50 നോമ്പ് ധ്യാനം 15: യൂദാസ്

പാപം അതിന്റെ ഏറ്റവും വികൃതരൂപം പ്രാപിച്ചപ്പോള്‍ യേശുശിഷ്യനായ യൂദാസിന് സംഭവിച്ചത് ദുരന്തമാണ്. ചരിത്രത്തിലെ ഏറ്റവും നീചനായ മനുഷ്യനെന്നു വിളിക്കപ്പെട്ട യൂദാസ്, തലമറന്ന് എണ്ണതേക്കുന്ന ആധുനിക കാലഘട്ടത്തിന്റെ പ്രതീകം കൂടിയാണ്. ക്രൈസ്തവചരിത്രത്തിന്റെ നീറുന്ന ഓര്‍മ്മയാണ് യൂദാസ്. ഒരു മനുഷ്യന്‍ ആരായിത്തീരരുത് എന്നുള്ളതിന്റെ പാഠപുസ്തകമാണ് ഒറ്റുകാരനായ യൂദാസ് സ്‌കറിയോത്ത.

ശിഷ്യസമൂഹത്തിലെ ധനവകുപ്പിന്റെ കാര്യസ്ഥനാണ് യൂദാസ്. എന്നിട്ടും ചരിത്രത്തില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത അധഃപതനത്തിലേക്ക് – ദുരന്തത്തിലേക്ക്  അവന്‍ വഴുതിവീണു. ദൈവകരുണയെ തൊട്ടുനടന്നവന്‍ കരുണയുടെ ഒരംശം പോലും ഇല്ലാത്ത കഠിനഹൃദയനായി. യൂദാസ് ഒരു ഓര്‍മ്മപ്പെടുത്തലാണ് – നടക്കരുതാത്ത വഴിയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍. പ്രതീകങ്ങളായി യൂദാസ് ഇന്നും നമ്മുടെയൊപ്പമുണ്ട്.

സ്തുതിച്ചുകൊണ്ട് കഴുത്തറുത്തവരുടെ പ്രതീകമാണ് യൂദാസ്. യൂദാസ് എന്നത് ‘യഹൂദ’ എന്ന ഹീബ്രുവാക്കില്‍ നിന്നും ഉത്ഭവിച്ചിരിക്കുന്നു. ‘സ്തുതി’ എന്നാണ് ഇതിനർഥം. സ്‌ക്കറിയോത്ത എന്നത് രണ്ടുതരത്തില്‍ അര്‍ത്ഥമാക്കപ്പെടുന്നുണ്ട്. ‘കെറിയോത്ത’ എന്ന സ്ഥലം അദ്ദേഹത്തിന്റെ ദേശമാണെന്നുള്ള സൂചനയാണ് ഒന്ന്. മറ്റൊന്ന്, സിക്കാരിയോസ് എന്ന ഗ്രീക്ക് വാക്കില്‍ നിന്നുമാണ് ‘ഇസ്‌ക്കരിയോത്ത’ എന്ന അറമായ പദമെന്നു ചില വ്യാഖ്യാനങ്ങള്‍ സൂചിപ്പിക്കുന്നു. ‘കഠാരധാരി’ എന്നാണ് ഈ വാക്കിനര്‍ഥം. ചുരുക്കത്തില്‍ സ്തുതിച്ചുകൊണ്ട് ദൈവപുത്രന്റെ മനസ്സറുത്തവന്റെ പേരാണ് യൂദാസ് സ്‌ക്കറിയോത്ത. കൂടെനടന്ന് അവിടുത്തെ വിയര്‍പ്പുതുള്ളിയുടെ ഗന്ധമടിച്ചവന്‍. അവിടുത്തെ വചനത്തിന്റെ ഉള്‍പ്പൊരുളുകള്‍ രഹസ്യമായി നല്‍കെപ്പട്ടവന്‍, നാര്‍ദ്ദീന്‍ സുഗന്ധതൈലത്തിന്റെ വിലയറിയാത്തവന്‍, സകല ലോകത്തിന്റെ ഉടയവന്റെ സാന്നിധ്യത്തെ ഒറ്റുകൊടുത്തു.

”ഞാന്‍ വിശ്വസിച്ചവനും എന്റെ ഭക്ഷണത്തില്‍ പങ്കുചേര്‍ന്നവനുമായ എന്റെ പ്രാണസ്‌നേഹിതന്‍പോലും എനിക്കെതിരായി കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു” എന്ന സങ്കീര്‍ത്തനവചനം (സങ്കീ. 41:9) യൂദാസില്‍ നിറവേറപ്പെട്ടു. ദൈവസന്നിധിയിലെ കാട്ടുമുന്തിരിയാണ് യൂദാസ്. ഇന്നും സ്തുതിപാഠകര്‍ പെരുകുന്നുണ്ട്. കൂടെയുണ്ടെന്ന് തെറ്റിധരിപ്പിച്ച് കുതികാലു വെട്ടുന്നവര്‍ ഇന്നുമുണ്ട്. “എന്നെ ഒറ്റിക്കൊടുക്കുന്നവന്‍ അടുത്തെത്തിയിരിക്കുന്നു” (മര്‍ക്കോ. 14:42) എന്ന യേശുവചനം എന്നെയും നിന്നെയും അസ്വസ്ഥനാക്കട്ടെ.

രണ്ടാമതായി വെള്ളിനാണയങ്ങള്‍ക്കുവേണ്ടി നിധി നഷ്ടപ്പെടുത്തുന്നവരുടെ പ്രതീകമാണ് യൂദാസ്. ”ഞാന്‍ അവനെ നിങ്ങള്‍ക്ക് ഏല്പിച്ചുതന്നാല്‍ നിങ്ങള്‍ എനിക്ക് എന്തുതരും?” (മത്തായി 26:15). മനുഷ്യചരിത്രത്തിലെ ഏറ്റവും നിര്‍ഭയമായ ചോദ്യമാണിത്. സകലത്തിന്റെയും അധിപനായ ദൈവപുത്രന് വിലയിടാവാനുള്ള മനുഷ്യശ്രമം. കൂടുതല്‍ സ്വരുക്കൂട്ടാനുള്ള ഓട്ടത്തിനിടയില്‍ നിധി നഷ്ടപ്പെടുത്തിയവന്റെ പേരാണ് യൂദാസ്. മുപ്പതു വെള്ളിനാണയങ്ങള്‍ ഒരു സാധാരണ അടിമയ്ക്കു നല്‍കിയിരുന്ന തുകയായിരുന്നു. പ്രപഞ്ചനാഥനെ കീശയോളം ചുരുക്കാനുള്ള ശ്രമം. ദൈവത്തെ മനുഷ്യന്റെ കൈപ്പിടിയിലൊതുക്കാനുള്ള വിഫലശ്രമം.

കൂടെ ജീവിച്ചവന്റെ വിലയും മഹത്വവും തിരിച്ചറിയാതെപോകുന്നത് അപകടകരമാണ്. പേരുചൊല്ലി വിളിച്ചവനെ കുഷ്ഠരോഗിക്ക് ശുദ്ധിയും, അന്ധന് കാഴ്ചയും, ബധിരന് കേള്‍വിയും, തളര്‍ന്നവന് ഉണര്‍വും പ്രദാനംചെയ്തവനെ അയ്യായിരങ്ങളെ തീറ്റിപ്പോറ്റിയവനെ പണത്തിന്റെ കിലുക്കത്തിനു മുമ്പില്‍ അവന്‍ മറന്നുപോയി. നാര്‍ദ്ദീന്‍ സുഗന്ധതൈലത്തിന്റെ വിലയറിയാത്തവന്‍ പാപികളുടെ രക്ഷയ്ക്കുവേണ്ടി ബലിക്കുഞ്ഞാടായ ദൈവപുത്രന്റെ ശരീര-രക്തങ്ങളുടെ വിലയെ അറിയാതെ പോയി. ഇന്നും പണത്തിന്റെയും അധികാരത്തിന്റെയും മദ്യത്തിന്റെയും മദിരാശിയുടെയും ആധുനിക മാധ്യമപ്രലോഭനങ്ങളുടെയും മുമ്പില്‍ 21-ാം നൂറ്റാണ്ടിലെ നിധി മറക്കുന്ന യൂദാസുമാര്‍ ജനിക്കുന്നുണ്ട്.

മൂന്നാമതായി നേരിനെ നെറികേടാക്കുന്നവരുടെ പ്രതീകമാണ് യൂദാസ്. ”അപ്പക്കഷണം സ്വീകരിച്ചതിനെ തുടര്‍ന്ന് സാത്താന്‍ അവനില്‍ പ്രവേശിച്ചു” (യോഹ. 13:27). പിശാചിനെ ബഹിഷ്‌ക്കരിക്കാന്‍ ശക്തിയും അധികാരവും നല്‍കപ്പെട്ടവന്‍ സാത്താന്റെ അടിമയാകുന്നു. ”നിങ്ങള്‍ ശുദ്ധിയുള്ളവരാണ് എന്നാല്‍ എല്ലാവരുമല്ല” (യോഹ. 13:10) എന്ന വചനം ഇവിടെ പ്രസക്തമാകുന്നു. പ്രകാശത്തില്‍നിന്നും അന്ധകാരത്തിലേക്കുള്ള യാത്രയാണിത്. നേരില്‍നിന്നും നെറികേടിലേക്കുള്ള പുറപ്പാടാണിത്. പുറമല്ല, അകം കഴുകണമെന്ന യേശുവചനത്തിന്റെ ആന്തരികാര്‍ത്ഥം ഇവിടെ വെളിപ്പെടുന്നു.

സത്യത്തില്‍ യൂദാസിന്റെ പുറത്തല്ല അന്ധകാരം, അകത്താണ്. ഉള്ളിലുള്ള പ്രകാശത്തെ ഊതിക്കെടുത്തിയവനാണ് യൂദാസ്.  ”നീ ജനിക്കാതിരുന്നെങ്കില്‍ നന്നായിരുന്നു” എന്ന വചനം ഇന്നും മുഴങ്ങുന്നുണ്ട്. ”നിങ്ങളിലൊരുവന്‍ എന്നെ ഒറ്റിക്കൊടുക്കുമെന്നു”ള്ള മുന്നറിയിപ്പും അലയടിക്കുന്നുണ്ട്. ഇവയൊന്നും എന്നെപ്പറ്റിയോ നിന്നെപ്പറ്റിയോ ആകാതിരിക്കട്ടെ.

ഫാ. ജിതിന്‍ പാലോലില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.