ്തത്. അതും എന്തുവന്നാലും കത്തോലിക്കാ സഭയെയും സ്ഥാപനങ്ങളെയും കല്ലെറിയാൻ നോക്കിയിരിക്കുന്നവർ ചുറ്റുമുണ്ടെന്ന് പൂർണ്ണബോധ്യമുള്ളപ്പോൾ, ഇത്തരത്തിൽ സംഘടിത തല്പരപാർട്ടികൾ ആരോപിക്കുന്ന നിസ്സംഗത പുലർത്താൻ ബോധമുള്ള ആർക്കും കഴിയില്ല.

വഴി മാറിയ പ്രതിഷേധവും വിഷയങ്ങളും  

“കോളേജിനു പുറത്തു പോകണമെങ്കിൽ ഒരു മണിക്കൂർ മാത്രമേ സമ്മതിക്കുകയുള്ളൂ. ഓരോരുത്തർക്കും ഓരോ സമയമാണ്. അതിനു കാരണം ഞാൻ ക്ലാസിൽ പഠിക്കുന്ന ഒരു ചെക്കന്റെ ഒപ്പം ഇരുന്നതാണ്. മര്യാദക്ക് ഇഷ്ടമുള്ള ഡ്രസ് ധരിക്കാൻ സമ്മതിക്കില്ല…” മരണത്തെ തുടർന്ന് കോളേജ് മാനേജ്മെന്റിന് എതിരെയുള്ള പ്രതിഷേധങ്ങൾക്കു പിന്തുണയുമായി എത്തിയ വിദ്യാർത്ഥികളുടെ വാക്കുകളാണ് ഇത്. ഇതു കൂടാതെ, അവകാശലംഘനങ്ങളെന്നും സ്വാതന്ത്രമില്ലായ്മയെന്നും പറഞ്ഞ് ഘോരഘോരം വിദ്യാർത്ഥികൾ ചാനലുകൾക്കു മുന്നിൽ നിന്ന് വാദിക്കുന്നതു കേട്ടു. എന്താണ് അവര്‍ ഉദ്ദേശിക്കുന്ന സ്വാതന്ത്ര്യം? എന്താണ് അവര്‍ ഉദ്ദേശിക്കുന്ന അവകാശം?

തങ്ങൾ ഫസ്റ്റ് ഇയർ വിദ്യാർത്ഥികളാണ് എന്നു വാദിക്കുന്ന ഈ കുട്ടികളൊക്കെയും വരുന്ന നാലു വർഷം ഇതൊക്കെ നേരിടേണ്ടിവരുമല്ലോ എന്നോർത്ത് നെടുവീർപ്പെടുന്നതും ചാനൽ ദൃശ്യങ്ങളിൽ കാണാം.

കേരളത്തിലെ പ്രമുഖ കോളേജുകളുടെ നിരയിൽ എന്നും ഉയർന്നുകേൾക്കുന്ന ഒരു പേരാണ് അമൽ ജ്യോതി. നിലവാരമേറിയ സൗകര്യങ്ങൾക്കൊപ്പം അച്ചടക്കത്തോടെയും ചിട്ടയോടെയും നടന്നുപോകുന്ന കോളേജിന്റെ പ്രവർത്തനങ്ങളും പാഠ്യപദ്ധതികളും എന്നും ശ്രദ്ധേയമായിരുന്നു. ഇക്കാരണത്താൽ തന്നെയാണ്, സ്ഥാപിതമായ നാൾ മുതൽ പ്രശോഭയോടെ ആ കോളേജ് തലയുയർത്തി നിൽക്കുന്നതും. ഇത്തരത്തിൽ വളരെ കർക്കശമായ നിയമങ്ങളോടെ നടത്തപ്പെടുന്ന കോളേജാണ് എന്ന് അറിഞ്ഞിട്ടുകൂടി ഇവിടേക്ക് പഠിക്കാനെത്തിയ വിദ്യാർത്ഥികൾക്ക് അനാവശ്യമായ സ്വാതന്ത്ര്യം അനുവദിക്കണമെന്നു വാദിക്കാൻ എങ്ങനെ കഴിയും?

തങ്ങളുടെ സ്വാതന്ത്ര്യം എന്ന് വിദ്യാർത്ഥിനികൾ വാദിക്കുന്നതോ, ആൺകുട്ടികൾക്കൊപ്പം കറങ്ങിനടക്കുന്നതും ഹോസ്റ്റലിൽ ഷോട്ട്സ് ഇടുന്നതും ഫോൺ ഉപയോഗിക്കുന്നതും ഹോസ്റ്റലിൽ താമസിച്ചുകയറുന്നതുമൊക്കെ. ഈ സ്വാതന്ത്ര്യം അനുവദിക്കുകയില്ല എന്ന് കുട്ടികളുമായി എത്തിയ സമയം, അതായത് അഡ്മിഷൻ ആരംഭിച്ച സമയം തന്നെ ഹോസ്റ്റൽ അധികൃതർ വ്യക്തമാക്കുന്നതാണ്. അന്ന് ഈ സ്വാതന്ത്ര്യം ഇല്ലാത്തതിന്റെ പേരിൽ ഗവണ്മെന്റ് കോളേജുകളിൽ പോകാമായിരുന്നിട്ടും അത് ചെയ്യാതെ ഈ കോളേജിൽ തന്നെ തുടരുകയും തങ്ങളുടെ അനാവശ്യങ്ങൾ നടത്തിത്തരണമെന്ന് ശാഠ്യം പിടിക്കുന്നതിനു പിന്നിലെ വൈരുധ്യം ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ. വർക്കിങ് വിമൻസ് ഹോസ്റ്റലുകളിൽ പോലും മാന്യമായ വസ്ത്രധാരണവും കൃത്യസമയത്ത് ഹോസ്റ്റലിൽ കയറണമെന്നും നിബന്ധനകൾ ഉള്ളപ്പോഴാണ് കോളേജുകളിലെ ഹോസ്റ്റലുകൾക്കെതിരെ ഈ ആരോപണമെന്നും ഓർക്കേണ്ടതുണ്ട്.

അതൊക്കെ പോട്ടെ, ക്രിസ്ത്യൻ മാനേജ്‌മെന്റ് നടത്തുന്ന അമൽ ജ്യോതി കോളേജിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതും കോളേജിനെതിരെ മാധ്യമങ്ങളിൽ ഘോരഘോരം പ്രസംഗിക്കുന്നവരിലും ഒരു പ്രത്യേക മതവിഭാഗക്കാരുടെയും പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയുടെയും സാന്നിധ്യം ശ്രദ്ധിക്കേണ്ട ഒരു വസ്തുതയാണ്. ആ രാഷ്ട്രീയപാര്‍ട്ടിയും മതവിഭാഗവും പ്രശ്നക്കാരാണ് എന്നല്ല, എന്നാൽ ക്രിസ്തീയ സമുദായത്തിനെതിരെ അനാവശ്യമായ പ്രശ്നങ്ങൾ ഉണ്ടാക്കാനും ഉയർത്താനും അവര്‍ മുന്‍പന്തിയിലാണ് എന്നു പറയാതെ വയ്യ.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച, അബ്ദുൽ ജലീൽ എന്ന വ്യക്തിയുടെ കമന്റും ഇത്തരുണത്തില്‍ ഓര്‍മ്മിക്കേണ്ടതാണ്. അയാള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളയാളാണോ അതോ വ്യാജ അക്കൗണ്ടാണോ എന്നറിയില്ല. ഈ കമന്റിൽ അമൽ ജ്യോതി മാനേജ്മെന്റിനെതിരെ പോരാടുന്ന മിടുക്കികൾക്ക് അഭിനന്ദനങ്ങൾ ആശംസിക്കുകയും മനസുവച്ചാൽ കോളേജിലെ ഹിന്ദു – ക്രിസ്ത്യൻ പെൺകുട്ടികളെ മുസ്ലിം വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നും അയാള്‍ പറയുന്നു. അങ്ങനെ കോളേജ് തന്നെ പിടിച്ചെടുക്കാമെന്നും ഈ സന്ദേശത്തിൽ പെൺകുട്ടികൾക്ക് നിർദ്ദേശമായി പറഞ്ഞുകൊടുക്കുന്നു. ഏതായാലും ആ കമന്റെ വ്യാജമാണെന്നും ഞങ്ങള്‍ക്ക് അങ്ങനെയൊരു ആശയമില്ലെന്നും പറഞ്ഞ് അതിനെ നിഷേധിച്ചുകൊണ്ട് ഇതുവരെ ആരും വന്നുകണ്ടില്ല.

ക്രിസ്ത്യൻ മാനേജ്മെന്റുകൾക്കെതിരെ എന്തെങ്കിലും ആരോപണം ഉന്നയിക്കാനും അവരെ തകർക്കാനും ഒരു കുട്ടിയുടെ മരണം ചിലര്‍ മാറ്റുകയായിരുന്നു എന്നു ചുരുക്കത്തില്‍ പറയാം. ശ്രദ്ധ മാറപ്പെട്ട വിഷയമായി ഒരു മരണം മാറുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്.

മനഃപൂർവ്വം വിസ്മരിക്കുന്ന ബാലരാമപുരത്തെ പെൺകുട്ടിയും അൽ ഹസർ കോളേജ് വിദ്യാർത്ഥിയും  

അമൽ ജ്യോതിക്കെതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കും ഏതാനും ദിവസങ്ങൾക്കു മുൻപാണ് ബാലരാമപുരത്ത്, മദ്രസയിൽ ഒരു പെൺകുട്ടി തൂങ്ങിമരിച്ചത്. ഇതു കൂടാതെ, അൽ ഹസർ കോളേജിലെ വിദ്യാർത്ഥിയും പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. ഏതാണ്ട് കാഞ്ഞിരപ്പള്ളിയിലെ ആത്മഹത്യക്കു സമാനമായി നടന്ന അൽ ഹസർ കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യയും ഒരുപക്ഷേ, കൊലപാതകം എന്നുപോലും വിശേഷിപ്പിക്കാവുന്ന ബാലരാമപുരത്തെ മരണവും തുടർവാർത്തയായില്ല എന്നതാണ് മലയാള മാധ്യമങ്ങളുടെ കപടത. അവർക്കായി ഒരു വുമൺ ഫ്രട്ടേണിറ്റിക്കാരും ഇടതു – വലതു രാഷ്ട്രീയനേതാക്കളും വിദ്യാർത്ഥി സംഘടനകളും ശബ്ദമുയർത്തിക്കണ്ടില്ല. പ്രശസ്തരായ സിനിമാപ്രവർത്തകർ എഴുതുകയോ, വാദിക്കുകയോ ചെയ്തില്ല.

മാധ്യമങ്ങളുടെ കപടത  

ഒരു ക്രിസ്ത്യൻ കോളേജിന്റെ പേര് കേട്ടാൽ ക്യാമറയും ടാഗും തൂക്കി ഇറങ്ങുകയും അതേ സംഭവം മറ്റുപല മാനേജ്മെമെന്റുകളുടെ കീഴിലുള്ള കോളേജുകളിൽ സംഭവിച്ചാൽ വാലുമടക്കി പത്തായത്തിലിരിക്കുകയും ചെയ്യുന്ന രഹസ്യ അജണ്ടകളുടെ വക്താക്കളായി, മലയാളത്തിലെ പല  മാധ്യമങ്ങളും മാറുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിൽ കണ്ടതെല്ലാം.

പ്രായത്തിന്റെ തിളപ്പിൽ വിദ്യാർത്ഥികൾ വിളിച്ചുപറയുന്ന കാര്യങ്ങളിലേക്കു മാത്രം കാമറകൾ ഫോക്കസ് ചെയ്യുകയും എന്നാൽ അതിന്റെ പിന്നിലെ വാസ്തവങ്ങളിലേക്ക് കാമറ എത്തിക്കാതിരിക്കുകയും ചെയ്തത് മാധ്യമ ധർമ്മമല്ല എന്നു മനസിലാക്കാനുള്ള വിവരം പോലും ചില മാധ്യമ പ്രവർത്തകർക്ക് ഉണ്ടെന്നു തോന്നുന്നില്ല.

പ്രതിഷേധക്കാരുടെ പിന്നിലെ സംഘടിതശക്തികൾ  

ശ്രദ്ധയുടെ മരണം സംഭവിച്ച സമയം മുതൽ കോളേജ് മാനേജ്മെന്റും അധ്യാപകരും ഹോസ്റ്റൽ അധികൃതരും കുട്ടികളുമായി സമാധാനപരമായ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ശാന്തമായി പോയ അന്തരീക്ഷം വളരെ പെട്ടന്ന് കലുഷിതമായി മാറുന്ന സാഹചര്യമാണ് പിന്നീടുണ്ടായത്. ഇതിനു പിന്നിൽ, പുറത്തു നിന്നും നിഷിപ്ത താല്പര്യങ്ങൾ കുത്തിനിറച്ച വ്യക്തികളുടെ സ്വാധീനമുണ്ട് എന്ന് സംശയിക്കാതിരിക്കാൻ കഴിയില്ല. കാരണം, കോളേജ് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും സുതാര്യവും സത്യസന്ധവുമായ നടപടികൾ ഉണ്ടായിട്ടും ക്രിസ്ത്യൻ സ്ഥാപനത്തിന്റെ പീഡനശ്രമങ്ങളായി ഈ മരണത്തെയും തെറ്റിധരിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തല്പരകക്ഷികളുടെ തീവ്രശ്രമത്തിന്റെ ഭാഗമായിരുന്നു.

ബാലരാമപുരത്തു നടന്ന മരണത്തെ ഒരിക്കൽപ്പോലും അപലപിക്കാത്ത ആ സമുദായത്തിലെ തന്നെ ആളുകൾ, ശ്രദ്ധയുടെ മരണത്തിൽ നീതി തേടിയെത്തിയതിനു പിന്നിലെ ഉദ്ദേശശുദ്ധി സാമാന്യ ബോധമുള്ളവർക്കു മനസിലാക്കാവുന്നതേ ഉള്ളൂ. കൂടാതെ, സംഭവം നടന്ന് അധികം വൈകാതെ പ്രതിഷേധവുമായി എത്തിയത് എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ. അതിന് ധാർമ്മികതയില്ലാത്ത ചില മാധ്യമങ്ങളുടെ പിന്തുണയും കോളേജിന് അകത്തു നിന്നുള്ള ഒരു കൂട്ടം വിദ്യാർത്ഥികളുടെ പിന്തുണയും കൂടെ ഒത്തുചേർന്നപ്പോൾ വിഷയം കൂടുതൽ ഗൗരവമുള്ളതായി മാറി.

കത്തോലിക്കാ സ്ഥാപനങ്ങള്‍ 

കത്തോലിക്കാ സഭയുടെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമല്ല അമൽ ജ്യോതി. ലോകോത്തര നിലവാരമുള്ള അനേകം കേളേജുകളിൽ ഒന്നുമാത്രമാണ് അത്. ഇവിടെ മികച്ച അധ്യാപനത്തിനൊപ്പം കുട്ടികളുടെ വ്യക്തിത്വപരിശീലനത്തെ പൂർണ്ണമാക്കുന്ന അച്ചടക്കത്തിനും പ്രാധാന്യം നൽകുന്നുണ്ട്. പ്രഫഷണൽ കോളേജ് പഠനത്തിന്റെ കാര്യത്തിൽ മാത്രമല്ല, ഡിസിപ്ലിന്റെ കാര്യത്തിൽ കൂടെ കത്തോലിക്കാ സ്ഥാപനങ്ങള്‍ മുൻഗണന നൽകുന്നുണ്ട്. ഇത് കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുകയേ ഉള്ളൂ. ഈ കാര്യം ഓർമ്മയിൽ വച്ചുകൊണ്ടാകണം കുട്ടികളെ കലാലയത്തിൽ അയക്കേണ്ടത്. അല്ലാത്തപക്ഷം തോന്നിയതു പോലെ നടക്കാൻ നിയമങ്ങൾ ബാധകമല്ലാത്ത കോളേജുകള്‍ തെരഞ്ഞെടുക്കാം.

ഇത് ഓര്‍മ്മപ്പെടുത്തല്‍  

ഏതായാലും അമല്‍ ജ്യോതി സംഭവം വഴി, ആരൊക്കെയാണ് തങ്ങളുടെ കൂടെ, ആരൊക്കെയാണ് തങ്ങള്‍ക്ക് എതിര് എന്നു കത്തോലിക്കര്‍ക്ക് കൂടുതല്‍ വ്യക്തമായി. അകാരണമായി ആക്രമിക്കപ്പെടുകയാണ് തങ്ങളെന്ന ചിന്തയും അവര്‍ക്കിടയില്‍ ബലപ്പെട്ടു. അതിന്റെ പ്രതിഫലനമായിരുന്നു കാഞ്ഞിരപ്പള്ളിയില്‍ കഴിഞ്ഞ ദിവസം നടന്ന സമ്മേളനവും ജാഥയും. മതേതരം എന്ന് ഉറക്കെ പറഞ്ഞും, എന്നാല്‍ അതേ സമയം സ്വന്തം മതത്തിന്റെ വളര്‍ച്ചക്കും മറ്റു മതങ്ങളുടെ നാശത്തിനും പ്രവര്‍ത്തിക്കുന്നത് ആരാണെന്നും അവര്‍ക്ക് ബോധ്യമായി. ചെന്നായ ആടിനെ വളര്‍ത്തുന്നവനല്ല, തക്കം കിട്ടുമ്പോള്‍ കൊന്നുതിന്നുന്നവനാണ് എന്ന് എല്ലാവരും മനസില്‍ കുറിക്കുക.

(കടപ്പാട്: കഴിഞ്ഞ ദിവസങ്ങളിൽ വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ വന്ന ലേഖനങ്ങളും)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.