50 നോമ്പ് ധ്യാനം 13: കയ്യാഫാസ് – ആത്മീയതയുടെ കാഴ്ച്ച നഷ്ടപ്പെടുന്നു

പ്രധാന പുരോഹിതന്‍തന്നെ, താന്‍ സേവിക്കുന്ന ദൈവത്തെ ക്രൂശിക്കാന്‍ ഏല്പിച്ചുകൊടുക്കുന്ന ഭീകരത നമ്മള്‍ കയ്യഫാസില്‍ കാണുന്നു. കയ്യാഫാസും കൂട്ടരും ക്രിസ്തുവിനെ അത്രമാത്രം ഭയപ്പെട്ടിട്ടുണ്ടാവും. അതിനാലാണ് എങ്ങനെയെങ്കിലും ക്രിസ്തുവിനെ വധിക്കാനുള്ള അവസരം മെനയാന്‍ പരിശ്രമിക്കുന്നത്. മനസ്സില്‍ അത്രമാത്രം കടുത്ത അസൂയയും അമര്‍ഷവും വര്‍ഗീയതയുമൊക്കെ നിറഞ്ഞുകഴിയുമ്പോള്‍ അദ്ദേഹം മനുഷ്യനല്ലാതായി മാറുകയാണ്.

ഈ നോമ്പുകാലത്ത് കയ്യാഫാസിനെ ധ്യാനിക്കുമ്പോള്‍ ഓര്‍ക്കേണ്ട ഒരു വചനഭാഗമുണ്ട്: “ദുര്‍മോഹം ഗര്‍ഭംധരിച്ച് പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ്ണവളര്‍ച്ചയെത്തുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു” (യാക്കോബ് 1:15) എന്ന വചനം. സുവിശേഷവായനക്കാരനെ അതിശയിപ്പിക്കുന്ന മറ്റൊരു കാര്യമാണ് പ്രധാന പുരോഹിതനായ കയ്യാഫാസ്, തന്റെ പൗരോഹിത്യകര്‍ത്തവ്യത്തില്‍നിന്നു മാറി രാഷ്ട്രീയപരമായ ഇടപെടലുകളിലേക്ക് വഴുതിവീഴുന്നു എന്നുള്ളത്. ക്രിസ്തുവിന്റെ പരസ്യജീവിതകാലത്തെ ജനങ്ങളോടുള്ള ഇടപെടലും പങ്കുവയ്ക്കുന്ന ചിന്തകളും പ്രവര്‍ത്തനങ്ങളുമൊക്കെ യഹൂദമനസ്സുകളെ സ്പര്‍ശിക്കുമ്പോള്‍ കയ്യാഫാസിന്റെയുള്ളില്‍ സ്വാര്‍ഥതയുടെ മതിലുകള്‍ കൂടുകൂട്ടുകയാണ്.

ക്രിസ്തുവിന്റെ പരസ്യജീവിതം തന്റെ സ്ഥാനത്തിനും സുരക്ഷിതത്വത്തിനും തടസ്സമാകുമെന്നു ഭയക്കുന്ന കയ്യാഫാസ്, താന്‍ ഒരു പ്രധാന പുരോഹിതനായിരിക്കെ ജനത്തിന്റെ മുമ്പില്‍ നീതിമാന്റെ മൂടുപടമണിയുന്നു. ആത്മീയതയുടെ കാഴ്ച നഷ്ടപ്പെടുന്ന അദ്ദേഹത്തിന്റെ മനസ്സില്‍ പാപത്തിന്റെ മാലിന്യങ്ങള്‍ കുന്നുകൂടുന്നതോടൊപ്പം ദൈവത്തിന്റെ മുമ്പില്‍നിന്ന് മറഞ്ഞിരിക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്ന സത്യവും തിരിച്ചറിയാതെപോകുന്നു. ഇവിടെ പ്രധാന പുരോഹിതനായ കയ്യാഫാസിന് മൂന്നു കാര്യങ്ങള്‍ നഷ്ടമാകുന്നു; വിശ്വാസം, പ്രതീക്ഷ, പ്രാര്‍ഥന എന്നീ മൂന്നു കാര്യങ്ങള്‍.

വിശ്വാസം

പുരോഹിതന്റെ നിലനിൽപ്പുതന്നെ, ദൈവത്തിലര്‍പ്പിക്കുന്ന വിശ്വാസത്തിലാണ്. മനസ്സില്‍ കാപട്യം നിറയുമ്പോള്‍ വിശ്വാസം വഴിമാറുന്നു. ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുന്നതിനു പകരം തന്റെതന്നെ കഴിവിലും അറിവിലും വിശ്വസിച്ച് അഹങ്കാരിയാകുന്നു.

പ്രതീക്ഷ

പുരോഹിതന്‍ പ്രതീക്ഷ വയ്ക്കുന്നതും ദൈവത്തിലാണ്. ദൈവം തന്റെ ഓരോ പ്രവൃത്തികളിലും ഇടപെടുന്നവനാണെന്നുള്ള പ്രതീക്ഷ. വിശ്വാസമില്ലാത്തിടത്ത് പ്രതീക്ഷയില്ല. കയ്യാഫാസിന് അതും സംഭവിച്ചിട്ടുണ്ടാവാം.

പ്രാര്‍ഥന

നമ്മിലെ വിശ്വാസവും ദൈവത്തിലര്‍പ്പിക്കുന്ന പ്രതീക്ഷയുമാണ് പ്രാര്‍ഥനയുടെ മക്കളായി നമ്മെ മാറ്റുന്നത്. ആദ്യത്തെ രണ്ടും നഷ്ടമാകുന്നിടത്ത് പ്രാര്‍ഥനയില്ല.

കയ്യാഫാസിന്റെ വ്യക്തിപരമായ ജീവിതത്തില്‍ ഇവ മൂന്നും കാണുന്നില്ല. ജനത്തിനുവേണ്ടി ഒരാള്‍ മരിക്കുന്നത് നല്ലതാണെന്നുപറയുമ്പോള്‍ തന്റെ ഹൃദയത്തിലെ കരുണയും നീതിയുമൊക്കെ നഷ്ടപ്പെട്ട് കഠിനമായ ഹൃദയത്തിന്റെ ഉടമയായി മാറുന്നു കയ്യാഫാസ്. പുരോഹിതനായ കയ്യാഫാസ് അധരത്തില്‍ ജ്ഞാനം സൂക്ഷിക്കേണ്ടവനാണ്. പക്ഷേ, അവന്റെ പാപം അവനിലെ ജ്ഞാനത്തെ ഇല്ലാതാക്കുന്നു.

ജീവിതത്തിന്റെ തിരക്കിട്ട യാത്രയില്‍ ഒരു തിരിഞ്ഞുനോട്ടം നമുക്ക് ആവശ്യമാണ്. ജീവിതത്തില്‍ എവിടെയൊക്കെയോ ഞാനും കയ്യാഫാസിനെപ്പോലെ വിശ്വാസത്തില്‍നിന്ന് അകന്ന് ദൈവത്തില്‍ പ്രതീക്ഷയര്‍പ്പിക്കാതെ ജീവിക്കുമ്പോള്‍ എന്റെ മനസ്സും സ്വാര്‍ഥമാകുന്നു. കയ്യാഫാസ് എന്ന വ്യക്തിയുടെ സാധ്യതയും പ്രലോഭനങ്ങളുമൊക്കെ ഏതൊരു വ്യക്തിയുടെയും ആകാം. അതിനാല്‍ സങ്കീര്‍ത്തകന്റെ ചിന്ത നമ്മെ ഉണര്‍ത്തട്ടെ. “അറിയാതെ പറ്റുന്ന വീഴ്ചകളില്‍നിന്ന് എന്നെ ശുദ്ധീകരിക്കണമേ. ബോധപൂര്‍വം ചെയ്യുന്ന തെറ്റുകളില്‍നിന്നും ഈ ദാസനെ കാത്തുകൊള്ളണമേ. അവ എന്നില്‍ ആധിപത്യം ഉറപ്പിക്കാതിരിക്കട്ടെ. അപ്പോള്‍ ഞാന്‍ നിര്‍മ്മലനായിരിക്കും. മഹാപരാധങ്ങളില്‍ നിന്നു ഞാന്‍ വിമുക്തനായിരിക്കും'” (സങ്കീ. 19: 12-13).

ഫാ. ഡായി കുന്നത്ത് MST  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.