50 നോമ്പ് ധ്യാനം 16: പരിശുദ്ധ മറിയം – ശക്തയായ മധ്യസ്ഥ

നോമ്പിന്റെ ചൈതന്യത്തെ ആഴത്തിലറിയാന്‍ പരിശുദ്ധ അമ്മയുടെ ജീവിതത്തിലൂടെയുള്ള യാത്ര അനിവാര്യമാണ്. കര്‍ത്താവിനു സ്വീകാര്യമായ ഉപവാസത്തെ ഏശയ്യാ പ്രവാചകന്റെ പുസ്തകം രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്: ”വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?” (ഏശയ്യാ 58:7).

ഇത് മറിയം തന്റെ ജീവിതത്തില്‍ നിറവേറ്റിയതെങ്ങനെ എന്നു നോക്കാം. തന്റെ ഇളയമ്മയായ ഏലീശ്വാ, ഗര്‍ഭിണിയായെന്നു കേട്ടപ്പോള്‍ നാലുദിവസത്തെ യാത്രാദൂരമുള്ള യൂദയായിലെ മലമ്പ്രദേശത്തുള്ള അയിന്‍കാരം പട്ടണത്തിലേക്ക് യാത്ര തിരിക്കാനുള്ള മറിയത്തിന്റെ സുമനസ്സ് ജീവിതകാലത്ത് നൂറ് ആവര്‍ത്തിയെങ്കിലും ധ്യാനിക്കാത്ത കത്തോലിക്കാവിശ്വാസികളില്ല. എന്നാല്‍, മൂന്നു മാസത്തോളം ഏലീശ്വായുടെ ഭവനത്തില്‍ താമസിച്ചശേഷം അവിടെനിന്നും തിരിച്ചുപോരേണ്ടിവന്ന മറിയത്തെപ്പറ്റി ധ്യാനിച്ചവര്‍ അധികമുണ്ടാവില്ല.

തന്റെ ഗര്‍ഭലക്ഷണങ്ങള്‍ സമൂഹം അറിഞ്ഞാല്‍ കല്ലെറിഞ്ഞു കൊല്ലപ്പെടും എന്നറിയാമായിരുന്ന – ഗര്‍ഭിണിയായ ഈ പെണ്ണ് ജീവന്‍ തൃണവത്ക്കരിച്ചും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞുമാറാതെയും സേവനസന്നദ്ധയായി. അവിവാഹിതയായ തന്റെ ഗര്‍ഭലക്ഷണങ്ങള്‍ പുറംലോകമറിഞ്ഞ് ജീവഹാനിയോളമെത്തുന്ന ഒരു സാഹചര്യത്തില്‍ സ്വദേശത്തേക്ക് അവള്‍ പിന്‍വാങ്ങിയതാവണം എന്നാണ് പണ്ഡിതമതം.

വിരുന്നുകാര്‍ക്ക് വീഞ്ഞ് തികയാതിരിക്കാന്‍മാത്രം ദാരിദ്ര്യമുള്ള ഒരു കുടുംബത്തിന്റെ ദുഃഖത്തെ മറിയം തിരിച്ചറിയുകയാണ് കാനായിലെ സംഭവത്തില്‍. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പരപ്രേരണ കൂടാതെ അവരിലേക്ക് സഹായവുമായി കടന്നുചെല്ലുന്നതും സ്വന്തക്കാരുടെയും അന്യരുടെയും ആവശ്യങ്ങളില്‍ ഒഴിഞ്ഞുമാറാതിരിക്കുന്നതുമാണല്ലോ നോമ്പിന്റെ ചൈതന്യം. സ്വാര്‍ഥതയെ ജയിച്ച് പരോന്മുഖതയിലെത്തിയവര്‍ക്കേ ഇത്തരമൊരു മനോഭാവത്തിലേക്ക് വളരാനാവൂ.

സ്വന്തം മകനെ ലോകത്തിനായി വിട്ടുകൊടുക്കുമ്പോള്‍ വിധവയായ ഈ അമ്മയ്ക്ക് പിന്നെ എന്തുണ്ടൊരു ജീവിതമാര്‍ഗം? യഹൂദരുടെയിടയില്‍ സ്ത്രീകള്‍ ജോലിചെയ്തു  സമ്പാദിക്കുന്ന രീതി ഇല്ലാത്തപ്പോള്‍ പിന്നെ ഈ അമ്മയുടെ ജീവസന്ധാരണമാര്‍ഗം  എന്തായിരുന്നു? പ്രിയപ്പെട്ടവരുടെയും ബന്ധുജനങ്ങളുടെയും ആശ്രിതയായിക്കഴിയുകയോ, കൈനീട്ടുകയോ അല്ലാതെ ഈ അമ്മയ്ക്കു വേറെന്തു വഴി? അപരന്റെ നന്മയ്ക്കായി സ്വന്തജനത്തില്‍നിന്നും ഒഴിഞ്ഞുമാറാതെ മറിയം അതിനും തയ്യാറായി.

ജീവിതസഹനങ്ങളെ കരുത്തോടെ ഉള്‍ക്കൊള്ളാനുള്ള പരിശീലനക്കളരി കൂടിയാണ് നോമ്പുകാലം; പ്രത്യേകിച്ച് കഷ്ടാനുഭവ വാരം. കുരിശിനരികിലെ മറിയം സഹനങ്ങളുടെ മധ്യേ ജീവിക്കുന്ന മനുഷ്യര്‍ക്ക് ആഴമുള്ള ജീവിതപാഠങ്ങള്‍ പകര്‍ന്നുനല്കുന്നുണ്ട്. സഹിക്കുന്നവരുടെ മാത്രമല്ല, പ്രിയപ്പെട്ടവരുടെ സഹനത്തില്‍ ഒപ്പം നിസ്സഹായരായി നില്‍ക്കേണ്ടിവരുന്നവരുടെയും മാതൃകയാണ് കുരിശിന്‍ചുവട്ടിലെ മറിയം. അവള്‍ അലമുറയിടുകയോ, ശപിക്കുകയോ ചെയ്യുന്നില്ല. കുരിശിന്‍ചുവട്ടില്‍ മറിയം നില്‍ക്കുകയായിരുന്നു എന്നാണല്ലോ തിരുവചനം. തന്റെ പുത്രന്‍ ഇത്രയധികം പാടുപീഡകളേല്‍ക്കുന്നത് കാണേണ്ടിവരുന്ന ഏത് അമ്മയ്ക്കാണ് മോഹാലസ്യപ്പെട്ടു വീഴാതെ, തളര്‍ന്നിരിക്കാതെ ഇങ്ങനെ നില്‍ക്കാനാവുക? പരിശുദ്ധ അമ്മയുടെ കുരിശിനരികിലെ വിശ്വാസദാര്‍ഢ്യം എത്രയോ സമുന്നതമാണ്.

കുരിശിന്റെ ചുവട്ടിലായി നാലുപേര്‍ അടങ്ങുന്ന ഒരു സ്ത്രീസമൂഹത്തെ വി. യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ”യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേന മറിയവും നില്‍ക്കുന്നുണ്ടായിരുന്നു” (യോഹ. 19:25). കുരിശിനു ചുവട്ടില്‍ നിൽക്കുന്നവരുടെയെല്ലാം പേര് മറിയം എന്ന് സുവിശേഷകരിലെ ദൈവശാസ്ത്രകാരന്‍ ചിത്രീകരിച്ചത് യാദൃശ്ചികമായല്ല. അപരനുവേണ്ടി അപരനോടൊപ്പം സഹിക്കുന്ന എല്ലാവരിലും മറിയമുണ്ട്.

നോമ്പ്, ജീവിതപരിവര്‍ത്തനത്തിനുള്ളതാണെന്നത് ആദിമസഭ മുതലുള്ള പാരമ്പര്യമാണ്. ഈശോയെ നഷ്ടപ്പെട്ട മാതാവും യൗസേപ്പിതാവും ദൈവാലയത്തിലേക്ക് തിരിച്ചുനടന്നു എന്ന് നമുക്കറിയാം. കാരണം, ഈശോയെ ലഭിച്ചത് ദൈവത്തിന്റെ പക്കല്‍ നിന്നുമാണെങ്കില്‍ അവിടുന്ന് നഷ്ടപ്പെട്ടാല്‍ ചെന്ന് അന്വേഷിക്കേണ്ടതും ദൈവസന്നിധിയില്‍ തന്നെയാണെന്ന് മറിയത്തിനും യൗസേപ്പിനും തിരിച്ചറിവുണ്ടായി. അവര്‍ തിരികെ നടന്നു. നോമ്പിന്റെ ചൈതന്യവും ഈശോയെ തിരഞ്ഞുള്ള ഈ തിരികെ നടക്കലാണ്. അപ്പോള്‍ ജീവിതത്തില്‍ നഷ്ടമായ വിശുദ്ധിയും ദൈവചിന്തയും ധാര്‍മ്മികബോധവും മനഃസാക്ഷിയുടെ സ്വരവുമെല്ലാം തിരികെ ലഭിക്കും.

ജീവിതം, സുവിശേഷപ്രചാരണത്തിനുള്ള നവോന്മേഷത്താല്‍ നിറയാന്‍ ശ്ലീഹന്മാര്‍ ഒന്നിച്ചിരുന്നു പ്രാർഥിച്ചപ്പോള്‍ അവരുടെ മധ്യേ മറിയത്തിന്റെ സാന്നിധ്യം നിര്‍ണ്ണായകമായി എന്ന് നമുക്കറിയാം. നവീകരിക്കപ്പെട്ട് ആത്മാവില്‍ നിറയാന്‍ നോമ്പെടുക്കുന്ന ഏതൊരാള്‍ക്കും പരിശുദ്ധ മറിയം ശക്തയായ മധ്യസ്ഥയാണ്. തന്റെ ഏകജാതനെ നല്കുവാന്‍ തക്കവിധം ലോകത്തെ അധികമായി സ്‌നേഹിച്ച ദൈവപിതാവിന്റെ മനോഭാവത്തോട് അനുരൂപപ്പെട്ടുകൊണ്ട് (യോഹ. 3:16) അവന്‍ നിങ്ങളോട് പറയുന്നതുപോലെ ചെയ്യുക എന്ന് പരിചാരകരോട് പറഞ്ഞുകൊണ്ട് (യോഹ. 2:5) തന്റെ പുത്രനെ ലോകരക്ഷയുടെ ‘സമയ’ത്തേക്ക് പറഞ്ഞയയ്ക്കുന്ന അമ്മ സ്വന്തക്കാരില്‍നിന്നും ഒഴിഞ്ഞുമാറാത്ത, സഹനങ്ങള്‍ സ്വമേധയാ ഏറ്റെടുക്കുന്ന നോമ്പിന്റെ പ്രതീകമാണ്. തന്റെ മകന്‍ തന്റേതു മാത്രമെന്ന ചിന്തയ്ക്കപ്പുറം അവനെ ലോകത്തിനു കൊടുക്കുന്നത് മാംസവര്‍ജനത്തിലും ദാനധര്‍മ്മത്തിനും ഏതൊരു ഭക്താനുഷ്ഠാനത്തിനും ഉപവാസത്തിനുമപ്പുറമുള്ള അമ്മയുടെ നോമ്പാണ്.

നാലാമത്തെ സുവിശേഷത്തില്‍ മറ്റു വ്യക്തികളെ കുറിക്കാന്‍, മറിയം എന്ന നാമപദം പതിനഞ്ചു തവണ ഉപയോഗിക്കുന്ന യോഹന്നാന്‍, പരിശുദ്ധ കന്യാമാതാവിനെ സൂചിപ്പിക്കാന്‍ മറിയം എന്ന പദം ഉപയോഗിക്കാതെ ‘ഈശോയുടെ അമ്മ’ എന്നു മാത്രം ഉപയോഗിച്ചിരിക്കുന്നതിലെ ദൈവശാസ്ത്രപരമായ സാംഗത്യം എന്താണ്? കാനായിലും കാല്‍വരിയിലും നാലുതവണ വീതം ഈ പദം ഉപയോഗിച്ചിരിക്കുന്നത് മറിയത്തെ ഒരു വ്യക്തിയെന്നതിനപ്പുറം പുതിയ സമൂഹത്തിന്റെ പ്രതീകമായി ചിത്രീകരിക്കുന്നതിനായാണ്. അതിനാല്‍ സഭയുടെ പ്രതീകമായി ചിത്രീകരിക്കുന്ന പരിശുദ്ധ അമ്മയുടെ ആത്മീയതയാണ് നോമ്പിന്റെ വിശുദ്ധി.

ഫാ. ജോസഫ് ഇലഞ്ഞിമറ്റം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.