നോമ്പുകാല ചിന്തകള്‍

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ആമുഖം

വലിയ ആത്മീയ അനുഗ്രഹം പ്രദാനംചെയ്യുന്ന ഒരുക്കത്തിന്റെ ദിനങ്ങളാണ് നോമ്പിലെ ദിവസങ്ങള്‍. പെസഹാ ആഴ്ചയിലേക്കു പ്രവേശിക്കുന്നതിന്റെ ഒരുക്കവും അതിന്റെ അവസാനത്തില്‍ യേശുവിന്റെ ഉയിര്‍പ്പിന്റെ അനുഗ്രഹംപ്രാപിക്കുന്നതിന്റെ ഒരുക്കവും ഈ ദിവസങ്ങളില്‍ ലോകമാസകലമുള്ള ക്രിസ്തീയവിശ്വാസികള്‍ നടത്തുന്നു. പാശ്ചാത്യസഭകളില്‍ നാല്പതു ദിവസവും, പൗരസ്ത്യസഭകളില്‍ അന്‍പതു ദിവസവും നീളുന്ന നോമ്പനുഷ്ഠാനമാണ് നിലനില്ക്കുന്നത്. പൗരസ്ത്യസഭകളില്‍ ഞായറാഴ്ച സന്ധ്യയോടെ ആരംഭിക്കുകയും അതിന്റെ തുടര്‍ച്ചയായി തിങ്കളാഴ്ച അര്‍ഥവത്തായ അനുരജ്ഞനശുശ്രൂഷ (ശുബുക്കോനോ) നടത്തി നോമ്പിലേക്കു പ്രവേശിക്കുകയുംചെയ്യുന്നു.

പാശ്ചാത്യസഭയില്‍ വിഭൂതി ബുധനാഴ്ച (Ash Wednesday) നെറ്റിയില്‍ കുരുത്തോലയില്‍ നിന്നുള്ള ചാരംകൊണ്ട് കുരിശുവരച്ചു പ്രാർഥിച്ചു നോമ്പ് ആരംഭിക്കുന്നു. എല്ലാവര്‍ഷവും, ദൈവകൃപയില്‍ ആശ്രയിച്ചുകൊണ്ട് മുന്നോട്ടുപോവുന്നതിനും നമ്മുടെ ആത്മീയജീവിതത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നതിനുമുള്ള അവസരമാണ് വലിയനോമ്പ്. നിത്യവും പ്രാര്‍ഥനയിലും തപസ്സിലുമായിരുന്ന് ആഴമായ ദൈവാനുഭവം സമ്പാദിച്ചിരുന്ന താപസന്മാരുടെ ജീവിതമാതൃക പിന്തുടരാന്‍ ആഗ്രഹിച്ച ആദിമ ക്രൈസ്തവസമൂഹം നോമ്പ് വലിയൊരു അവസരമായിക്കണ്ടിരുന്നു. എപ്പോഴും ലോകവ്യാപാരങ്ങളില്‍ മുഴുകിയിരിക്കുന്ന സാധാരണക്കാരന്റെ മനസ്സിനെയും ശരീരത്തെയും സന്യാസമനോഭാവത്തോടെ ദൈവത്തിനു സമര്‍പ്പിക്കാന്‍ നിഷ്ഠയോടെയുള്ള നോമ്പനുഷ്ഠാനത്തിലൂടെ സാധിക്കുന്നു. വരാനിരിക്കുന്ന ശീതകാലത്തെ വറുതിയെ അതിജീവിക്കാന്‍ വസന്തകാലം മുതലേ ദൈവം കൊടുത്തിരിക്കുന്ന സ്വാഭാവികപ്രേരണയാല്‍ ഭക്ഷണംശേഖരിക്കുന്ന ബുദ്ധിയുള്ള ജീവികളെപ്പോലെ, ജ്ഞാനിയായ വിശ്വാസി എല്ലാവര്‍ഷവും നോമ്പിലൂടെ ആ വര്‍ഷത്തേക്ക് ആവശ്യമായ  ആത്മീയഫലങ്ങള്‍ സമ്പാദിക്കുന്നു. വലിയനോമ്പിന്റെ ആഴവും അര്‍ഥവും മനസ്സിലാക്കി ആത്മീയ ഒരുക്കത്തോടെ മുന്നോട്ടുപോകാന്‍ സഹായിക്കുകയെന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.

അനുതാപത്തിലുള്ള ആത്മീയ തീർഥാടനം

ദൈവസ്‌നേഹവും കരുണയും അനുഭവിക്കുന്ന ആത്മീയ തീര്‍ഥാടനത്തിനുള്ള അവസരമാണ് വലിയനോമ്പ്. പാപത്തില്‍നിന്ന് അകലാനും പുണ്യത്തില്‍ വളരാനും സഹായിക്കുന്ന ഒരു തീര്‍ഥാടനമാണിത്. വ്യക്തിപരമായും, വലിയൊരു ക്രിസ്തീയസമൂഹത്തിന്റെ ഭാഗമെന്ന നിലയിലും നാം ഇതില്‍ പങ്കുച്ചേരുന്നു. അനുതാപത്തോടെ ദൈവത്തെ സമീപിക്കുന്നവന്റെ ഹൃദയത്തിലേക്ക് ദൈവം ധാരാളം കൃപ ഒഴുക്കുന്നു. വഴിതെറ്റിപ്പോവുന്ന നമ്മുടെ ജീവിതയാത്രയെ വീണ്ടും ദൈവത്തിങ്കലേക്കു വഴിതിരിച്ചുവിടുകയാണ് അനുതാപത്തിലൂടെ സംഭവിക്കുന്നത്. ഇന്നതെ ഉപരിപ്ലവമായ ജീവിതശൈലിയില്‍നിന്നും, നമ്മെ അടിമപ്പെടുത്തുന്ന എല്ലാ ഭൗതികപ്രവണതകളില്‍നിന്നും ഒഴുക്കിനെതിരെ നീന്തുന്നവന്റെ മനോഭാവത്തോടെയുള്ള ആത്മീയതീര്‍ഥാടനമാണിത്. മറ്റു വഴികളില്‍നിന്നും മാറി യേശുവാകുന്ന വഴിയിലൂടെയുള്ള നടത്തം മാനസാന്തരത്തിന്റെ ഫലമായി നമ്മിലുണ്ടാകുന്നു. അതുകൊണ്ടുതന്നെയാണ് യോഹന്നാന്‍ സ്‌നാപകനും, യേശുവും മാനസാന്തരത്തിനുള്ള ആഹ്വാനവുമായി (യോഹ. 3:2, മര്‍ക്കോ. 1:15) തങ്ങളുടെ പരസ്യജീവിതം ആരംഭിക്കുന്നത്.

ആന്തരികമായ ഈ മാറ്റത്തിന്റെ പ്രതീകമായിട്ടായിരുന്നു നാലാം നൂറ്റാണ്ടിന്റെ ആരംഭംമുതല്‍ റോമിലെ രക്തസസാക്ഷികളെ അടക്കംചെയ്തിരുന്ന പ്രധാന ദൈവാലയങ്ങള്‍ കേന്ദ്രീകരിച്ച് മാര്‍പാപ്പമാരുടെ നേതൃത്വത്തില്‍ നോമ്പുകാലങ്ങളില്‍ തീര്‍ഥാടനങ്ങള്‍ നടത്തിയിരുന്നത്. ഒരുദിവസം നീളുന്ന ഉപവാസത്തോടുകൂടിയായിരുന്നു പ്രാര്‍നയും ധ്യാനവും പരിശുദ്ധ കുര്‍ബാനയും കുരിശിന്റെ വഴിയുമൊക്കെയായി തീര്‍ഥാടനങ്ങള്‍ നടത്തിയിരുന്നത്. ഈ അടുത്തകാലത്ത് പൂര്‍വാധികം അത് ഭക്തിയോടെ പുനരുജ്ജീവിപ്പിച്ച് നാല്പതുദിവസങ്ങളിലും നാല്പതു പള്ളികളിലായി റോമില്‍ ഈ തീര്‍ഥാടനം നടത്തപ്പെടുന്നുണ്ട്. അനേകായിരം ക്രിസ്തീയ രക്തസാക്ഷികളുടെ ചുടുനിണം വീണു നനഞ്ഞ റോമിലെ പ്രസിദ്ധമായ കൊളോസിയത്തില്‍ മാര്‍പാപ്പയുടെ നേതൃത്വത്തിലാണ് എല്ലാവര്‍ഷവും ദുഃഖവെള്ളിയാഴ്ചത്തെ കുരിശിന്റെ വഴി നടക്കുന്നത്. യേശുവിനെ ആത്മീയമായി കുരിശെടുത്തുകൊണ്ട്  അനുഗമിക്കാനുള്ള നമ്മുടെ ആഗ്രഹത്തിന്റെ ബാഹ്യപ്രകടനംകൂടിയാണ് നാം നടത്തുന്ന കുരിശിന്റെ വഴി.

ജീവിതവിജയത്തിനുള്ള ആത്മീയ ആയുധം

ലോകത്തിന്റെ പ്രവണതകള്‍ക്കെതിരെ പോരാടുന്നതിനുള്ള ഏറ്റം വലിയ ആയുധമാണ് നോമ്പും പ്രാര്‍നയും. നോമ്പില്‍നിന്നും ഉപവാസത്തില്‍നിന്നും ആര്‍ജിച്ചെടുത്ത ആത്മീയ ഊര്‍ജം സാത്താന്റെ പരീക്ഷണങ്ങളെ പ്രതിരോധിക്കാന്‍ യേശു ഉപയോഗിക്കുന്നതായി സുവിശേഷത്തില്‍ നാം കാണുന്നു. നാല്പതുവര്‍ഷത്തെ മരുഭൂമിവാസം ഇസ്രേയല്‍ജനത്തിനു വലിയ ആത്മീയപരീക്ഷണത്തിന്റെ കാലമായിരുന്നു.

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രാര്‍നയും ഉപവാസവും ആത്മാവിന്  ആനന്ദംനല്‍കുന്ന വിരുന്നാണ്. ഇത് ആത്മീയ അസുഖങ്ങള്‍ക്കുള്ള മരുന്നും തിന്മയ്‌ക്കെതിരെയുള്ള തോൽക്കാത്ത ആയുധവുമാകുന്നു. പറുദീസായില്‍ മനുഷ്യന്റെ നിലനില്പിനു ഏറ്റം ആവശ്യമായിരിക്കുന്ന ഭക്ഷണത്തെ ഉപയോഗിച്ചുകൊണ്ടായിരുന്നു പിശാച് മനുഷ്യനെ പാപത്തില്‍ വീഴ്ത്തിയത്. യേശുവിന്റെ നാല്പതുദിവസത്തെ ഉപവാസത്തിന്റെ അവസാനം സാത്താന്റെ ഭക്ഷണംകൊണ്ടുള്ള പ്രലോഭനത്തിന്റെമേല്‍ വിജയം വരിക്കുന്നു. ”ദൈവത്തിന്റെ നാവില്‍നിന്നും പുറപ്പെടുന്ന വചനത്തെ” (മത്തായി 4:4) ജീവന്റെ ആധാരമായി യേശു നമുക്കു നല്‍കുന്നു. ഭക്ഷണം ആദിപാപത്തിനു കാരണമായെങ്കില്‍ ദൈവവചനം അങ്ങനെ എല്ലാം പുണ്യത്തിനും അടിസ്ഥാനമായി മാറുന്നു.

നോമ്പുനോൽക്കുകയും ഉപവസിക്കുകയും ചെയ്യുന്നവന്‍ മനുഷ്യര്‍ക്കെതിരെ സാത്താന്‍ ഉപയോഗിച്ച ഭക്ഷണമാകുന്ന ആയുധം സാത്താനെതിരെ ഉപയോഗിക്കുകയാണ്. പക്ഷേ, ഭക്ഷണത്തോടുള്ള അത്യാര്‍ത്തി പിശാചിന്റെ കൈയ്യില്‍ മനുഷ്യകുലത്തെത്തന്നെ ഇല്ലാതാക്കാനുള്ള ആയുധമായി മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യകുലത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ട് ഈ കാലഘട്ടത്തില്‍ പട്ടിണികൊണ്ടു മരിക്കുന്നതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നു എന്ന കാരണത്താല്‍ മരിക്കുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച്, ലോകജനതയുടെ മൂന്നിലൊന്ന് ഇന്ന്  പൊണ്ണത്തടിക്ക് അടിപ്പെട്ടിരിക്കുന്നു. വിശ്വാസികളെല്ലാം ഒത്തൊരുമയോടെ ഉപവാസവും പ്രാര്‍നയുംവഴിയായി ഇത്തരം തിന്മകളെ പ്രതിരോധിക്കുകയും ജീവിതവിജയത്തിനായുള്ള ആത്മീയ ആയുധമാക്കി നോമ്പിനെയും ഉപവാസത്തെയും മാറ്റുകയും ചെയ്യണം.

ആത്മീയ മരുഭൂമി അനുഭവം

നോമ്പുകാലത്ത് ഒരു മരുഭൂമി അനുഭവത്തിലേക്കു നാം പ്രവേശിക്കുന്നു. യേശുവിനെപ്പോലെയും യേശുവിനോടൊത്തുമാണ് ഈ മരുഭൂമിജീവിതം നാം നയിക്കേണ്ടത്. ഇസ്രായേല്‍ജനത്തിന്റെ നാല്പതുവര്‍ഷത്തെ മരുഭൂമിവാസം ഒരേസമയം പരീക്ഷണത്തിന്റെയും വലിയ ദൈവാനുഭവത്തിന്റെയും അവസരമായിരുന്നു. അനേകര്‍ ആ യാത്രയില്‍ പരാജയപ്പെട്ടപ്പോഴും ദൈവം രാത്രിയും പകലും അവരോടൊത്തു യാത്രചെയ്തു. മരുഭൂമിയിലെ പരീക്ഷണങ്ങളില്‍ പരാജയപ്പെട്ടവര്‍ക്ക് വാഗ്ദത്തനാട് ദര്‍ശിക്കുന്നതിനുള്ള ഭാഗ്യമുണ്ടായില്ല.

മരുഭൂമി പട്ടിണിയുടെ സ്ഥലമാണ്. അന്ധകാരത്തിന്റെയും ശൂന്യതയുടേതുമായ ഒരുപാട് മരുഭൂമി അനുഭവങ്ങളിലൂടെ കടന്നുപോകുന്നവരാണ് നാമോരോരുത്തരും. ഉറ്റവരുടെ മരണവും, സ്‌നേഹിക്കുന്നവരുടെ തിരസ്‌കരണവും, വിശ്വസിച്ചവരുടെ ഒറ്റിക്കൊടുക്കലും, മാരകമായ രോഗങ്ങളുടെ വേദനയുമെല്ലാം നമ്മില്‍ പലരുടെയും മരുഭൂമിയാണ്. വലിയ മരുഭൂമി അനുഭവത്തിലും ദൈവം കൂടെയുണ്ടെന്നതാണ് ഒരു വിശ്വാസിയുടെ ജീവിതത്തെ വ്യത്യസ്തമാക്കുന്നത്. അവിടെയുള്ള പരീക്ഷണങ്ങളെ അതിജീവിച്ച് കൂടുതല്‍ ശക്തനായി പുറത്തുവരുന്നതിനു അങ്ങനെ അവനു  കഴിയുന്നു.

എന്നാല്‍ എല്ലാ വര്‍ഷവും നാം ഈ മരുഭൂമിയിലേക്കു പ്രാര്‍നാപൂര്‍വം  പ്രവേശിക്കുന്നത് നമ്മുടെ കര്‍ത്താവിന്റെകൂടെയാണ്. നമ്മുടെ  ക്രിസ്തീയജിവിതത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിലൊന്നായ പത്തു കല്പനകള്‍ നല്കപ്പെട്ടതും, ദൈവസാന്നിധ്യത്തിന്റെ അടയാളമായ വാദ്ഗാനപേടകം നിര്‍മ്മിക്കപ്പെട്ടതും, ജീവന്‍ നിലനിര്‍ത്തുന്നതിനു മന്ന നല്കപ്പെട്ടതും മരുഭൂമിയില്‍വച്ചു തന്നെ. വി. അന്തോണിയോസിനെപ്പോലെ മരുഭൂമിയിലേക്ക് ഓടിപ്പോയ വിശുദ്ധരുടെ പിന്നാലെയായിരുന്നു ആദിമ ക്രൈസ്തവസമൂഹങ്ങളൊക്കെ ഓടിയത്. എല്ലാം വിരല്‍ത്തുമ്പില്‍ ഓടിയെത്തുന്ന ഇന്നത്തെ കാലത്ത് നോമ്പുകാലത്തു എല്ലാം അടച്ചുവച്ച് കര്‍ത്താവിന്റെ കൂടെ മരുഭൂമിയില്‍ പ്രവേശിക്കാന്‍ നമുക്കു കഴിയണം.

ഹൃദയം പിളര്‍ക്കേണ്ട സമയം

നോമ്പിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഹൃദയം ദൈവത്തിങ്കലേക്കു തിരിക്കുക എന്നതാണ്. പഴയനിയമത്തില്‍ ജോയേല്‍ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്യുന്നു: ”ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീര്‍പ്പോടുംകൂടെ നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിന്‍” (ജോയേല്‍ 2:12). മാനസാന്തരത്തിനുള്ള അവസരം ഇനിയും അതിക്രമിച്ചിട്ടില്ല. ദൈവവുമായുള്ള സൗഹൃദം പാപംമൂലം നമ്മള്‍ നഷ്ടപ്പെടുത്തിയപ്പോള്‍ മാമ്മോദീസായുടെ സമയത്തെ നിര്‍മ്മലതയിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് നമുക്ക് ആവശ്യമായിരിക്കുന്നത്. അതിനു സാധിക്കണമെങ്കില്‍ ബാഹ്യാചാരങ്ങള്‍ക്കുപരിയായ നോമ്പിന്റെ ചൈതന്യം ഉള്‍ക്കൊള്ളാന്‍ നമുക്കു കഴിയണം. ദൈവം പ്രവാചകനിലൂടെ അരുളിച്ചെയ്യുന്നു: ”നിങ്ങളുടെ ഹൃദയമാണ് വസ്ത്രമല്ല കീറേണ്ടത്, നിങ്ങളുടെ ദൈവമായ കര്‍ത്താവിങ്കലേക്കു മടങ്ങുവിന്‍” (ജോയേല്‍ 2:13).

വസ്ത്രം കീറാന്‍ തയ്യാറായി ഒരുപാടുപേര്‍ നോമ്പനുഷ്ഠിക്കുന്നുണ്ടാവാം. എന്നാല്‍ ഹൃദയംനുറുങ്ങി നോമ്പുനോല്‍ക്കുമ്പോള്‍ നുറുങ്ങിയ ഹൃദയത്തിലൂടെ ദൈവം വേഗത്തില്‍ പ്രവേശിക്കുകയും, ആ ദൈവസാന്നിധ്യം നമ്മുടെ മുറിവുകളെ ഉണക്കുകയും ചെയ്യും. ബാഹ്യമായ ആചാരങ്ങളെക്കാള്‍ ദൈവത്തിനു പ്രിയങ്കരമായത് ആന്തരികമായ മാനസാന്തരങ്ങളാണ്. മനുഷ്യനുവേണ്ടി ഹൃദയം നുറുങ്ങിയ ദൈവത്തിന്റെമുന്‍പില്‍ മനുഷ്യന്റെ ഹൃദയവും നുറുങ്ങണം. പൊട്ടിപ്പോകുന്ന മണ്‍പാത്രങ്ങള്‍ സ്വര്‍ണ്ണം പൂശിവിളക്കിയെടുത്ത് അംഗഭംഗത്തെ മനോഹരങ്ങളായ അലങ്കാര രൂപങ്ങളാക്കി മാറ്റുന്ന ജാപ്പനീസ് കലയാണ് കിന്റ്‌സുഗി (Kintsugi). വിള്ളലുകള്‍ മറച്ചുവയ്ക്കുന്നതിനെക്കാള്‍, കൂടുതല്‍ വിലകൂടിയ വസ്തുകൊണ്ട് കേടുകള്‍ പോക്കി പാത്രങ്ങളെ അതിമനോഹരമാക്കുന്ന കരകൗശലവിദ്യയാണിത്. അര്‍ഥവത്തായ നോമ്പനുഷ്ഠാനംവഴി നമ്മുടെ മുറിവേറ്റ ഹൃദയങ്ങളെ കേടുപാടുപോക്കി തന്റെ സ്‌നേഹത്താല്‍ വിളക്കിച്ചേര്‍ത്തു കൂടുതല്‍ മനോഹരങ്ങളായ സൃഷ്ടികളാക്കി മാറ്റാന്‍ ദൈവത്തെ നാം അനുവദിക്കുക.

വലിയ കാരുണ്യത്തിന്റെ കാലം

പ്രാര്‍ഥനയോടും ഉപവാസത്തോടുംകൂടിയുള്ള ദാനധര്‍മ്മത്തിനു വലിയ വിലയാണുള്ളത്. തോബിത്തിന്റെ പുസ്തകത്തില്‍ നാം വായിക്കുന്നു: ”ഉപവാസം, ദാനധര്‍മ്മം, നീതി എന്നിവയോടുകൂടിയാവുമ്പോള്‍ പ്രാര്‍ഥന നല്ലതാണ്. ദാനധര്‍മ്മം മരണത്തില്‍നിന്നും രക്ഷിക്കുന്നു, അത് സകലപാപങ്ങളും തുടച്ചുനീക്കുന്നു” (തോബിത്ത് 12:8-9) ദൈവിക കാരുണ്യത്തിന്റെ വലിയ പ്രകടനംകൂടിയാണ് ദാനധര്‍മ്മം. വി. ജോസഫ് കൊത്തലംഗോ ഉപദേശിക്കുന്നു: ”ഒരിക്കലും നീ കൊടുക്കുന്ന നാണയത്തിന്റെ കണക്കു സൂക്ഷിക്കരുത്. ദാനധര്‍മ്മം ചെയ്യുമ്പോള്‍ നിന്റെ വലതുകരം ചെയ്യുന്നത് ഇടതുകരം അറിയരുതെന്നു മാത്രമല്ല, വലതുകരംതന്നെ അതു ചെയ്യുന്നത് പിന്നീട് മറന്നുകൊള്ളണം.” സൃഷ്ടവസ്തുക്കളുടെ വെറും മേല്‍നോട്ടക്കാരാണ് നമ്മള്‍, ഒരിക്കലും അതിന്റെ ഉടമകളാവുന്നില്ല. അതുകൊണ്ട് ഒരു ക്രിസ്തീയവിശ്വാസി ഉപവസിക്കുന്നതുവഴി നിര്‍ബന്ധിത ഉപവാസത്തിലായിരിക്കുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് അതിന്റെ പ്രയോജനം ഉണ്ടാവണം. തന്നെത്തന്നെ മുഴുവനായി മറ്റുള്ളര്‍ക്കു നല്‍കിയ കര്‍ത്താവിന്റെ സ്കൂളില്‍നിന്നാണ് കൊടുക്കുന്നതിന്റെ പാഠങ്ങള്‍ നാം പഠിക്കേണ്ടത്.

നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ജീവിച്ചിരുന്ന ‘സ്വര്‍ണ്ണനാവുകാരനായ’ ജോണ്‍ ക്രിസോസ്റ്റം തന്റെ പ്രസംഗങ്ങളുടെപേരില്‍ നാടു കടത്തപ്പെട്ടവനാണ്. ക്രിസ്ത്യാനിയായ ചക്രവര്‍ത്തിയുടെ ഭാര്യയോടു അദ്ദേഹം പറഞ്ഞു: ”നിന്റെ പടിവാതില്‍ക്കലുള്ള ദൈവത്തിന്റെ പ്രതീകമായ മനുഷ്യന്‍ പട്ടിണികിടക്കുമ്പോള്‍ നിനക്കെങ്ങനെയാണ് നിന്നെത്തന്നെ സ്വര്‍ണ്ണംകൊണ്ട് അലങ്കരിക്കാന്‍ സാധിക്കുന്നത്.” ”നിങ്ങളുടെ കക്കൂസുകള്‍പോലും സ്വര്‍ണ്ണംകൊണ്ടു പണിയുമ്പോള്‍, പുറത്ത് തണുത്തുവിറയ്ക്കുന്ന ദൈവികപ്രതിഛായയ്ക്കുമുന്‍പില്‍ നിന്റെ ധൂര്‍ത്ത് തോന്ന്യാസവും സംസ്കാരശൂന്യതയും പൈശാചികതയും ദുഷ്ടതയുമാണ്.” ആ അവസ്ഥയ്ക്ക് ഇന്നും വലിയ വ്യത്യാസം വന്നിട്ടില്ല. പക്ഷേ, അതു പ്രസംഗിക്കാന്‍ കഴിയുന്ന ജോണ്‍ ക്രിസോസ്റ്റമിനെപ്പോലുള്ള വിശുദ്ധരുടെ എണ്ണം കുറയുന്നു എന്നുമാത്രം. മറ്റൊന്നും കൊടുക്കാന്‍ സാധിച്ചില്ലെങ്കിലും നമ്മുടെ കൈയ്യിലുള്ള കര്‍ത്താവിനെയെങ്കിലും ആരുമില്ലാത്തവരുമായി പങ്കുവയ്ക്കാൻ ഈ നോമ്പുകാലത്ത് നമുക്കു സാധിക്കണം.

ചില പ്രായോഗികനിര്‍ദേശങ്ങള്‍

ആശയങ്ങളുടെ അഭാവം കൊണ്ടല്ല നമ്മുടെ നോമ്പനുഷ്ഠാനത്തിന്റെ ശക്തി കുറയുന്നത്. പിന്നെയോ അതു നിഷ്ഠയോടെ അനുഷ്ഠിക്കാനുള്ള നമ്മുടെ അച്ചടക്കത്തിന്റെ കുറവുകൊണ്ടാണ്. പലര്‍ക്കും ഉപകാരപ്പെട്ടേക്കാവുന്ന നോമ്പുകാലത്ത് നമുക്കു നടത്താവുന്ന ചില ആശയങ്ങള്‍ ഇവിടെ കുറിക്കട്ടെ.

1. നോമ്പുമായി ബന്ധപ്പെട്ട ഭക്താഭ്യാസങ്ങള്‍ – കുര്‍ബാന, പ്രാര്‍ഥന, ബൈബിള്‍ വായന, കുമ്പസാരം, കുരിശിന്റെ വഴി, ഉപവാസം – മുടങ്ങാതെ നടത്തുക.

2. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പീഢനമനുഭവിക്കുന്ന ക്രിസ്തീയസഹോദരങ്ങള്‍ക്കുവേണ്ടി പ്രാർഥിക്കുക.

3. മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ട സഹോദരന്മാരെ ധ്യാനവും കൗണ്‍സലിംഗും പോലെയുള്ള കാര്യങ്ങള്‍ക്ക് എത്തിക്കുകയോ, അതു ചെയ്യുന്നതിനു മടുപ്പുതോന്നാത്തവരുമായി ബന്ധിപ്പിക്കുന്നതിനോ ശ്രമിക്കുക.

4. ഏകാന്തത അനുഭവിക്കുന്നവരെ, പ്രത്യേകിച്ച് പ്രായമായവരെയും രോഗികളെയും സന്ദര്‍ശിക്കുകയും അവരുമായി സമയം ചെലവഴിക്കുകയും ചെയ്യുക.

5. ശരീരവും മനസ്സും ആത്മാവും എപ്പോഴും ശുദ്ധമായും വൃത്തിയായും സൂക്ഷിക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുക.

6. ഒരുപാടു സാധനങ്ങള്‍ – വിലപ്പിടുപ്പുള്ളതും അല്ലാത്തതും – നമുക്കാവശ്യമില്ലാതിരുന്നിട്ടുകൂടി വര്‍ഷങ്ങളായി ഉപയോഗിക്കാതെ കൊണ്ടുനടക്കുന്നു. അതൊക്കെ എടുത്തു ഉപകാരപ്പെടുന്നവര്‍ക്കു നല്കുക.

7. ഫോണ്‍, ടെലിവിഷന്‍, ഇന്റര്‍നെറ്റ് തുടങ്ങിയവ അത്യാവശ്യത്തിനുമാത്രം ഉപയോഗിക്കുക, സോഷ്യല്‍ മീഡിയായുടെ ഉപയോഗം നോമ്പുകാലത്ത്  ഉപേക്ഷിക്കുകയോ, കുറയ്ക്കുകയോ ചെയ്യുക. അതുവഴി മറ്റുള്ളവരെ ശല്യം ചെയ്യാതിരിക്കുക.

8. തെറ്റായ കൂട്ടുകെട്ടുകളും ദുഷ്തഴക്കങ്ങളും ഉപേക്ഷിക്കുക. സ്വയം സാധിക്കുന്നില്ലായെങ്കില്‍ അതിനു കഴിയുന്നവരുടെ സഹായംതേടുക.

9. ശാരീരിക അധ്വാനം ആവശ്യമായിരിക്കുന്ന തീർഥാടനമോ, നോമ്പുകാല ധ്യാനമോ നടത്തി സ്വയം വിശുദ്ധീകരിക്കുക.

10. നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനും തുടക്കംകുറിക്കുക. പ്രത്യേകിച്ച് നോമ്പുകാലത്തു നന്നായി പ്രാർഥിച്ചു തീരുമാനങ്ങളെടുക്കുക.

11. ആവശ്യമില്ലാത്തതൊന്നും വാങ്ങികൂട്ടാതെ ലളിതജീവിതത്തിന് സ്വയം തീരുമാനിക്കുക. നോമ്പിലെ എല്ലാദിവസവും ഒരു ചെറിയ തിന്മയെങ്കിലും പുറംതള്ളുകയും ഒരു നന്മയെങ്കിലും ചെയ്യാനും ശ്രമിക്കുക.

12. ഇന്നും ജീവിക്കുന്ന യേശുവുമായി വ്യക്തിബന്ധത്തില്‍ ആഴത്തില്‍ വളരുന്നതിനു സാധിക്കുന്നതെല്ലാം ചെയ്യുക.

ഉപസംഹാരം

നമ്മുടെ ക്രിസ്തീയവിളിയില്‍ ആഴപ്പെടുത്തുന്നതിനുള്ള വലിയ അവസരമാണ് നോമ്പുകാലം. നമ്മുടെ അനുഗ്രഹങ്ങളെ പ്രാര്‍ഥനയിലൂടെയും ഉപവാസത്തിലൂടെയും ദാനധര്‍മ്മത്തിലൂടെയും ധാരാളമായി വര്‍ധിപ്പിക്കുന്നതിന് ഈ സമയത്തു സാധിക്കണം. മനുഷ്യന്റെ ഏറ്റവും വലിയ വിശപ്പ് ഭക്ഷണത്തിനുവേണ്ടിയോ, മറ്റു ഭൗതിക സുഖസൗകര്യങ്ങള്‍ക്കുവേണ്ടിയുള്ളതോ അല്ല. പിന്നെയോ, എല്ലാത്തിന്റെയും ഉറവിടവും പൂര്‍ണ്ണതയുമായ ദൈവത്തെ പ്രാപിക്കുന്നതിനുവേണ്ടിയുള്ളതാണ്. ദൈവത്തെ പ്രാപിക്കാതെ മറ്റെന്തല്ലാമുണ്ടായാലും വീണ്ടുംവീണ്ടും വിശന്നും ദാഹിച്ചും തന്നെയിരിക്കും. വി. ജോണ്‍ പോള്‍ രണ്ടാമൻ മാര്‍പാപ്പ മിക്കപ്പോഴും പറയുമായിരുന്നു: ”ജീവിതത്തിലെ സുപ്രധാനകാര്യം ഏതെന്നു ചോദിച്ചാല്‍ നമ്മള്‍ യേശുവിനാല്‍ സ്‌നേഹിക്കപ്പെടുന്നവരും യേശുവിനെ സ്‌നേഹിക്കുന്നവരുമാണെന്നതാണ്. യേശുവിന്റെ സ്‌നേഹവുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റെല്ലാം രണ്ടാമതേ വരൂ. ആ സ്‌നേഹമില്ലെങ്കില്‍ ബാക്കിയെല്ലാം നിഷ്പ്രയോജനമാണ്.”

നോമ്പിലൂടെ ദൈവികജീവനിലേക്ക് അല്പംകൂടി ആഴത്തില്‍ കടന്നുചെല്ലാന്‍ നമുക്കു കഴിയണം. അതുപോലെതന്നെ നമ്മുടെ ജീവിതത്തിലേക്കു ദൈവത്തിനു കടന്നുവരാന്‍ നാമും വഴിയൊരുക്കണം. ഒരു താപസന്റെ മനോഭാവത്തോടെ നോമ്പിനെ ആശ്ലേഷിച്ച് ദൈവസ്‌നേഹത്തിനുമുന്‍പില്‍ നമ്മുടെ ഹൃദയങ്ങളെ നമുക്ക് തുറന്നുവയ്ക്കാം. പുതിയ ഹൃദയത്തോടെയും പുതിയ നയനങ്ങളോടെയും നമുക്കു ചുറ്റുമുള്ള സഹോദരങ്ങളെ സ്വീകരിക്കാനും കാണാനും അതു നമ്മെ സഹായിക്കും. യേശുവിന്റെ മുഖത്തുനോക്കി നോമ്പുകാലത്തു ധ്യാനിക്കുന്ന നമ്മുടെ മുഖത്തു യേശുവിന്റെ രൂപം പ്രതിഫലിക്കുന്നതു മറ്റുള്ളവര്‍ക്കു കാണുന്നതിനും ഇടയാക്കും. നാം മറ്റുള്ളവരുടെ മുഖത്തു നോക്കുമ്പോള്‍ അവരിലുള്ള യേശുവിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ നമുക്കു കഴിയും. അങ്ങനെ ആത്മാവിലും ശരീരത്തിലും നവീകരിക്കപ്പെട്ട് അര്‍ഥവത്തായ ഒരു ഉയിര്‍പ്പുതിരുനാള്‍ ആഘോഷത്തിന് ഈ നോമ്പിലൂടെയും പ്രാര്‍ഥനയിലൂടെയും നമുക്ക് ഒരുങ്ങാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.