50 നോമ്പ് ധ്യാനം 26: ഹല്ലേലൂയ്യ

ഒരിക്കല്‍ ഒരു ശിഷ്യന്‍ തന്റെ ഗുരുവിനെ സമീപിച്ച് സങ്കടമുണര്‍ത്തിച്ചു. ”ഗുരോ, മറ്റ് ശിഷ്യന്മാരെപ്പോലെ ദൈവദര്‍ശനം പ്രാപിക്കാന്‍ എനിക്ക് കഴിയുന്നില്ല.” ഗുരു തലയാട്ടി. ശിഷ്യന്‍ തുടര്‍ന്നു; ”മറ്റു ശിഷ്യന്മാരെപ്പോലെ ക്ഷമയും ശാന്തതയും എനിക്കില്ല.” വീണ്ടും ഗുരു തലകുലുക്കി. ”എന്നെ മാത്രം അനുഗ്രഹിക്കാത്ത ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ എനിക്കിനി താല്‍പര്യമില്ല. അതിനാല്‍, ഞാനീ ആശ്രമം വിട്ടുപോവുകയാണ്.” അതിനും ഗുരുവിന്റെ മറുപടി മൗനമായിരുന്നു. താമസിയാതെ ശിഷ്യന്‍ ആശ്രമം വിട്ടിറങ്ങി. അകലേയ്ക്ക് നടന്നുനീങ്ങുന്ന ശിഷ്യനെ നോക്കി ഗുരു വിളിച്ചുപറഞ്ഞു: ”ദൈവത്തിന് സ്തുതി” ഒന്നിനും കൊള്ളാത്തവനായ താന്‍ ആശ്രമം വിട്ടിറങ്ങിയതിലുള്ള ഗുരുവിന്റെ സന്തോഷമായിരിക്കും അതെന്ന് ശിഷ്യനു തോന്നി. അക്ഷമനായ ശിഷ്യന്‍ ഗുരുവിനെ ശപിച്ചുകൊണ്ട് കൂടുതല്‍ വേഗത്തില്‍ നടന്നു. പെട്ടെന്ന് പിന്നില്‍ നിന്നും വലിയൊരു ശബ്ദം. ഭയന്നുവിറച്ച് പിന്തിരിഞ്ഞു നോക്കുമ്പോള്‍ അയാള്‍ കണ്ടത് ഒരു നിമിഷം മുമ്പ് താന്‍ കടന്നുപോന്ന വഴിയിലേക്ക് ഒരു വന്‍മരം കടപുഴകി വീണിരിക്കുന്നതാണ്. ”ദൈവമേ നന്ദി” അറിയാതെ തന്നെ ശിഷ്യന്റെ അധരത്തില്‍ നിന്നും ദൈവസ്തുതി ഉയര്‍ന്നു. ദൈവത്തെ മറന്ന്, ഗുരുവിനെ ധിക്കരിച്ച് ആശ്രമം വിട്ടിറങ്ങിയതില്‍ അയാള്‍ പശ്ചാത്തപിച്ചു. തിരികെ വന്ന് ഗുരുവിന്റെ കാല്‍ക്കല്‍ വീണ് മാപ്പപേക്ഷിച്ചു. സ്‌നേഹത്തോടെ ഗുരു പറഞ്ഞു: ”മകനേ, വേണ്ടത് വേണ്ട സമയത്ത് നല്‍കുന്നവനാണ് ദൈവം. അതിനാല്‍ ഇല്ലായ്മയിലും ഉള്ള അവസ്ഥയിലും ദൈവത്തിന് സ്തുതിയും നന്ദിയും അര്‍പ്പിക്കുക. ദുഃഖത്തോടും അക്ഷമയോടും കൂടി നീ ആശ്രമത്തിന്റെ പടിയിറങ്ങുമ്പോള്‍ നിന്റെ വഴികളെ കാത്തുകൊള്ളണമേയെന്ന് ദൈവത്തോട് ഞാന്‍ പ്രാര്‍ത്ഥിച്ചു. ആ വൃക്ഷത്തിന്റെ ശിഖരങ്ങളില്‍ നിന്നും പക്ഷികള്‍ കൂട്ടത്തോടെ പറന്നുയര്‍ന്നപ്പോള്‍ ആ മരം വീഴാന്‍ പോവുകയാണെന്ന് മനസ്സിലാക്കി നിന്നെ അതില്‍നിന്നും ദൂരേക്ക് അകറ്റാന്‍ വേണ്ടി ദൈവത്തെ വിളിച്ചപേക്ഷിച്ചതാണ് ഞാന്‍.”

ദൈവത്തിന് സ്തുതിയര്‍പ്പിക്കുന്നതില്‍ നിന്നും പിന്തിരിഞ്ഞ്, സ്വയം സ്തുതിച്ചുപാടുന്ന ലോകത്തിലാണല്ലോ നാമിന്നു ജീവിക്കുന്നത്. ഓശാന പാടി സ്തുതിക്കുകയും ഏതാനും ദിവസങ്ങള്‍ക്കപ്പുറം ‘അവനെ ക്രൂശിക്കുക’ എന്ന് മുറവിളി കൂട്ടുകയും ചെയ്തവരുടെ ഒരു പാരമ്പര്യവും നമുക്കുണ്ട്. ‘ദൈവത്തിനു സ്തുതി’ എന്നര്‍ത്ഥമുള്ള ‘ഹല്ലേലൂയ്യാ’ എന്ന പദത്തെക്കുറിച്ചുള്ള ധ്യാനത്തിന് അര്‍ത്ഥം കൈവരുന്നത് അവിടെയാണ്.
ദൈവത്തിനു നല്‍കേണ്ട മഹത്വവും സ്ഥാനവും വ്യക്തിപൂജയ്ക്കും സമ്പത്തിനും വേണ്ടി ഉഴിഞ്ഞുവച്ചിരിക്കുന്ന വ്യക്തികളുടെ ലോകത്തില്‍ ദൈവികതയുടെയും വിശ്വാസജീവിതത്തിന്റെയും തായ്‌വേരുകള്‍ക്ക് ഇളക്കം തട്ടിയില്ലേയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. കുടിലു മുതല്‍ കൊട്ടാരം വരെ സ്വയം പുകഴ്ത്തലിന്റെ വിസ്മയവിരുന്നൊരുക്കി സെല്‍ഫിപ്രളയത്തില്‍ ആറാടുമ്പോള്‍ നമ്മുടെ ആരാധനാമൂര്‍ത്തിയാരാണ്? ദൈവമോ, വ്യക്തികളോ, അതോ ഞാന്‍ തന്നെയോ?

ഇഷ്ടവിഭവങ്ങളെ ത്യജിക്കുന്ന പരിത്യാഗത്തിന്റെ ഒരു വശം നോമ്പിന്റെ ചൈതന്യത്തില്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ സ്വയംസ്തുതിയുടെ സുഖമുപേക്ഷിച്ച് ദൈവസ്തുതിയുടെ ജീവിതത്തിലേക്കുള്ള ഒരു പരിവര്‍ത്തനമായി ഈ നോമ്പുകാലം പരിണമിക്കേണ്ടതാണ്. ദൈവം തന്നെയായിരുന്നിട്ടും ദൈവികസമാനത കൈവെടിഞ്ഞ് യേശു സ്വന്തം മഹിമയ്ക്കു വേണ്ടിയോ പുകഴ്ചയ്ക്കു വേണ്ടിയോ ഒരിക്കലും പ്രവര്‍ത്തിച്ചില്ല.

യേശുവിന്റെ രക്ഷാകര സംഭവങ്ങളിലൂടെ ഹല്ലേലൂയ്യായുടെ ജീവിതത്തിലേക്ക് നടന്നുകയറിയവരുടെ നീണ്ടനിര നമുക്കു മുന്നിലുണ്ട്. യേശുവിന്റെ കുരിശ് ചുമന്ന ശിമയോന്‍, അവിടുത്തെ തിരുമുഖം തുടച്ച വേറോനീക്കാ, കുരിശിന്‍ചുവട്ടില്‍ നിന്ന യോഹന്നാന്‍ ശ്ലീഹാ, കുരിശിന്റെ വഴിയില്‍ ധൈര്യം പകര്‍ന്ന് അങ്ങോളം കൂടെ നിന്ന പരിശുദ്ധ അമ്മ, സുഗന്ധകൂട്ടുമായി കല്ലറയിലേക്ക് ഓടിയ മഗ്ദലേന, എമ്മാവൂസ് അനുഭവത്തിന് സാക്ഷികളായവര്‍, സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ ലഭിച്ച പത്രോസ് ശ്ലീഹാ, ഉത്ഥാനത്തിന് സാക്ഷ്യം വഹിച്ച ശ്ലീഹന്മാര്‍, തുടര്‍ന്ന് സഭയില്‍ ഇങ്ങോളം എത്തിനില്‍ക്കുന്ന വിശുദ്ധരും രക്തസാക്ഷികളും. സത്യത്തില്‍ സമരസഭയിലെ വിശ്വാസികളായ നാമെല്ലാവരും ഈ ഹല്ലേലൂയ്യാ ജീവിതത്തിലേക്ക് വിളിക്കപ്പെട്ടവരാണ്.

ഹല്ലേലൂയ്യാ സ്തുതിയുടെ ആരവങ്ങള്‍ക്കൊടുവില്‍ സ്വയം പകുത്തു നല്‍കി അപ്പമായവനെ നമ്മുടെ വിശ്വാസജീവിതകേന്ദ്രമായി പ്രതിഷ്ഠിച്ചുകൊണ്ട് ഉയിര്‍പ്പിന്റെ ആനന്ദത്തിലേക്ക് ഹൃദയവാതായനങ്ങള്‍ നമുക്ക് തുറന്നുവയ്ക്കാം. അനുദിന സഹനങ്ങളിലും വേദനകളിലും കടന്നുകൂടുന്ന പിറുപിറുപ്പിന്റെ ആത്മാവിനെ ദൂരെയകറ്റി, വേണ്ടത് വേണ്ട സമയത്തു നല്‍കി വഴിനടത്തുന്ന ദൈവസ്‌നേഹത്തെ തിരിച്ചറിയാം. ദൈവസ്തുതിയുടെ കീര്‍ത്തനങ്ങള്‍ നമ്മുടെ ഓരോ ശ്വാസനിശ്വാസത്തെയും സുഗന്ധപൂരിതമാക്കട്ടെ. അതിനായി ഒരു കരം ദൈവസ്തുതിയുടെ ഓടാമ്പലിലേക്കും മറുകരം ദൈവകരുണയുടെ കുരിശിന്‍ പടിയിലേക്കും നമുക്കുയര്‍ത്താം.

സി. ജിയ, എം.എസ്.ജെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.